2018-01-06 13:21:00

പൂജരാജാക്കളുടെ തിരുനാള്‍ : ക്രിസ്തുവെളിച്ചത്തിന്‍റെ പ്രത്യക്ഷീകരണം


വിശുദ്ധ മത്തായി 2, 1-12.  പ്രത്യക്ഷീകരണ മഹോത്സവം

1. പ്രത്യക്ഷീകരണം ദൈവിക പ്രഭ കണ്ട മഹോത്സവം 
ലോകം ദൈവിക പ്രഭ കണ്ടതിന്‍റെ സന്തോഷമാണ് പ്രത്യക്ഷീകരണ മഹോത്സവം വിളിച്ചോതുന്നത്. ലോകത്തിന് ദൈവിക വെളിച്ചം ലഭിച്ച ദിവസത്തെയും കാലത്തെയും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളെയും ചൂണ്ടിക്കാണിക്കുകയാണ് ഈ തിരുനാള്‍! ഏശയാ പ്രവാചകന്‍ ആദ്യവായനയില്‍ പറയുന്ന (ഏശയാ 60, 1-6) കര്‍ത്താവിന്‍റെ പ്രഭ  ഇതാ,  നമ്മുടെമേല്‍ ഉദിച്ചിരിക്കുന്നു! രാജാക്കന്മാര്‍ അവിടുത്തെ ഉദയശോഭയിലേയ്ക്ക് കടന്നുവരുന്നു! ഏശയാ പ്രവാചകന്‍ ഇതു നൂറ്റാണ്ടുകള്‍ക്കുമുന്നെ പറയുമ്പോള്‍ അതിന്‍റെ പൂര്‍ത്തീകരണമാണ് ഇന്നത്തെ സുവിശേഷഭാഗത്ത് നാം കാണുന്നത് (മത്തായി 2, 1-12).

2. ജീവിതം - ഒരു അന്വേഷണം 
എവിടെയാണു നമ്മുടെ ദൈവാന്വേഷണം? വളരെ ജൈവികവും എന്നാല്‍ സരളവുമായ ഇടമാകണം അത്. പുല്‍ത്തൊഴുത്തിനെക്കാള്‍ അതിനു പറ്റിയ മറ്റൊരു ഇടമില്ല. എന്നാല്‍ കാലാകാലങ്ങളായി മനുഷ്യര്‍ തെരഞ്ഞെടുത്തത് അത്തരം ഇടങ്ങളായിരുന്നില്ല. സുവിശേഷം പറയുന്ന കിഴക്കിന്‍റെ ജ്ഞാനികള്‍ക്കുപോലും വഴി തെറ്റുന്നുണ്ട്. കൊട്ടാരമായിരിക്കും ദൈവാന്വേഷണത്തിന് പറ്റിയ വഴിയടയാളങ്ങളായി അവര്‍ കരുതിപ്പോയത്. അതുകൊണ്ടാണ് ആദ്യം അവര്‍ ചെന്നത് ഹേറോദേസിന്‍റെ രാജകൊട്ടാരത്തിലേയ്ക്കായിരുന്നു. ആ തിരച്ചില്‍ സഹായിച്ചില്ലെന്നു മാത്രമല്ല,  കുറെ കുഞ്ഞിപ്പൈതങ്ങളുടെ ജീവിതങ്ങള്‍, ജീവനാളങ്ങള്‍ അണയ്ക്കാന്‍ അതു കാരണമാക്കയും ചെയ്തു.

