2018-01-27 12:38:00

റെഡ്ക്രോസ് സംഘടനയുടെ സാന്നിധ്യം പ്രവചനാത്മകം -പാപ്പാ


“റെഡ്ക്രോസ്” സംഘടന ആഗോളതലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പകരം വയ്ക്കാന്‍ പറ്റാത്തവയാണെന്ന് മാര്‍പ്പാപ്പാ ശ്ലാഘിക്കുന്നു.

സാമൂഹ്യപ്രവര്‍ത്തകനും വ്യവസായിയുമായിരുന്ന ഹെന്‍ട്രി ഡ്യുണാന്‍റ്, നിയമ പണ്ഡിതനായിരുന്ന ഗുസ്താവ് മൊയ്നിയെര്‍ എന്നീ സ്വിറ്റ്സര്‍ലണ്ട് സ്വദേശികള്‍ ചേര്‍ന്ന് 1863 ല്‍ അന്നാട്ടിലെ ജനീവാ പട്ടണത്തില്‍ സ്ഥാപിച്ച അന്താരാഷ്ട്ര റെഡ്ക്രോസ് സംഘടനയുടെ ഇറ്റാലിയന്‍ ഘടകത്തിന്‍റെ ഏഴായിരത്തോളം പ്രതിനിധികളെ, ശനിയാഴ്ച (27/01/18) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍, സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

റെഡ്ക്രോസ് സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവയാല്‍ത്തന്നെയും അവ നിവൃത്തിയാക്കപ്പെടുന്ന ചൈതന്യത്താലും അനര്‍ഘങ്ങളാണെന്ന് പാപ്പാ പറഞ്ഞു.

വിഭിന്നങ്ങളായ സാഹചര്യങ്ങളില്‍ പലവിധ അപകടങ്ങളും കഷ്ടപ്പാടുകളും അഭിമുഖീകരിച്ചുകൊണ്ടാണ് ഈ സംഘടനാംഗങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന് അനുസ്മരിച്ച പാപ്പാ ആകയാല്‍ അവര്‍ കൂടുതല്‍ കൃതജ്ഞതയര്‍ഹിക്കുന്നുവെന്നു പറഞ്ഞു.

കുടിയേറ്റക്കാര്‍ക്കും അവരേകുന്ന സേവനങ്ങളെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ അവരുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ അവര്‍ക്കൊപ്പമുണ്ടാകും എന്ന മനോഭാവത്തോടുകൂടിയാണ് അവരെ ഈ സംഘടന സഹായിക്കുന്നതെന്ന് വിശദീകരിച്ചു.

കുടിയേറ്റകാരുടെ ചാരെയുള്ള റെഡ്ക്രോസ് സംഘടനയുടെ സാന്നിധ്യത്തിന് പ്രവചനാത്മക സ്വഭാവമുണ്ടെന്നും പാപ്പാ പറഞ്ഞു.

ലൂക്കായുടെ സുവിശേഷം പത്താം അദ്ധ്യായം 25-37 വരെയുള്ള വാക്യങ്ങളിലൂ‌ടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന നല്ല സമറായക്കാരന്‍റെ ഉപമയെക്കുറിച്ചു  നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് സ്നേഹത്തോടും നിസ്വാര്‍ത്ഥതയോടും കൂടെ സഹായഹസ്തം നീട്ടുന്ന സന്നദ്ധസേവകന്‍റെ പ്രവര്‍ത്തനമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

റെഡ്ക്രോസ് സംഘടനയുടെ നിയമാവലിയില്‍ ആവിഷ്കൃതമായിട്ടുള്ള “സഹജീവി സ്നേഹം (HUMANITY), നിഷ്പക്ഷത (IMPARTIALITY), സമഭാവന (NEUTRALITY) എന്നീ തത്വങ്ങളും പാപ്പാ അനുസ്മരിച്ചു.

ഈ തത്വങ്ങള്‍, വ്യക്തികളും ജനതകളും തമ്മിലുള്ള പരസ്പരധാരണ, സ്ഥായിയായ സമാധാനം എന്നിവ സംജാതമാക്കുകയെന്ന റെഡ്ക്രോസ് സംഘടനയുടെ ദൗത്യത്തിന്‍റെ പൊരുളായിരിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.