2018-01-21 14:33:00

പാപ്പാ പെറുവില്‍ -ഉപാന്ത്യദിന പരിപാടികള്‍


പതിനഞ്ചാം തിയതി തിങ്കളാഴ്ച തന്‍റെ ഇരുപത്തിരണ്ടാം വിദേശ അജപാലനസന്ദര്‍ശനം ആരംഭിച്ച ഫ്രാന്‍സീസ് പാപ്പാ തന്‍റെ ഇടയസന്ദര്‍ശനത്തിന്‍റെ ആദ്യഘട്ടം തെക്കെ അമേരിക്കയിലെ പടിഞ്ഞാറെ തീരരാജ്യമായ ചിലിയില്‍ വ്യാഴാഴ്ച (18/01/18) പൂര്‍ത്തിയാക്കി അന്നുതന്നെ അയല്‍രാജ്യമായ പെറുവില്‍ എത്തി. ഞയാറാഴ്ച (21/01/18) രാത്രി 7 മണിയോടെ, അതായത്, ഇന്ത്യയിലെ സമയം തിങ്കളാഴ്ച(22/01/18) വെളുപ്പിന് 5.30ന് മടക്കയാത്ര ആരംഭിക്കുന്ന പാപ്പാ റോമില്‍, തിങ്കളാഴ്ച പ്രാദേശികസമയം ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ എത്തും. അപ്പോള്‍ ഭാരതത്തില്‍ സമയം തിങ്കളാഴ്ച വൈകുന്നേരം 6.30 ആയിരിക്കും.ഇനി നമുക്കു പാപ്പായുടെ പെറുവിലെ ഇടയസന്ദര്‍ശനത്തിന്‍റെ മൂന്നാം ദിനത്തിലെ, അതായത്, ശനിയാഴ്ചത്തെ (18/01/18) പരിപാടികളിലൂടെയൊന്നു കണ്ണോടിക്കാം.

പെറുവും ഇന്ത്യയും തമ്മിലുള്ള സമയ വിത്യാസം:- പെറു ഇന്ത്യയെക്കാള്‍ 10 മണിക്കൂറും 30 മിനിറ്റും പിന്നിലാണ് എന്നത് ഓര്‍ക്കുമല്ലോ.

ത്രുഹീല്ല്യൊയിലെ ഹുവാന്‍ചാക്കൊ പട്ടണത്തില്‍ ദിവ്യബലി, ത്രുഹീല്ല്യൊ രൂപതയുടെ കത്തീദ്രല്‍ സന്ദര്‍ശനം, വൈദികരും സന്ന്യാസിസന്ന്യാസിനികളും വൈദികാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച, മരിയന്‍ ആഘോഷം എന്നിവയായിരുന്ന പാപ്പായുടെ ശനിയാഴ്ചത്തെ ഇടയസന്ദര്‍ശനപരിപാടികള്‍.

പെറുവിന്‍റെ തലസ്ഥാനമായ ലീമയിലെ അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ വെള്ളിയാഴ്ച രാത്രി വിശ്രമിച്ച ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച(20/01/18) രാവിലെ 13 കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തില്‍ കാറിലെത്തുകയും അവിടെനിന്ന് 500 കിലോമീറ്ററോളം വ്യോമദൂരത്തിലുള്ള ത്രുഹീല്ല്യൊ പട്ടണത്തിലേക്കു വിമാനം കയറുകയും ചെയ്തു.  മിറാഷ്, മിഗ് 29 എന്നീ പോര്‍വിമാനങ്ങള്‍ പാപ്പാ സഞ്ചരിച്ച ലോത്താം എയര്‍ലൈന്‍സിന്‍റെ എ 319 വിമാനത്തിന് സുരക്ഷാ അകമ്പടിയേകി വിമാനത്തിന്‍റെ ഇരുവശങ്ങളിലുമായി പറക്കുന്നുണ്ടായിരുന്നു.

പെറുവിന്‍റെ ഉത്തരഭാഗത്തു, മോക്കൊ നദിക്കരയില്‍ കിടക്കുന്ന ത്രുഹീല്ല്യൊയ്ക്ക്​ “നിത്യവസന്തനഗരം” എന്ന വിശേഷണമുണ്ട്. 1534 ല്‍ ദ്യേഗൊ ദെ അല്‍മാഗ്രൊ എന്ന സ്പെയിന്‍ സ്വദേശിയായ പോരാളിയാണ് ഈ പട്ടണം സ്ഥാപിച്ചത്. സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനുള്ള നടപടികള്‍ നടക്കുന്നവേളയില്‍ 1824 മാര്‍ച്ച് 26 ന് ത്രുഹില്ല്യൊ പെറുവിന്‍റെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. ലീമാ നഗരം സ്വതന്ത്രമാകുന്നതുവരെയായിരുന്നു ത്രുഹീല്ല്യൊയക്ക് ഈ പദവി ഉണ്ടായിരുന്നത്. ഇന്ന് ത്രുഹില്ല്യൊ പെറുവിലെ മുഖ്യവിനോദസഞ്ചാരകേന്ദ്രമാണ്.

