2018-01-24 13:08:00

ചിലി, പെറു ഇടയസന്ദര്‍ശനം പുനരവലോകനം ചെയ്ത് പാപ്പാ


തെക്കെ അമേരിക്കന്‍ നാടുകളായ ചിലി, പെറു എന്നിവിടങ്ങള്‍ വേദികളാക്കിയ ഇക്കഴിഞ്ഞ 15 മുതല്‍ 22 വരെ ദീര്‍ഘിച്ച ഇരുപത്തിരണ്ടാം വിദേശ അപ്പസ്തോലികപര്യടനത്തിലായിരുന്നതിനാല്‍ ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷം ഫ്രാന്‍സീസ് പാപ്പാ ബുധനാഴ്ചത്തെ പ്രതിവാരപൊതുകൂടിക്കാഴ്ച പുനരാരംഭിച്ചു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിലായിരുന്നു പൊതുകൂടിക്കാഴ്ചാ വേദി ഒരുക്കിയിരുന്നത്. ഇക്കഴിഞ്ഞ ദിനങ്ങളെ അപേക്ഷിച്ച് താപനില അല്പമൊന്നു താണെങ്കിലും അര്‍ക്കാംശുക്കള്‍ സമൃദ്ധം വര്‍ഷിക്കപ്പെട്ട ഒരു ദിനമായിരുന്ന ഈ ബുധനാഴ്ച (24/01/18) വിവിധരാജ്യക്കാരായിരുന്ന പതിനായിരങ്ങള്‍ ബസിലിക്കാങ്കണത്തില്‍ സമ്മേളിച്ചിരുന്നു.ജര്‍മ്മനിയില്‍ നിന്നെത്തിയിരുന്ന യെത്സിദി (yezidi) മതന്യൂനപക്ഷവിഭാഗത്തിന്‍റെ  പ്രതിനിധികളുമായി വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയിലെ ഒരു മുറിയില്‍ വച്ചും തണുപ്പായിരുന്നതിനാല്‍, രോഗികളായ കുട്ടികളുമായി പോള്‍ ആറാമന്‍ ശാലയില്‍ വച്ചും നടത്തിയ കൂടിക്കാഴ്ചാന്തരം വെളുത്ത തുറന്ന വാഹനത്തില്‍ ഫ്രാന്‍സീസ് പാപ്പാ ബസിലിക്കാങ്കണത്തിലേക്കു പ്രവേശിച്ചപ്പോള്‍ ജനസഞ്ചയത്തിന്‍റെ  ആനന്ദാരവങ്ങള്‍ ഉയര്‍ന്നു.പുഞ്ചിരിതൂകി കരമുയര്‍ത്തി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ വേദിയിലേക്കു നീങ്ങിയ പാപ്പാ, ചിലരോടു കുശലം പറയുകയും അവര്‍ക്ക്  ഹസ്തദാനമേകുകയും ഇടയ്ക്കിടെ അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവന്നിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ ആശീര്‍വ്വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തദ്ദനന്തരം പാപ്പാ താന്‍ പതിനഞ്ചാം തിയതി തിങ്കളാഴ്ച മുതല്‍ ഇരുപത്തിയൊന്നാം തിയതി ഞായാറാഴ്ച വൈകുന്നേരംവരെ ചിലി പെറു എന്നീ നാടുകളില്‍ നടത്തിയ ഇടയസന്ദര്‍ശനം പുനരവലോകനം ചെയ്തു.

പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംക്ഷേപം:

എല്ലാവര്‍ക്കും നല്ലൊരു ദിനം നേര്‍ന്നുകൊണ്ട് തന്‍റെ വിചിന്തനം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു.

