2018-01-05 08:06:00

DOCAT ​L​: ''മൂലധനത്തിനുമുന്നേ തൊഴില്‍''


തൊഴിലിനെക്കുറിച്ചു സഭയുടെ സാമൂഹിക രേഖകള്‍ നല്‍കുന്ന പ്രബോധനങ്ങളെന്തെന്നു പഠിപ്പിക്കുന്ന, ''തൊഴിലും ദൈവനിയോഗവും'' എന്ന ശീര്‍ഷകത്തിലുള്ള ഡുക്യാറ്റിന്‍റെ ആറാമധ്യായത്തില്‍   തൊഴിലിനെക്കുറിച്ചുള്ള ദൈവികപദ്ധതി, മനുഷ്യവ്യക്തിയും തൊഴിലും, തൊഴില്‍ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്നിവയൊക്കെ  വിശദീകരിക്കപ്പെടുന്നു  ഇന്ന് 142 മുതല്‍ 145 വരെയുള്ള ഈ ചോദ്യോത്തരങ്ങളാണു പരിചിന്തനത്തിനു നാമെടുത്തിരിക്കുന്നത്. ഈ ഭാഗത്ത് പ്രധാനമായും തൊഴിലാളികളുടെ പ്രശ്നത്തോടു പലവിധത്തിലുണ്ടായിട്ടുള്ള പ്രതികരണങ്ങള്‍ മനസ്സിലാക്കുന്നതിന്, പ്രത്യേകിച്ച് മാര്‍ക്സിസ്റ്റു സിദ്ധാന്തങ്ങള്‍, സഭാപ്രബോധനങ്ങള്‍ എന്നിവ മനസ്സിലാക്കുന്നതിനു നാം ശ്രമിക്കുകയാണ്.

വ്യാവസായിക വിപ്ലവത്തോടു ചേര്‍ന്നുണ്ടായ തൊഴില്‍ പ്രശ്നപരിഹാരം തേടി, കമ്യൂണിസ്റ്റ് സിദ്ധാന്തം വിതയ്ക്കപ്പെട്ട പശ്ചാത്തലം മനുഷ്യസമൂഹത്തിന്‍റെ, പ്രത്യേകിച്ചും തൊഴിലാളി സമൂഹത്തിന്‍റെ ചിന്തയ്ക്കപ്പുറമുള്ള സഹനങ്ങളാണ് എന്ന് സഭ അംഗീകരിക്കുന്നുണ്ട്. എന്നിരുന്നാലും അത് മനുഷ്യസമൂഹത്തിന്‍റെ പ്രശ്നങ്ങളില്‍ നിന്നു ദൈവത്തെ മാറ്റി നിര്‍ത്തുകയും മനുഷ്യന്‍ തന്നെ പ്രശ്നപരിഹാരത്തിനു മതിയായവനാണെന്നു ചിന്ത പ്രബലപ്പെടുത്തുകയും ചെയ്യുകയാണ്.  ഇതൊരിക്കലും മനുഷ്യകുലത്തിനു സ്ഥായിയായ സമാധാനം കൊണ്ടുവരികയില്ല.  തിന്മയെ തിന്മകൊണ്ടെതിര്‍ക്കുന്ന അപകടത്തിലേയ്ക്ക് അതു നയിക്കുകയും തിന്മ വര്‍ധിക്കുകയും ചെയ്യും.  ഇന്നത്തെ വിചിന്തനഭാഗത്ത, ആദ്യത്തെ, അതായത് 142-ാമത്തെ ചോദ്യം മാര്‍ക്സിസവും സഭയുടെ സാമൂഹികപ്രബോധനങ്ങളും തമ്മിലുള്ള വ്യത്യാസമെന്ത്? എന്നതാണ്. ഡുക്യാറ്റു നല്‍കുന്ന ഉത്തരം ഇതാണ്:

ഉത്തരം: തൊഴിലാളിപ്രശ്നത്തിന് പ്രത്യുത്തരമായിട്ട് കാറല്‍മാര്‍ക്സും തന്‍റെ സ്ഥിതിസമത്വവാദസിദ്ധാന്തം പുറപ്പെടുവിച്ചു.  മാര്‍ക്സിന്‍റെ അഭിപ്രായത്തില്‍ മുതലാളികളും തൊഴിലാളികളും തമ്മിലുള്ള ഒഴിവാക്കാനാവാത്ത വര്‍ഗയുദ്ധമാണ് ഇതിനുള്ള ഉത്തരം.  മുതലാളിത്തവ്യവസ്ഥയുടെ തകര്‍ച്ചയും തൊഴിലാളിവര്‍ഗത്തിന്‍റെ മേധാവിത്വവും സംഭവിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  മനുഷ്യ സമൂഹത്തിന്‍റെ ചിന്തയ്ക്കപ്പുറമുള്ള സഹനങ്ങളാണ് കമ്യൂണിസ്റ്റ് ചിന്താഗതി ഇരുപതാം നൂറ്റാണ്ടില്‍ വിതക്കപ്പെടുന്നതിനു കാരണമായത്.  ആരംഭം മുതല്‍ത്തന്നെ സഭ കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ അപകടം തിരിച്ചറിയുകയും വര്‍ഗസമരത്തെ വസ്തുനിഷ്ഠമായി എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്പില്‍ സഭയുടെ സാമൂഹിക സിദ്ധാന്തങ്ങളും ക്രിസ്ത്യന്‍ ജനാധിപത്യ സാമൂഹിക മുന്നേറ്റങ്ങളുമൊക്കെ സാമൂഹിക സാമ്പത്തിക മേഖലകളെ സന്തുലിതാവസ്ഥയിലാക്കുവാന്‍ സ്വയം സമര്‍പ്പിച്ചു.

എന്തായാലും തൊഴിലാളികളില്‍ അവരുടെ മനുഷ്യമഹത്വം ദര്‍ശിക്കാതിരിക്കാതിരിക്കുക എന്നത് കടുത്ത അനീതിയാണ്.  വി.. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ലബോറെം എക്സേര്‍ച്ചെന്‍സ് എന്ന രേഖ, അതിന്‍റെ 6-ാം ഖണ്ഡികയില്‍ തൊഴിലിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: ''അന്തിമാപഗ്രഥനത്തില്‍, തൊഴിലിന്‍റെ കാരണഹേതു എപ്പോഴും മനുഷ്യനാണ്.  ഏറ്റം ചെറുതെന്ന് കരുതപ്പെടുന്ന തൊഴിലായാലും ആവര്‍ത്തന വിരസവും അന്യാധീനപ്പെട്ടതുമായ തൊഴിലായാലും കാരണഹേതു മനുഷ്യന്‍ തന്നെ'' (വി. ജോണ്‍ പോള്‍ രണ്ടാമന്‍, LE 6).

മൂലധനത്തിനുടമ തൊഴിലാളികളെ അവഗണിക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാവാത്തതാണെന്ന് ഇതിനുമുമ്പുതന്നെ ലെയോപതിമൂന്നാമന്‍ പാപ്പാ ഉദ്ബോധിപ്പിക്കുന്നുമുണ്ട്. 19-ാം ഖണ്ഡികയില്‍ പാപ്പാ തൊഴിലിന്‍റെയും മൂലധനത്തിന്‍റെയും പരസ്പരബന്ധത്തെ ഇങ്ങനെ ഉറപ്പിക്കുന്നു: ''മൂലധനമില്ലാതെ തൊഴിലിനോ, തൊഴിലില്ലാതെ മൂലധനത്തിനോ നിലനില്‍പ്പില്ല'' (ലെയോ 13-മന്‍ പാപ്പാ, RN 19).

തൊഴിലിനെ വസ്തുനിഷ്ഠമായി കണക്കാക്കാമെങ്കിലും, തൊഴിലിനുള്ള മാന്യത അത് മനുഷ്യന്‍ നിര്‍വഹിക്കുന്നു എന്നതിലാണ്.  ഇക്കാര്യമാണ് 143-ാമത്തെ ചോദ്യം.  അതിങ്ങനെയാണ്.

ചോദ്യം 143.  വസ്തുനിഷ്ഠമായ തൊഴിലും കര്‍തൃനിഷ്ഠമായ (വ്യക്തിനിഷ്ഠമായ) തൊഴിലും തമ്മിലുള്ള വ്യത്യാസമെന്ത്?

