2018-01-29 13:33:00

തെറ്റുകളോടു പ്രതികരിക്കുക-പാപ്പാ


ഉത്തരവാദിത്വമുള്ളവരായിരിക്കുകയെന്നാല്‍ പ്രതികരിക്കാന്‍ കഴിവുള്ളവരായിരിക്കുക എന്നാണ് വിവക്ഷയെന്ന് മാര്‍പ്പാപ്പാ.

യഹൂദവിരുദ്ധത, യഹൂദര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ രാഷ്ട്രങ്ങള്‍ക്കും വ്യവസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള ഉത്തരവാദിത്വത്തെ അധികരിച്ച് ഇറ്റലിയുടെ വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച (29/01/18) സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേരടങ്ങിയ സംഘത്തെ അന്ന് വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

അതിക്രമത്തിന്‍റെ കാരണങ്ങള്‍ വിശകലനം ചെയ്യുകയും വഴിപിഴച്ച യുക്തികളെ തള്ളിക്കളയുകയും ചെയ്യുക മാത്രമല്ല അവയോടു പ്രതികരിക്കാന്‍ സന്നദ്ധരും പ്രവര്‍ത്തനനിരതരുമാകുകയാണ് ഈ ഉത്തരവാദിത്വമെന്ന് പാപ്പാ വിശദീകരിച്ചു.

പോരാടേണ്ട ശത്രു വിദ്വേഷത്തിന്‍റെ സകലരൂപങ്ങളും മാത്രമല്ലയെന്നും, അതിലുപരിയായി, മൂല കാരണമായ നിസ്സംഗതയാണെന്നും പാപ്പാ പറഞ്ഞു.

കാര​ണം, നിസ്സംഗത, നീതിയായതു നിര്‍വ്വഹിക്കുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുകയും തളര്‍ത്തുകയും ചെയ്യുമെന്ന് വിശദീകരിച്ചു.

നാം മറ്റുള്ളവരുമായി എന്നും കൂടുതല്‍ ബന്ധംപുലര്‍ത്തുന്ന നമ്മുടെ ഈ കാലഘട്ടത്തില്‍ അപകടകരമാംവിധം പടരുന്ന രോഗാണു, വൈറസ്, ആണ്  നിസ്സംഗതയെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വിദ്വേഷങ്ങള്‍, വിവേചനങ്ങള്‍ എന്നിവയ്ക്കെതിരെ സജീവമായി പ്രവര്‍ത്തിക്കാന്‍ യുവതലമുറകളെ അഭ്യസിപ്പിക്കേണ്ടിതിന്‍റെ പ്രാധാന്യവും പാപ്പാ ചൂണ്ടിക്കാട്ടി.

 








All the contents on this site are copyrighted ©.