2018-01-22 13:39:00

പാപ്പായുടെ 22-ാമത് അപ്പസ്തോലികയാത്ര - സമാപനദിന റിപ്പോര്‍ട്ട്


തെക്കേ അമേരിക്കയിലെ ചിലിയില്‍ ജനുവരി 15-ാം തീയതി അവിടുത്തെ സമയം രാത്രി 8 മണിയോടുകൂടി എത്തിയ പാപ്പാ പെറുവിലെ ലീമയില്‍ ജനുവരി 21-ാംതീയതി ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6.45 - ഓടുകൂടി റോമിലേക്കു തിരിച്ചപ്പോള്‍, പാപ്പായുടെ 22-ാമതു അപ്പ സ്തോലികസന്ദര്‍ശന പരിപാടികള്‍ക്കു തിരശ്ശീല വീണു. സമാപനദിനത്തിലെ, അതായത് ജനുവരി 21-ാംതീയതി, ഞായറാഴ്ചയിലെ പരിപാടികളുടെ വിവരണം.

അത്ഭുതങ്ങളുടെ നാഥന്‍റെ തീര്‍ഥാടനകേന്ദ്രത്തിലേയ്ക്ക്

പെറുവിലെ സന്ദര്‍ശനദിവസങ്ങളില്‍ പാപ്പാ വസതിയായിരുന്ന ലീമായിലെ അപ്പസ്തോലിക സ്ഥാന പതിമന്ദിരത്തില്‍ നിന്ന് ലളിതമായ യാത്രയയപ്പ് സ്വീകരിച്ചുകൊണ്ട് രാവിലെ 8.20-ന് പാപ്പാ അത്ഭുതങ്ങളുടെ നാഥന്‍റെ (സ്പാനിഷ് - Il Santuario del Senor de los Milagros) നാമത്തിലുള്ള തീര്‍ഥാടന കേന്ദ്രം സന്ദര്‍ശിക്കുന്നതിനെത്തി.  പതിനേഴാം നൂറ്റാണ്ടിലുണ്ടായ ഭൂകമ്പത്തില്‍ ക്രൂശിതരൂപത്തിന്‍റെ ചുവര്‍ചിത്രമുണ്ടായിരുന്ന കെട്ടിടത്തിന് യാതൊരു കേടുപാടും ഉണ്ടായില്ല.  മാത്രമല്ല, തുടര്‍ ചലനങ്ങളിലും ഈ കെട്ടിടം അപകടത്തെ അതിജീവിച്ചു. അങ്ങനെ അത്ഭുതങ്ങളുടെ നാഥന്‍ എന്ന പേരില്‍ ഈ ചിത്രം വണങ്ങപ്പെടുന്നതിനിടയായി.

തീര്‍ഥാടനകേന്ദ്രത്തിന്‍റെ ചുമതലയുള്ള വൈദികന്‍ പാപ്പായെ സ്വീകരിച്ചു. അത്ഭുതരൂപത്തിനടുത്ത് പാപ്പാ എത്തി മൗനമായി പ്രാര്‍ഥിച്ചു.   തുടര്‍ന്ന് അവിടെ ഒത്തുചേര്‍ന്നിരുന്ന ധ്യാനാത്മകജീവിതം നയിക്കുന്ന പെറുവിയന്‍ സന്യാസിനിമാരുടെ ഏതാണ്ട് 600-ഓളം പേരുണ്ടായിരുന്ന സമൂഹത്തോടൊത്ത് മാര്‍പ്പാപ്പാ യാമപ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിനായെത്തി.  ഈ തീര്‍ഥാടനകേന്ദ്രത്തിലെ ശുശ്രൂഷയിലേര്‍പ്പെട്ടിരിക്കുന്ന സന്യാസിനീസമൂഹത്തിന്‍റെ സുപ്പീരിയര്‍ മദര്‍ സൊളെദാദ് പാപ്പായ്ക്ക് സ്വാഗതമോതി. യാമപ്രാര്‍ഥനാമധ്യേ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ നിന്നുള്ള (8,15-16) വചനവായനയെത്തുടര്‍ന്ന് പാപ്പാ വചനസന്ദേശം നല്‍കി.

