2018-01-08 11:04:00

വിശ്വശാന്തി ദിനസന്ദേശം : ശബ്ദരേഖയും പരിഭാഷ പൂര്‍ണ്ണരൂപവും


പാപ്പാ ഫ്രാന്‍സിസ് നല്കുന്ന 51-Ɔമത് വിശ്വശാന്തിദിന സന്ദേശം  
“കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും - സമാധാനം തേടിയിറങ്ങുന്നവര്‍” !
ജനുവരി 1-Ɔ൦ തിയതി സഭ ആചരിച്ച ദൈവമാതൃത്വത്തിരുനാളിലാണ് ഈ സന്ദേശം
പാപ്പാ പ്രബോധിപ്പിച്ചത്.  
ശബ്ദരേഖ :  ജോളി അഗസ്റ്റിനും ഫാദര്‍ വില്യം നെല്ലിക്കലും.

1ഹൃദയപൂര്‍വ്വം ഒരു സമാധാനാശംസ! 
ഭൂമിയിലെ സകല ജനതകള്‍ക്കും രാഷ്ട്രങ്ങള്‍ക്കും സമാധാനം നേരുന്നു! വ്യക്തികളുടെയും ജനതകളുടെയും, പ്രത്യേകിച്ച് ജീവിതത്തില്‍ സമാധാനമില്ലാതെ ക്ലേശിക്കുന്ന സകലരുടെയും  മനസ്സിലെ തീവ്രമായ ആഗ്രഹം ക്രിസ്തുമസ് രാത്രിയില്‍ മാലാഖമാര്‍ ആശംസിച്ച സമാധാനമാണ്! പാപ്പാ ഫ്രാന്‍സിസ് വ്യക്തമാക്കുന്നു, തന്‍റെ പ്രാര്‍ത്ഥനയിലും ചിന്തയിലും, സദാ നിറഞ്ഞുനിലക്കുന്നത് അതി‍ല്‍ 25 കോടിയോളം വരുന്ന ലോകമെമ്പാടുമുള്ള കുടിയേറ്റക്കാരാണ്. ഇവരില്‍ രണ്ടരക്കോടിയോളംപേര്‍ അഭയാര്‍ത്ഥികളുമാണ്. സമാദരണീയനായ തന്‍റെ മുന്‍ഗാമി, ബെനഡിക്ട് 16-Ɔമന്‍ ഇവരെ വിശേഷിപ്പിച്ചത്, “എവിടെയെങ്കിലും സമാധാനമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീപരുഷന്മാരും കുട്ടികളും യുവജനങ്ങളും പ്രായമായവരുമെന്നാണ് (2). സമാധാനം കണ്ടെത്താനായി ജീവിതങ്ങള്‍പോലും സാഹസികമായി അപായപ്പെടുത്തിക്കൊണ്ടാണ് അവര്‍ കുടിയേറുന്നത്. കൂട്ടത്തില്‍ ആ പ്രയാണത്തെ തടസ്സപ്പെടുത്താന്‍ ഉയര്‍ത്തിയ മതിലുകളും കമ്പിവേലികളും മറികടന്നും, യാതനകള്‍ സഹിച്ചുമാണ് അവര്‍ ലക്ഷ്യത്തിലേയ്ക്ക് മുന്നേറുന്നത്. 