ഉത്തരം: ഒരു വ്യക്തിയുടെയോ ഒരു വ്യവസായത്തിന്‍റെയോ തൊഴിലിന്‍റെ ഉത്പാദനക്ഷമതയെ ക്കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടാറുണ്ട്.  സഭയുടെ സാമൂഹികപ്രബോധനങ്ങള്‍ വസ്തുനിഷ്ഠവും കര്‍തൃനിഷ്ഠവുമായ തൊഴിലിന്‍റെ മാനങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്നുണ്ട്.  മനുഷ്യന്‍ നിര്‍വഹിക്കുന്നതുകൊണ്ടുതന്നെ ഉള്ള തൊഴിലിന്‍റെ മാന്യതയെക്കുറിച്ചു പ്രതിപാദിക്കുന്നതാണ് രണ്ടാമത്തേത്.  മനുഷ്യന്‍റെ തൊഴിലിനെക്കുറിച്ചുള്ള ക്രിസ്തീയ പ്രബോധനങ്ങളുടെ അടിസ്ഥാനവും അനവരതവുമായ ഹൃദയമാണ് കര്‍തൃനിഷ്ഠമായ തൊഴിലെന്ന് തൊഴില്‍ മേഖലയില്‍ അതിന്‍റേതായ മാഹാത്മ്യം കണ്ടെത്തിയ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ വിവരിക്കുന്നുണ്ട് (LE 6).  അതിനാല്‍ത്തന്നെ പ്രത്യേക പരിശീലനമോ വിദ്യാഭ്യാസയോഗ്യതകളോ ആവശ്യമില്ലാത്ത ചെറുകിട തൊഴില്‍ ചെയ്യുന്നവരോട് ധാര്‍ഷ്ട്യത്തോടെ പെരുമാറരുത്.

തൊഴിലിനും മുതലിനും മേലെ ഉള്ള മനുഷ്യമഹത്വം വിലമതിക്കപ്പെടണമെന്ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ശക്തിയുക്തം പ്രബോധിപ്പിക്കുന്നത് ഇവിടെ കേള്‍ക്കാം.  കാരിത്താസ് ഇന്‍ വെരിത്താത്തെ എന്ന രേഖയുടെ 25-ാം ഖണ്ഡികയില്‍ നാമിപ്രകാരം വായിക്കുന്നു. ''സംരക്ഷിക്കപ്പെടേണ്ടതും വിലമതിക്കപ്പെടേണ്ടതുമായ ഏറ്റവും പ്രധാനപ്പെട്ട മൂലധനം മനുഷ്യനാണെന്ന്, സമഗ്ര വ്യക്തിയാണെന്ന് എല്ലാവരെയും പ്രത്യേകിച്ച്, ലോകത്തിന്‍റെ സാമൂഹിക, സാമ്പത്തിക ധനം വികസിപ്പിക്കുവാന്‍ പരിശ്രമിക്കുന്ന സര്‍ക്കാരിനെയും ഓര്‍മിപ്പിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു'' (ബെനഡിക്ട് 16-ാമന്‍ പാപ്പാ CIV 25,2)

''ഒരു പരിധിയുമില്ലാത്ത ഒന്നാണ് സാമൂഹികപ്രശ്നം'' എന്ന് വിക്ടര്‍ ഹ്യൂഗോ, (1802-1885) ഫ്രഞ്ച് എഴുത്തുകാരന്‍ പറയുന്നുണ്ട്.  അതുകൊണ്ട് പരിധി നിശ്ചയിക്കാന്‍ മനുഷ്യനു കഴിയണം. ഈ പരിധി വയ്ക്കുന്നതിന് നടപടികളും പ്രബോധനങ്ങളും ആവശ്യമാണ്.  പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു മിസ്റ്റിക് ആയ ഹില്‍ഡെഗാര്‍ഡ് വോണ്‍ ബിങ്ഗെന്‍ എന്ന ജര്‍മന്‍ ആശ്രമശ്രേഷ്ഠന്‍ നല്‍കുന്ന ഉപദേശം ശ്രദ്ധേയമാണ്.  ''കുറുവടികൊണ്ട് പ്രഹരിക്കുന്നതുപോലെ ക്രൂരമായ വാക്കുകളാല്‍ നിങ്ങള്‍ നിങ്ങളുടെ കീഴുദ്യോഗസഥരോട് പെരുമാറരുത്.  ദൈവഭയമാകുന്ന തൈലം പൂശി നീതിയും കരുണയും ഇടകലര്‍ന്ന വാക്കുകള്‍ നിങ്ങള്‍ രൂപപ്പെടുത്തുവിന്‍'' (ഹില്‍ഡെഗാര്‍ഡ് വോണ്‍ ബിങ്ഗെന്‍, 1098-1179, മിസ്റ്റിക്, വേദപാരംഗതന്‍, ജര്‍മന്‍ ആശ്രമശ്രേഷ്ഠന്‍)

തൊഴിലും മൂലധനവും പ്രധാനപ്പെട്ടതാണെങ്കിലും തൊഴിലിന്‍റെ മഹത്വം ആദ്യമേ അംഗീകരിക്കപ്പെടണം.  അതിനെക്കുറിച്ചുള്ളതാണ് 114-ാം ചോദ്യം..