1577 ഏപ്രില്‍ 15 നാണ് ത്രുഹീല്ല്യൊ അതിരൂപത സ്ഥാപിതമായത്. 1943 മെയ് 23 ന് അത് മെത്രാപ്പോലിത്തന്‍ അതിരൂപതയായി ഉയര്‍ത്തപ്പെട്ടു. 16474 ചതുരശ്രകിലോമീറ്റര്‍ വസ്തൃതിയുള്ള ഈ അതിരൂപതയുടെ അതിര്‍ത്തിക്കുള്ളില്‍ വസിക്കുന്ന 16 ലക്ഷത്തിലേറെ നിവാസികളില്‍ 12 ലക്ഷത്തി 75000ത്തിലേറെയും കത്തോലിക്കരാണ്. ആര്‍ച്ചുബിഷപ്പ് ഹേക്ടര്‍ മിഖേല്‍ കബ്രെയോസ് വിദാര്‍ത്തെ ആണ് അതിരൂപതയുടെ അദ്ധ്യക്ഷന്‍.

ത്രുഹില്ല്യൊവിമാനത്താവളത്തിലെത്തിയ പാപ്പായെ സ്വീകരിക്കാന്‍ സഭാധികാരികള്‍ക്കും  പൗരാധികാരികള്‍ക്കും പുറമെ, വിശ്വാസികളുടെ സമൂഹവും പാരമ്പര്യനര്‍ത്തകരുടെ ഒരു സംഘവും സന്നിഹിതരായിരുന്നു. ത്രുഹീല്ല്യൊ ആര്‍ച്ച്ബിഷപ്പ് ഹേക്ടര്‍ വിദാര്‍ത്തെയും ത്രുഹീല്ല്യൊ,ഹുവാന്‍ചാക്കൊ, വീക്ടര്‍ലാര്‍ക്കൊ നഗരങ്ങളുടെ അധിപന്മാരും ചേര്‍ന്ന് പാപ്പായെ സ്വീകരിച്ചു. ഒരു പെണ്‍കുട്ടി പാപ്പായ്ക്ക് പൂച്ചെണ്ടു സമ്മാനിച്ചു, പാപ്പായെ ആശ്ലേഷിച്ചു, സ്നേഹചുംബനമേകി. അപ്പോള്‍ ശുഭ്രവസ്ത്രധാരികളായ പാരമ്പര്യ നര്‍ത്തകര്‍ നൃത്തച്ചുവടുകള്‍ വയ്ക്കുന്നുണ്ടായിരുന്നു. നൃത്തം അവസാനിപ്പിച്ച് അവര്‍ പാപ്പായെ വലയം ചെയ്തു. ഔപചാരിതകള്‍ ഒന്നുമുണ്ടായിരുന്നില്ല. നിഷ്കളങ്കത നിറഞ്ഞ സ്നേഹവും ആനന്ദം സ്ഫുരിക്കുന്ന വദനങ്ങളുമായി അവര്‍ പാപ്പായെ ആശ്ലേഷിച്ചു. പാപ്പാ പിതൃവാത്സല്യത്തോടെ അവരുമായി സംവദിച്ചു

വിമാനത്താവളത്തില്‍ നിന്ന് പാപ്പാ നേരെ പോയത് 4 കിലോമീറ്റര്‍ അകലെ ഹുവാന്‍ചാക്കൊ പട്ടണത്തില്‍ ബലിവേദി ഒരുക്കിയിരുന്ന മൈതാനിയിലേക്കാണ്. പെറുവിലെ ചരിത്രപ്രാധാന്യമുള്ള നഗരമാണ് ഹുവാന്‍ചാക്കൊ. കടല്‍ത്തീരപട്ടണമായ അത് ജലവിനോദകേളികള്‍ക്ക്, പ്രത്യേകിച്ച്, തിരത്തോണിക്കളിക്ക്-സര്‍ഫിംഗിന് പ്രസിദ്ധമാണ്.

കാറില്‍ ഹുവാന്‍ചാക്കൊയിലെ മൈതനിയിലേക്കുള്ള യാത്രാവേളയില്‍ പാതയോരങ്ങളിലും ആയിരങ്ങള്‍ പാപ്പായെ കാണാന്‍ നിലയുറപ്പിച്ചിരുന്നു. മൈതാനിയിലെത്തിയ പാപ്പാ അവിടെവച്ച് പേപ്പല്‍ വാഹനത്തിലേക്ക് മാറിക്കയറുകയും വിശ്വാസികളെ വലംവയ്ക്കുകയും ചെയ്തു. കടല്‍ത്തീരമൈതാനി 5 ലക്ഷത്തോളം പേര്‍ക്ക് സ്ഥലസൗകര്യമുള്ളതാണ്. പാപ്പാ അവിടെ എത്തിയപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദത്തിരയുടെ ആരവം കടല്‍ത്തിരമാലകളുടെ ഇരമ്പലിനെ ഉല്ലംഘിക്കുന്നതായിരുന്നു.

സമുദ്രത്തിനഭിമുഖമായിട്ടായിരുന്നു ബലിവേദി നിര്‍മ്മിച്ചിരുന്നത്. അള്‍ത്താരയ്ക്കു പിന്നിലായി ഒരു വശത്ത്  തൂവെള്ള മേലങ്കിധാരിണിയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരുന്നു.  2 ലക്ഷത്തോളം പേര്‍ ദിവ്യപുജയില്‍ പങ്കുകൊണ്ടു. സ്പാനിഷ് ഭാഷയിലായിരുന്ന ദിവ്യബലി സ്വര്‍ഗ്ഗീയകവാടമായ പരിശുദ്ധ മറിയത്തിനു സമര്‍പ്പിതമായിരുന്നു.