യുദ്ധത്തിന്‍റെയും അഭ്യന്തരകലാപത്തിന്‍റെയും രണഭൂമിയില്‍നിന്നും, ദാരിദ്ര്യത്തിന്‍റെ വറുതിയില്‍നിന്നും പലായനം ചെയ്യുന്നവരെയും, വിവേചനത്തിന്‍റെയും പീഡനങ്ങളുടെയും പാരിസ്ഥിതിക വിനാശത്തിന്‍റെയും ചുറ്റുപാടുകളില്‍‍നിന്നും ഓടി രക്ഷപ്പെടുന്നവരുമായ അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും സഹാനുഭാവത്തിന്‍റെ അരൂപിയില്‍ നമുക്ക് ആശ്ലേഷിക്കാം. മനുഷ്യയാതനകളോട് സഹതാപം കാട്ടിയാല്‍ മാത്രം   പോരെന്ന് നമുക്കറിയാം. നാടും വീടും വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരാകുകയും, കുടിയിറക്കപ്പെടുകയും ചെയ്തവര്‍ക്ക് സമാധാനപൂര്‍ണ്ണമായി ജീവിക്കാന്‍ ഒരിടം നല്കുകയാണാവശ്യം. അഗതിയും അഭയാര്‍ത്ഥിയുമായ ഒരാളെ സ്വീകരിക്കുക അല്ലെങ്കില്‍ ഉള്‍ക്കൊള്ളുകയെന്നാല്‍ അത് സമര്‍പ്പണവും ത്യാഗവും, സഹാനുഭാവവും കരുതലുള്ള പരിചരണവും ആവശ്യപ്പെടുന്നു. മാത്രമല്ല ചിലപ്പോള്‍ സംയുക്തവും സങ്കീര്‍ണ്ണവുമായ പ്രതിസന്ധികളുടെ ചുറ്റുപാടുകളും അതുമായി ബന്ധപ്പെട്ട് നേരിടേണ്ടി വരുന്നതുമായ കാര്യമാണ്. പലപ്പോഴും ഇവര്‍ക്ക് ജീവിതം ആരംഭിക്കാന്‍ ലഭ്യമാകുന്ന ഉപായസാധ്യതകളും സൗകര്യങ്ങളും വളരെ പരിമിതവുമായിരിക്കും.  

പ്രായോഗിക ബുദ്ധിയോടും വിവേകത്തോടുംകൂടെ, പരിധികളില്‍നിന്നുകൊണ്ടും പൊതുനന്മ കണക്കിലെടുത്തും ശരിയായ ധാരണയോടും കൂടെയായിരിക്കണം അവരെ തങ്ങളുടെ സമൂഹങ്ങളിലേയ്ക്ക് ഉള്‍ച്ചേര്‍ക്കാന്‍ ഓരോ രാജ്യത്തെയും അധികൃതര്‍ പരിശ്രമിക്കേണ്ടത് (3). കുടിയേറ്റക്കാരോടുള്ള സമീപനത്തില്‍ ന്യായമായ അവകാശങ്ങള്‍ക്കും സമഗ്ര പുരോഗതിക്കും ഇണങ്ങുന്ന നയങ്ങള്‍ രാഷ്ട്രനേതാക്കള്‍ ശ്രദ്ധയോടെ സ്വീകരിക്കേണ്ടതാണ്. അല്ലെങ്കില്‍ കരുതലില്ലാത്ത വിവേകശൂന്യരെപ്പലെ നാം ആഗോളവ്യാപകമായി സമാരംഭിച്ചിരിക്കുന്ന കുടിയേറ്റ ഗോപുരം പൂര്‍ത്തീകരിക്കാനാവാതെ പിന്‍വാങ്ങേണ്ടി വന്നേക്കാം (4).

2. ഇത്രയേറെ  കുടിയേറ്റക്കാര്‍!
യൂദയായിലെ ബെതലഹേം നഗരത്തില്‍ മാലാഖമാരിലൂടെ ലോകത്തിന് സമാധാന സന്ദേശം ശ്രവിച്ചതില്‍പ്പിന്നെ രണ്ടായിരാമാണ്ടു തികഞ്ഞ കാലഘട്ടത്തില്‍ ലോകത്തുണ്ടായിട്ടുള്ള ഒടുങ്ങാത്തതും ഭീതിയുണര്‍ത്തുന്നതുമായ യുദ്ധം, കലാപം, കൂട്ടക്കുരുതി, ഭീകരപ്രവര്‍ത്തനങ്ങള്‍, തദ്ദേശ സമൂഹങ്ങളുടെ വംശനാശം എന്നിവ 20-‍Ɔ൦ നൂറ്റാണ്ടിനെ കലുഷിതമാക്കുന്നത് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ് (5). നവസഹസ്രാബ്ദം വരിഞ്ഞിട്ടും സായുധ പോരാട്ടങ്ങളും മറ്റ് സംഘടിത സാമൂഹിക അതിക്രമങ്ങളും ദേശാതിര്‍ത്തികളിലും അതിനുമപ്പുറവും സാരമായ
തോതില്‍ ഇന്നും എവിടെയും തുടരുകയാണ്. എന്നാല്‍ മറ്റു കാരണങ്ങളാല്‍ കുടിയേറുന്നവര്‍
ജീവിതത്തിന്‍റെ നൈരാശ്യപൂര്‍ണ്ണതയും പ്രത്യാശയില്ലാത്ത ഭാവിയും പിന്‍തള്ളി മെച്ചപ്പെട്ടൊരു ജീവിതാവസ്ഥയ്ക്കായി സത്യസന്ധമായി പരിശ്രമിക്കുന്നവരാണ് അധികംപേരും (6).  തങ്ങളുടെ കുടുംബങ്ങളുടെ കൂട്ടായ്മയില്‍ എത്തിച്ചേരാനാണ് കുറെപ്പേര്‍ പരിശ്രമിക്കുന്നത്. മറ്റുചിലര്‍ തൊഴില്‍പരവും വിദ്യാഭ്യാസപരവുമായ അവസരങ്ങള്‍ മാത്രം തേടുന്നവരാണ്.
എന്നാല്‍ മൂന്നാമതൊരു കൂട്ടര്‍ മേല്പറഞ്ഞ അവസരങ്ങളോ, അവകാശങ്ങളോ ലഭ്യമാകാതെ അന്യനാടുകളില്‍ അസമാധാനത്തില്‍ കഴിയുന്നവരുമാണ്.