''വിവിധ ആശ്രമങ്ങളില്‍ നിന്നെത്തിയ ധ്യാനാത്മകജീവിതം നയിക്കുന്ന പ്രിയ സഹോദരിമാരേ'', എന്ന അഭിസംബോധനയോടെ, ‘‘ആബാ, പിതാവേ, എന്നു ദൈവത്തെ വിളക്കാന്‍ കഴിയുന്ന പുത്രസ്വീകാ ര്യത്തിന്‍റെ ആത്മാവിനെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നു’’ (8:15-16) എന്ന റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ നിന്നുള്ള വായനയെ അടിസ്ഥാനമാക്കി പാപ്പാ പറഞ്ഞു: ''ക്രിസ്തീയ വിളിയുടെ സമ്പന്നതയെ സംഗ്രഹിക്കുന്ന വാക്കുകളാണിത്... മദര്‍ സോളെദാദ് പറഞ്ഞതുപോല, പ്രാര്‍ഥന എപ്പോഴും പ്രേഷിതത്വമാണ്.  പ്രേഷിതപ്രാര്‍ഥന, നമ്മെ എപ്പോഴും, ഏതവസ്ഥയിലുമായിരിക്കുന്ന സഹോദരീ സഹോദരന്മാരോടൊന്നാക്കി തീര്‍ക്കുന്നു... അതാണ് ഉണ്ണീയീശോയുടെ വി. തെരേസ പറയുന്നത്, ‘‘സഭയിലെ അംഗങ്ങളെ, പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നത് സ്നേഹമാണെന്നാണ് ഞാന്‍ മനസ്സിലാക്കി യത്. സ്നേഹമില്ലെങ്കില്‍, അപ്പസ്തോലന്മാര്‍ സുവിശേഷം പ്രഘോഷിക്കുകയില്ലായിരുന്നു, രക്തസാക്ഷികള്‍ രക്തം ചിന്തുകയില്ലായിരുന്നു.  സ്നേഹം അതിന്‍റെ വിളിയില്‍ മറ്റെല്ലാ വിളികളെയും ഉള്‍ച്ചേര്‍ക്കുന്നുവെന്ന് ഞാന്‍ വ്യക്തമായി തിരിച്ചറിയുന്നു.  അത് എല്ലാ സ്ഥലത്തെയും എല്ലാ സമയത്തെയും അതിശയിക്കുന്നതാണ്. ഒരൊറ്റവാക്കില്‍, സ്നേഹം നിത്യമാണ്. മാതാവായ തിരുസ്സഭയുടെ ഹൃദയത്തില്‍ ഞാന്‍ സ്നേഹമായിരിക്കും'' (വി. കൊച്ചുത്രേസ്യായുടെ ആത്മകഥ, സെപ്തം. 8, 1896).

സ്നേഹമായിരിക്കുക, എന്നതിന്‍റെ വിവിധമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട്, സഹിക്കുന്ന സഹോദര ങ്ങളോടൊത്ത് ആയിരിക്കുവാനും, ലോകത്തിന്‍റെ വിശ്വാസത്തിനായും, ഐക്യത്തിനായും, സാഹോദര്യത്തിനായും പ്രാര്‍ഥിക്കാന്‍, സഭയ്ക്കുവേണ്ടി, വൈദികര്‍ക്കും, മെത്രാന്മാര്‍ക്കും സമര്‍പ്പിതര്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രാര്‍ഥിക്കുവാന്‍ അവരെ പാപ്പാ ആഹ്വാനം ചെയ്തു. പതിവുപോലെ തനിക്കുവേണ്ടിയുള്ള പ്രാര്‍ഥന യാചിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ വചനസന്ദേശം അവസാനിപ്പിച്ചത്.

പെറുവിലെ വിശുദ്ധരുടെ തിരുശ്ശേഷിപ്പു വണക്കം

വിവിധ സഭകളിലെ ആറു സുപ്പീരിയേഴ്സുമായി വ്യക്തിപരമായ സംഭാഷണം നടത്തിയശേഷമാണ് പാപ്പാ അപ്പസ്തോലനായ വി. യോഹന്നാന്‍റെ നാമത്തിലുള്ള കത്തീഡ്രലില്‍ (സാന്‍ ഹുവാന്‍ യ എവാ ന്‍ഗേലിസ്ത) സന്ദര്‍ശിക്കുന്നതിനെത്തിയത്. ലീമാ അതിരൂപതയുടെ ആസ്ഥാനമായി ലീമാ നഗര മധ്യത്തിലുള്ള ഈ കത്തീഡ്രല്‍ പതിനാറാം നൂറ്റാണ്ടില്‍ പണിചെയ്യപ്പട്ടതാണ്.