3. നക്ഷത്രം നഷ്ടമാകാം!  
ഹേറോദേസ് രാജാവിന്‍റെ കൊട്ടാരത്തില്‍വച്ചാണ് അവര്‍ക്ക് ആ ദിവ്യനക്ഷത്രത്തത്തെ നഷ്ടമായത്. അതുകൊണ്ടു പറയാം കൊട്ടാരമായിരുന്നില്ല ദിശ! എന്നാല്‍, ഇതാണ് വഴിയും സത്യവും ജീവനും! ഇതാണ് നിങ്ങള്‍ക്കുള്ള അടയാളം. ഒരു പുല്‍ക്കൂട്ടില്‍ പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ ശിശുവിനെ നിങ്ങള്‍ കാണും (ലൂക്ക 2, 12). പുല്‍തൊട്ടിയിലെ കുഞ്ഞ് എന്തൊക്കെയാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്? തീര്‍ച്ചയായും സരളതയുടെ പാഠങ്ങളാണ്! നമുക്ക് ഇണങ്ങാത്ത കവചങ്ങള്‍, ഉതകാത്ത കവചങ്ങള്‍ എപ്പോഴുമുണ്ടാകാം. ദാവീദ് എന്ന ഇടയച്ചെറുക്കനെ സാവൂള്‍ രാജാവ് അണിയിച്ചെങ്കിലും അതു വേണ്ടെന്നു വയ്ക്കാന്‍ ആ ഇടയച്ചെറുക്കന്‍ കാണിച്ച ആര്‍ജ്ജവമാണ് തന്‍റെ ജീവിതത്തെ അഴകുള്ളതാക്കുന്നത്. ഇത് എനിക്കുള്ളതല്ല, എന്‍റെ ജീവിത ശൈലിക്കു ചേ൪ന്നതല്ല എന്നു നിശ്ചയിക്കുമ്പോള്‍ ഒരാള്‍ അനുഭവിക്കുന്ന ആനന്ദത്തിനും സ്വാതന്ത്ര്യത്തിനും അതിരുകളില്ല. എനിക്കിണങ്ങാത്ത കാര്യങ്ങള്‍ നേടാനും, അത് സൂക്ഷിക്കാനും ഒരാള്‍ അനുഭവിക്കുന്നത് എത്ര മാത്രം സമ്മര്‍ദ്ദങ്ങളാണ്.

ബോധപൂര്‍വ്വം ജീവിക്കാനാണ് ഒരാത്മീയന്‍ ആരണ്യത്തിലേയ്ക്ക് പിന്‍വാങ്ങുന്നത്. കാതലായതു മാത്രം അഭിമുഖീകരിക്കാനായിരുന്നു, അതില്‍നിന്ന് പഠിക്കാനും. ഭൂമിയിലെ ജീവിതം അത്ര ക്ലേശകരമല്ല. അത് സരളമായും ബോധപൂര്‍വ്വകമായും ജീവിക്കാന്‍ നമ്മെ പരിശീലിപ്പിച്ചാല്‍ മതി. നമ്മെ പ്രകാശിപ്പിക്കാന്‍ വിശുദ്ധഗ്രന്ഥത്തിന് കരുത്തുണ്ട്. ധാരാളംപേരെ അത് പ്രകാശിപ്പിച്ചിട്ടുമുണ്ട്. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധി അതില്‍ ഒരാളാണ്.

4. ജീവിതത്തിന്‍റെ ലാവണ്യശാസ്ത്രം  
ലളിതം എന്ന പദത്തിന് സൗന്ദര്യമുള്ളത് എന്നുകൂടി ശബ്ദതാരാവലിയില്‍ അര്‍ത്ഥമുണ്ട്. അതിനാല്‍ ജീവിതത്തിന്‍റെ ലാവണ്യശാസ്ത്രമാണ് സുവിശേഷമെന്നു നാം അറിയേണ്ടതാണ്, അറിഞ്ഞിരിക്കേണ്ടതാണ്. അപ്പോള്‍ ഒരാളുടെ അഴകിലേയ്ക്കുള്ള യാത്ര ആരംഭിക്കേണ്ടത് ലാളിത്യങ്ങളെ തിരികെ പിടിച്ചുകൊണ്ടാണ്. പുല്‍ക്കൂടു മന്ത്രിക്കുന്നത് ഇതാണ്! നിറയെ കതിര്‍‍മണികളുള്ള പാടത്തുനിന്ന് ഒരു കതിര്‍ മാത്രം കൊത്തിയെടുത്ത് കിളി പറന്നുയരുന്നു. ആകാശപ്പറവകള്‍ക്കുള്ള വാഴ്ത്താണല്ലോ സുവിശേഷം! അതിനാല്‍ വിഭവങ്ങളോടു മാത്രമല്ല, ജീവിതത്തിലെ ലളിതമായതിനെയും നമ്മുടെ വൈകാരികതയുടെ മതതയെന്നു പറയാനും കരുത്തുവേണം, കരുതല്‍ വേണം. 

