2018-01-19 10:45:00

പാപ്പായുടെ 22-ാമത് പര്യടനറിപ്പോര്‍ട്ട് - മൂന്നാംദിനം


മൂന്നു സുപ്രധാന പരിപാടികളാണ് പാപ്പായ്ക്ക് ബുധനാഴ്ചയില്‍ ഉണ്ടായിരുന്നത്. തെമൂക്കോയില്‍ ദിവ്യബലിയര്‍പ്പണവും അതേത്തുടര്‍ന്ന് തദ്ദേശവാസികളുടെ പ്രതിനിധികളോടു ചേര്‍ന്നുള്ള ഉച്ചവിരുന്നും, സാന്തിയാഗോയില്‍, മയ്പൂവിലെ കാര്‍മിനെ നാഥയുടെ തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിച്ച്, അവിടെ യുവജനങ്ങളെ അഭിസംബോധന ചെയ്യുക, തുടര്‍ന്ന് അവിടുത്തെ കത്തോലിക്കാ സര്‍വകലാശാല സന്ദര്‍ശിക്കുക, സന്ദേശം നല്‍കുക എന്നിവയായിരുന്നു അവ.

17-ാം തീയതി, ബുധനാഴ്ച രാവിലെ പാപ്പാ സാന്തിയാഗോയിലെ സ്ഥാനപതിമന്ദിരത്തില്‍ നിന്ന് ഇരുപതിലധികം കിലോമീറ്റര്‍ ദൂരത്തിലുള്ള വിമാനത്താവളത്തിലേയ്ക്കു പുറപ്പെടുകയും അവിടെ നിന്ന് എട്ടുമണിയോടുകൂടി തെമൂക്കോയിലേക്കു യാത്രയാവുകയും ചെയ്തു.  വിമാനത്തില്‍ കയറുന്നതിനുമുമ്പ്, പാപ്പാ സാന്തിയോഗോ രൂപതയിലെ ഓര്‍ഗനൈസിംഗ് കമ്മിറ്റിയില്‍പ്പെട്ട ഇരുപതു പേരെ അഭിവാദ്യം ചെയ്തു.

1. മാര്‍പ്പാപ്പ ചിലിയിലെ തെമൂക്കോയില്‍

ഒരു മണിക്കൂര്‍ ഇരുപതു മിനിട്ടായിരുന്നു സാന്തിയാഗോയില്‍ നിന്ന് തെമൂക്കോയിലേക്കുള്ള വ്യോമയാത്ര. അവിടുത്തെ ലാ അരവ്സനീയ (Araucania) വിമാനത്താവളത്തിലെത്തിയ പാപ്പാ കുട്ടികളൊരു ക്കിയ സംഗീതത്തിന്‍റെ അകമ്പടിയോടെ സ്വീകരിക്കപ്പെട്ടു.

തെമൂക്കോ, സാന്തിയാഗോയ്ക്കു തെക്കായി 674 കിലോമീറ്റര്‍ അകലെ,  കൗത്തീന്‍ നദിയുടെ തീരത്ത്, ഞീളോല്‍, കൊണൂണ്‍ ഉവെനു എന്നീ മലകള്‍ക്കിടയിലുള്ള നഗരമാണ്.  ഈ നഗരം ഗബ്രിയേല മിസ്ത്രാല്‍, പാബ്ളോ നെരൂദ എന്നീ നോബെല്‍ സമ്മാനജേതാക്കളുടെ പേരിനോടു ബന്ധപ്പെട്ട പ്രസി ദ്ധി യാര്‍ജിച്ചതുമാണ്. ഇന്ന് ഈ നഗരം, ചിലിയുടെ പ്രമുഖ സാസ്ക്കാരിക, വ്യവസായിക, ഭരണ നിര്‍വഹണ സിരാകേന്ദ്രങ്ങളിലൊന്നായി വിരാജിക്കുന്നു .37 ഇടവകകളുളള തെമൂക്കോ രൂപത ദൈ വവിളികളാല്‍ സമ്പന്നമാണ്. രൂപതാധ്യക്ഷന്‍, എക്തോര്‍ എദ്വാര്‍ദോ സലേഷ്യന്‍ സഭാംഗമാണ്. തെമൂക്കോ വിമാനത്താവളത്തില്‍ നിന്ന് 23 കി. മീ. അകലെയുള്ള മാക്ക്വെവേ ദേശീയവിമാനത്താവളത്തോടു ചേര്‍ന്നുള്ള മൈതാനിയിലായിരുന്നു ബലിയര്‍പ്പണവേദി ഒരുക്കിയിരുന്നത്.