ബന്ധപ്പെടുത്തപ്പെട്ട രണ്ടിടങ്ങളിലായിട്ടാണ് ഇന്നത്തെ പൊതുദര്‍ശനപരിപാടി നടക്കുന്നത്, അതായത്, നിങ്ങള്‍ ഇവിടെ ചത്വരത്തിലും, അല്പം രോഗബാധിതരായ കുഞ്ഞുങ്ങള്‍ പോള്‍ ആറാമന്‍ ശാലയിലും. നിങ്ങള്‍ക്ക് പരസ്പരം കാണാം. ശാലയിലുള്ള കഞ്ഞുങ്ങളെ നമുക്ക് അഭിവാദ്യം ചെയ്യാം. അവര്‍ തണുപ്പേല്ക്കാതിരിക്കുന്നതാണ് നല്ലത്. ചിലിയിലും പെറുവിലും നടത്തിയ സന്ദര്‍ശനാനന്തരം രണ്ടു ദിവസം മുമ്പ് ഞാന്‍ തിരിച്ചെത്തി. ചിലിയ്ക്കും പെറുവിനും കയ്യടിച്ച് അഭിവാദ്യമര്‍പ്പിക്കാം. നല്ല രണ്ടു ജനതകള്‍! എല്ലാം ശുഭപര്യവസായിയായതിന് ഞാന്‍ കര്‍ത്താവിനോടു നന്ദി പറയുന്നു. ആ ഭൂപ്രദേശങ്ങളില്‍ സഞ്ചാരത്തിലായിരിക്കുന്ന ദൈവജനവുമായും, യാത്രചെയ്യാതെ അല്പം നിശ്ചലാവസ്ഥയിരിക്കുന്നവരുമായും കൂടിക്കാഴ്ചനടത്തുന്നതിനും അന്നാടുകളുടെ സാമൂഹ്യവളര്‍ച്ചയ്ക്ക് പ്രചോദനം പകരുന്നതിനും എനിക്കു സാധിച്ചു. പൗരാധികാരികളോടും സഹോദരങ്ങളായ മെത്രാന്മാരോടും ഏറെ ഔത്സുക്യത്തോടും ഉദാരതയോടും കൂടെ എന്നെ സ്വീകരിച്ച എല്ലാവരോടും സന്നദ്ധസേവകരോടും ഞാന്‍ നന്ദി പറയുന്നു. ഓരോ രാജ്യത്തും 20000 ലേറെ സന്നദ്ധസേവകരുണ്ടായിരുന്നു. ഒന്നു ചിന്തിച്ചു നോക്കൂ.

ചിലിയില്‍ ഞാന്‍ എത്തുന്നതിനു മുപ്, പലവിധ കാരണങ്ങളാല്‍, വിവിധങ്ങളായ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ഇത്, “ഞാന്‍ നിങ്ങള്‍ക്ക് എന്‍റെ സമാധാനം നല്കുന്നു” എന്ന  എന്‍റെ സന്ദര്‍ശനത്തിന്‍റെ  മുദ്രാവാക്യത്തെ കൂടുതല്‍ കാലികവും ജീവസുറ്റതുമാക്കിത്തീര്‍ത്തു.

രാഷ്ട്ര-പൗരാധികാരികളുമായുള്ള കൂടിക്കാഴ്ചാവേളയില്‍ ഞാന്‍ ചിലിയുടെ പ്രജാധിപത്യ പ്രക്രിയയ്ക്ക് പ്രചോദനമേകി. ഐക്യദാര്‍ഢ്യ സമാഗമത്തിനിടമേകുന്നതും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിവുറ്റതുമാണ് ചിലി. അതുകൊണ്ടുതന്നെ ഈ ജനാധിപത്യ പ്രക്രിയ ശ്രവണ ശൈലി, പ്രത്യേകിച്ച്, പാവപ്പെട്ടവരെയും യുവജനത്തെയും വൃദ്ധജനത്തെയും കുടിയേറ്റക്കാരെയും മാത്രമല്ല മണ്ണിനെയും ശ്രവിക്കേണ്ടതിന്‍റെ പ്രാധാന്യം ഞാന്‍ ചൂണ്ടിക്കാട്ടി.

സമാധാനവും നീതീയും നിയോഗമാക്കി അന്നാട്ടില്‍ അര്‍പ്പിക്കപ്പെട്ട പ്രഥമ ദിവ്യബലിയില്‍ മുഴങ്ങിയത് സുവിശേഷസൗഭാഗ്യങ്ങളായിരുന്നു. “സമാധാനസംസ്ഥാപകര്‍ ഭാഗ്യവാന്മാര്‍, എന്തെന്നാല്‍ അവര്‍ ദൈവമക്കളെന്ന് വിളിക്കപ്പെടും”. അപരന്‍റെ  ചാരത്തായിരിക്കുകയും പങ്കുവയ്ക്കുകയും, അങ്ങനെ, സഭയുടെയും സമൂഹംമുഴുവന്‍റെയും തന്തുക്കളെ ബലപ്പെടുത്തുകയും ചെയ്തുകൊണ്ട് സാക്ഷ്യമേകേണ്ടതായ ഒരു സുവിശേഷഭാഗ്യമാണിത്.

ഈ സാമീപ്യ ശൈലിയില്‍ വാക്കുകളെക്കാള്‍ പ്രധാനം പ്രവൃത്തികള്‍ക്കാണ്. സന്ധ്യാഗൊയില്‍ സ്ത്രീകളുടെ കാരാഗൃഹം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് പ്രാധാന്യമേറിയ ഒന്നായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളെ കൈകളിലേന്തിയിരുന്ന ചെറുപ്പക്കാരികളായ അനേകം അമ്മമാരും ഉള്‍പ്പെട്ട ആ മഹിളകളുടെ വദനങ്ങളില്‍ പ്രത്യാശ പ്രകടമായിരുന്നു. പ്രത്യാശയുടെതായ മാനത്തിന്‍റെ, സാമൂഹ്യജീവിത പുനരധിവാസത്തെക്കുറിച്ചുള്ള പ്രത്യാശയുടെ അഭാവത്തില്‍ കാരാഗൃഹവാസം ഒരു പീഢനമായി ഭവിക്കും. ആകയാല്‍ പുനരധിവാസത്തിന്‍റെതായൊരു മാനം തടവറയില്‍ എന്നുമുണ്ടാകണം.

