2018-01-09 13:33:00

''അജപാലകാധികാരം സാന്നിധ്യത്തിന്‍റേത്'': പാപ്പാ


ജനുവരി ഒന്‍പതാംതീയതി, ചൊവ്വാഴ്ചയില്‍, സാന്താമാര്‍ത്താ കപ്പേളയിലര്‍പ്പിച്ച പ്രഭാതബലിമധ്യേ, വി. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ നിന്നുള്ള വായനയെ അടിസ്ഥാനമായി വചനസന്ദേശം നല്‍കുകയായിരുന്നു പാപ്പാ. നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് യേശു പഠിപ്പിച്ചത് എന്ന സുവിശേഷവാക്യം വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ പറഞ്ഞു

യേശു, ജനങ്ങളോടടുത്ത് സന്നിഹിതനായിരുന്നുകൊണ്ട്, അവരെ മനസ്സിലാക്കുകയും, സ്വാഗതം ചെയ്യുകയും, സുഖപ്പെടുത്തുകയും, പഠിപ്പിക്കുകയും ചെയ്തു.  അപ്രകാരം ഒരു അജപാലകനു ലഭിക്കുന്ന അധികാരം, പിതാവില്‍നിന്നു ലഭിക്കുന്ന അധികാരമാണ്, അതു സാന്നിധ്യത്തിന്‍റേതാണ്.  ദ്വിവിധ സാന്നിധ്യമാണത്. ദൈവത്തോടും മനുഷ്യരോടും അടുത്തായിരിക്കുന്നതാണത്. പാപ്പാ വിശദമാക്കി.  പ്രാര്‍ഥനയിലൂടെ പിതാവിന്‍റെ സാന്നിധ്യത്തിലായിരിക്കുക എന്നതാണ് ആദ്യത്തേത്.  പ്രാര്‍ഥിക്കാത്ത, ദൈവത്തെ അന്വേഷിക്കാത്ത അജപാലകന്‍ ജനങ്ങള്‍ക്ക് ദൈവത്തിന്‍റെ സാന്നിധ്യം കൊടുക്കാന്‍ കഴിവില്ലാത്തവനായിത്തീരും.  ദൈവസാന്നിധ്യത്തിലായിരിക്കുമ്പോഴാണ് അജപാലകന്‍, പാപികളുടെയും പ്രശ്നങ്ങളുടെയും രോഗങ്ങളുടെയും ഇടയില്‍, നല്ല ഇടയനായി നീങ്ങാന്‍ കെല്‍പ്പുള്ളവനായിരിക്കുന്നത്.

പറയുന്നതെന്തോ അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത നിയമജ്ഞരെക്കുറിച്ച് യേശുവിന്‍റെ വാക്കുകള്‍ വ്യക്തമാണ് എന്നു പറഞ്ഞ പാപ്പാ, രണ്ടുതരത്തിലുള്ള ജീവിതത്തിനുടമകളാകുന്ന ഇടയര്‍ സഭയുടെ മുറിവാണ് എന്നു വ്യക്തമാക്കി. വൈകാരികയോടും അടുപ്പത്തോടും, വാക്കുകളിലും പ്രവൃത്തികളിലുമുള്ള പൊരുത്തത്തോടും കൂടിയ ഇടയരാണ് അധികാരമുള്ളവര്‍ എന്നു ചൂണ്ടിക്കാട്ടിയ പാപ്പാ, അവരുടെ അധികാരമാണ് ദൈവപിതാവില്‍ നിന്നുള്ളത് എന്നും അവര്‍ ദൈവത്തോടും മനുഷ്യരോടും അടുത്തുള്ളവരായിരിക്കും എന്നും അനുസ്മരിപ്പിച്ചുകൊണ്ടാണ് വചനസന്ദേശം അവസാനിപ്പിച്ചത്








All the contents on this site are copyrighted ©.