പ്രവേശനഗീതം ആരംഭിച്ചപ്പോള്‍ പാപ്പായും സഹകാര്‍മ്മികരും പ്രദക്ഷിണമായി ബലിവേദിയിലെത്തി. അള്‍ത്തരയെ ചുംബിച്ച് ധൂപാര്‍പ്പണം നടത്തിയ പാപ്പാ ത്രിത്വൈകസ്തുതിയോടെ ദിവ്യയാഗാര്‍പ്പ​ണം ആരംഭിച്ചു.

പൗലോസപ്പസ്തോലന്‍ ജെറുസലേമിക്കു പോകുന്ന സംഭവം അനുസ്മരിപ്പിക്കുന്ന അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 21-Ͻ൦ അദ്ധ്യായം 1-5 വരെയുള്ള വാക്യങ്ങളും മണവാളനെ കാത്തിരിക്കുന്ന അഞ്ച് വിവേകമതികളും അത്രയുംതന്നെ വിവേകശൂന്യകളും ആയ കന്യകമാരുടെ ഉപമ, മത്തായിയുടെ സുവിശേഷം അദ്ധ്യായം 25, 1-13 വരെയുള്ള വാക്യങ്ങളുമായിരുന്നു ദിവ്യബലിമദ്ധ്യേ വായിക്കപ്പട്ടത്. ഈ വിശുദ്ധ ഗ്രന്ഥവായനകള്‍ക്കുശേഷം പാപ്പാ വചനവിശകലനം നടത്തി.

സുവിശേഷഗന്ധമുള്ള പ്രദേശങ്ങളാണിത്. നമ്മെ വലയം ചെയ്തിരിക്കുന്ന ഈ പ്രകൃതിയും ഈ കാണുന്ന മഹാസമുദ്രവും യേശുവിനോടൊപ്പം അപ്പസ്തോലന്മാര്‍ ജീവിച്ചതും, നാമിന്ന് ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നതുമായ അനുഭവം ഉപരിമെച്ചപ്പെട്ടവിധം മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നു. സുവിശേഷത്തിന്‍റെ  ഈ ആനന്ദം ആഘോഷിക്കാന്‍ പെറുവിന്‍റെ ഉത്തരഭാഗത്തെ ഭിന്നസ്ഥലങ്ങളില്‍നിന്ന് നിങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നു എന്നത് സന്തോഷകരം തന്നെ. ഈ വാക്കുകളില്‍ തന്‍റെ  സുവിശേഷപരിചിന്തനം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു:

അന്ന് യേശുവിന്‍റെ ശിഷ്യന്മാര്‍ ജീവിച്ചിരുന്നതുപോലെ ഇന്ന് നിങ്ങളില്‍ അനേകരുടെ ഉപജീവനമാര്‍ഗ്ഗം മത്സ്യബന്ധനമാണ്.... നിങ്ങളും, അപ്പസ്തോലന്മാരെപ്പോലെതന്നെ, പ്രകൃതിയുടെ ശക്തിയും പ്രഹരങ്ങളും അനുഭവിച്ചറിഞ്ഞവരാണ്. ശിഷ്യന്മാര്‍ക്ക് കടല്‍ക്ഷോഭത്തെ നേരിടേണ്ടിവന്നതു പോലെ നിങ്ങള്‍ക്ക് എല്‍ നിഞൊ കടല്‍ക്ഷോഭദുരന്തം അഭിമുഖീകരിക്കേണ്ടിവന്നു. അതിന്‍റെ വേദനാജനകമായ ദുരന്തഫലങ്ങള്‍ അനേകം കുടുംബങ്ങളെ ഇന്നും അലട്ടുന്നുണ്ട്, വിശിഷ്യ സ്വന്തം പാര്‍പ്പിടങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയാത്ത കുടുംബങ്ങളെ. ഇതുകൊണ്ടുകൂടിയാണ് ഇവിടെ വരാനും നിങ്ങളോടൊപ്പം പ്രാര്‍ത്ഥിക്കാനും ഞാന്‍ ആഗ്രഹിച്ചത്.....

വേദനകളും പരീക്ഷണങ്ങളും യേശുവിനറിയാം. നമ്മുടെ വേദനകളില്‍ നമ്മെ തുണയ്ക്കുന്നതിനുവേണ്ടി സകല വേദനകളിലൂടെയും കടന്നുപോയവനാണ് അവിടന്ന്. നമ്മെ സഹായിക്കുന്നതിനും നമ്മെ പിടിച്ചെഴുന്നേല്പിക്കുന്നതിനും ക്രൂശിതന്‍ യേശു  വേദനാഭരിതങ്ങളായ സകല അവസ്ഥകളിലും നമ്മുടെ ചാരെ ആയിരിക്കുന്നു. നമുക്കന്യനായ ഒരു ദൈവമല്ല, പ്രത്യുത, നമ്മുടെ വേദനകള്‍ക്കു മദ്ധ്യേ നമ്മെ സഹായിക്കുന്ന ദൈവമാണ് നമ്മുടെ ദൈവം.

