2017-12-27 12:50:00

എളിയവര്‍ക്ക് ദാനമാകുക-തിരുപ്പിറവിയുടെ ആഹ്വാനം, പാപ്പാ


തിരുപ്പിറവിത്തിരുന്നാളാഘോഷത്തിന്‍റെ അലകള്‍ ഇപ്പോഴും അലത്തല്ലുനന ഒരന്തരീക്ഷത്തിലായിരുന്നു ഫ്രാന്‍സീസ് പാപ്പായുടെ ഈ ബുധനാഴ്ചത്തെ (27/12/17) പൊതുദര്‍ശന പരിപാടി. മഴയായിരിക്കുമെന്ന കാലവസ്ഥ പ്രവചനം ഫലിച്ചെങ്കിലും അതിവൃഷ്ടി കണക്കിലെടുക്കാതെ വിവിധരാജ്യാക്കാരായിരുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരും സന്ദര്‍ശകരും പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വത്തിക്കാനില്‍ എത്തിയിരുന്നു. ഇതില്‍ സംബന്ധിക്കുന്നതിന് അപേക്ഷ നല്കിയിരുന്ന വിവിധ സംഘങ്ങളിലുള്‍പ്പെട്ടവരുടെ സംഖ്യ  7000 മായിരുന്നെങ്കിലും ഈ അപേക്ഷ നല്കാതെ എ​ത്തിയിരുന്ന അനേകരും ഉണ്ടായിരുന്നു. പൊതുകൂടിക്കാഴ്ചയുടെ വേദി, കഴിഞ്ഞയാഴ്ചയിലെന്നതു പോലെ, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയ്ക്കടുത്തുള്ള പോള്‍ ആറാമന്‍ ശാലയായിരുന്നു. ഈ ശാലയില്‍ പ്രവേശിച്ച പാപ്പായെ അവിടെ സന്നിഹിതരായിരുന്നവര്‍ അത്യാഹ്ലാദത്തോടെ വരവേറ്റു.പുഞ്ചിരിതൂകി വേദിയിലേക്കു നീങ്ങിയ പാപ്പാ, ഇരുവശത്തും നിന്നിരുന്നവരെ അഭിവാദ്യം ചെയ്യുകയും അവരോടു കുശലം പറയുകയും അവര്‍ക്ക്  ഹസ്തദാനമേകുകയും പിഞ്ചുകുഞ്ഞുങ്ങളെ ആശീര്‍വ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തുടര്‍ന്ന്, പാപ്പാ നടത്തിയ വിചിന്തനം തിരുപ്പിറവിത്തിരുന്നാളിന്‍റെ  ആന്തരികാര്‍ത്ഥത്തിലേക്കു വെളിച്ചം വീശുന്നതായിരുന്നു.

പാപ്പായുടെ പരിചിന്തനം:

പ്രിയ സഹോദരീ സഹോദരന്മാരേ ശുഭദിനം.

ഈ ദിനങ്ങളില്‍ നാം വിശ്വാസത്തിലൂടെയും ആഘോഷങ്ങളിലൂടെയും ജീവിക്കുന്ന കര്‍ത്താവായ യേശുവിന്‍റെ തിരുപ്പിറവിയുടെ പൊരുളിനെക്കുറിച്ചു ചിന്തിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

പുല്‍ക്കൂടുനിര്‍മ്മാണം, സര്‍വ്വോപരി, വേദപുസ്തകപാരായണങ്ങള്‍, പാരമ്പര്യ ഗീതങ്ങള്‍ എന്നിവയടങ്ങിയ തിരുക്കര്‍മ്മം “നമുക്കായി രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ജനിച്ച” “ഇന്നിനെ” (ലൂക്കാ:2,11) വീണ്ടും ജീവിക്കാന്‍ നമുക്ക് അവസരമേകി.

