2018-01-27 12:50:00

സെയോംഗ് ആശുപത്രി അഗ്നിബാധ-പാപ്പായുടെ അനുശോചനം


ദക്ഷിണകൊറിയയിലെ മിറിയാംഗില്‍ ഒരാശുപത്രിയില്‍  അനേകരുടെ ജീവനപഹരിച്ച അഗ്നിബാധദുരന്തത്തില്‍ മാര്‍പ്പാപ്പാ അനുശോചിച്ചു.

വെള്ളിയാഴ്ച (26/01/18) പ്രാദേശികസമയം രാവിലെ 7 മണിയോടെ സെയോംഗ് ആശുപത്രിയിലാണ് തിപിടിച്ചത്. നാല്പതിലേറെപ്പേര്‍ക്ക് ജീവാപായം സംഭവിച്ചതായും 130ലേറെപ്പേര്‍ക്ക് പരിക്കേറ്റതായും കണക്കാക്കാപ്പെടുന്നു.

ഈ ദുരന്തം മൂലം യാതനകളനുഭവിക്കുന്നവരോട് ഫ്രാന്‍സീസ് പാപ്പാ ഹൃദയംഗമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും മരണമടഞ്ഞവരുടെ ആത്മാശാന്തിക്കായും മുറിവേറ്റവരുടെ സൗഖ്യത്തിനായും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും ഈ അപകടത്തില്‍ പാപ്പാ അതീവ ദുഃഖിതനാണെന്നും  വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി  കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ പാപ്പായുടെ നാമത്തില്‍ ഒപ്പിട്ടയച്ച അനുശോചനസന്ദേശത്തില്‍ അറിയിക്കുന്നു.

ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായവുമായെത്തിയ പൗരാധികാരികളും ദുരിതനിവാരണപ്രവര്‍ത്തകരുമുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും പ്രചോദനം പകരുകയും ചെയ്യുന്നു.








All the contents on this site are copyrighted ©.