ഏതാണ്ടു നാലു ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന ഈ  മൈ താനത്തിലായിരുന്നു രാവിലെ 10.30-നുള്ള ബലിയര്‍പ്പണത്തിന്. അരമണിക്കൂര്‍ മുമ്പെത്തിയ പാപ്പായെ വിശ്വാസികള്‍ ആനന്ദാരവത്തോടെ സ്വീകരിച്ചു. വിശ്വാസികള്‍ക്കിടയിലൂടെ ചുറ്റിസ്സഞ്ചരിക്കുകയും അവര്‍ക്ക് ആശീര്‍വാദം നല്‍കുകയും കുട്ടികളെ ചുംബിക്കുകയും ചെയ്തു. 

അരവ്സനീയന്‍ തദ്ദേശീയജനതകള്‍ പങ്കെടുത്ത ദിവ്യബലി അവരുടെ പരമ്പരാഗത ഗാനങ്ങളാലും കലകളാലും സജീവമായിരുന്നു. അനുതാപശുശ്രൂഷ അവരുടെ ഭാഷയായ മാപുദുങ്കുണില്‍ ആലപിക്കപ്പെട്ടു. വി. കുര്‍ബാനയിലെ സുവിശേഷവായനയെ, യോഹന്നാന്‍റെ സുവിശേഷത്തിലെ പതിനേഴാ മധ്യായത്തിലെ ഐക്യപ്രാര്‍ഥനയെ ആസ്പദമാക്കി പാപ്പാ വചനസന്ദേശം നല്‍കി.

തദ്ദേശീയഭാഷയില്‍ പ്രഭാതവന്ദനവും, തുടര്‍ന്നു സമാധാനാശംസയും നേര്‍ന്നശേഷം, രാജ്യത്തിന്‍റെ മനോഹാരിതയെക്കുറിച്ചും, ജനങ്ങളെക്കുറിച്ചും സൂചിപ്പിച്ചുകൊണ്ട് പാപ്പാ വചനഭാഗങ്ങളുടെ വ്യാ ഖ്യാനത്തിലേക്കു കടന്നു.  ഐക്യം എന്നത് തനിമ നഷ്ടപ്പെടുത്തലല്ല എന്നും, ഐക്യത്തിന്‍റെ ആയുധങ്ങളെന്തെന്നും വിശദീകരിച്ചുകൊണ്ട്, തദ്ദേശീയജനതകളെയും അവരുടെ പാരമ്പര്യങ്ങളെയും ഐക്യത്തില്‍ കാത്തുസൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകത പ്രബോധിപ്പിച്ചു. 

ദിവ്യബലി സമാപനത്തില്‍, പാപ്പായ്ക്ക് തെമൂക്കോ രൂപതാധ്യക്ഷന്‍, ബിഷപ്പ് എക്തോര്‍ വര്‍ഗാസ് കൃതജ്ഞതയര്‍പ്പിച്ചു. ദിവ്യബലിക്കുശേഷം വി. കുരിശിന്‍റെ മാതാവിന്‍റെ നാമത്തിലുള്ള സന്യാസഭവനത്തിലായിരുന്നു പാപ്പായ്ക്കു ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്.   തെമൂക്കോ രൂപതാധ്യക്ഷന്‍, അരവ്സനീയ  തദ്ദേശീയവാസികളുടെ 11 പ്രതിനിധികള്‍ എന്നിവര്‍ പാപ്പായോടൊത്തു ഭക്ഷണത്തിനിരുന്നു.  അല്പനേരത്തെ വിശ്രമത്തിനുശേഷം, പാപ്പാ ഭവനത്തിലെ കപ്പേളയിലെത്തുകയും അവിടെ കൂടിയിരുന്ന അന്തേവാസികളായ 40 സന്യാസിനികള്‍, വയോധികരായ 6 വൈദികര്‍, രൂപതയില്‍ സജീവശുശ്രൂഷ നടത്തുന്ന കോണ്‍ഗ്രിഗേഷനിലെ 12 സുപ്പീരിയേഴ്സ് എന്നിവരുമായി ഹ്രസ്വമായ കൂടിക്കാഴ്ചയോടെ, പാപ്പായുടെ തെമൂക്കോ നഗരത്തിലെ പര്യടനപരിപാടികള്‍ അവസാനിക്കുകയായിരുന്നു.