അതിരൂപതാധ്യക്ഷനായ കര്‍ദിനാളിനൊപ്പം, എത്തിയ പാപ്പായെ സ്വീകരിക്കുന്നതിന് ഏതാണ്ട് 2500-ഓളം വരുന്ന, വൈദികരും സന്യസ്തരും സെമിനാരിവിദ്യാര്‍ഥികളും, മറ്റ് സഭാസംഘടനകളില്‍ പെട്ടവരും ഉള്‍ച്ചേര്‍ന്ന ഒരു വലിയ  സമൂഹം അവിടെ സന്നിഹിതരായിരുന്നു.  പെറുവിയന്‍ വിശുദ്ധരുടെ തിരുശേഷിപ്പുവണക്കമായിരുന്ന തുടര്‍ന്നു നടന്നത്.  സമൂഹം പ്രവേശനഗീതം ആലപിച്ചു.  ഒരു കുടുംബം പുഷ്പസമര്‍പ്പണം നടത്തി . തിരുശ്ശേഷിപ്പു സൂക്ഷിച്ചിരിക്കുന്ന അള്‍ത്താരകളില്‍ പാപ്പാ പ്രാര്‍ഥനാനിരതനായി അല്പനിമിഷങ്ങള്‍ ചെലവഴിച്ചു. തുടര്‍ന്നു വിശ്വാസികളോടൊത്ത് പാപ്പാ വിശുദ്ധരെ വണങ്ങി മധ്യസ്ഥപ്രാര്‍ഥന നയിച്ചു.

''പിതാവായ ദൈവമേ, ക്രിസ്തുവിലൂടെ, അപ്പസ്തോലന്മാരാകുന്ന പാറമേല്‍ സഭ സ്ഥാപിക്കുകയും, പരിശുദ്ധാന്മാവിനാല്‍ നയിക്കുകയും ചെയ്യുന്ന അവിടുന്ന്, അവളെ, ലോകത്തില്‍ അവിടുത്തെ സ്നേഹത്തിന്‍രെയും കരുണയുടെയും അടയാളവും ഉപകരണവുമാക്കണമേ'' എന്ന യാചനയോടെ ആരംഭിച്ച പ്രാര്‍ഥന വി. തുറിബിയൂസിന്‍റെയും, വി. റോസയുടെയും വി. മാര്‍ട്ടിന‍ ഡി. പോറസ്സി ന്‍റെയും മറ്റു വിശുദ്ധരുടെയും വിശുദ്ധ നിറഞ്ഞ ജീവിതസാക്ഷ്യങ്ങള്‍ക്കും, അവരെ പെറുവിന്‍റെ ചരിത്രത്തിന്‍റെ ഭാഗമാക്കിയതിലും നന്ദി പറഞ്ഞുകൊണ്ടു് ''അത്ഭുതപ്രവര്‍ത്തനങ്ങളുടെ കര്‍ത്താവായ ക്രിസ്തുവിന്‍റെ പ്രേഷിതരായിരിക്കുവാനും, സുവിശേഷാനന്ദം ലോകത്തില്‍ പ്രഘോഷിക്കുന്നവരായിരിക്കുവാനും കൃപ ചൊരിയണമേ'' എന്ന അര്‍ഥനയോടെയാണ് അവസാനിച്ചത്.

പെറുവിയന്‍ മെത്രാന്‍ സമിതിയുമായുള്ള കൂടിക്കാഴ്ച

സമാപനാശീര്‍വാദം നല്‍കിയശേഷം പാപ്പാ കര്‍ദിനാളിനോടൊപ്പം, കത്തീഡ്രലിലെ രണ്ടാം നിലയിലെ കപ്പേളയില്‍ സമ്മേളിച്ചിരുന്ന പെറുവിയന്‍ മെത്രാന്‍ സമിതിയംഗങ്ങളുമായി കൂടിക്കാഴ്ചക്കെത്തി. പെറുവിയന്‍ സഭയുടെ അധ്യക്ഷന്മാരായ 60 പേരുടെ ഒരു സംഘമായിരുന്നു അത്

ലീമായിലെ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ഹുവാന്‍ ചിപ്രിയാനി പാപ്പായ്ക്ക സ്വാഗതവചനങ്ങളോതി. തുടര്‍ന്ന് പെറുവിയന്‍ മെത്രാന്‍ സമിതി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് സാല്‍വദോര്‍ പിനെയ്റോയി സംസാരിച്ചു.  അതേത്തുടര്‍ന്ന് പാപ്പാ മെത്രാന്‍ സമിതിയംഗങ്ങള്‍ക്കു സന്ദേശം നല്‍കി.