അങ്ങേയ്ക്കു സ്തുതി! (Laudato Si’!) എന്ന ചാക്രികലേഖനം സൂചിപ്പിക്കുന്നതുപോലെ, പാരിസ്ഥിതിക വിനാശം മൂലമുണ്ടാകുന്ന വര്‍ദ്ധിച്ച ദാരിദ്ര്യാവസ്ഥയാല്‍ നാടും വീടും വിട്ടിറങ്ങുന്ന കുടിയേറ്റക്കാരുടെ എണ്ണം പൂര്‍വ്വോപരി വര്‍ദ്ധിച്ചിട്ടുണ്ട് (7). അധികംപേരും കുടിയേറുന്നത് നിയമപരമായ വഴികളിലൂടെയാണ്. എന്നാല്‍ ചിലര്‍, മാതൃരാജ്യത്തുതന്നെ വേണ്ടുന്ന പിന്‍തുണയോ, വളരാനുള്ള അവസരങ്ങളോ തൊഴില്‍ സാദ്ധ്യതകളോ ലഭിക്കാതെയും, നിയമപരമായി കുടിയേറാനുള്ള മാര്‍ഗ്ഗങ്ങള്‍ കൊട്ടിയടയ്ക്കപ്പെടുകയും, അത് മന്ദഗതിയിലാക്കപ്പെടുകയും  ചെയ്യുന്ന സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളില്‍ കുടിയേറുന്നതി്‍ വളഞ്ഞവഴികള്‍ സ്വീകരിക്കുന്നവരുണ്ട്.  കുടിയേറ്റത്തിന്‍റെ ലക്ഷ്യമായ പല രാജ്യങ്ങളും ആവര്‍ത്തിച്ചു പറയുന്ന ഒരു ഒഴികഴിവ്  അല്ലെങ്കില്‍ തടസ്സം ദേശീയസുരക്ഷ, നവാഗതര്‍ കാരണമാക്കുന്ന ഭാരിച്ച ചെലവുകള്‍ എന്നിവയാണ്.  ഒപ്പം എല്ലാവരുടെയും മനുഷ്യാന്തസ്സ് തരംതാഴ്ത്തപ്പെടുന്നു എന്ന കാരണവും പറയപ്പെടുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ ചിലപ്പോള്‍ വളര്‍ത്തിയെടുക്കുന്ന കുടിയേറ്റക്കാരോടുള്ള ഇത്തരത്തിലുള്ള ഭീതിമൂലം, സമാധാനത്തിനു പകരം അക്രമണവും, വംശീയ വിവേചനവും, സമൂഹത്തില്‍ അന്യജാതിക്കാരോടും വര്‍ഗ്ഗക്കാരോടുമുള്ള വിദ്വേഷം എന്നിവ വളര്‍ന്നുവരാറുണ്ട്.  ഇത് കുടിയേറ്റക്കാരെക്കുറിച്ച് ഏറെ ആശങ്ക ഇന്നു വളര്‍ത്തുന്നുമുണ്ട് (8). ആഗോള വ്യാപകമായി ലഭിക്കുന്ന സൂചനകള്‍ പറയുന്നത് കുടിയേറ്റ പ്രതിഭാസം ഇനിയും തുടരുമെന്നാണ്. ചിലര്‍  ഇതിനെ ഭീതിയോടെയാണ് വീക്ഷിക്കുന്നത്. എന്നാല്‍ തന്‍റെ അഭിപ്രായത്തില്‍ ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കട്ടെ, കുടിയേറ്റം സമാധാന വഴികളിലെ മറ്റൊരു അവസരമാണ്.