2. മായ്പൂവിലെ പരി. അമ്മയുടെ തീര്‍ഥാടനകേന്ദ്രത്തില്‍

തെമൂക്കോയിലെ ലാ അരവ്സനീയ (Araucania) എയര്‍പോര്‍ട്ടിലെത്തി, സാന്തിയാഗോയുടെ തെക്കുകിഴക്കായുള്ള ചരിത്രപ്രധാനമായ മയ്പൂവിലെ കാര്‍മിനെനാഥയുടെ നാമത്തിലുള്ള തീര്‍ഥാടന കേന്ദ്രം പാപ്പാ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ടു. കാര്‍മിനെ നാഥയുടെ ദേവാലയം ചിലിയിലെ സുപ്രസിദ്ധ തീര്‍ഥാടനകേന്ദ്രമാണ്.  കാര്‍മിനെ നാഥയുടെ  മധ്യസ്ഥതയാല്‍ സ്പാനിഷുകാരില്‍ നിന്നുംനേടിയ സ്വാതന്ത്ര്യത്തെത്തുടര്‍ന്ന് അവര്‍ 1818-ല്‍ ഈ ദേവാലയത്തിനു തറക്കല്ലിടുകയും 1892-ല്‍ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. . ഇന്നത്തെ മനോഹരദേവാലയം 1974-ല്‍ പണിതതാണ്. 1987-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, തന്‍റെ ചിലിയന്‍ സന്ദര്‍ശനവേളയില്‍ രാജ്യത്തെ കാര്‍മിനെ നാഥയ്ക്കു സമര്‍പ്പിക്കുകയു ണ്ടായി.  ദേവാലയസ്ഥാപനത്തിന്‍റെ രണ്ടാംശതാബ്ദി (1818-2018) ഈ വര്‍ഷമാണ് എന്നതും ശ്രദ്ധേയമാണ്.

സാന്തിയാഗോയിലെ മേയറും, തീര്‍ഥാടനകേന്ദ്രത്തിന്‍റെ റെക്ടറും ചേര്‍ന്നു പാപ്പായെ സ്വീകരിച്ചു.തീര്‍ഥാടനകേന്ദ്രത്തിലെത്തിയ പാപ്പാ അവിടെ സമ്മേളിച്ചിരുന്ന വിശ്വാസികള്‍ക്കിടയിലൂടെ സഞ്ചരിച്ച് അവരെ ആശീര്‍വദിക്കുകയും അവരുടെ സന്തോഷം ഏറ്റുവാങ്ങുകയും ചെയ്തു.  യുവജനങ്ങള്‍ പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കായി അവിടെ ഒരുങ്ങിയിരുന്നു.  അരിയേല്‍ എന്ന യുവാവ്, പാപ്പായ്ക്കു സ്വാഗതമോതി.  പാപ്പായ്ക്കു യുവജനങ്ങളോടുള്ള സ്നേഹവും ഈ വര്‍ഷത്തെ മെത്രാന്‍ സിനഡിന്‍റെ വിഷയം യുവജനങ്ങളാണെന്നുള്ള വസ്തുതതയും അനുസ്മരിച്ചുകൊണ്ടുള്ള ഹ്രസ്വമായ സ്വാഗതാശംസയെത്തുടര്‍ന്ന് സുവിശേഷം വായിക്കപ്പെട്ടു.

