2018-01-27 13:01:00

നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്‍റെ പുതിയ പ്രഖ്യാപനങ്ങള്‍


വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘം പുതിയ 8 പ്രഖ്യാപനങ്ങള്‍ നടത്തി.

ഈ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ അമാത്തൊയെ വെള്ളിയാഴ്ച (26/01/18) കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ച വേളയില്‍ ഫ്രാന്‍സീസ് പാപ്പാ  അധികാരപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ പ്രഖ്യാപനങ്ങള്‍ പുറപ്പെടുവിക്കപ്പെട്ടത്.

ധര്‍മ്മസമരത്തിന്‍റെ പ്രേഷിത സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ   സാഥാപക, സ്പെയിന്‍ സ്വദേശിന വാഴ്ത്തപ്പെട്ട നത്സറീയ ഇഞ്ഞാത്സിയ മാര്‍ക്ക് മേസ, പരിശുദ്ധതമ രക്ഷകന്‍റെ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക ഫ്രാന്‍സില്‍ ജനിച്ച ദൈവദാസി അല്‍ഫോന്‍സ മരിയ എപ്പിന്‍ഗെര്‍, യേശുവിന്‍റെ  തിരുഹൃദയത്തിന്‍റെ പ്രേഷിതകള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ  സ്ഥാപക, ഇറ്റലിക്കാരിയായ ദൈവദാസി ക്ലേലിയ മെര്‍ലോണി, തിരുഹൃദയ പ്രേഷിതകളുടെ സമൂഹത്തിന്‍റെ  സ്ഥാപക, ഇറ്റലി സ്വദേശിനിതന്നെയായ, ദൈവദാസി ദൈവികസ്നേഹത്തിന്‍റെ ക്രൂശിത മരിയ എന്നീ പുണ്യാത്മാക്കളുടെ മദ്ധ്യസ്ഥതയാല്‍ നടന്ന ഓരോ അത്ഭുതത്തിന് അംഗീകാരം നല്കുന്നവയാണ് ഇവയില്‍ ആദ്യത്തെ 4 എണ്ണം.

തുടര്‍ന്നു വരുന്ന രണ്ടെണ്ണം നിണസാക്ഷിത്വത്തെ സംബന്ധിച്ചതാണ്.

1994-1996 വരെയുള്ള കാലയളവില്‍ വിശ്വാസത്തെ പ്രതി ജീവന്‍ ഹോമിച്ച ദൈവദാസരായ ബിഷപ്പ് പീറ്റര്‍ ക്ലവേരിയും സന്ന്യാസി സന്ന്യാസിനികളായ 18 കൂട്ടുകാരുടെയും  1958 ആഗസ്റ്റ് 24 ന്  റൊമേനിയായില്‍ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട ഫ്രാന്‍സിസ്കന്‍ അല്മായസമൂഹാംഗം ദൈവദാസി വെറോണിക്കാ അന്താളിന്‍റെയും രക്തസാക്ഷിത്വം അംഗീകരിക്കുന്നവയാണ് ഈ പ്രഖ്യാപനങ്ങള്‍.

ശേഷിച്ച രണ്ടെണ്ണത്തില്‍ ആദ്യത്തേത് വിശുദ്ധ ബെനഡിക്ട് ജോസഫ് ലാബ്രെയുടെ സമര്‍പ്പിതകളുടെ സമൂഹത്തിന്‍റെ സ്ഥാപകനായ രൂപതാവൈദികന്‍, ഇറ്റലിക്കാരനായ ദൈവദാസന്‍ അംബ്രോസിയൊ ഗ്രിത്താനിയുടെയും, രണ്ടാമത്തേത്, ഫ്രാന്‍സുകാരിയായ അല്‍മായ ദൈവദാസി അന്ന മരിയ മഗ്ദലേന ദെല്‍ബ്രേലിന്‍റെയും വീരോചിത പുണ്യങ്ങള്‍ അംഗീകരിക്കുന്നു.








All the contents on this site are copyrighted ©.