2018-01-27 13:57:00

മനുഷ്യത്വത്തിന്‍റെ വാഴ്ത്താണ് സുവിശേഷം


മര്‍ക്കോസ് 1, 21-28.

1. അരൂപിയില്ലാത്ത സാബത്താചരണം 
സാബത്ത് എന്ന ഹീബ്രൂ പദത്തിന് വിരമിക്കുക എന്നാണ് അര്‍ത്ഥം. ഇംഗ്ലിഷില്‍ to cease അല്ലെങ്കില്‍ to desist. യഹൂദനിയമമായിരുന്നു മോശയുടെ കാലംമുതല്‍, അല്ല അതിനും മുന്‍പും ഉണ്ടായിരുന്നു. കാരണം ഉല്പത്തി പുസ്തകത്തിലും സാബത്തു നിയമത്തെക്കുറിച്ചു വായിക്കുന്നു, എഴാം ദിവസം ദൈവം വിശ്രമിച്ചുവെന്ന്! പിന്നെയും സാബത്തിന്‍റെ കാഠിന്യവും കാര്‍ക്കശ്യവും നമുക്ക് വിശുദ്ധ ഗ്രന്ഥത്തില്‍ ഉടനീളം കാണാം. സാബത്തിന്‍റെ ലംഘനം മരണശിക്ഷയിലേയ്ക്ക് ഒരുവനെ നയിക്കുന്നത് സംഖ്യാപുസ്തകത്തില്‍ വായിക്കുന്നു. സാബത്തു ലംഘിച്ചവനെ ജനം പാളയത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നുവത്രെ (സംഖ്യ 15, 32-36)! ഏതൊരു മതത്തിന്‍റെയും ശൈശവാവസ്ഥയില്‍, അല്ലെങ്കില്‍ അത് വളര്‍ന്ന് പക്വമാര്‍ജ്ജിക്കുന്ന കാലംവരെ ചില ചട്ടങ്ങള്‍ നിലനിര്‍ത്തുവാന്‍ ഭീതിക്കഥകള്‍ മെനഞ്ഞെടുക്കുന്നതുമാകാം ഈ സാബത്തു നിയമങ്ങള്‍. എന്നാല്‍ കാലക്രമത്തില്‍ അവയെല്ലാം പക്വമാക്കിയെടുക്കാന്‍ ഗുരുക്കന്മാര്‍ സന്ദേഹവും സംഘര്‍ഷവുമെല്ലാം ഉപയോഗിക്കുന്നു. എന്നിട്ട് അവയില്‍ ശ്രേഷ്ഠമായതിനെ പുറത്തുകൊണ്ടുവരുന്നു. അവര്‍ ചില പ്രതിസന്ധികള്‍ സൃഷ്ടിച്ചും കലഹിച്ചും എതിര്‍ത്തുമാണ് ബോധപൂര്‍വ്വം നിയമത്തിന്‍റെ അരൂപി പുറത്തുകൊണ്ടുവരുന്നത്. അത്തരം ഒരു സംഭവമാണ് ഇന്നത്തെ സുവിശേഷഭാഗത്ത് നാം കാണുന്നത് (മര്‍ക്കോസ് 1, 21-28). 