തുടര്‍ന്ന് പാപ്പാ അവരെ അഭിസംബോധന ചെയ്തു സംസാരിച്ചു.  അവിടെ കൂടിയിരിക്കുന്ന എല്ലാവരുടെയും പേരില്‍ അരിയേല്‍ പറഞ്ഞ സ്വാഗതവാക്കുകള്‍ക്കു നന്ദി പറഞ്ഞ് സന്ദേശം ആരംഭിച്ച പാപ്പാ പരസ്പരം സഹായിച്ചുകൊണ്ട് പ്രതീക്ഷയോടെ നീങ്ങാന്‍ അവരെ ആഹ്വാനം ചെയ്തു.  പാപ്പായുടെ സന്ദേശത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങളുടെ പരിഭാഷ ചേര്‍ക്കുന്നു

ഈ കൂടിക്കാഴ്ചയ്ക്കു വേദിയായിരിക്കുന്നത് മായ്പൂ ആണെന്നതില്‍ - ചിലിയുടെ ചരിത്രം, സാഹോദര്യത്തെ പുണര്‍ന്നു കൊണ്ടാരംഭിച്ച ഈ സ്ഥലത്ത്, മഞ്ഞും, മഹാസമുദ്രവും ഒന്നുചേരുന്ന, സ്വര്‍ഗത്തിനും ഭൂമിക്കും വാസഗേഹം തീര്‍ത്തുകൊണ്ട്, വലക്കോട്ടും തെക്കോട്ടുമുള്ള ചിലിയുടെ വഴിയില്‍ കേനദ്രസ്ഥാനത്ത് ഉയര്‍ന്നുനില്‍ക്കുന്ന ഈ തീര്‍ഥാടനകേന്ദ്രത്തില്‍ ആയിരിക്കുന്നു എന്നതില്‍ - എനിക്ക് അദമ്യമായ ആനന്ദമുണ്ട്. നമ്മുടെ കാര്‍മിനെ നാഥ തുറന്ന ഹൃദയത്തോടെ നിങ്ങളെ കാത്തുനില്‍ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ഇവിടം, പ്രിയ യുവജനങ്ങളെ നിങ്ങള്‍ക്ക് ഒരുവീടാണ്, ചിലിയന്‍ ജനതയ്ക്ക് ഒരു വീടാണ്... ചിലിയുടെ ജനനത്തില്‍ സഹകരിച്ച നാഥ, ദൈവം നിങ്ങളില്‍ നിക്ഷേപിച്ച സ്വപ്നങ്ങളെയും യാഥാര്‍ഥ്യമാക്കുന്നതില്‍ സഹഗാമിയായി നിങ്ങളോടൊത്തുണ്ട്...  നിങ്ങളുടെ വിശ്വാസം വെല്ലുവിളികളെ നേരിടുന്നതിന് നിങ്ങളെ പ്രചോദിപ്പിക്കുന്നു.  ഒരു വെല്ലുവിളിയും നിങ്ങളെ കാത്തിരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ വിരസതയിലാകുമെന്നറിയാം.  നിങ്ങളുടെ ചലനാത്മകത അത്ഭുതകരമാണ്. അത് നിങ്ങളുടെ ഹൃദയങ്ങളിലെ ഔദാര്യത്തിന്‍റെ ഉറപ്പുള്ള അടയാളവുമാണ്. പ്രകൃതിക്ഷോഭങ്ങളുടെ ദുരിതങ്ങളില്‍ സഹായമേകേണ്ടിവരുമ്പോള്‍ നിങ്ങളുടെ ഈ ചലനാത്മകത വളരെ വ്യക്തമാണ്...

എന്‍റെ മെത്രാന്‍ ശുശ്രൂഷയില്‍, യുവജനങ്ങളിലെ നല്ല നല്ല ആശയങ്ങള്‍ കാണുന്നതിന് എനിക്കു സാധിച്ചിട്ടുണ്ട്.  അവര്‍ യുവപ്രായത്തിലായതിനാല്‍ അവരങ്ങനെ ചിന്തിക്കുന്നതെന്ന് മറ്റുള്ളവര്‍ പറയും.  അവര്‍ വളര്‍ന്നു വരുമ്പോള്‍, അനീതികളെ, അംഗീകരിക്കാനും, ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു വിശ്വസിക്കാനും, ഇങ്ങനെതന്നെയായിരുന്നു എന്നും എന്നു കാണാനും അവര്‍ പ്രാപ്തരാകും എന്ന മട്ടില്‍...