3. ധ്യാനാത്മകമായ വീക്ഷണത്തില്‍
വിശ്വാസത്തില്‍നിന്നും വളരുന്ന വിജ്ഞാനം നമ്മില്‍ ഒരു ധ്യാനാത്മകമായ വീക്ഷണം വളര്‍ത്തും. കുടിയേറ്റക്കാരും അവരെ സ്വീകരിക്കുന്ന പ്രാദേശിക ജനതയും - എല്ലാവരും ഒരു സമൂഹത്തിലെ അംഗങ്ങളാണെന്നും, കുടുംബവുമാണെന്നുമുള്ള വീക്ഷണമാണ് ഇതുവഴി നാം  വളര്‍ത്തേണ്ടത്. ഭൂമിയുടെ വിഭവസമ്പത്തുക്കള്‍ എല്ലാവരുടേതുമാണ്, അവ എല്ലാവര്‍ക്കും അവകാശപ്പെട്ടതുമാണ്. കുടിയേറ്റത്തിന്‍റെ മേഖലയില്‍ ഒരു ആഗോളവീക്ഷണം അനിവാര്യമാണെന്നത് സഭയുടെ സമൂഹിക പ്രബോധനമാണ്. അതിനാല്‍ ഐക്യദാര്‍ഢ്യവും പങ്കുവയ്ക്കലും വിശ്വാസജീവിതത്തിന് ആധാരമായിരിക്കണം (9).

മേല്പറഞ്ഞ കാര്യങ്ങള്‍ വിശുദ്ധഗ്രന്ഥം പറയുന്ന ‘നവജരൂസല’ത്തിന്‍റെ ചിന്തകള്‍ നമ്മില്‍ ഉണര്‍ത്തേണ്ടതാണ്. ഏശയ പ്രവാചകന്‍റെ പുസ്തകം അദ്ധ്യായം 60-ഉം, വെളിപാട് ഗ്രന്ഥത്തിലെ  21-Ɔ൦ അദ്ധ്യായവും ജനതകള്‍ക്കായ് തുറന്നിട്ട വിശുദ്ധനഗരമായ നവജരൂസലേത്തിന്‍റെ ചിത്രം വരച്ചുകാട്ടുന്നു. അവിടെ അതിനെ നയിക്കുന്ന പരമശക്തി സമാധാനവും, അതിനോടു ചേര്‍ന്നു നില്ക്കുന്ന അടിസ്ഥാന ആദര്‍ശം നീതിയുമാണ്.  നാം ജീവിക്കുന്ന നഗരങ്ങളിലേയ്ക്ക് ഈ ധ്യാനാത്മക വീക്ഷണം പകര്‍ന്നു നല്കേണ്ടതാണ്. “അവരുടെ ഭവനങ്ങളിലും തെരുവുകളിലും ചത്വരങ്ങളിലും ദൈവം വസിക്കുന്നുവെന്ന വിശ്വാസത്തിന്‍റെ വീക്ഷണമാണിത്.” അത് ഐക്യദാര്‍ഢ്യവും, സാഹോദര്യവും വളര്‍ത്തുന്നു. നന്മയ്ക്കും സത്യത്തിനും നീതിക്കുമായുള്ള തീക്ഷ്ണതയാണിത് (10). മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അത് സമാധാനത്തിനുള്ള വാഗ്ദാനവും അതു നിറവേറ്റുവാനുള്ള സാദ്ധ്യതയുമാണ്. അങ്ങനെ അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും നാം പ്രകടമാക്കേണ്ട തുറവുള്ളൊരു വീക്ഷണത്തില്‍ നമുക്കു മനസ്സിലാകും, അവര്‍ വരുന്നത് വെറുംകൈയ്യുമായിട്ടല്ല. അവര്‍ക്ക് ധൈര്യമുണ്ട്, കഴിവുകളുണ്ട്. പിന്നെ നവമായി എല്ലാം തുടങ്ങാനുള്ള ഊര്‍ജ്ജവും ഉന്മേഷവുമുണ്ട്. ഒപ്പം അവരുടെ സാംസ്ക്കാരിക മൂല്യങ്ങളും സവിശേഷതകളും അവര്‍ക്ക് കൈമുതലായുണ്ട്. അതിനാല്‍ കുടിയേറ്റക്കാരെ സ്വീകരിക്കുന്ന രാജ്യങ്ങള്‍ അവരുടെ കഴിവുകള്‍കൊണ്ട് സമ്പന്നമാകതന്നെചെയ്യും. തങ്ങളുടെ ഉപായസാധ്യതകള്‍ കുറവായിരിക്കുമ്പോഴും കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമായി ഹൃദയകവാടങ്ങള്‍ തുറക്കുന്ന ലോകത്തുള്ള നിരവധി സമൂഹങ്ങളുടെയും, സംഘടകളുടെയും, കുടുംബങ്ങളുടെയും വ്യക്തികളുടെയും ക്രിയാത്മകവും സന്നദ്ധതയുള്ളതുമായ ത്യാഗമനസ്ഥിതിയെ ഇവിടെ അനുസ്മരിക്കട്ടെ!