''പ്രിയ സഹോദരമെത്രാന്മാരേ'' എന്ന അഭിസംബോധനയോടെ, ലീമായിലെ ആര്‍ച്ചുബിഷപ്പ്, കര്‍ദിനാളിന്‍റെ സ്വാഗതവാക്കുകള്‍ക്കു നന്ദിയര്‍പ്പിച്ചുകൊണ്ടും കഴിഞ്ഞ വര്‍ഷം, അദ് ലിമിന വിസീത്തയ്ക്ക് അവര്‍ എത്തിയിരുന്നതിന്‍റെ സന്തോഷം അനുസ്മരിച്ചുകൊണ്ടും പാപ്പാ പറഞ്ഞു: ''നിങ്ങളുടെ ഇടയില്‍, വളരെ തിരക്കേറിയ പരിപാടികളോടെയെങ്കിലും സംതൃപ്തിദായകമായ ദിവസങ്ങള്‍ ചെലവ ഴിക്കുകയായിരുന്നു ഞാന്‍...  എന്‍റെ സന്ദര്‍ശനത്തിന്‍റെ പ്രമേയം ഐക്യത്തെക്കുറിച്ചും പ്രത്യാശയെക്കുറിച്ചുമാണ്.,,'' എന്നു പറഞ്ഞ പാപ്പാ, ഈ ലക്ഷ്യത്തിനായി തന്‍റെ ജീവിതം ഉഴിഞ്ഞുവച്ച, പെറുവിലെ ആര്‍ച്ചുബിഷപ്പായിരുന്ന വി. തുര്‍ബിയൂസ് 'സഭൈക്യസ്രഷ്ടാവ്' ആണെന്ന തന്‍റെ മുന്‍ഗാമി വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെ അവര്‍ക്കു മാതൃകയായി ചൂണ്ടിക്കാട്ടുകയും, അദ്ദേഹം പുതിയ മോശയാണെന്ന് പറയുന്നത് തികച്ചും അര്‍ഥപൂര്‍ണമാണെന്ന് ഉദാഹരണങ്ങളിലൂടെ, സുദീര്‍ഘമായി വിശദീകരിച്ചു വ്യക്തമാക്കു കയും ചെയ്തു.

തനിക്കുവേണ്ടി പ്രാര്‍ഥന യാചിച്ചുകൊണ്ട് അവസാനിപ്പിച്ച പാപ്പാ തുടര്‍ന്ന് മെത്രാന്‍മാരുടെ ചോദ് ങ്ങള്‍ക്ക് മറുപടി നല്കി. ആര്‍ച്ചുബിഷപ്പുമാരെ വ്യക്തിപരമായി കാണുകയും ചുരുങ്ങിയ വാക്കുകളില്‍ അവരോടു സ്നേഹസംഭാഷണം നടത്തുകയും ചെയ്തു.

ത്രികാലപ്രാര്‍ഥനയും യുവജനങ്ങളോടുള്ള സന്ദേശവും

മധ്യാഹ്നമായപ്പോള്‍ പാപ്പാ കര്‍ദിനാളിനൊപ്പം കത്തീഡ്രലിന്‍റെ ബാല്‍ക്കണിയില്‍ ത്രികാലപ്രാര്‍ഥന നയിക്കുന്നതിനെത്തി. യുവജനങ്ങളും മറ്റു വിശ്വാസികളുമായി ആയിരക്കണക്കിനാളുകള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.