തിരുജനനത്തിന്‍റെ യഥാര്‍ത്ഥ ചൈതന്യത്തിന് മങ്ങലേല്‍പ്പിക്കുന്ന ആഘോഷങ്ങള്‍

നമ്മുടെ ഈ കാലഘട്ടത്തില്‍, പ്രത്യേകിച്ച് യൂറോപ്പില്‍, തിരുപ്പിറവിയുടെ തനിമയ്ക്ക് മങ്ങലേല്പ്പിക്കപ്പെടുന്ന പ്രവണത കാണപ്പെടുന്നു. വിശ്വാസത്തെ പാര്‍ശ്വവത്ക്കരിക്കുക എന്ന ഉദ്ദേശം പലപ്പോഴും പതിയിരിക്കുകയും യേശുവിന്‍റെ പിറവിയെക്കുറിച്ചുള്ള സൂചന ഈ ഉത്സവത്തില്‍ നിന്ന് ഇല്ലാതാക്കുകയും ചെയ്യുന്ന അക്രൈസ്തവനോടുള്ള ഒരുതരം വ്യാജ ആദരവിന്‍റെ പേരിലാണ് ഇത്. എന്നാല്‍ ഈ സംഭവം ഏകവും യഥാര്‍ത്ഥവുമായ തിരുപ്പിറവിയാണ്. യേശുവിനെ കൂടാതെ തിരുപ്പിറവിയില്ല. അവിടന്നാണ് കേന്ദ്രസ്ഥാനത്തെങ്കില്‍ ചുറ്റുമുള്ള സകലവും, അതായത്, ദീപങ്ങളും പാരമ്പര്യ ഗീതങ്ങളും പാരമ്പര്യ ഭക്ഷണങ്ങളുള്‍പ്പടെയുള്ള സകലതും, ഉത്സവാന്തരീക്ഷം സംജാതമാക്കുന്നു. എന്നാല്‍ യേശുവിനെ നാം മാറ്റിനിറുത്തിയാല്‍, ദീപങ്ങള്‍ അണയുന്നു, സകലവും കപടവും ഉപരിപ്ലവുമായിത്തീരുന്നു.

യഥാര്‍ത്ഥ വെളിച്ചം അന്വേഷിക്കാന്‍ വിളിക്കപ്പെട്ടവര്‍ നമ്മള്‍

സഭയുടെ വിളംബരത്താല്‍, നാം, സുവിശേഷത്തിലെ (ലൂക്കാ: 2,9) ആട്ടി‌ടയരെപ്പോലെ, യഥാര്‍ത്ഥ വെളിച്ചം, നമ്മെപ്പോലെ മനുഷ്യനായിത്തീരുകയും വിസ്മയകരമാംവിധം സ്വയം വെളിപ്പെടുത്തുകയും ചെയ്ത യേശുവിന്‍റെ പ്രകാശം, അന്വേഷിക്കാനും കണ്ടെത്താനും നയിക്കപ്പെടുന്നു. അവിടന്ന് ജന്മംകൊണ്ടത്   ആരാലും അറിയപ്പെടാത്ത ഒരു നിര്‍ദ്ധന യുവതിയില്‍ നിന്നാണ്. ആ യുവതി കാന്തന്‍റെ മാത്രം സഹായത്താല്‍ ഒരു കാലിത്തൊഴുത്തില്‍ ശിശുവിന് ജന്മമേകുന്നു.... ലോകം ഒന്നും അറിഞ്ഞില്ല, എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ ദൈവദൂതര്‍ ആനന്ദിക്കുന്നു. ഇന്നു നമുക്കുമുന്നില്‍ ദൈവസുതന്‍ അവതരിക്കുന്നതും ഇപ്രകാരം തന്നെയാണ്. കൂരിരുട്ടില്‍ സുഷുപ്തിയാല്‍ നിശ്ചലമായിരുന്ന നരകുലത്തിന് ദൈവത്തിന്‍റെ ദാനമെന്ന നിലയില്‍  അവിടന്നവതരിച്ചു. ഇന്നും നരകുലം പലപ്പോഴും ഇഷ്ടപ്പെടുന്നത് ഇരുളാണെന്ന യാഥാര്‍ത്ഥ്യം നാം കാണുന്നു. കാരണം മനസ്സാക്ഷിയെ ചുട്ടുപഴുപ്പിക്കുന്നതോ കുത്തുന്നതോ ആയ പ്രവൃത്തികളെയും ചിന്തകളെയും വെളിച്ചം അനാവരണം ചെയ്യുമെന്ന് നരുകുലത്തിനറിയാം. അതുകൊണ്ട് അന്ധകാരത്തിലായിരിക്കാനും തെറ്റായ ശീലങ്ങള്‍ക്ക് അനക്കം തട്ടാതിരിക്കാനും നരകുലം ഇഷ്ടപ്പെടുന്നു.