ഈ ധ്യാനാത്മകമായ കാഴ്ചപ്പാട് പൊതുനന്മയ്ക്കായുള്ള ഉത്തരവാദിത്വം വഹിക്കുന്നവരുടെ വിവേചന ശക്തിയെ തൊട്ടുണര്‍ത്തേണ്ടതാണ്. മാത്രമല്ല, പരിധികളില്‍നിന്നുകൊണ്ട് കുടിയേറ്റക്കാരെ സ്വീകരിക്കുമ്പോള്‍, പൊതുനന്മയെക്കുറിച്ചുള്ള ശരിയായ ധാരണ എപ്പോഴും ഉണ്ടായിരിക്കേണ്ടതും ആവശ്യമാണ് (11). കാരണം മാനവകുടുംബത്തിലെ സകലരുടെയും ആവശ്യങ്ങളും ഓരോരുത്തരുടെയും നന്മയും മനസ്സിലേറ്റിക്കൊണ്ടായിരിക്കണം നാം ഇതു ചെയ്യേണ്ടത്.
ഈ ഒരു കാഴ്ചപ്പാടുള്ളവര്‍ സമാധാനത്തിന്‍റെ വിത്ത് മുളപൊട്ടുന്നതും തളിര്‍ത്തു വളരുന്നതും കാണാന്‍ ഇടയാകും. അങ്ങനെ നമ്മുടെ നഗരങ്ങളിലുള്ള കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും കുറിച്ചുള്ള വിഭിന്നവും ധ്രൂവീകരിക്കപ്പെട്ടതുമായ അഭിപ്രായങ്ങളെ സമാധാനത്തിന്‍റെ വേദികളാക്കി മെല്ലെ പരിവര്‍ത്തനംചെയ്തെടുക്കാന്‍ നമുക്കു സാധിക്കും.

4. കുടിയേറ്റത്തിലെ നാലു നാഴികക്കല്ലുകള്‍
അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും, മനുഷ്യക്കടത്തിന്  ഇരയായവര്‍ക്കും അവര്‍ അന്വേഷിക്കുന്ന സമാധാനത്തിന്‍റെ വഴികള്‍ തെളിയിച്ചു കിട്ടാന്‍ സഹായകമാകുന്ന നാലു പ്രായോഗിക പദ്ധതികള്‍ നിര്‍ദ്ദേശിക്കട്ടെ – ആദ്യമായി, അവരെ സ്വീകരിക്കുക. രണ്ടാമതായി സംരക്ഷിക്കുക.. മൂന്നാമതായി അവരെ പിന്‍തുണയ്ക്കുക, നാലാമതായി അവരെ പുനരധിവസിപ്പിക്കുക.