2. കഫര്‍ണാമില്‍ തെളിഞ്ഞ കാരുണ്യപ്രഭ 
ഒരിക്കല്‍ കഫര്‍ണാമിലെ സിനഗോഗില്‍ ക്രിസ്തു പഠിപ്പിക്കുകയായിരുന്നു. അവിടുന്ന് അധികാരത്തോടെയാണ് പഠിപ്പിച്ചിരുന്നത്. നിയമാവര്‍ത്തനം പുസ്തകം, ഇന്നത്തെ ആദ്യവായനയില്‍ പറയുന്നപോലെ, “എന്‍റെ വാക്കുകള്‍ അവരില്‍ നിക്ഷേപിക്കാന്‍, നിന്നെപ്പോലൊരു പ്രവാചകനെ ഞാന്‍ എന്‍റെ ജനത്തിനുവേണ്ടി അയയ്ക്കുന്നു” (നിയമാവര്‍ത്തനം 18, 15-20). ബാധയുള്ളൊരു മനുഷ്യന്‍ സിനഗോഗിലെ ആള്‍ക്കൂട്ടത്തില്‍നിന്നും കരയുന്നു, “നശിപ്പിക്കല്ലേ. അങ്ങു വന്നിരിക്കുന്നത് ഞങ്ങളെ നശിപ്പിക്കാനാണോ? അങ്ങ് ദൈവത്തിന്‍റെ പരിശുദ്ധനാണെന്ന് ഞങ്ങള്‍ അറിയുന്നു.” പാവം മനുഷ്യന്‍ അലറി വിളിക്കുകയാണ്. ക്രിസ്തു അവനോട് നിശബ്ദനായിരിക്കാന്‍ ആവശ്യപ്പെടുന്നു. ശാന്തമായിരിക്കാന്‍, അവനോട് ആവശ്യപ്പെട്ടു. എന്നിട്ട് പിന്നെയും പറഞ്ഞു, “പുറത്തുവരിക!”! എല്ലാവരും നോക്കി നില്ക്കെ, ബാധയുള്ള മനുഷ്യനെ തള്ളി താഴെയിട്ടിട്ട് അശുദ്ധാത്മാവു പുറത്തേയ്ക്കു പോയി. സുവിശേഷം രേഖപ്പെടുത്തുന്നു. അങ്ങനെ തിന്മയുടെ ശക്തി അവനെ വിട്ടുപോയി. ക്രിസ്തു കഫര്‍ണാമിലെ സിനഗോഗില്‍ പ്രകടമാക്കിയ അധികാരത്തോടെയുള്ള പുതിയ പ്രബോധനരീതിയും അവിടുത്തെ ആജ്ഞാശക്തിയും അമാനുഷികമായ കഴിവും കണ്ട് ചുറ്റുംകൂടിയവര്‍ ആശ്ചര്യപ്പെട്ടു. അടുത്ത പടിയാണ് ഏറെ ശ്രദ്ധേയമാകുന്നത്. ദേവാലയാധികൃതരും സമൂഹവും ചെയ്ത-നന്മയ്ക്ക് അവിടുത്തെ  കുറ്റപ്പെടുത്തുകയാണ്. ആദ്യം അവരില്‍ ഉണര്‍ന്ന ആശ്ചര്യത്തിന്‍റെ വികാരം അസൂയയും പകയുമായി മാറുന്നു. അവിടുത്തെ അവര്‍ കുറ്റപ്പെടുത്തുന്നു. സാബത്തു ലംഘിച്ചു എന്നതാണ് കുറ്റം. സാബത്തു ദിവസം സുഖപ്പെടുത്തുന്നത് അദ്ധ്വാനവും പ്രവൃത്തിയുമാണ്. നിയമത്തിന്‍റെ വള്ളിപുള്ളി വിട്ടുവീഴ്ചയില്ലാതെ ഒരു മനുഷ്യനെ വിധിക്കുന്ന സമൂഹം ആശ്ചര്യാവഹംതന്നെ!!

3. വിധിയുടെ മാനദണ്ഡം മനുഷ്യനാവണം  
യഥാര്‍ത്ഥത്തില്‍ എല്ലാ വിധികളുടെയും മാനദണ്ഡം മനുഷ്യനായിരിക്കണം. ഇത് ക്രിസ്തുവിന്‍റെ ഒരു സ്വതന്ത്രപ്രഖ്യാപനമാണ്. കാരണം സാബത്തും നിയമങ്ങളുമെല്ലാം മനുഷ്യര്‍ക്കുവേണ്ടിയാണല്ലോ. ക്രിസ്തുവിന്‍റെ  സാബത്തു വിചാരങ്ങളില്‍ സാബത്ത് മനുഷ്യനുവേണ്ടിയാണ്.  ഈ മൊഴി എന്തൊരു സ്വാതന്ത്ര്യമാണ് നമുക്കു നല്കുന്നത്... ആര്‍ക്കും നല്കുന്നത്! നമുക്കു പറയാം മനുഷ്യന്‍റെ ശിരസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതാണ് സ്വാതന്ത്ര്യം. മറിച്ച് അവന്‍റെ ശിരസ്സു കുനിയാന്‍ പ്രേരിപ്പിക്കുന്നതൊന്നും സ്വീകാര്യമല്ല, അത് സ്വാതന്ത്ര്യമല്ല. അവനെ നിസ്സാരനാക്കി തള്ളുകയും അവഗണിക്കുകയും ചെയ്യുന്ന... അല്ലെങ്കില്‍ അവനെ ആക്ഷേപിക്കുന്ന, തരംതാഴ്ത്തുന്ന, വിവേചിക്കുന്നതൊന്നും സ്വീകാര്യമല്ല, സ്വീകാര്യമാകരുത്. മനുഷ്യനെ മനുഷ്യനായി പരിഗണിക്കാത്തതിനും, അവനെ ചെറുതാക്കുന്നതിനും, എന്തു ദൈവിക പരിവേഷം കൊടുത്തിട്ടും കാര്യമില്ല. ഓര്‍ക്കുക! മനുഷ്യത്വത്തിന്‍റെ വാഴ്ത്താണ് സുവിശേഷം!