മണവാളനെ പാര്‍ത്തിരുന്ന പത്തുകന്യകമാരുടെ ഉപമയിലേക്കു കടന്ന പാപ്പാ മണവാളന്‍ വരുന്ന ആരവം ഉയര്‍ന്നപ്പോള്‍ മണവാളനെ വരവേല്‍ക്കാന്‍ ഇരുളില്‍ വിളക്കുതെളിയിക്കാന്‍ തങ്ങള്‍ക്ക് എണ്ണയില്ലെയെന്ന് മനസ്സിലാക്കിയ കന്യകളെയും, ഒപ്പം കരുതിവച്ച എണ്ണയൊഴിച്ച് വിളക്കുതെളിയിച്ച മറ്റൊരുകൂട്ടം കന്യകളെയുംകുറിച്ചു സൂചിപ്പിച്ചുകൊണ്ട് ആ വേളയില്‍ ആ കന്യകമാര്‍ വെളിപ്പെടുത്തിയത് അവരോരുത്തരും സ്വന്തം ജീവിതം എന്തിനാല്‍ നിറഞ്ഞിരിക്കുന്നുവെന്നാണെന്ന് വിശദീകരിച്ചു.

ഇതുതന്നെ നമുക്കും സംഭീവിക്കാം. പാപ്പാ തുടര്‍ന്നു. ചില നിര്‍ണ്ണായക വേളകളില്‍ നാം മനസ്സിലാക്കുന്നു നമ്മുടെ ജീവിതം എന്തിനാല്‍ പൂരിതം എന്ന്. അന്ധകാരത്തിന്‍റെതായ നിരവധി ചുറ്റുപാടുകളില്‍ മുന്നോട്ടു പോകുന്നതിനുള്ള സരണികള്‍ കണ്ടെത്തുന്നതിന് നമ്മുടെ വിളക്കുകള്‍ തെളിക്കാനവശ്യമായ എണ്ണയാല്‍ നമ്മുടെ ജീവിതം നിറയ്ക്കേണ്ടത് എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നു.!

നിഞ്ഞൊയുടെ പ്രഹരമേറ്റപ്പോള്‍, ആ ഇരുളില്‍, യഥാര്‍ത്ഥ സഹോദരങ്ങളെപ്പോലെ സഹായവുമായെത്തുന്നതിന് ഐക്യദാര്‍ഢ്യത്തിന്‍റെയും ഉദാരതയുടെയും എണ്ണകള്‍ ഈ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു. മറ്റനേകര്‍ക്കൊപ്പം നിങ്ങളും ജ്വലിക്കുന്ന വിളക്കുകളായി, തുറന്ന കരങ്ങളോടുകുടി വേദനശമിപ്പിക്കാനും, നിങ്ങളുടെ ദാരിദ്ര്യത്തില്‍ നിങ്ങള്‍ക്കുള്ളവ പങ്കുവയ്ക്കാനും സന്നദ്ധരായി നിങ്ങള്‍ വഴികളില്‍ പ്രകാശം പരത്തി.

ഇന്ന് അപകടംവിതയ്ക്കുന്ന നിരവധിയായ കൊടുങ്കാറ്റുകള്‍ സമൂഹത്തിലുണ്ടെന്ന് പാപ്പാ തന്‍റെ വചനസമീക്ഷയില്‍ ചൂണ്ടിക്കാട്ടി.

ആസൂത്രിത കുറ്റകൃത്യങ്ങള്‍, അവയുടെ ഫലമായ അനിശ്ചിതാവസ്ഥ, തൊഴില്‍, വിദ്യഭ്യാസ സൗകര്യങ്ങളുടെ അഭാവം, പ്രത്യേകിച്ച് യുവജനങ്ങളെ അന്തസ്സാര്‍ന്ന ഒരു ഭാവികെട്ടിപ്പടുക്കാന്‍ അനുവദിക്കാത്ത ഇത്തരം അവസ്ഥ, പാര്‍പ്പിടരാഹിത്യം, പരസ്പര വിശ്വാസത്തെ ഇല്ലാതാക്കുന്ന നിരവധിയായ മറ്റു ചുറ്റുപാടുകള്‍ എന്നിവയാണ് അവയെന്ന് പാപ്പാ വിശദീകരിച്ചു. ഇവിടെ പരസ്പര സഹായത്തിന്‍റെയും പ്രത്യാശയുടെയും ജാലം തീര്‍ക്കേണ്ടതിന്‍റെ പ്രാധാന്യവും പാപ്പാ ഊന്നിപ്പറഞ്ഞു. പ്രത്യാശയെ കവര്‍ന്നെടുക്കും വിധം തിന്മകളെ സര്‍വ്വസാധാരണമായ ഒന്നായിക്കാണുന്ന പ്രവണതയ്ക്കെതിരായ ശക്തി സകലത്തെയും നവീകരിക്കുന്ന യേശുവില്‍ കണ്ടെത്താന്‍ കഴിയുമെന്ന് പാപ്പാ പ്രചോദനം പകര്‍ന്നു.