ഈ കരുതല്‍ മതി, ആ സ്നേഹം മതി. ഈ ശ്രദ്ധ മതി... എന്നൊക്കെ നിശ്ചയിക്കുന്നിടത്താണ് ഒരാളുടെ ആന്തരിക ആകാശം വികാസം തേടുന്നത്. പുലരിതൊട്ട് അന്തിവരെ ഓടിത്തീര്‍ക്കാവുന്ന ദൂരം നമുക്കുള്ളതു തന്നെയാവാം! എന്നാല്‍ തളര്‍ന്നു വീഴുമ്പോള്‍ ‍നമുക്ക് അവകാശപ്പെട്ട കൃത്യമായ അളവ് നിശ്ചയിച്ചിട്ടുമുണ്ട്. അത്  ജന്മം നിശ്ചയിച്ചതാണ്. അത് ഏതായാലും അവസാനം 6 അടി മണ്ണിലും അധികമല്ല!

5. ലാളിത്യം ഒരു ജീവിതസമീപനം 
‌എല്ലാ മേഖലകളിലും ലളിത ജീവിതത്തിലേയ്ക്കുള്ള ദീപ്തമായ ക്ഷണങ്ങളുണ്ട്. കലയിലും രാഷ്ട്രീയത്തിലുമൊക്കെ അതിന്‍റെ അടയാളങ്ങളുണ്ട്. ഡി-യിലെ മെത്രാന്‍ അറുപതു മുറികളുള്ള അരമന സ്വന്തമാക്കി. ഒരു കുടുംബ വീടു സ്വന്തമാക്കി. എന്നിട്ടത് പാവപ്പെട്ട രോഗികള്‍ക്കായി തുറന്നിട്ടു. എന്നിട്ട് അദ്ദേഹം അവരുടെ കുടുസ്സുമുറിയില്‍ ഒതുങ്ങിപ്പാര്‍ത്തു. പാവങ്ങള്‍... വിഖ്യാതമായ നോവലിന്‍റെ പശ്ചാത്തലമാണിത്. ജീവിതലാളിത്യം ഉള്‍ക്കൊണ്ട് മാതൃകാപരമായി ജീവിച്ചു. വത്തിക്കാനിലെ വിസ്തൃതമായ അപ്പസ്തോലിക അരമന ഉപേക്ഷിച്ചാണ് താഴെ ലളിതമായ ഫ്ലാറ്റില്‍, സാന്താ മാര്‍ത്തയില്‍ പാപ്പാ ഫ്രാന്‍സിസ് താമസം ഉറപ്പിച്ചത്. മാതൃകയാക്കാവുന്ന സുവിശേഷ ലാളിത്യമാണിത്. എന്നിട്ട് പാപ്പാ സകലര്‍ക്കുമായി അതിരുകള്‍ തുറന്നുകൊടുക്കാന്‍ രാഷ്ട്രങ്ങളോട് അവശ്യപ്പെടുന്നു. പിന്നെ തന്‍റെതന്നെ അപ്പസ്തോലിക യാത്രകള്‍ അതിരുകള്‍ തേടിയുള്ളതാണ്. മാനുഷികയാതനകളുടെ വേദിയിലേയ്ക്കാണിത്. മൗലികമായി പാവങ്ങളുടെ പക്ഷംചേരുന്ന യാത്രകളാണിത്.അപ്പോള്‍ ലാളിത്യം ഒരു ജീവിതസമീപനമാണ്.

6. തൃപ്തിയുടെ സംതൃപ്തിയുടെ ജീവിതം  
കുറച്ചു കാര്യങ്ങളില്‍ ജീവിതത്തെ പരിമിതപ്പെടുത്തുക, എന്നു മാത്രമല്ല അതിന്‍റെ സാരം, നേര്‍രേഖയില്‍ എല്ലാം കാണാന്‍ കഴിയുക എന്നതാണ് അതിന്‍റെ പൊരുള്‍! അതിന്‍റെ ഫലമോ. അതു വിരിയിക്കുന്ന പരിമളമുള്ള സംതൃപ്തിയുടെ പൂവാണ്, സംതൃപ്തിയുടെ ജീവിതമാണ്.    കിളികളെ നിരീക്ഷിക്കാമോ? എന്തു സംതൃപ്തിയിലും നിറവിലുമാണ് അവയുടെ പോക്ക്. അവര്‍ ഭക്ഷണം കൊത്തിത്തിന്നുന്നത് എന്തു സംതൃപ്തിയിലാണ്! എന്നാല്‍ മനുഷ്യര്‍ നാം എന്തുകൊണ്ടാണ് അസംതൃപ്തിരായി മാറുന്നത്. ഒരു കിളിയും ഉണ്ടുപോകുമ്പോള്‍ മരത്തോട് പിണങ്ങുന്നില്ല. എന്നാല്‍ നാമോ? പുഞ്ചിരിയോടെ ആരംഭിച്ച വര്‍ത്തമാനവും സ്നേഹബന്ധവുമായിരുന്നു. പെട്ടെന്ന് ഹൃദയങ്ങള്‍ കടുത്തു. ശരീരഭാഷയും സംസാരരീതിയും കാണക്കാണെ കടുത്തു പോകുന്നു. സ്നേഹം വെറുപ്പായി മാറുന്നു. പിന്നെ അസംതൃപ്തിയുടെ പെരുമാറ്റങ്ങള്‍! ആത്മവഞ്ചനയുടെയും, നന്ദികേടിന്‍റെയും എത്രയെത്ര കഥകള്‍!