4. ദൈവത്തോടും മനുഷ്യരോടും ചേര്‍ന്നു നില്ക്കുന്നവര്‍  
“ബലിയല്ല, കരുണയാണ് താന്‍ ആഗ്രഹിക്കുന്നത്” (ഹോസയ 6, 6). ഇതു സുവിശേഷമാണ്. എന്തുകൊണ്ടാണ് ദൈവത്തോടു ചേര്‍ന്നുനില്ക്കുന്നു എന്നു കരുതുന്നവര്‍ മനുഷ്യരില്‍നിന്നു മുഖം തിരിക്കുന്നത്? ക്രിസ്തുവിന്‍റെ ജീവിതത്തിലേയ്ക്ക് എത്തി നോക്കിയാല്‍ അവിടുന്ന് ഒരു പ്രാവശ്യമാണ് ദേവാലയശുശ്രൂഷയ്ക്ക് നേതൃത്വംവഹിക്കുന്നതായി നാം കാണുന്നുള്ളൂ! നസ്രത്തിലെ സിനാഗോഗിലായിരുന്നു അത്. ബാക്കിയുള്ളതെല്ലാം മനുഷ്യനെ കേന്ദ്രീകരിച്ചുള്ള പുതിയ ആരാധനക്രമമായിരുന്നു. സാബത്തിനെ അതിരു കാണാത്ത ഭൂമികയിലേയ്ക്കു മാറ്റി പ്രതിഷ്ഠിച്ച ക്രിസ്തു നിയമത്തിന്‍റെ വള്ളിയോ പുള്ളിയോ ലംഘിക്കുന്നില്ല. മറിച്ച് നിയമത്തെ അതിന്‍റെ സമ്പൂര്‍ണ്ണതയില്‍ എത്തിക്കുകയാണ് ചെയ്തത്!.