തുടര്‍ന്ന് കര്‍തൃജപം ചൊല്ലി, അപ്പസ്തോലികാശീര്‍വാദവും നല്കിയ പാപ്പാ, കാര്‍മിനെനാഥയ്ക്ക് ജപമാല സമര്‍പ്പിച്ചു.

3. പൊന്തിഫിക്കല്‍ കാത്തലിക് യൂണിവേഴ്സിറ്റി സന്ദര്‍ശിക്കുന്നു

തുടര്‍ന്ന് പാപ്പാ പൊന്തിഫിക്കല്‍ കാത്തലിക് യൂണിവേഴ്സിറ്റി സന്ദര്‍ശിക്കുന്നതിനായി എത്തിച്ചേര്‍ന്നു. മായ്പൂവില്‍ നിന്ന് പതിനെട്ടു കിലോമീറ്ററോളം അകലെയാണ് ചിലിയിലെ ഈ സുപ്രധാന സര്‍വകലാശാല. 1888-ല്‍ കത്തോലിക്കാസഭ ആരംഭിച്ച ഈ കാലാശാല 1935-ല്‍ പൊന്തിഫിക്കല്‍ പദവിയിലേയ്ക്കുയര്‍ത്തപ്പെട്ടു.

യൂണിവേഴ്സിറ്റി ചാന്‍സിലര്‍ ആയ കര്‍ദിനാള്‍ റിക്കാര്‍ദോ എസ്സാത്തിയോടൊപ്പം, മെത്രാന്‍മാര്‍, പ്രസിഡന്‍റ് ഡോ. ഇഞ്ഞാസിയോ സാഞ്ചെസ്, മറ്റ് അധികാരികള്‍, പ്രൊഫസേഴ്സ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ ഒത്തുചേര്‍ന്ന ആ വലിയ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ പറഞ്ഞു:

രാജ്യത്തിന് 130 വര്‍ഷത്തെ അമൂല്യശുശ്രൂഷ നല്കിയിരിക്കുന്ന ഈ വിദ്യാഗേഹത്തില്‍ നിങ്ങളോടൊത്തായിരിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്... നിശ്ചിതാര്‍ഥത്തില്‍, ഈ സര്‍വകലാശാലയുടെ ചരി ത്രം ചിലിയുടെ ചരിത്രവുമായി ഇഴചേര്‍ന്നു കിടക്കുന്നതാണ്. ഈ രാജ്യത്തിനു മികവാര്‍ന്ന സംഭാവനകള്‍ നല്‍കിയിരിക്കുന്ന ആയിരക്കണക്കിനു സ്ത്രീപുരുഷന്മാര്‍ ഇവിടെ വിദ്യാഭ്യാസം നേടി യവരാണ്.  അവരില്‍, വി. അല്‍ബേര്‍തോ ഹുര്‍ത്താദോയെ ഞാന്‍ പ്രത്യേകമായി സ്മരിക്കുന്നു...

ഈ കലാശാലയുടെ ബഹു. പ്രസിഡന്‍റ്, താങ്കളുടെ സ്വാഗതസന്ദേശത്തില്‍ നിന്നു രണ്ടു പദപ്രയോഗ ങ്ങള്‍ എടുക്കുന്നതിനു ഞാനാഗ്രഹിക്കുകയാണ്.  ഒരു രാഷ്ടമെന്ന നിലയില്‍ സമാധാനപൂര്‍ണമായ സഹവാസം ( peaceful coexistence as a nation), ഒരു സമൂഹമെന്ന നിലയിലുള്ള പുരോഗതി ( progress as a community) എന്നിവയാണത്.