7. സംതൃപ്തിയുടെ  മൗലികദ൪ശ​നം
ക്രിസ്തുവിന്‍റെ സുവിശേഷത്തില്‍നിന്നും നാം വായിച്ചെടുക്കേണ്ട ഒരു പ്രധാന പാഠം തൃപ്തിയുടേതാണ്, സംതൃപ്തിയുടേതാണ്. ഒന്നോര്‍ത്താല്‍, എത്രയേറെ പരാതികള്‍ക്ക് ഇടമുള്ള രാവിലേയ്ക്കാണ് അവന്‍ പിറന്നു വീണത്. സത്രങ്ങള്‍ പോലും പുറത്തു നിറുത്തിയ ജീവിതം! എന്നിട്ടും ഒരു പുല്‍ക്കൂട് എത്ര പെട്ടന്നാണ് ഹൃദ്യമായ ഇടമായി മാറിയത്. നാല്ക്കാലികള്‍, ഇടയന്മാര്‍ മാലാഖമാര്‍, നക്ഷത്രങ്ങള്‍, പൂജാരാജാക്കള്‍...! ഒക്കെ ചേര്‍ന്ന് ഒരു തൊഴുത്തിനെ അനുപമമായ പ്രസാദമുള്ള ഇടമാക്കി മാറ്റിയിരിക്കുന്നു!

പിന്നീടു വളര്‍ന്നപ്പോഴും അയാള്‍ തൃപ്തിയിലായിരുന്നു. മാതാപിതാക്കള്‍ക്കു വിധേയപ്പെട്ടു ജീവിച്ചു. പോരായ്മകള്‍ ഉണ്ടായിട്ടും ശിഷ്യരെ ഓര്‍ത്ത് ദൈവത്തെ വാഴ്ത്തി. പിതാവേ, എന്നു വിളിച്ചു. അങ്ങനെ വിളിക്കാന്‍ എല്ലാവരെയും പഠിപ്പിച്ചു. പരിമിതമായ സാഹചര്യങ്ങളിലും അഗാധമായ സ്വസ്ഥത നിലനിര്‍ത്തി. ആരംഭിച്ചതൊന്നും ലക്ഷ്യത്തിലേയ്ക്ക് എത്താതെ കടന്നു പോയപ്പോഴും സംതൃപ്തിയുടെ വാക്കുകളോടെ കടന്നുപോയി. കാറ്റിലും കോളിലും ഉലയുന്ന ഒരു വഞ്ചിയുടെ അമരത്ത് അവിടുന്നു ഗാഢനിദ്രയില്‍ അമര്‍ന്നെന്നോര്‍ക്കണം. ആരംഭിച്ചതൊന്നും ലക്ഷ്യത്തിലെത്തിക്കാതെ മുപ്പത്തിമൂന്നാം വയസ്സില്‍ കടന്നുപോകേണ്ടി വന്നപ്പോള്‍ ഉച്ചരിച്ചത് ഭൂമിയിലേയ്ക്കുവച്ച് ഏറ്റവും തൃപ്തമായ ജീവിതത്തിന്‍റെ ഭരതവാക്യംപോലെ നമുക്കനുഭവപ്പെടും. അവസാനം കുരിശില്‍ പീഡകള്‍ സഹിച്ചു മരിക്കുമ്പോഴും സംതൃപ്തിയുടെ വാക്കുകള്‍, “എല്ലാം പൂര്‍ത്തിയായി....!”  തൃപ്തിയില്‍ ജീവിക്കുകയും, സംതൃപ്തിയില്‍ കടന്നുപോവുകയും ചെയ്ത നസ്രായന്‍, ക്രിസ്തു! പുല്‍ക്കുടിലില്‍ ജാതനായവന്‍!