സ്വീകരിക്കുക, എന്നാല്‍ കുടിയേറാനുള്ള നിയമവഴികള്‍ തുറന്ന് അവരെ സഹായിക്കുന്ന മനോഭാവവുമാണ്. അതായത്, അതിക്രമത്തിന്‍റെയും പീഡനങ്ങളുടെയും പുറംന്തള്ളപ്പെട്ട രാജ്യത്തേയ്ക്ക് അവരെ തിരികെ വിടാതിരിക്കുന്ന പ്രക്രിയയുമാണിത്. അതിനാല്‍, മനുഷ്യാവകാശത്തെക്കുറിച്ചുള്ള ദേശിയ നയം ഉറപ്പു വരുത്തുന്ന രീതിയാണ് കുടിയേറ്റക്കാരുടെ ‘സ്വീകരിക്കണ’മെന്നു പറയുന്നത്. “അഗതികളോട് ആതിഥ്യമര്യാദ കാണിക്കണമെന്നും, അതുവഴി  ചിലര്‍ ദൈവദൂതന്മാര്‍ക്കു ആതിഥ്യം നല്കിയതുമായ” സംഭവങ്ങള്‍ വിശുദ്ധഗ്രന്ഥം രേഖപ്പെടുത്തുന്നുണ്ട് (13).

സംരക്ഷിക്കുക, എന്നാല്‍ അഭയവും സുരക്ഷിതത്ത്വവും തേടി പുറപ്പെടുന്നവരുടെ അനിഷേധ്യവും അഭംഗുരവുമായ അന്തസ്സ് സംരക്ഷിക്കുവാനും, അവര്‍ ചൂഷണം ചെയ്യപ്പെടാതിരിക്കുവാനുമുള്ള ഉത്തരവാദിത്വമാണ് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് ദുര്‍വിനിയോഗം ചെയ്യപ്പെടുകയും അപകടത്തിലാഴ്ത്തപ്പെടുകയും ചെയ്യാവുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അടിമത്വമാണ് തന്‍റെ മനസ്സിലെന്ന് പാപ്പാ എടുത്തുപറയുന്നുണ്ട്. “ദൈവം വിവേചനം കാട്ടുന്നില്ല, മറിച്ച് പരദേശികളെ അവിടുന്ന് കാത്തുപാലിക്കുകയും, അനാഥരെയും വിധവകളെയും സംരക്ഷിക്കുകയും ചെയ്യുന്നു” (14).

പിന്‍തുണയ്ക്കുക, എന്നാല്‍ അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും സമഗ്ര വികസനത്തിനായി പരിശ്രമിക്കുകയെന്നാണ്. അതിന്‍റെ പ്രധാന ഭാഗമായി കുട്ടികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസമാണ് ആദ്യം ലക്ഷ്യംവയ്ക്കേണ്ടത്. അവരുടെ വളര്‍ച്ചയുടെ സാധ്യതകളെ അത് കരുപ്പിടിപ്പിക്കുക മാത്രമല്ല, കലഹിക്കാതെയും തള്ളിക്കളയാതെയും എല്ലാവരെയും അഭിമുഖീകരിക്കാനും, സംവാദത്തിന്‍റെ പാത വളര്‍ത്താനും അവരെ സഹായിക്കും. നിങ്ങളുടെമദ്ധ്യേയുള്ള പരദേശികളെ സ്നേഹിക്കുകയും, അവര്‍ക്ക് ഭക്ഷണവും വസ്ത്രവും കൊടുക്കുകയും വേണമെന്ന് വിശുദ്ധഗ്രന്ഥം പഠിപ്പിക്കുന്നു. നിങ്ങളും ഒരുനാള്‍ ഈജിപ്തില്‍ പരദേശികളായിരുന്നില്ലേ! അതിനാല്‍ അങ്ങനെയുള്ളവരെ സ്നേഹിക്കണമെന്നാണ് തിരുവെഴുത്തുകള്‍ ഉദ്ബോധിപ്പിക്കുന്നത് (15).