...യഥാര്‍ഥ വിജ്ഞാനം വിചിന്തനത്തിന്‍റെ ഫലമാണ്, അത് വ്യക്തികള്‍ തമ്മിലുള്ള സംവാദത്തിന്‍റ യും ഔദാര്യപൂര്‍ണമായ കണ്ടുമുട്ടലിന്‍റെയും ഫലമാണ്... ഒരു രാഷ്ട്രത്തിന്‍റെ സമാധാനപൂര്‍ണമായ സഹവാസത്തിനായുള്ള വിദ്യാഭ്യാസം മൂല്യങ്ങള്‍, വിദ്യാഭ്യാസത്തോടു വെറുതെ ചേര്‍ത്തുവച്ചതു കൊണ്ടായില്ല, മറിച്ച്, വിദ്യാഭ്യാസത്തിന്‍റെ ആന്തരികഘടനയില്‍ത്തന്നെ, ആ സഹവാസം ചാലകത്വമുളവാക്കുന്നതായിരിക്കണം. വിദ്യാഭ്യാസത്തില്‍ എന്ത് ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതിലല്ല, എങ്ങനെ സമാധാനപൂര്‍ണമായ സഹവാസത്തെക്കുറിച്ചു ചിന്തിക്കണമെന്നും, യുക്തിസഹമായി അത്  ജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കണമെന്നും പഠിപ്പിക്കുന്നതിലാണ് അതിന്‍റെ വിജയം.  മനസ്സിന്‍റെ രൂപവത്‍ക്കരണമാണവിടെ നടക്കേണ്ടത്... ഈ പശ്ചാത്തലത്തില്‍, സര്‍വകലാശാലകള്‍, അറിവിന്‍റെ ചിതറിയ ഭാഗങ്ങള്‍ നല്‍കുക എന്നതിലല്ല, സത്യമായ ഒരു സാര്‍വത്രികതയെ ഉത്തേജിപ്പിക്കുക എന്ന പ്രവര്‍ത്തനത്തിലാണ് ഏര്‍പ്പെടേണ്ടത്...

ഈ വിദ്യാഗേഹം നല്‍കേണ്ട രണ്ടാമത്തെ ഘടകം, ഒരു സമൂഹമെന്ന നിലയില്‍ പുരോഗമിക്കുന്നതി നുള്ള കഴിവാണ്... അറിവ് എപ്പോഴും ജീവിതത്തെ ശുശ്രൂഷിക്കുന്നതിനെക്കുറിച്ച് അവബോധമുള്ളതായിരിക്കണം.  പാരസ്പരികത വിവിധ വിദ്യാഭ്യാസ ശാഖകളില്‍ ഉണ്ടായിരിക്കണം. ഒപ്പംതന്നെ, അത്, തദ്ദേശീയജനങ്ങളോട്, അവരുടെ സാംസ്ക്കാരിക പാരമ്പര്യങ്ങളോട് ഉള്ള പ്രത്യേക ശ്രദ്ധ ഉള്ളതുമായിരിക്കണം...

''പരിശുദ്ധാരൂപി നിങ്ങളുടെ പാദങ്ങളെ നയിക്കട്ടെ എന്നും, ഈ കലാശാല ദൈവമഹത്വത്തിനും ചിലിയന്‍ ജനങ്ങളുടെ നന്മയ്ക്കുമായി നിലനില്‍ക്കട്ടെ'' എന്നുമുള്ള ആശംസാവചനങ്ങളോടെയാണ് പാപ്പായുടെ സന്ദേശം അവസാനിച്ചത്.

തുടര്‍ന്നു സമ്മാനങ്ങള്‍ കൈമാറി, അവരെ അഭിവാദ്യം ചെയ്ത പാപ്പാ, അവിടെ നിന്നു നാലു കിലോമീറ്റര്‍ അകലെയുള്ള അപ്പസ്തോലിക സ്ഥാനപതിമന്ദിരത്തിലേയ്ക്കു തിരിച്ചു.  രാത്രി എട്ടു മണിയോടുകൂടി അവിടെയെത്തിച്ചേര്‍ന്ന പാപ്പാ, അത്താഴത്തിനുശേഷം പ്രാര്‍ഥനയ്ക്കും വിശ്രമത്തിനുമായി നീങ്ങി.  

 








All the contents on this site are copyrighted ©.