ചോദ്യം 144. 'മൂലധനത്തിനു മുന്നേ തൊഴില്‍' എന്ന തത്വത്തിന്‍റെ അര്‍ഥമെന്ത്?

ഉത്തരം: കര്‍ത്തൃനിഷ്ഠമായ തൊഴിലിന്‍റെ ഒരു അനന്തരഫലം എന്നു പറയുന്നത് മൂലധനത്തെക്കാള്‍ തൊഴിലിനു പ്രാധാന്യമുണ്ടെന്ന തത്വമാണ് കാരണം (LE 12).  തൊഴില്‍ ഒരു വ്യക്തിയില്‍ നിന്നും അവന്‍റെ മഹത്വത്തില്‍ നിന്നും അടര്‍ത്തി മാറ്റുവാന്‍ സാധിക്കാത്തതാണ്.  മൂലധനം പുറമെയുള്ള അവന്‍റെ ആസ്തി മാത്രമാണ്.  മൂലധനത്തോടുള്ള താല്‍പ്പര്യമോ മത്സരത്തിന്‍റെ കിടപിടുത്തമോ ത്വരിതഗതിയിലുള്ള ആഗോളവത്ക്കരണമോ തരംതാഴ്ത്തുകയും നശിപ്പിക്കുകയും ചെയ്യുന്ന വേതന ത്തെയോ തൊഴില്‍ സാഹചര്യങ്ങളെയോ നീതീകരിക്കുന്നില്ല.

അതുകൊണ്ട് യുക്യാറ്റ് ഇങ്ങനെ പഠിപ്പിക്കുന്നതു നമ്മുടെ ശ്രദ്ധയിലുണ്ടായിരിക്കുക അവശ്യമാണ്.  442-മ ത്തെ നമ്പറില്‍, ''സുസ്ഥാപിതമായ നിയമവ്യവസ്ഥിതിയില്‍ അടിയുറപ്പിക്കാത്ത മുതലാളിത്തത്തിന്‍റെ ഏതുരൂപവും പൊതുനന്മയില്‍ നിന്നു സ്വയം പിന്മാറുകയും വ്യക്തികള്‍ക്കു ലാഭമുണ്ടാക്കാന്‍ മാത്രമുള്ള മാര്‍ഗമായിത്തീരുകയും ചെയ്യുകയെന്ന അപകടത്തിലാണ്.  സഭ അതിനെ സുനിശ്ചിത മായി തള്ളിക്കളയുന്നു...'' എന്നു വ്യക്തമായി പ്രസ്താവിക്കുന്നു... ''അതുകൊണ്ട് മഹത്വത്തോടെ ജീവിക്കാന്‍ ആവശ്യമായ കൂലി നല്‍കണമെന്ന് അത് ഊന്നിപ്പറയുന്നു...'' (445).

തൊഴിലാളിപ്രശ്നത്തിന്‍റെ കാതല്‍ എന്താണെന്നു വിശദീകരിക്കുന്നതാണ് അടുത്ത ചോദ്യം.  അതിങ്ങനെയാണ്:

ചോദ്യം 145.  തൊഴിലാളികളുടെ പങ്കാളിത്തം ആവശ്യപ്പെടുന്നതുവഴി സഭയുടെ സാമൂഹിക പ്രബോധനം എന്താണ് അര്‍ഥമാക്കുന്നത്?