5. “ദി പാഷന്‍ ഓഫ് ദ ക്രൈസ്റ്റി”ലെ രക്ഷണരേഖ 
മെല്‍ഗിബ്സന്‍റെ വിഖ്യാതമായ “ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്” (The Passion of the Christ) എന്ന ചലച്ചിത്രത്തില്‍ അതീവ ഹൃദ്യമായ ഒരു രംഗമുണ്ട്. പാപിനിയായ സ്ത്രീയെ പിടികൂടിയവര്‍, ക്രിസ്തുവിന്‍റെ മുന്നില്‍ വിധികല്പിക്കാന്‍ കൊണ്ടുനിര്‍ത്തിയിരിക്കുകയാണ്.  തെറ്റില്‍ കുരുക്കപ്പെട്ടവള്‍ക്കു മുമ്പില്‍ ക്രിസ്തു തലകുനിച്ചിരുന്നു. എന്നിട്ട് ശക്തമായി ഒരു ദീര്‍ഘരേഖ അവിടുന്ന് നിലത്തു വരയ്ക്കുന്നു. ഉടനെ വലിയ പൊടിപടലം ഉയര്‍ന്നുപൊങ്ങുന്നതായിട്ടാണ് മെല്‍ഗിബ്സന്‍റെ ചിത്രീകരണം. അവള്‍ക്കു മുന്നില്‍ ബോധപൂര്‍വ്വം ഒരു സംരക്ഷണരേഖ വരച്ചിട്ടതാണെന്നു ഈ ദൃശ്യാവിഷ്ക്കാരത്തെ വ്യാഖ്യാനിക്കാം. ബലമില്ലാത്തവള്‍ക്കുവേണ്ടി ഇതാ, ക്രിസ്തു ഒരതിര്‍വര വരച്ചിടുകയാണ്. അത് സ്ത്രീയായാലും കുഞ്ഞായാലും പുരുഷനായാലും അവിടുന്നു സ്നേഹത്തിന്‍റെ പ്രത്യക്ഷ അടയാളമാണീ അതിര്‍രേഖ. പൗലോസ് അപ്പസ്തോലന്‍  കൊറീന്തിയര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍.. ഇന്നത്തെ രണ്ടാം വായന... പറയുന്നു, “ബലഹീനരെ നേടാന്‍ ഞാന്‍ അവര്‍ക്ക് ബലഹീനനായി. എല്ലാ പ്രകാരത്തിലും അവരെ രക്ഷിക്കുന്നതിന് ഞാന്‍ എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു.” (1കൊറി. 9, 22-23). ബലഹീനരായവരെ സംരക്ഷിക്കുന്ന ഒരതിര്‍രേഖയാണ് അവിടുന്നു വരച്ചത്! ആ രേഖ കുറുകെ കടക്കാന്‍ ആരെയും അവിടുന്ന് അനുവദിക്കുന്നുമില്ല. 

6. കരുണ ഒരക്ഷരനക്ഷത്രം! 
ബൈബിള്‍ നിരൂപകന്മാര്‍ തര്‍ക്കിക്കുകയും ഏറെ വ്യാഖ്യാനിക്കുകയും ചെയ്തിട്ടുള്ള ഒരു കാര്യമാണ്, ക്രിസ്തു എന്തായിരിക്കും ആ സമയത്ത് നിലത്ത് കോറിയിട്ടതെന്ന്? നിരൂപണങ്ങള്‍ മാറ്റി നിറുത്തി, വ്യക്തിപരമായി ഒരു അഭിപ്രായം ബോബി ജോസ് കട്ടിക്കാട്ട് കപ്പൂച്ചിന്‍ പറയുന്നത് ക്രിസ്തു കുറിച്ചത് ക-രു-ണ എന്ന സുവര്‍ണ്ണപദമാണ്. വരും കാലങ്ങളില്‍ നമ്മുടെ കുഞ്ഞുമക്കള്‍ക്കുവേണ്ടി നാം ആവര്‍ത്തിച്ചാവര്‍ത്തിച്ച് നിലത്തെഴുതി പഠിപ്പിക്കേണ്ട ആദ്യവാക്കുകളില്‍ ഒന്നാവണമിത് – കരുണ! നിങ്ങളില്‍ പാപമില്ലാത്തവര്‍ ആദ്യം കല്ലെറിയട്ടെയെന്നു അവിടുന്നു പറഞ്ഞപ്പോള്‍ ഒരു സമ്മര്‍ദ്ദവുമില്ലാതെ അവര്‍ ഒന്നൊന്നായി എല്ലാവരും പിരിഞ്ഞുപോയതിനു പിന്നില്‍‍, വീണ്ടും ബോബിയച്ചന്‍ പറയുന്നത്,   ആ അക്ഷരനക്ഷത്രത്തിന്‍റെ വെട്ടം അല്പം അവരും സ്വീകരിച്ചതുകൊണ്ടായിരിക്കണം. അപ്പോള്‍, കഥയില്‍ പാപിനിയോടു കരുണ കാണിക്കുന്നത് ക്രിസ്തു മാത്രമല്ല, അവിടെ വന്നവരെല്ലാവരും, എറിയാന്‍ കല്ലുമായി വന്നവര്‍പോലും കരുണ കാട്ടിയിട്ടാണ് തിരികെ പോയത്. അപ്പോള്‍ കരഞ്ഞുകൊണ്ട് തന്‍റെ ചാരത്തിരുന്ന സ്ത്രീയോടു ക്രിസ്തുവും മന്ത്രിച്ചു. “സ്ത്രീയേ, ഞാനും നിന്നെ വിധിക്കുന്നില്ല. പൊയ്ക്കൊള്ളുക. ഇനിമേല്‍ നീ പാപം ചെയ്യരുത്!”