ചിലിയിലെ വൈദികരും സമര്‍പ്പിതരും മെത്രാന്മാരുമായുള്ള കൂടിക്കാഴ്ച അന്നാട്ടിലെ സഭയെ പീഢിപിപ്പിക്കുന്ന ചില മുറിവുകളുടെ വേദന പങ്കുവയ്ക്കുപ്പെടുകവഴി ഉപരി തീവ്രതരമായിരുന്നു. കുട്ടികളെ പീഢിപ്പിക്കുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിക്കാന്‍ എന്‍റെ സഹോദരര്‍ക്ക് ഞാന്‍ ശക്തിപകര്‍ന്നു.

വൈവിധ്യങ്ങളുടെ ഏകതാനതയിലുള്ള സമാധാനത്തിനും അക്രമം വെടിയുന്നതിനുമുള്ള അഭ്യര്‍ത്ഥന ഉള്‍ക്കൊള്ളുന്നതും മപുക്കെ തദ്ദേശവാസികളുടെ ദുരന്തങ്ങളും കഷ്ടപ്പാടുകളും ആനന്ദമായി രൂപാന്തരപ്പെടുത്തിയതുമായിരുന്നു അന്നാടിന്‍റെ തെക്ക് അരൗക്കനീയയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലി. ചിലിയുടെ വടക്ക് ഇക്കീക്കെയില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധകുര്‍ബ്ബാന സമാന്യജനഭക്തിയുടെ തനിമ ആവിഷ്കൃതമാക്കുന്നതായിരുന്നു.

പുതിയതലമുറകളുടെ ജീവിതത്തിന് വലിയൊരു അര്‍ത്ഥം നല്കുക എന്ന നിര്‍ണ്ണായക വെല്ലുവിളിയോടു പ്രത്യുത്തരിക്കുന്നതായിരുന്നു ചിലിയിലെ യുവജനങ്ങളുമായും കത്തോലിക്കാ സര്‍വ്വകലാശാലയുമായും നടത്തിയ കൂടിക്കാഴ്ചകള്‍.

“പ്രത്യാശയില്‍ ഒറ്റക്കെട്ടായി” എന്നതായിരുന്നു പെറു സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യം. വന്ധ്യമായ ഒരു ഐക്യമല്ല, പ്രത്യുത, ചരിത്രത്തിലും സംസ്കാരത്തിലും നിന്നാര്‍ജ്ജിച്ച വ്യത്യസ്തകളുടെ സമ്പന്നതയിലുള്ള ഒരു അഖണ്ഡതതാണിത്. പെറുവിലെ ആമസോണിയന്‍ ജനതയുമായുള്ള കൂടിക്കാഴ്ച ഇതിന് പ്രതീകാത്മക സാക്ഷ്യമായി. പുവെര്‍ത്തൊ മല്‍ദൊണാദൊയിലെ ജനതയുമായും “ ഇല്‍ പീക്കൊളൊ പ്രീന്‍ചിപ്പെ” (കൊച്ചു രാജകുമാരന്‍” എന്ന ഭവനത്തിലെ കുട്ടികളുമായുമുള്ള കൂടിക്കാഴ്ചയുടെ നിമിഷങ്ങളും ഇതിന് സാക്ഷ്യമേകുന്നു. സാമ്പത്തികവും ആദര്‍ശപരവുമായ കോളണിവാഴ്ച അരുതെന്ന് ഞങ്ങള്‍ ഏകയോഗമായി പറഞ്ഞു.

പെറുവിന്‍റെ രാഷ്ട്ര-പൗരാധികാരികളുമായി സംസാരിക്കവെ, ഞാന്‍ അന്നാടിന്‍റെ  പാരിസ്ഥിതിക, സാംസ്കാരിക, ആദ്ധ്യാത്മിക പൈതൃകത്തെ അഭിനന്ദിച്ചു. ആ പൈതൃകത്തിന് കുടുതല്‍ ഭീഷണിയായ പാരിസ്ഥിതിക-സാമൂഹ്യാധഃപതനം, അഴിമതി എന്നീ രണ്ടു യാഥാര്‍ത്ഥ്യങ്ങളില്‍ അടിയന്തരശ്രദ്ധപതിക്കേണ്ടതിന്‍റെ പ്രാധാന്യം ഞാന്‍ എടുത്തുകാട്ടി. അഴിമതി, അത് അവിടെ മാത്രമല്ല എല്ലായിടത്തുമുണ്ട്. അഴിമതി ഹൃദയങ്ങളെ നശിപ്പിക്കുന്നു. ദയവുചെയത് അഴിമതി അരുത്. ഈ രണ്ടു മുറിവുകള്‍ക്കുമുന്നിലുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാകില്ല, അവയ്ക്കെതിരെ പ്രതികരിക്കുക സകലരുടെയും ദൗത്യമാണ് എന്നത് ഞാന്‍ എടുത്തുകാട്ടി