യേശുവിങ്കലേക്കു നമ്മെ എന്നും നയിച്ചുകൊണ്ട് നമ്മെ താങ്ങിനിറുത്തുന്ന പരിശുദ്ധ കന്യാകാമറിയത്തോട് പെറുവിലെ ജനങ്ങള്‍ക്കുള്ള അതീവ സ്നേഹം തനിക്കറിയാമെന്നും പാപ്പാ പറഞ്ഞു. സ്വര്‍ഗ്ഗത്തിന്‍റെ കവാടമായ അമ്മേ അനുഗ്രഹിക്കേണമെ, ഞങ്ങള്‍ക്ക് സമാധാനവും ഏറെ സ്നേഹവും പ്രദാനം ചെയ്യണമേ ​എന്ന് ഏകയോഗമായി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ സുവിശേഷപ്രഭാഷണം ഉപസംരിച്ചത്.

വിചനശുശ്രൂഷാന്തരം ദിവ്യപൂജ തുടര്‍ന്ന പാപ്പായക്ക് വിശുദ്ധകുര്‍ബ്ബനാസ്വീകരണവേളയ്ക്കു ശേഷം സമാപനാശീര്‍വ്വദത്തിനു മുമ്പ് ത്രുഹില്ല്യൊ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഹേക്ടര്‍ മിഖേല്‍ കബ്രെയൊസ് വിദാര്‍ത്തെ നന്ദി പ്രകാശിപ്പിക്കുകയും പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പാവപ്പെട്ട സഭയായിരിക്കും പ്രാദേശികസഭയെന്ന് ഉറപ്പുനല്കുകയും ചെയ്തു.

ആര്‍ച്ചുബിഷപ്പിന്‍റെ വാക്കുകളെതുടര്‍ന്ന് പാപ്പാ ഒരു കാസ അതിരൂപതയ്ക്ക് സമ്മാനിച്ചു. തദ്ദനന്തരം സമാപനാശീര്‍വ്വാദം നല്കിയ പാപ്പാ ബിലവേദിയില്‍ നിന്നിറങ്ങുന്നതിനു മുമ്പ് പരിശുദ്ധ കന്യാകാമറിയത്തിന്‍റെ തിരുസ്വരൂപത്തിനുമുന്നില്‍ അല്പനേരം പ്രാര്‍ത്ഥിച്ചു.

വിശുദ്ധകുര്‍ബ്ബനായ്ക്കുശേഷം പാപ്പാ കഴിഞ്ഞ വര്‍ഷം (2017) ഏപ്രിലില്‍ ജലപ്രളയദുരന്തമുണ്ടായ “ബുവനോസ് ഐറസ്” എന്ന പേരിലുള്ള സ്ഥലത്തേക്ക് കാരില്‍ യാത്രയായി. ഹുവാന്‍ചാക്കൊയില്‍ വിശുദ്ധകുര്‍ബ്ബാന അര്‍പ്പിക്കപ്പെട്ട മൈതാനിയില്‍ നിന്ന്  13 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. “പെറുവിയാന്‍ പാസ്സൊ” വര്‍ഗ്ഗത്തില്‍പ്പെട്ട 60 കുതിരകളുടെ അകമ്പടിയോടെ കാറിലായിരുന്നു പാപ്പായുടെ യാത്ര. വിക്ടര്‍ ലാര്‍ക്കൊ ജില്ലയിലാണ് “ബുവനോസ് ഐറസ്” പ്രദേശം. ആ പ്രദേശം സന്ദര്‍ശിച്ചതിനു ശേഷം ഫ്രാന്‍സീസ് പാപ്പാ ത്രുങില്യോയിലെ അതിമെത്രാസനമന്ദിരത്തിലേക്കു പോകുകയും ഉച്ചവിരുന്നു കഴിക്കുകയും ചെയ്തു. തദ്ദനന്തരം പാപ്പാ ത്രുഹില്ല്യൊ അതിരൂപതാ കത്തീദ്രല്‍ സന്ദര്‍ശിച്ചു.

പരിശുദ്ധ കന്യകാമറിയത്തിന്‍റെ നാമത്തിലുള്ളതാണ് ഈ കത്തീദ്രല്‍.1616 ല്‍ പണികഴിപ്പിക്കപ്പട്ട ഈ ദേവാലയം 1619 ല്‍ ഭൂകമ്പത്തില്‍ തകര്‍ന്നു. പുനര്‍നിര്‍മ്മാണം കഴിഞ്ഞ ദേവാലയം വീണ്ടും 1635 ല്‍ ഒരു ഭൂമികുലുക്കത്തില്‍ തകര്‍ന്നു. പിന്നീട് കൂടുതല്‍ ബലവത്തായവിധം 16 വര്‍ഷകൊണ്ട് പണിതുയര്‍ത്തിയ ദേവാലയത്തിന്‍റെ  നിര്‍മ്മാണം പൂര്‍ത്തിയായത് 1666ലാണ്. 1970 ല്‍ ഉണ്ടായ ഒരു ഭൂകമ്പത്തില്‍ ദേവാലയത്തിന് സാരമായ കേടുപാടുകള്‍ പറ്റി. പിന്നിട് 20 വര്‍ഷംകൊണ്ടാണ് കേടുപാടുകള്‍ തീര്‍ത്തത്.  

ദേവാലയത്തിനകത്ത് 300 ഓളം വിശ്വാസികള്‍ സന്നിഹിതരായിരുന്നു. കത്തീദ്രലിനകത്തു പ്രവേശിച്ച പാപ്പാ അള്‍ത്താരയെ സമീപിച്ച് പരിശുദ്ധ കന്യകാമറിയത്തിനു മുന്നില്‍ പുഷ്പമഞ്ജരി സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു.