7. ബലഹീനരെ കാരുണ്യത്തോടെ ചുംബിക്കാം 
ജനക്കൂട്ടം വ്യഭിചാരമെന്ന് മുദ്രകുത്തിയതിനു മീതെ ക്രിസ്തു പുലര്‍ത്തിയ ബോധപൂര്‍വ്വകമായ മൗനം ശ്രദ്ധിക്കേണ്ടതാണ്. പുരുഷനും സ്ത്രീക്കുമിടയില്‍ അത്തരത്തില്‍ ഒരു ബന്ധത്തിന്‍റെ സാദ്ധ്യത മാത്രമേയുള്ളൂ? ദാമ്പത്യത്തിന്‍റെ വിശ്വസ്തതയ്ക്കും വ്യഭിചാരത്തിന്‍റെ അവിശ്വസ്തതയ്ക്കുമിടയില്‍ സ്ത്രീക്കും പുരുഷനും തമ്മില്‍ രൂപപ്പെടാവുന്ന ഗാഢവും നിര്‍മ്മലവുമായ ചില സ്നേഹതലങ്ങളുണ്ടെന്ന് ഈശോയ്ക്ക് നന്നായി അറിയാം. അത്തരം നിഗൂഢ സൗഹൃദത്തിന്‍റെ ബലം അനുഭവിച്ച ഒരാളായിരുന്നു ക്രിസ്തു. മണ്ണ് ശുദ്ധമാണ്. മഴയും ശുദ്ധമാണ്. പിന്നെങ്ങനെ ചെളിയുണ്ടായെന്നു പറഞ്ഞ് ഉത്തരം മുട്ടിക്കുന്നവരേ, മണ്ണും മഴയും കൂടിച്ചേര്‍ന്ന് രൂപപ്പെടുത്തുന്ന പനിനീര്‍പ്പുക്കളെ കാണാതെ പോകുന്നതെന്തേ? പാപിനിയായ സ്ത്രീയില്‍ നാം കാണേണ്ടത് ഇന്ന് ലോകത്ത് വിവിധ കാരണങ്ങളാല്‍ സങ്കടപ്പെടുകയും നീറുകയുംചെയ്യുന്ന മനുഷ്യരാശിയുടെ മുഖവും കരച്ചിലുമാണ്. അങ്ങനെ അനുദിന ജീവിതപരസരങ്ങളില്‍ ബലഹീനരെ കാണാനും, അവരെ കാരുണ്യത്തോടെ ചുംബിക്കാനും നമുക്കു സാധിക്കണം.

8. കരുണയുള്ളവരായിരിക്കാം! 
മനുഷ്യസ്നേഹിയെന്ന് ജീവിച്ചിരുന്ന കാലംമുതല്‍ ജനം വിളിച്ചിരുന്ന ദൈവദാസന്‍ തിയോഫിനച്ചന്‍ കുറിച്ചതുപ്രകാരം, വേദനിക്കുന്ന സഹോദരന്‍റെയും സഹോദരിയുടെയും തോളില്‍ കൈവച്ച്,  ഈ ജീവിതത്തില്‍ അവര്‍ക്കു സാന്ത്വനമായി നടക്കാം! ഇന്നത്തെ വചനധ്യാനത്തില്‍ ക്രിസ്തു നിങ്ങള്‍ക്കും എനിക്കും നല്കുന്ന സുവിശേഷം ഇതാണ്..., കരുണയുള്ളവരായിരിക്കാം സഹോദരങ്ങളോട്... ശത്രുവിനോടുപോലും... ദൈവരാജ്യത്തിന്‍റെ കരുണ കാട്ടാം, കരുണയുള്ളവരായിരിക്കാം!!








All the contents on this site are copyrighted ©.