2018-01-31 07:27:00

''അജപാലകര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക'': മാര്‍പ്പാപ്പാ


ജനുവരി 30, ചൊവ്വാഴ്ചയില്‍, വി. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ നിന്നുള്ള വായനയെ അധികരിച്ചു വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍പ്പാപ്പാ.  തിക്കിഞെരുക്കുന്ന ജനക്കൂട്ടത്തിനിടയിലൂടെ അവരുടെ ആവശ്യങ്ങളോടു പ്രതികരിച്ചുകൊണ്ട് നീങ്ങുന്ന യേശുവിനെക്കുറിച്ച് വിവരിക്കുന്ന ഭാഗം വിശ്വാസികളുടെ ശ്രദ്ധയില്‍ പെടുത്തി, യേശുവിന്‍റെ ഈ അടുപ്പവും വാത്സല്യവും അജപാലകര്‍ക്കുണ്ടായിരിക്കുന്നതിന് അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവാനുള്ള ആഹ്വാനമാണ് പാപ്പാ, രാവിലെ അര്‍പ്പിച്ച ദിവ്യബലിമധ്യേയുള്ള വചനസന്ദേശത്തിലൂടെ നല്‍കിയത്. പാപ്പാ പറഞ്ഞു:

''യേശു തന്‍റെ ശുശ്രൂഷ നിര്‍വഹിക്കുന്നതിനായി പ്രത്യേക ഓഫീസുകളൊന്നും തുറന്നില്ല.  അവിടുന്ന്, തന്‍റെ സേവനം ലഭ്യമാകുന്ന സമയവിവരപ്പട്ടികയൊന്നും ഓഫീസിനു മുമ്പില്‍ തൂക്കിയിട്ടില്ല.  സേവനത്തിനുള്ള പ്രതിഫലത്തുകയോ, രോഗികള്‍ വരേണ്ട ദിവസമോ ഒന്നും എഴുതിയ പരസ്യപ്പലക വച്ചില്ല.  അവിടുന്ന് ജനങ്ങള്‍ക്കിടയിലായിരുന്നു...'' 

ഇപ്രകാരമായിരിക്കേണ്ട സഭാശുശ്രൂഷകരെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടു പാപ്പാ തുടര്‍ന്നു: ''പൗരോഹിത്യ, മെത്രാഭിഷേകങ്ങളില്‍ അജപാലകന്‍ തൈലാഭിഷേകം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ യഥാര്‍ഥ തൈലം, ആന്തരികമായ തൈലം, ജനങ്ങളോടുള്ള അടുപ്പവും, സ്നേഹവാത്സല്യവുമായിരിക്കണം... ജനങ്ങളോട് സ്നേഹവാത്സല്യങ്ങളും അടുപ്പവുമുള്ള യേശുവിനെയാണ് ഇവിടെ സുവിശേഷത്തില്‍ നാം കാണുക...  എങ്ങനെ ജനങ്ങളുടെ ഇടയിലായിരിക്കാം എന്നു തിരിച്ചറിയാത്ത ഇടയന്‍ എന്തോ കുറവുള്ളവനാണ്.  അവരവരുടെ ഔദ്യോഗികരംഗങ്ങളില്‍ വൈദഗ്ധ്യമുണ്ടായിരിക്കാം. എന്നാല്‍, സ്നേഹവാത്സല്യങ്ങളുടെ അഭാവമുള്ള ഇടയന്‍ ആടുകളെ പ്രഹരിക്കുന്ന ഇടയനായിരിക്കും...''

ജനങ്ങളോടുകൂടി നടക്കുവാനും, അവരുടെയിടയിലായിരിക്കുവാനും വേണ്ട കൃപ അജപാലകര്‍ക്കു ലഭിക്കുന്നതിനുവേണ്ടി, ഈ ദിവ്യബലിയില്‍ നമുക്കു പ്രാര്‍ഥിക്കാം എന്ന ആഹ്വാനത്തോടെ,  ''ജനങ്ങള്‍ തങ്ങളുടെയിടയില്‍ അവരുടെ അജപാലകരെ കാണുമ്പോള്‍ അവര്‍ക്ക് ദൈവസാന്നിധ്യം അനുഭവവേദ്യമാകട്ടെ'' എന്നു പാപ്പാ ആശംസിച്ചു.  സുവിശേഷഭാഗത്തിന്‍റെ  അവസാനത്തിലുള്ള,  ജനങ്ങള്‍ ''അത്യന്തം വിസ്മയിച്ചു'' എന്ന വാക്കുകള്‍ എടുത്തുപറഞ്ഞുകൊണ്ട്, യേശുവിലൂടെ തങ്ങളുടെ ഇടയിലുള്ള ദൈവസാന്നിധ്യത്തെ, അവിടുത്തെ വാത്സല്യാതിരേകത്തെ അവര്‍ മനസ്സിലാക്കിയതുപോലെ, നമ്മുടെ ഇടയന്മാരിലൂടെയുള്ള ദൈവത്തിന്‍റെ സാമീപ്യവും വാത്സല്യവും വിശ്വാസികള്‍ക്ക് ആശ്ചര്യകരമാകട്ടെ!'' ‌എന്ന വിശദീകരണത്തോടെയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.
All the contents on this site are copyrighted ©.