കത്തീദ്രല്‍ സന്ദര്‍ശനാന്തരം പാപ്പാ 400 മീറ്റര്‍ അകലെ വിശുദ്ധരായ ചാള്‍സിന്‍റെയും മര്‍സേല്ലൊയുടെയും നാമത്തിലുള്ള സെമിനാരിയിലേക്കു പോയി. വൈദികരും സന്ന്യാസീസന്ന്യാസിനികളും വൈദികാര്‍ത്ഥികളുമൊത്തുള്ള കൂടിക്കാഴ്ചയുടെ വേദി ഈ സെമിനാരിയായിരുന്നു. സെമിനാരിയിലേക്ക് പാപ്പാ നടന്നുപോയ വഴിയുടെ ഓരങ്ങളില്‍ ഇരുവശത്തും ഏതാനും പേര്‍ വത്തിക്കാനിലെ സ്വിസ് കാവല്‍ഭടന്മാരുടെ വേഷമണിഞ്ഞ് പാപ്പായ്ക്ക് ഉപചാരമര്‍പ്പിച്ച് നിന്നിരുന്നു. സുസ്മേരവദനനായി ഉപചാരം സ്വീകരിച്ച് എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് കടന്നു പോയ പാപ്പാ സെമിനാരിയലെത്തിയപ്പോള്‍ സെമിനാരിയുടെ റെക്ടര്‍ കൈമുത്തി പാപ്പായെ സ്വീകരിച്ചു.

മെത്രാന്മാരും പെറുവിന്‍റെ വടക്കു ഭാഗത്തുള്ള 11 രൂപതകളില്‍പ്പെട്ട  വൈദികരും സന്ന്യാസിസന്ന്യാസിനികളു വൈദികാര്‍ത്ഥികളുമുള്‍പ്പെടെ 1000ത്തോളം പേര്‍ അവിടെ സന്നിഹിതരായിരുന്നു. പാപ്പാ വേദിയലെത്തിയപ്പോള്‍ ഗായകസംഘം “ക്രിസ്തൂസ് വിഞ്ചിത്ത്” എന്ന ഗീതം ആലപിച്ചു.തുടര്‍ന്ന് എല്ലാവരും ഇരുന്നപ്പോള്‍ പിയുറ യി തൂമ്പെസ് അതിരൂപതയുടെ ആര്‍ച്ച്ബഷപ്പ് ഹൊസേ അന്തോണിയൊ എഗുറേന്‍ ആന്‍സേല്‍മി പാപ്പായ്ക്ക് സ്വാഗതമോതി.തുടര്‍ന്ന് പ്രാര്‍ത്ഥനയും ദൈവവചനപാരായണവും ആയിരുന്നു. തദ്ദനന്തരം പാപ്പാ പ്രഭാഷണം നടത്തി.പ്രഭാഷണത്തിനു മുമ്പ് കരഘോഷം മുഴങ്ങിയപ്പോള്‍ പാപ്പാ പ്രസംഗം അവസാനിച്ചു എന്ന പ്രതീതിയുളവാക്കുന്നു എന്ന് സരസരൂപേണ മൊഴിഞ്ഞുകൊണ്ടാണ്  തന്‍റെ  വിചിന്തനം ആരംഭിച്ചത്.

നിരവധി പ്രേഷിതര്‍ക്ക് ജന്മമേകിയ “പിള്ളത്തൊട്ടിലാണ്” ലത്തീനമേരിക്കയിലെ ആദ്യ സെമിനാരികളില്‍ ഒന്നായ വിശുദ്ധരായ ചാള്‍സിന്‍റെയും മര്‍സേല്ലൊയുടെയും നാമത്തിലുള്ള ഈ സെമിനാരി എന്നനുസ്മരിച്ച പാപ്പാ വേരുകള്‍ വിസ്മരിക്കരുതെന്ന് ഉദ്ബോധിപ്പിച്ചു. വളരാനും ഫലം പുറപ്പെടുവിക്കാനും കാലത്തിന്‍റെ ഗതിയില്‍, ചരിത്രത്തിന്‍റെ ഗതിയില്‍ നമ്മെ താങ്ങിനിറുത്തുന്നത് ഈ വേരുകളാണെന്ന് പറഞ്ഞ പാപ്പാ ഇപ്രകാരം തുടര്‍ന്നു:

വേരുകളുടെ അഭാവത്തില്‍ പൂക്കളും ഫലങ്ങളും ഉണ്ടാകില്ല. ഒരു കവി ഇങ്ങനെ പറയുന്നു, പുഷ്പിതമായ ഒരു വൃക്ഷത്തിലുള്ളതെല്ലാം മണ്ണിനടിയില്‍ നിന്നു, വേരുകളില്‍ നിന്ന് വരുന്നതാണ്.  നമ്മുടെ ദൈവവിളികള്‍ക്കും ഈ രണ്ടു മാനങ്ങളുണ്ട്, അതായത്, മണ്ണില്‍ വേരും വിണ്ണില്‍ ഹൃദയവും. ഇതു നിങ്ങള്‍ മറക്കരുത്. ഇവയിലേതെങ്കിലുമൊന്നില്ലെങ്കില്‍ അപാകതയക്ക് തുടക്കമാകും, നമ്മുടെ ജീവിതം ക്രമേണ അഴുകാന്‍ തുടങ്ങും, വേരിന്‍റെ അഭാവത്തില്‍ വൃക്ഷം ജീര്‍ണ്ണിക്കുന്നതുപോലെ. മെത്രാന്മാരിലും വൈദികരിലും സമര്‍പ്പിതരിലും ചിലര്‍ അഴുകിയതായി കാണുന്നത്, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അതീവ വേദനയുളവാക്കുന്നു. സെമിനാരിക്കാര്‍ ജീര്‍ണ്ണിച്ചതായി കാണുന്നത് എനിക്ക് അതിലേറെ വേദനയുളവാക്കുന്നു. ഇത് ഏറെ ഗൗരവമര്‍ഹിക്കുന്ന കാര്യമാണ്.  സഭ നല്ലവളാണ്, അമ്മയാണ്. നിങ്ങള്‍ക്ക് സാധിക്കില്ല എന്നു തോന്നുകയാണെങ്കില്‍ സമയം പാഴാക്കാതെ തക്കസമയത്ത് തുറന്നു പറയുക, വേരറ്റ് അഴുകിത്തുടങ്ങിയിരിക്കുന്നു എന്ന അവസ്ഥയിലെത്തുന്നതിനു മുമ്പ്  പറയുക. അങ്ങനെ നിങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള സമയം ലഭിക്കും, കാരണം യേശു വന്നത് നമ്മെ രക്ഷിക്കാനാണ്.

നമ്മുടെ വിശ്വസവും ദൈവവിളിയും സ്മരണാസമ്പന്നമാണ് എന്ന് അടിവരയിട്ടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

മെത്രാന്മാരുടെയും വൈദികരുടെയും സമര്‍പ്പിതരുടെയും ഈ സ്മരണാസമ്പന്നതയുടെ മൂന്നു മാനങ്ങള്‍ പാപ്പാ തുടര്‍ന്നു വിശദീകരിച്ചു.

സ്വയാവബോധത്തിന്‍റെതായ ആനന്ദമാണ് ഈ മാനങ്ങളില്‍ ആദ്യത്തേതെന്ന് പാപ്പാ പറഞ്ഞു. ഒരുവന് സംഭവിക്കുന്നത് എന്താണ് എന്ന് അവന് അവബോധമുണ്ടാകേണ്ടതിന്‍റെ ആവശ്യകത പാപ്പാ വ്യക്തമാക്കി.

വിളിലഭിച്ച സമയം ആണ് ഈ സ്മരണാസമ്പന്നതയുടെ രണ്ടാമത്തെ മാനമായി പാപ്പാ അവതരിപ്പിച്ചത്. മൂന്നാമത്തെ മാനം സാംക്രമികമായ ആനന്ദമാണെന്ന് പാപ്പാ വിശദീകരിച്ചു.

പ്രഭാഷണാനന്തരം പാപ്പായ്ക്ക് വൈദികരും സമര്‍പ്പിതരും സെമിനാരിക്കാരും ചേര്‍ന്ന് സമ്മാനം നല്കി. കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തേക്കിറങ്ങുന്നതിനുമ്പ് പാപ്പാ ഫോട്ടൊയ്ക്കു നില്ക്കുകയും വിശുദ്ധ ഫ്രാന്‍സീസ് അസ്സീയിടെ ഒരു രൂപം സെമിനാരി റെക്ടറിന് സമ്മാനിക്കുകയും ചെയ്തു.

ഈ കൂടിക്കാഴ്‍ചാനന്തം പാപ്പായുടെ പരിപാടി ല പ്ലാസ ദെ ആര്‍മ ചത്വരത്തില്‍ മരിയന്‍ ആഘോഷമായിരുന്നു. ഒരു പ്രാര്‍ത്ഥാനാ ശുശ്രൂഷയുടെ രൂപത്തിലായിരുന്നു ഈ പരിപാടി.

ചത്വരത്തില്‍ സന്നിഹിതരായിരുന്ന 40000 ത്തോളംപേരെ അഭിവാദ്യം ചെയ്തുകൊണ്ട് പേപ്പല്‍ വാഹനത്തില്‍ നീങ്ങിയ പാപ്പാ “ല പുവെര്‍ത്ത നാഥയുടെ” നാമത്തിലുള്ള ആഘോഷത്തിനു ഒരുക്കിയിരുന്ന വേദിക്കരികില്‍ ഇറങ്ങുകയും അവിടെ ചക്രക്കസേരയിലും മറ്റും ഇരുന്നിരുന്ന രോഗികളുടെ ചാരെ അല്പസമയം സന്ത്വാനദായകനാകുകയും ചെയ്തു.വേദിയിലെത്തിയ പാപ്പായെ ത്രുഹീല്ല്യൊ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഹേക്ടര്‍ മിഖേല്‍ കബ്രെയൊസ് വിദാര്‍ത്തെ സ്വാഗതം ചെയ്തു. ഒരു ജോഡി യുവദമ്പതികളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.വിശുദ്ധ ഗ്രന്ഥാവായനയ്ക്കു ശേഷം പാപ്പായുടെ പ്രഭാഷണമായിരുന്നു