കഴിഞ്ഞ വര്‍ഷം ത്രുഹീല്യൊ പ്രദേശത്ത് അനേകരെ പ്രഹരമേല്പിച്ച നീഞ്ഞൊ ചുഴലിക്കാറ്റുദുരന്തത്തിന്‍റെ വേദിയായ കടല്‍ത്തീരത്തായിരുന്നു പെറുവിലെ ആദ്യ ദിവ്യപൂജാര്‍പ്പണം. ഈ ദുരന്തത്തോടും അതുപോലെതന്നെ, അധോലോകം, വിദ്യഭ്യാസ തൊഴില്‍രാഹിത്യം, സുരക്ഷിതമായ പാര്‍പ്പിടങ്ങളുടെ അഭാവം തുടങ്ങിയ കൊടുങ്കാറ്റുകള്‍ക്കെതിരായും പ്രതികരിക്കാന്‍ ഞാന്‍ ആ ജനതയ്ക്ക് ആത്മധൈര്യം പകര്‍ന്നു. പെറുവിന്‍റെ വടക്കുഭാഗത്തുള്ള വൈദികരും സമര്‍പ്പിതരുമായുള്ള കൂടിക്കാഴ്ചാവേളയില്‍ ഞാന്‍ അവരുടെ വിളിയുടെയും ദൗദ്യത്തിന്‍റെയും ആനന്ദവും സഭയില്‍ കൂട്ടായ്മയിലായിരിക്കാനുള്ള ഉത്തരവാദിത്വവും പങ്കുവച്ചു. തങ്ങളു‌ടെ വേരുകളോട് വിശ്വസ്തരായിരിക്കാനും സ്മരണാസമ്പന്നതപുലര്‍ത്താനും ഞാന്‍ അവരെ ഉപദേശിച്ചു.

ഇടയസന്ദര്‍ശനത്തിന്‍റെ സമാപനദിനമായിരുന്ന ഞായറാഴ്ചത്തെ പരിപാടികള്‍ ലീമയിലായിരുന്നു. ആദ്ധ്യാത്മകവും സഭാത്മകവുമായ ഊന്നലുള്ളതായിരുന്നു അത്. പെറുവിലെ ഏറ്റം പ്രശസ്തമായ “സെഞ്ഞോര്‍ ദെ ലോസ് മിലഗ്രോസ്” എന്നറിയപ്പെടുന്നതും ക്രൂശിക്കല്‍ രംഗചിത്രീകരണം വണങ്ങപ്പെടുന്നതുമായ ദേവാലയത്തില്‍ വച്ച് ധ്യാനത്മകജീവിതം നയിക്കുന്ന 500 ഓളം സന്ന്യാസിനികളുമായി ഞാന്‍ കൂടിക്കാഴ്ച നടത്തി. സഭയ്ക്കും അഖിലസമൂഹത്തിനും വിശ്വാസത്തിന്‍റയും പ്രാര്‍ത്ഥനയുടെയും ശ്വാസകോശമാണ് ഈ ധ്യാനാത്മകസമര്‍പ്പിതജീവിതസമൂഹം.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പാ താന്‍ മെത്രാന്മാരുമായും യുവജനങ്ങളുമായും നടത്തിയ കൂടിക്കാഴ്ചകളും അനുസ്മരിച്ചു.

പെറുവില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലി ചിലിക്കും പെറുവിനുമുള്ള ദൈവത്തിന്‍റെ  സന്ദേശത്തിന്‍റെ സംക്ഷേപമായിരുന്നുവെന്നും അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുക എന്നതായിരുന്നു ആ സന്ദേശമെന്നും പാപ്പാ പറഞ്ഞു.

പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത് ഈ വാക്കുകളിലാണ് : ഭ്രാതൃരാജ്യങ്ങളായ ചിലിയെയും പെറുവിനെും കര്‍ത്താവ് അനുഗ്രഹിക്കുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

അക്രമത്തിന്‍റെ വേദിയായി തുടരുന്ന കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കില്‍ ആക്രമണങ്ങള്‍ക്കറുതിയുണ്ടാകുന്നതിനുവേണ്ടിയുള്ള പരിശ്രമം എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാകുന്നതിനായി പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍ പ്രത്യേകം അഭ്യര്‍ത്ഥിച്ചു.

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.  








All the contents on this site are copyrighted ©.