8. സംതൃപ്തനായ നസ്രായ൯!  
തര്‍ക്കമില്ലാത്ത വിധത്തില്‍ ഇത്രയും ലളിതമായി ജീവിച്ച മറ്റൊരാള്‍ ഉണ്ടാവില്ല. പുല്‍ത്തൊട്ടിയിലെ ജനനം, പന്ത്രണ്ടു വര്‍ഷത്തെ നാടോടി ജീവിതം. ദീര്‍ഘമായ മരയാശാരിയുടെ ജീവിതം മേല്‍ക്കൂരയില്ലാത്ത നിദ്ര, അനുഭവിച്ച പട്ടിണി ഒക്കെക്കൂടി ആ ജീവിതത്തെ മൂര്‍ച്ചയുള്ളതാക്കി സൂക്ഷിച്ചു. നാല്പതുദിവസം പട്ടിണി കിടന്നതുപോലും മതപരമായ ഒരു സുകൃതത്തിന്‍റെ ആചരണമൊന്നുമായിരുന്നില്ല. മറിച്ച് പട്ടിണി കിടക്കാനുള്ള പരിശീലനത്തിന്‍റെ ഭാഗമായിരുന്നിരിക്കണം. മനുഷ്യര്‍ക്കും ഭൂമിക്കുംവേണ്ടി ജീവിക്കുന്നവര്‍ നന്നായിട്ട് പട്ടിണി കിടക്കന്‍ പഠിച്ചവരായിരിക്കണം. അല്ലെങ്കില്‍ ഏറ്റവും ചെറിയ വിശപ്പുകളില്‍പ്പോലും ‘കല്ലുകളെ അപ്പമാക്കി…’ തങ്ങളുടെ നിയോഗത്തില്‍നിന്ന് പാളിപ്പോകും. ജീവിതത്തെ ഒരു ദീര്‍ഘമായ യാത്രയായി എണ്ണി, വടിയോ ചെരുപ്പോ രണ്ടുടുപ്പോ ഭാണ്ഡമോ നാണയമോ ഇല്ലാതെ വ്യാപരിക്കുവാന്‍ പ്രേരിപ്പിച്ചു.

9. വെളിച്ചമാകാം വെളിച്ചമേകാം!  
നമ്മുടെ തന്നെ ജ്ഞാനസ്നാനനാള്‍ ഓര്‍മ്മിക്കുക. നാം കൈക്കുഞ്ഞായിരുന്നപ്പോള്‍... ശിരസ്സില്‍ തീര്‍ത്ഥം തളിച്ചതിനുശേഷം കൈയ്യില്‍ ഒരു തിരി മാതാപിക്കളും ജ്‍ഞാനസ്നാന പിതാക്കലും കാര്‍മ്മികനും ചേര്‍ത്തു പിടിച്ചു നല്കുന്നു.. മകനേ, മകളേ, ക്രിസ്തുവിന്‍റെ പ്രകാശം സ്വീകരിക്കുക! ക്രിസ്തുവില്‍ പ്രകാശിതരാകുക! ഇത് വിശ്വാസത്തിന്‍റെ വിളക്കാണ്. സ്നേഹത്തിന്‍റെ വിളക്കാണ്. മരണംവരെ പൊലിയാതെ കാത്തുസൂക്ഷിക്കുക! പ്രത്യക്ഷീകരണം ക്രിസ്തുവിന്‍റെ വെളിച്ചത്തിന്‍റെ മഹോത്സവമാണ്. ക്രിസ്തുവെളിച്ചും ലോകത്തിന് ദൃശ്യമായ മഹോത്സവം. ലോകത്തെ ക്രിസ്തു വെളിച്ചത്താല്‍ പ്രശോഭിതമാക്കണമേ.. എന്നു പ്രാര്‍ത്ഥിക്കാം. ലോകത്ത് നന്മയും സ്നേഹവും സമാധാനവും കൂടുതല്‍ വളരട്ടെ, തെളിയട്ടെ...!  തെളിഞ്ഞു പ്രകാശിക്കട്ടെ!
All the contents on this site are copyrighted ©.