ഒത്തുഷ്കൊയിലെ അമ്മയായ “ല പുവെര്‍ത്ത” നാഥ ഉത്തര പെറുവിലെയും ഇതര പ്രദേശങ്ങളിലെയും ജനങ്ങളുടെ ഹൃദയം അറിയുന്നവളാണെന്നും, അവള്‍ ആ ജനതയുടെ കണ്ണീരും കഷ്ടപ്പാടും ആഗ്രഹങ്ങളും കണ്ടിട്ടുണ്ടെന്നും ഈ നാഥ ഇന്നും സംരക്ഷണമേകുകയും അധികൃതജീവിതം നയിക്കുന്നതിലേക്കു തുറക്കുന്ന വാതില്‍ കാണിച്ചു തരുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

ഒത്തുഷ്കൊയുടെ കവാടത്തിന്‍റെ അമലോത്ഭവ നാഥയെ കാരുണ്യത്തിന്‍റെയും പ്രത്യാശയുടെയും നാഥയെന്ന് നിങ്ങളോടൊപ്പം പ്രഖ്യാപിക്കാന്‍ ഞാന്‍ ഇന്നു അഭിലഷിക്കയാണ്, പാപ്പാ പറഞ്ഞു.

ജീവിതവീഥിയില്‍ സ്ത്രീകള്‍ നല്കുന്ന സംഭാവനകളും അവരുടെ പ്രാധാന്യവും എടുത്തുകാട്ടിയ പാപ്പാ  ലിംഗാടിസ്ഥാനത്തില്‍ സ്ത്രീകള്‍ കുരുതികഴിക്കപ്പെടുന്ന സംഭവങ്ങള്‍ അമേരിക്കാഭൂഖണ്ഡത്തില്‍ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്നതും ഈ തിന്മയുടെ കാര്യത്തില്‍ ഭരണകൂടങ്ങള്‍ മൗനംപാലിക്കുന്നതും അനുസ്മരിക്കുകയും സ്ത്രീകള്‍ക്കെതിരായ ഈ ആക്രമണത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. നിസ്സംഗതയുടെയും അവഗണനയുടെയുമായ തിന്മയെ ചെറുക്കുന്നതിനുള്ള വഴി കാട്ടിത്തരാനും കരുണയുടെ സംസ്കൃതി പ്രസരിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതിലേക്കു നയിക്കാനും കാരുണ്യത്തിന്‍റെയും പ്രത്യാശയുടെയും അമ്മയായ വാതായനത്തിന്‍റെ കന്യകയോടു പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

ഈ ശുശ്രൂഷയുടെ സമാപാനാശീര്‍വ്വാദത്തിനുമുമ്പ് പാപ്പാ ല പുവെര്‍ത്തായിലെ നാഥയ്ക്ക് കിരീടം ചാര്‍ത്തുകയും എല്ലാവരെയും ആ നാഥയക്ക് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ഈ മരിയന്‍ ആഘോഷാനന്തരം പാപ്പാ അവിടെനിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ത്രുഹില്യൊയിലെ വിമാനത്താവളത്തിലേക്കു കാറില്‍ യാത്രയായി, തുടര്‍ന്ന് വിമാനത്തില്‍ ലീമയിലേക്കും. പരിപാടികളെല്ലാം നിശ്ചിതസമയത്തേക്കാള്‍ 1 മണിക്കൂറും 30 മിനുറ്റും മുമ്പ് അവസാനിച്ചു. ലീമയിലെ അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ പാപ്പാ  പ്രാദേശികസമയം വൈകുന്നേരം 6.40 ന്, ഇന്ത്യയിലെ സമയം ഞായറാഴ്ച പുലര്‍ച്ചെ 5.10 ന് എത്തി.

അവിടെ തന്നെ കാത്തുനിന്നിരുന്ന രോഗികളുള്‍പ്പടെയുള്ളവരെ പാപ്പാ അപ്പസ്തോലിക് നണ്‍ഷേയച്ചറിന്‍റെ  മട്ടുപ്പാവില്‍ നിന്നുകൊണ്ട് അഭിവാദ്യം ചെയ്യുകയും തനിക്കായി കാത്തുനിന്നതിന് നന്ദി പറയുകയും ചെയ്തു. സ്വര്‍ഗ്ഗസ്ഥാനായ പിതാവെ എന്ന പ്രാര്‍ത്ഥന നയിച്ച പാപ്പാ അതിനു ശേഷം എല്ലാവര്‍ക്കും അപ്പസ്തോലികാശീര്‍വ്വാദം നല്കി. തുടര്‍ന്ന് ആഹ്ലാദാരവങ്ങള്‍ മുഴക്കിയിരുന്ന എല്ലാവരോടും പാപ്പാ ചിരിച്ചുകൊണ്ട്, ശാന്തരായി വീട്ടിലേക്കു പോകാന്‍, ദൈവം ഇടയാക്കുമെങ്കില്‍ നാളെകാണമെന്ന് പ്രത്യാശിച്ചുകൊണ്ട്, പറഞ്ഞു.

തദ്ദനന്തരം പാപ്പാ അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍ അത്താഴം കഴിച്ച് ശനിയാഴ്ച രാത്രി വിശ്രമിച്ചു.








All the contents on this site are copyrighted ©.