യുവജനങ്ങളെ ഈ അവസരത്തില്‍ പ്രത്യേകമായി അഭിസംബോധന ചെയ്തുകൊണ്ട്, ''നിങ്ങളോടുകൂടിയായിരിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ്.  ഈ കൂടിക്കാഴ്ചകളെല്ലാം യുവജനങ്ങള്‍ എന്ന പ്രമേയം അടിസ്ഥാനമാക്കിയുള്ള ഈ വര്‍ഷത്തെ മെത്രാന്‍ സിനഡിനൊരുങ്ങുന്ന അവസരത്തില്‍ എനിക്ക് സുപ്രധാനമാണ്. നിങ്ങളുടെ വദനങ്ങളും നിങ്ങളുടെ ചോദ്യങ്ങളും നിങ്ങ ളുടെ ജീവിതങ്ങളും സഭയ്ക്ക് വളരെ പ്രധാനമാണെന്നും, ഈ പ്രാധാന്യം അതര്‍ഹിക്കുന്ന രീതിയില്‍ കൊടുക്കുന്നതിനു സഭ ആഗ്രഹിക്കുന്നുവെന്നും'' ആരംഭിച്ച പാപ്പാ, പെറുവിലെ വിശു ദ്ധരുടെ മാതൃക ചൂണ്ടിക്കാട്ടിയും, യേശുവിന് അവരെക്കുറിച്ചുള്ള പദ്ധതിയുണ്ടെന്ന് വ്യക്തമാക്കിയും അവിടുന്ന് പ്രത്യാശയോടെ അവരെ നോക്കുന്നുവെന്ന് ഓര്‍മിപ്പിച്ചും, തങ്ങളെ ദൈവമാതാവി ന്‍റെ മാതൃസംരക്ഷണയ്ക്ക് സമര്‍പ്പിക്കുന്നതിനു അവരെ പാപ്പാ ആഹ്വാനം ചെയ്തു. തുടര്‍ന്ന് ത്രികാലപ്രാര്‍ഥന നയിക്കുകയും അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.

പര്യടനസമാപനമായി പാപ്പായുടെ കൃതജ്ഞതാബലി

അപ്പസ്തോലിക സ്ഥാനമന്ദിരത്തിലായിരുന്നു പാപ്പായ്ക്ക് ഉച്ചവിരുന്ന് ഒരുക്കിയിരുന്നത്. ഉച്ചഭക്ഷണത്തെ തുടര്‍ന്ന് അല്പനേരം വിശ്രമിച്ച പാപ്പാ, സന്ദര്‍ശനപരിപാടികളുടെ സമാപനമായ കൃതജ്ഞതാ ബലിയര്‍പ്പണത്തിനായി 3.20-ഓടുകൂടി ലാസ് പാല്‍മാസിലെത്തി - വിശ്വാസികളുടെയിടയിലൂടെ സഞ്ചരിച്ചു. പാപ്പാവിളികളോടെ, അതീവാഹ്ലാദത്തോടെ, വിശ്വാസിഗണം പാപ്പായെ എതിരേറ്റു.

സ്പാനിഷ്ഭാഷയില്‍ ദിവ്യബലിയര്‍പ്പണമധ്യേ, യോനായുടെ പുസ്തകത്തില്‍ നിന്നും മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ നിന്നും ഉള്ള വായനകളെ കോര്‍ത്തിണക്കി പാപ്പാ നല്‍കിയ വചനസന്ദേശം, സഹനത്തിന്‍റെയും അനീതിയുടെയും സാഹചര്യങ്ങളില്‍ അവിടെ നിന്നും ഓടിരക്ഷപ്പെടുന്നതിനുള്ള പ്രലോഭനത്തെ അതിജീവിക്കേണ്ടതുണ്ടെന്നും നാം തന്നെ യേശുവിന്‍റെ വിളികേട്ട്, പാപങ്ങളില്‍ നിന്നു പിന്തിരിയുകയും, യേശുവിനോടൊത്ത് പശ്ചാത്താപത്തിലേക്കു പാപികളെ ക്ഷണിക്കുകയും, അങ്ങനെ സമൂഹത്തിന് പ്രത്യാശയാകുവാനും നമുക്കു കഴിയേണ്ടതുണ്ടെന്നും ഉള്ള ഉദ്ബോധനമായിരുന്നു.  ''പ്രവാചകരുടെ അഭാവത്തില്‍ എങ്ങനെയാണ് പ്രത്യാശയ്ക്കു തിരികൊളുത്താന്‍ കഴിയുക?  ഐക്യമില്ലെങ്കില്‍ എങ്ങനെയാണ് നമു ക്ക് ഭാവിയെ അഭിമുഖീകരിക്കാനാവുക? തനിക്ക് ധീരരായ സാക്ഷികളില്ലെങ്കില്‍ എങ്ങനെയാണ്, യേശുവിന് ലോകത്തിന്‍റെ എല്ലാ കോണുകളിലും എത്താന്‍ കഴിയുക?'' എന്നീ ചോദ്യങ്ങളോടെ, ''അവനോടു കൂടി നഗരത്തിലൂടെ നടക്കുക, നിങ്ങളുടെ നഗരങ്ങളിലൂടെ നടക്കുക'' എന്ന ആഹ്വാനമേകി പാപ്പാ വചനസന്ദേശം അവസാനിപ്പിക്കുകയും ദിവ്യബലി തുടരുകയും ചെയ്തു.