ഉത്തരം: യന്ത്രവത്ക്കരണത്തിലൂടെയും വിപണിപരമായ സാമപത്തികതയിലൂടെയും സമൂഹം കൈ വരിച്ച സാമ്പത്തിക വളര്‍ച്ചയില്‍ അസന്തുലിതമായ ഒരു പങ്കുമാത്രമേ തൊഴിലാളികള്‍ക്കും ലഭിച്ചുള്ളു എന്നതാണ് തൊഴിലാളിപ്രശ്നത്തിന്‍റെ കാതല്‍. യന്ത്രവത്ക്കരണത്തിന്‍റെ പ്രാരംഭദശകളില്‍ കമ്പനി ജോലിക്കാരെ വെറും മനുഷ്യയന്ത്രങ്ങളായിട്ടാണ് കണക്കാക്കിയിരുന്നത്.  സമൂഹത്തിലെ താഴേ ക്കിടയിലുള്ളവരായിരുന്നു അവര്‍.  ഇന്ന് ഉയര്‍ന്നുവരുന്ന പല വികസ്വരരാജ്യങ്ങളിലും ഈ സാഹചര്യം നമുക്കു ദര്‍ശിക്കുവാന്‍ സാധിക്കും. ഈ പോരായ്മകള്‍ക്കെതിരെ സഭയുടെ സാമൂഹികപ്രബോധനങ്ങളുടെ കേന്ദ്രതത്വം മുന്നോട്ടുവയ്ക്കുന്നത് തൊഴിലാളികളുടെ യഥാര്‍ഥ പങ്കാളിത്തമാണ്.  ഒരു വശത്ത്, ഇത് അര്‍ഥമാക്കുന്നത് വ്യാപാരത്തിലുള്ള അവരുടെ പങ്കാളിത്തമാണ്. തൊഴില്‍ മേഖലയില്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുവാന്‍ അവര്‍ക്ക് അവസരം ഉണ്ടായിരിക്കണം.  മറുവശത്ത് സമൂഹത്തിലും സര്‍ക്കാരിലുമുള്ള ഭാഗഭാഗിത്വമാണ് ഇത് അര്‍ഥമാക്കുന്നത്. എല്ലാ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഉള്ള പൂര്‍ണപൗരന്മാരായി ജീവിക്കുവാന്‍ തൊഴിലാളികള്‍ക്കു സാധിക്കേണ്ടിയിരിക്കുന്നു.

ഇക്കാര്യം വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും വിശദീകരിക്കുന്നുണ്ട്. ''വ്യവസായരംഗത്തോ കാര്‍ഷികരംഗത്തോ ഉള്ള ഉത്പാദനത്തിന്‍റെ മാര്‍ഗങ്ങളുടെ ഉടമസ്ഥത നീതി പൂര്‍വകവും നിയമാനുസൃതവുമാകുന്നത് തൊഴില്‍മേഖല അതിന്‍റെ ഉപയുക്തമായ തൊഴിലിനെ സഹായി ക്കുമ്പോഴാണ്. തൊഴില്‍മേഖലയിലേക്കു കൈകടത്തുമ്പോഴും സമൂഹത്തിന്‍റെ സമ്പത്തു വര്‍ധിപ്പിക്കാതെ ലാഭം നേടിയെടുക്കുവാന്‍ ശ്രമിക്കുമ്പോഴും തൊഴിലാളികളെ കടിഞ്ഞാണിട്ടും ചൂഷണത്തിലൂടെയും ഊഹക്കച്ചവടത്തിലൂടെയും തൊഴിലാളികള്‍ തമ്മിലുള്ള സാഹോദര്യത്തെ നശിപ്പിച്ചും ലാഭം നേടുമ്പോള്‍ ഇതു നിയമാനുസൃതമല്ലാത്ത ഒരു ഉടമസ്ഥതയായി മാറും.  ഇങ്ങനെയുള്ള ഒരു ഉടമസ്ഥത നീതിയര്‍ഹിക്കാത്തതാകും.  ദൈവത്തിന്‍റെയും മനുഷ്യരുടെയും മുന്നില്‍ അപഹാസ്യമാകുകയും ചെയ്യും'' (വി. ജോണ്‍പോള്‍ രണ്ടാമന്‍, CA 43)

മനുഷ്യന്‍റെ മഹത്വം സ്രഷ്ടവസ്തുക്കളുടെയോ, അതില്‍നിന്നുളവാകുന്ന ധനത്തിന്‍റെയോ അടിസ്ഥാനത്തിലല്ല നിശ്ചയിക്കപ്പെടേണ്ടത്. ദൈവത്തിന്‍റെ ഛായയിലും മഹത്വത്തിലും സൃഷ്ടിക്കപ്പെട്ടു എന്നതിലാണ് ആ മഹത്വം സ്ഥാപിതമായിരിക്കുന്നത്. പാപംചെയ്തു ആ മഹത്വം നഷ്ടപ്പെടുത്തിയിട്ടും അതു വീണ്ടെടുക്കാന്‍ ദൈവംതന്നെ മനുഷ്യനായി വന്നതിലൂടെയും മനുഷ്യമഹത്വം തന്നെയാണു വെളിവാകുന്നത്.   ആ മഹത്വത്തെ നമ്മിലും എല്ലാവരിലും ദര്‍ശിക്കാന്‍ നമുക്കു കഴിയട്ടെ!








All the contents on this site are copyrighted ©.