2018-01-11 09:15:00

ജീവിത വിശുദ്ധിയുടെ സൂക്ഷ്മനിരീക്ഷണ സംവിധാനം


വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രവര്‍ത്തനം...

ദൈവത്തെ എതിര്‍ത്തവര്‍ക്കു മുന്നില്‍ അവിടുത്തെ ധീരമായി പ്രഘോഷിച്ചവരാണ് പുണ്യാത്മാക്കളെന്ന്, വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ പ്രസ്താവിച്ചു. ജനുവരി 8-Ɔ൦ തിയതി തിങ്കളാഴ്ച റോമിലെ  പൊന്തിഫിക്കല്‍ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തെക്കുറിച്ച് (Congregation for the Causes of Saints) യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഏകദിന പഠനശിബിരത്തിലാണ് കര്‍ദ്ദിനാള്‍ അമാത്തോ ഇങ്ങനെ പ്രസ്താവിച്ചത്.  ദൈവത്തിനും സഭയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്നവര്‍ ഇന്ന് ലോകത്ത് ധാരളമുണ്ടെന്നും, അവര്‍ ബോധപൂര്‍വ്വം ഉയര്‍ത്തുന്ന പ്രതിസന്ധികളാണ് പീഡനവും നാടുകടത്തലും അവസാനം രക്തസാക്ഷിത്വവും, വീരോചിത പുണ്യങ്ങളുടെ ജീവിതസാക്ഷ്യവുമായി വളരുന്നതെന്ന് കര്‍ദ്ദിനാള്‍ അമാത്തോ വിവരിച്ചു.

വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം, വിശുദ്ധ പദപ്രഖ്യാപനം, ഇതിനും മുന്‍പ് ദൈവദാസപദം, ധന്യപദം എന്നിങ്ങനെ വിശുദ്ധിയുടെ സൂക്ഷ്മ നിരീക്ഷണഘട്ടങ്ങള്‍ പടിപടിയായിട്ടാണ് വത്തിക്കാനില്‍ നടക്കുന്നത്. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള സംഘം പുണ്യാത്മാക്കളെക്കുറിച്ചു നടത്തുന്ന വിശദമായ രേഖീകരണവും, പഠനവും അന്വേഷണവും അപാരവും കാലദൈര്‍ഘ്യം എടുക്കുന്നതാണെന്ന് കര്‍ദ്ദിനാള്‍ അമാത്തോ വിശദീകരിച്ചു. വ്യക്തികളുടെ വിശുദ്ധിയെ സംബന്ധിച്ച മാനുഷികമായ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം അതിന് ദൈവികമായ ഒരു അംഗീകാരമായിട്ടാണ് പുണ്യാത്മാവിന്‍റെ മാദ്ധ്യസ്ഥത്തില്‍ ലഭ്യമാകുന്ന ഒരു അത്ഭുതത്തെ കണക്കാക്കുന്നത്. ഈ അത്ഭുതങ്ങള്‍ നടക്കുന്നതുവരെയുമുള്ള പഠനങ്ങളും സൂക്ഷ്മ നിരീക്ഷണവും ഏറെ ക്ഷമയും ധ്യാനവും ആവശ്യപ്പെടുന്ന ശ്രമകരമായ അദ്ധ്വാനവും ഉത്തരവാദിത്വവുമാണെന്ന് കര്‍ദ്ദിനാള്‍ അമാത്തോ വ്യക്തമാക്കി.

2017-ല്‍ ആകെ 19 വാഴ്ചത്തപ്പെട്ട പദപ്രഖ്യാപനങ്ങളാണ് നടത്തപ്പെട്ടത്. അവ 11 രാജ്യങ്ങളിലായി അതാതു വ്യക്തിയുടെ ജീവിതചുറ്റുപാടുകളെ കേന്ദ്രീകരിച്ചായിരുന്നുവെന്നും അവയില്‍ വ്യക്തിപരമായി താന്‍ സന്നിഹിതനാകുന്നതും അമാത്തോ വിശദീകരിച്ചു. എന്നാല്‍ നാമകരണ നടപടിക്രമങ്ങള്‍ എല്ലാംതന്നെ വത്തിക്കാനിലാണ് നടത്തപ്പെടുന്നത്. അപൂര്‍വ്വമായി മാത്രം പാപ്പായുടെ സന്ദര്‍ശനവേളകളില്‍ വിശുദ്ധപദപ്രഖ്യാപനങ്ങള്‍ അതാതു രാജ്യങ്ങളില്‍ ആചരിക്കാറുമുണ്ട്. ഉദാഹരണത്തിന് 2017 മെയ് മാസത്തില്‍ ഫാത്തിമായുടെ ശതാബ്ദിയുമായി അപ്പസ്തതോലിക സന്ദര്‍ശനം നടത്തിയ പാപ്പാ ഫ്രാന്‍സിസ് രണ്ട് ഇടയക്കുട്ടികളെ, ഫ്രാന്‍സിസ് മാര്‍ത്തോ, ജസീന്താ മാര്‍ത്തോ എന്നിവരെ വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തുകയുണ്ടായി.

അങ്ങനെ കഴിഞ്ഞൊരു വര്‍ഷത്തില്‍ ആകെ 37 പേരെയാണ് വിശുദ്ധ പദത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഉയര്‍ത്തിയത്. അവരില്‍ 30 പേര്‍ രക്തസാക്ഷികളും, 7 പേര്‍ അജപാലകരായ പുണ്യാത്മാക്കളുമാണ്. വളരെ ക്രമീകൃതവും സൂക്ഷമവും ശ്രമകരവുമായ പ്രവര്‍ത്തനം നടക്കുന്ന ഒരു ആത്മീയ ഫാക്ടറിയോ, നിരീക്ഷണസംഘമോ ആണ് വത്തിക്കാന്‍റെ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള സംഘമെന്ന് (Congregation for the Causes of Saints) കര്‍ദ്ദിനാള്‍ അമാത്തോ തന്‍റെ ആമുഖ പ്രഭാഷണത്തില്‍ വിശദീകരിച്ചു.  








All the contents on this site are copyrighted ©.