ദിവ്യബലി സമാപനത്തില്‍, കര്‍ദിനാള്‍ ചിപ്രിയാനി, പാപ്പാ തങ്ങളുടെ ഏവരുടെയും ഹൃദയങ്ങളെ കവര്‍ന്നുവെന്നു അതീവകൃതജ്ഞതയോടെ ഏറ്റുപറഞ്ഞുകൊണ്ട് തങ്ങളുടെ പ്രാര്‍ഥന പാപ്പായ്ക്കു വാഗ്ദാനം ചെയ്തു. പാപ്പാ സമാപനസന്ദേശമായി ഇങ്ങനെ പറഞ്ഞു:  ‘‘ഈ യാത്ര സാധ്യമാക്കിയ തിന് നിങ്ങളോടെല്ലാവരോടും ഞാന്‍ അത്യന്തം കൃതജ്ഞതയുള്ളവനാണ്... നിങ്ങള്‍ക്ക് പ്രത്യാശിക്കാന്‍ അനേക കാരണങ്ങളുണ്ട്... നിങ്ങളുടെ പ്രതീക്ഷയെ സംരക്ഷിക്കുക. പ്രത്യാശയെ കാത്തുസൂക്ഷിക്കാന്‍, ഐക്യത്തിലായിരിക്കുക എന്നതിനെക്കാള്‍ മികച്ച മാര്‍ഗം വേറെയില്ല… പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല എന്ന റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍നിന്നുള്ള വചനം (5:5) ഉദ്ധരിച്ചുകൊണ്ട്, നിങ്ങളേവരും എന്‍റെ ഹൃദയത്തിലുണ്ട് എന്നു വാത്സല്യത്തോടെ ഏറ്റുപറഞ്ഞ പാപ്പാ, തനിക്കുവേണ്ടി പ്രാര്‍ഥന യാചിച്ചു.  തുടര്‍ന്ന്, അവരെ ആശീര്‍വദിച്ചു.

സന്ദര്‍ശിച്ച രാജ്യങ്ങളിലെ ജനതയെ ഹൃദയത്തിലേറ്റി പാപ്പായുടെ മടക്കയാത്ര

ദിവ്യബലിയ്ക്കുശേഷം ഉടനെതന്നെ, അതായത് വൈകിട്ട് ആറുമണിയോടുകൂടി പാപ്പാ ലീമായിലെ വിമാനത്താവളത്തിലേയ്ക്ക് നീങ്ങി. അവിടെ രാഷ്ട്രത്തിന്‍റെ ഔദ്യോഗിക യാത്രയയപ്പു സ്വീകരിച്ച്, പ്രസിഡന്‍റിനോടും മറ്റു പ്രതിനിധികളോടും യാത്ര പറഞ്ഞുകൊണ്ട് പാപ്പാ, മടക്കയാത്രയ്ക്കായി വിമാനത്തിന്‍റെ പടികള്‍ കയറി.

ലീമായില്‍ നിന്ന് 13 മണിക്കൂറും മുപ്പതുമിനിട്ടുമായിരുന്നു യാത്രാസമയം. ഇറ്റലിയുടെ സമയത്തെക്കാള്‍ ആറു മണിക്കൂര്‍ പിന്നിലാണ് പെറുവിലെ സമയം. അതായത്, ഇന്ത്യന്‍ സമയത്തില്‍ നിന്ന് പത്തുമണിക്കൂറും മുപ്പതുമിനിട്ടും പിന്നിലാണ് പെറുവിന്‍റെ സമയരേഖ. ഐക്യത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശമേകി,  തന്‍റെ 22-ാമത് അപ്പസ്തോലികപര്യടനം അവസാനിപ്പിച്ച് പാപ്പാ ജനുവരി 22-ാം തീയതി, റോമിലെ ചംപീനോ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സമയം ഉച്ചകഴിഞ്ഞ് 2.15 ആയിരുന്നു.
All the contents on this site are copyrighted ©.