2017-12-27 20:07:00

സഭയുടെ നവീകരണപദ്ധതി തകര്‍ക്കാന്‍ ‘അഴിമതി ആരോപണം’


കര്‍ദ്ദിനാള്‍ മരെദിയാഗയുടെ മേലുള്ള അഴിമതിയാരോപണത്തെക്കുറിച്ച്...

ലാറ്റിനമേരിക്കന്‍ കര്‍ദ്ദിനാളിന്‍റെ മേല്‍ അഴിമതി ആരോപണം 
ആരോപണങ്ങള്‍ സഭാ നവീകരണത്തെ തകര്‍ക്കാനെന്ന്, ഹോണ്ടൂറാസിലെ കര്‍ദ്ദിനാള്‍ മരദിയാഗ പ്രസ്താവിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യമായ ഹോണ്ടൂരാസിലെ തെഗൂചിഗാല്‍പാ ആതിരൂപതാദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ഓസ്ക്കര്‍ മരദിയാഗിനെതിരെ നാട്ടിലെ മാധ്യമങ്ങളാണ് അഴിമതി ആരോപണങ്ങളുമായി തലപൊക്കിയരിക്കുന്നത്.

കര്‍ദ്ദിനാള്‍ മരദിയാഗിന്‍റെ പ്രതികരണം
ഡിസംബര്‍ 26-Ɔ൦ തിയതി ചൊവ്വാഴ്ച തെഗൂചിഗാല്‍പയില്‍ നല്കിയ വാര്‍ത്താസമ്മേളനത്തിലാണ് തന്‍റെ നിരപരാധിത്തവും ആരോപണത്തിനു പിന്നിലെ ഗൂഢോലോചനയും കര്‍ദ്ദിനാള്‍ മരെദിയാഗ വിശദീകരിച്ചത്. സ്ഥലത്തെ കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ പണം തട്ടിയെടുത്ത ആരോപണവുമായി ക്രിസ്തുമസ്സിന് തൊട്ടുമുന്‍പാണ് ഹോണ്ടൂരാസിലെ പത്രം,
ല-എക്സ്പ്രെസ്സോ കര്‍ദ്ദിനാള്‍ മരദിയാഗസിനെ കുടുക്കിയിരിക്കുന്നത്.

പാപ്പാ ഫ്രാന്‍സിസിന്‍റെ സഭാനവീകരണം തകര്‍ക്കാന്‍
സഭാ നവീകരണത്തിനായി പാപ്പാ ഫ്രാന്‍സിസ് രൂപപ്പെടുത്തിയിരിക്കുന്ന സി9 കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ കോര്‍ഡിനേറ്ററായ തന്‍റെമേല്‍ അഴിമതി ആരോപണം നടത്തിയിരിക്കുന്നത്, സഭാനവീകരണ പ്രവര്‍ത്തനങ്ങളുടെ മേല്‍ കരിവാരിത്തേയ്ക്കുന്നതിനും, പാപ്പാ ഫ്രാന്‍സിസിന്‍റെ നവീകരണ നീക്കങ്ങളെ തളര്‍ത്താനുമുള്ള ഗൂഢാലോചനയുടെ ഫലമാണെന്ന് കര്‍ദ്ദിനാള്‍ മരിദിയാഗ വര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. സഭയില്‍ നവീകരണം ഇപ്പോള്‍ ആവശ്യമില്ലെന്നു ചിന്തിക്കുന്നവരുടെ വളരെ തുറന്ന ആക്രമണമാണിതെന്നാണ് കര്‍ദ്ദിനാള്‍ മരിദിയാഗിന്‍റെ പക്ഷം.

സഭാ-വിരുദ്ധരുടെ കുതന്ത്രം
39 വര്‍ഷം മെത്രാനായും 25 വര്‍ഷക്കാലം തെഗൂചിഗാല്‍പായുടെ മെത്രാപ്പോലീത്തയായും സേവനംചെയ്ത തന്നെ തളര്‍ത്താനും വിരമിക്കാന്‍ നിര്‍ബന്ധിക്കാനും മെനഞ്ഞിരിക്കുന്ന സഭാ-വിരുദ്ധരുടെ കുതന്ത്രമായിട്ടാണ് താന്‍ ആരോപണത്തെ കാണുന്നതെന്ന് കര്‍ദ്ദിനാള്‍ മരദിയാഗ തുറന്നടിച്ചു. മാധ്യമങ്ങള്‍ മാനിക്കേണ്ട ധാര്‍മ്മികതയും അന്തസ്സും തെറ്റിച്ചാണ് അടിസ്ഥാനരഹിതമായ ആരോപണം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ മരദിയാഗസ് ആരോപിച്ചു.

ആരോപണം നവീകരണ സംഘത്തിനെതിരായ ആക്രമണം
അഴിമതി ആരോപണത്തെക്കുറിച്ച് അറിഞ്ഞ പാപ്പാ ഫ്രാന്‍സിസ് തന്നെ ടെലിഫോണില്‍ വിളിച്ചിരുന്നതായും, സഭയുടെയും പാപ്പാ ഫ്രാന്‍സിസിന്‍റെയും നവീകരണ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള ഈ നീക്കത്തില്‍ താന്‍ അതിയായി ദുഃഖിക്കുന്നുവെന്ന് ടെലിഫോണിലൂടെ മറുപടി പാപ്പാ ഫ്രാന്‍സിസിനെ അറിയിച്ചതായും കര്‍ദ്ദിനാള്‍ മരദിയാഗസ് അറിയിച്ചു. പാപ്പാ ഫ്രാന്‍സിസിനെ നേരിട്ട് ആക്രമിക്കാനുള്ള സാധ്യതയും ധൈര്യവുമില്ലാതെ പതിയിരിക്കുന്ന ഭീരുക്കളാണ് അദ്ദേഹത്തിന്‍റെ സഹകാരികളും നവകീരണപദ്ധതിയില്‍ പങ്കുചേരുന്നവരുമായ സഭാശുശ്രൂഷകരുടെമേല്‍ വ്യാജമായ ആരോപണങ്ങളുമായി തലപൊക്കിയിരിക്കുന്നതെന്നും, തന്‍റെ നിലപാടു വിശദീകരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ മരദിയാഗസ് കൂട്ടിച്ചേര്‍ത്തു.

സി9 സംഘത്തിലെ ഇന്ത്യന്‍ കര്‍ദ്ദിനാള്‍
കര്‍ദ്ദിനാള്‍ മരദിയാഗസ് കോര്‍ഡിനേറ്ററായുള്ള സഭാനവീകരണത്തിനുള്ള സി9 കര്‍ദ്ദിനാള്‍ സംഘം രാജ്യാന്തര പ്രാതിനിധ്യമുള്ളതാണ്. മുംബൈ അതിരൂപതാക്ഷ്യന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസാണ് പാപ്പാ ഫ്രാന്‍സിസിനോടു ചേര്‍ന്ന് നവീകരണപദ്ധതികള്‍ ആവിഷ്ക്കരിക്കുന്ന സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന എഷ്യയുടെ ഏകപ്രതിനിധി.  








All the contents on this site are copyrighted ©.