നാലാമതായി, പുനരധിവസിപ്പിക്കുക, എന്നാല്‍ കുടിയേറ്റക്കാരെ പ്രാദേശിക സമൂഹത്തിന്‍റെ ഭാഗമാക്കുക, അതില്‍ ഇഴുകിച്ചേരാന്‍ അനുവദിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് പൗലോസ് അപ്പസ്തോലന്‍ ഉദ്ബോധിപ്പിക്കുന്നു, നിങ്ങള്‍ ഇനി പരദേശികളോ അപരിചിതരോ അല്ല, എന്നാല്‍ ദൈവജനത്തിന്‍റെ ഭാഗമായ അവരുടെ സഹപൗരന്മാരാണ്” (16).

5. രാജ്യാന്തര നയങ്ങള്‍ക്കുള്ള രണ്ടു നിര്‍ദ്ദേശങ്ങള്‍
ഐക്യരാഷ്ട്ര സംഘടനയുടെ മുന്നിലാണ് പാപ്പാ ഈ നിര്‍ദ്ദേശം വയ്ക്കുന്നത്. ആദ്യമായി അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനുളള ഒരു ക്രമമുള്ള ഉടമ്പടി 2018-ല്‍ സജ്ജമാക്കുക. രണ്ടാമത്തേത് കുടിയേറ്റപ്രക്രിയ സുഗമമാക്കുന്ന മറ്റൊരു ആഗോള ഉടമ്പടിയുമാണ്. ആഗോളതലത്തില്‍ കൂട്ടുത്തരവാദിത്ത്വമുള്ള ഉടമ്പടികള്‍ എന്ന നിലയില്‍ ഇവ കൃത്യമായ നയങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളുടെ രൂപരേഖയും പ്രായോഗിക നടപടിക്രമങ്ങളുമായി രൂപപ്പെടും. ഇക്കാരണത്താല്‍, കാരുണ്യത്താലും ദീര്‍ഘവീക്ഷണത്താലും, ധീരതയാലും പ്രചോദിതമായെങ്കില്‍ മാത്രമേ, സമാധാന നിര്‍മ്മിതിയുടെ പാതയില്‍ ഈ ഉടമ്പടികള്‍ ഉപയുക്തമാവുകയുള്ളൂ. അങ്ങനെ മാത്രമേ, ആഗോളതലത്തില്‍ രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന കുടിയേറ്റത്തോടുള്ള ദോഷൈകദര്‍ശനവും നിസംഗഭാവവും യാഥാര്‍ത്ഥ്യ ബോധത്തോടെ ഇല്ലായ്മ ചെയ്യാനാകൂ! ഇതിനാവശ്യമായ സംവാദവും മറ്റ് ഏകോപന ക്രമീകരണങ്ങളും വളര്‍ത്തിയെടുക്കേണ്ട പ്രത്യേക ഉത്തരവാദിത്വം രാജ്യാന്തര സമൂഹത്തിന്‍റേതാണ്.

സമ്പന്ന രാഷ്ട്രങ്ങള്‍ പൂര്‍വ്വോപരി മെച്ചപ്പെട്ട രീതിയില്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കപ്പുറം, വന്‍അഭയാര്‍ത്ഥി സമൂഹങ്ങളെ സ്വീകരിക്കുന്നപോലെ, സാധാരണഗതിയിലുള്ള രാഷ്ട്രങ്ങള്‍ക്കും അവരെ സ്വീകരിക്കാന്‍ സാധിക്കണമെങ്കില്‍ രാജ്യാന്തര തലത്തില്‍ അവര്‍ക്ക് ആവശ്യമായ സഹായധനം ലഭ്യമാക്കുകയും, സഹായസഹകരണങ്ങള്‍ ഉറപ്പുവരുത്തുകയും വേണം. ഇതുമായി ബന്ധപ്പെട്ട് വത്തിക്കാന്‍റെ സമഗ്ര മാനവ പുരോഗതിക്കായുള്ള സംഘത്തിന്‍റെ കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും വിഭാഗം (Migrants Section of the Dycastery for Integral Human Development) സ്വീകരിക്കുക, സംരക്ഷിക്കുക, പിന്‍തുണയ്ക്കുക, പുനരധിവസിപ്പിക്കുക ​എന്നീ നാലു കര്‍മ്മവാക്യങ്ങളെ –ആധാരമാക്കി ക്രൈസ്തവസമൂഹങ്ങളുടെ കുടിയേറ്റക്കാരോടുള്ള നയവും മനോഭാവവും പ്രകടമാക്കുന്ന ക്രിയാത്മകവും പ്രായോഗികവുമായ 20 സൂക്തങ്ങള്‍കൂടി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് (17). ഈ രണ്ടു ആഗോള ഉടമ്പടികളുടെയും നിര്‍ദ്ദേശങ്ങള്‍ ഐക്യരാഷ്ട്ര സംഘടന നടപ്പിലാക്കുമെന്ന പ്രത്യാശയോടെയാണ് കത്തോലിക്കാസഭ ഇത്രയേറെ താല്പര്യം കുടിയേറ്റമേഖലയില്‍ എടുക്കുന്നതും  ഇതുമായി ബന്ധപ്പെട്ടു മറ്റുകാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതും. ആദിമ സഭയോളം കടന്നുചെല്ലുന്ന താല്പര്യവും അജപാലന ആകാംക്ഷയും, കുടിയേറ്റക്കാര്‍ക്കായുള്ള ഉപവി പ്രവര്‍ത്തനങ്ങളും ഇന്നും സഭയില്‍ തുടരുകയാണ്. അവ തുടരുകതന്നെ ചെയ്യും.

6. ഭൂമി സമാധാനപൂര്‍ണ്ണമായ പൊതുഭവനം  
“കുടിയേറ്റക്കാരുടെ പ്രശ്നം ശരിയായി മനസ്സിലാക്കുകയും, സമാധാനപൂര്‍ണ്ണമായൊരു ലോകം എന്ന സ്വപ്നം എല്ലാവരും ഉള്‍ക്കൊള്ളുകയും ചെയ്യുകയാണെങ്കില്‍ മാനവകുലം ഒരു ആഗോള കുടുംബവും ഭൂമി നമ്മുടെ പൊതുഭവനവുമായി മാറും.”  ഇങ്ങനെ ഉദ്ബോധിപ്പിച്ചത് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് (18). ഇതൊരു മിഥ്യാബോധമല്ലെന്ന് ചരിത്രത്തില്‍ ധാരാളം പേര്‍ക്കു മനസ്സിലായിട്ടുണ്ട്. അതുപോലെ ലോകത്തുള്ള ധാരാളം പേര്‍ ഈ സമാധാന സ്വപ്നം മനസ്സിലേറ്റി ജീവിക്കുന്നവരുമാണ്.

അവരില്‍ ഒരാളായിരുന്നു ഫ്രാന്‍സിസ് സേവ്യര്‍ കബ്രീനി എന്ന വിശുദ്ധയായ സ്ത്രീ (1850-1917). 2017 നവംബര്‍ 13 കുടിയേറ്റക്കാരുടെ മദ്ധ്യസ്ഥയുടെ ചരമശതാബ്ദിയായിരുന്നു. ഇറ്റലിയില്‍നിന്നും അമേരിക്കയിലേയ്ക്കു കുടിയേറിയ കബ്രീനി തിരുഹൃദയത്തിന്‍റെ മിഷണറിമാര്‍ (Missionaries of Sacred Heart) എന്ന പ്രേഷിത സമൂഹത്തിന്‍റെ സ്ഥാപകയുമാണ്. കുടിയേറ്റക്കാരുടെ സ്വര്‍ഗ്ഗിയ മദ്ധ്യസ്ഥയും! കുടിയേറ്റക്കാരെ സ്വീകരിക്കാനും, സംരക്ഷിക്കാനും തുണയ്ക്കാനും സമഗ്രതയാര്‍ജ്ജിക്കാനും വിശുദ്ധയായ കബ്രനി നമ്മെ ഇന്നു സഹായിക്കട്ടെ! സമാധാനത്തിനായി പരിശ്രമിക്കുന്നവര്‍ സമാധാനത്തിന്‍റെ സമൃദ്ധമായ വിള കൊയ്തെടുക്കാന്‍ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമായി ജീവന്‍ സമര്‍പ്പിച്ച വിശുദ്ധ കബ്രീനിയുടെ മാധ്യസ്ഥം എന്നും നമുക്കു തുണയാവട്ടെ!








All the contents on this site are copyrighted ©.