അപരന് സ്വയം ദാനമാകുക

ആകയാല്‍ യേശുവെന്ന ദൈവിക ദാനം സ്വീകരിക്കുക എന്നതിന്‍റെ അര്‍ത്ഥം    എന്താണെന്ന് നമുക്ക് സ്വയം ചോദിക്കാം. അവിടന്നു സ്വജീവിതംകൊണ്ടു നമ്മെ പഠിപ്പിച്ചതുപോലെ, അതിനര്‍ത്ഥം, അനുദിനം, സ്വന്തം വഴിയില്‍ കണ്ടുമുട്ടുന്നവര്‍ക്ക്  സൗജന്യ ദാനമായിത്തീരുക എന്നാണ്. അതുകൊണ്ടാണ് തിരുപ്പിറവിത്തിരുന്നാളില്‍ നാം സമ്മാനങ്ങള്‍ കൈമാറുന്നത്. നമുക്കുള്ള സാക്ഷാല്‍ സമ്മാനം യേശുവാണ്, അവിടത്തെപ്പോലെ നമ്മളും മറ്റുള്ളവര്‍ക്ക് ദാനമായിത്തീരണം.

ഇതെങ്ങനെയാണ് മനസ്സിലാക്കേണ്ടതെന്ന് പൗലോസപ്പസ്തോലന്‍ തീത്തോസിനുള്ള ലേഖനത്തിലൂടെ നമ്മോടു സംക്ഷിപ്തമായി പറയുന്നത് ഈ വാക്കുകളിലാണ്: “എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിന്‍റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഈ ലോകത്തില്‍ സമചിത്തതയും നീതിനിഷ്ഠയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാന്‍ അതു നമ്മെ പരിശീലിപ്പിക്കുന്നു” (തീത്തോസിനുള്ള ലേഖനം,2:11-12)

മനുഷ്യാവതാരം തുറന്ന പുത്തന്‍ സരണി

കന്യകാമറിയം ജന്മമേകുകയും, ഈലോകത്തിലെ എല്ലാം കുഞ്ഞുങ്ങളേയും പോലെതന്നെ പിറന്നുവീഴുകയും ചെയ്ത, ദൈവവദനമായ യേശുവില്‍ ദൈവത്തിന്‍റെ കൃപ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഈ കുഞ്ഞ് ഭൂമിയില്‍ നിന്നല്ല സ്വര്‍ഗ്ഗത്തില്‍ നിന്നാണ്, ദൈവത്തില്‍ നിന്നാണ് ആഗതനായത്. അപ്രകാരം, ദൈവപുത്രന്‍റെ മനുഷ്യാവതാരം വഴി ദൈവം പുതിയ പാത തുറന്നു. ആ സരണി, സ്വാര്‍ത്ഥതയിലല്ല, സ്നേഹത്തില്‍ അധിഷ്ഠിതമാണ്. യേശുവിന്‍റെ ജനനം നമ്മുടെ സ്വര്‍ഗ്ഗീയപിതാവിന്‍റെ മഹാസ്നേഹത്തിന്‍റെ  പ്രവൃത്തിയാണ്.

ദൈവത്തിന്‍റെ സവിഷശേഷതയാര്‍ന്ന ഈ ലോക സന്ദര്‍ശനം

അവസാനമായി, ഒരു സുപ്രധാന വശമുണ്ട്, അതായത്, ഈ ലോകത്തിലെ ശക്തന്മാര്‍ നയിച്ച മാനവചരിത്രത്തെ ദൈവം എപ്രകാരം സന്ദര്‍ശിക്കുന്നവെന്ന് തിരുപ്പിറവിയില്‍ നമുക്കു കാണാന്‍ സാധിക്കും. സമൂഹത്തിന്‍റെ അതിരുകളിലാക്കപ്പെട്ടവരെ ദൈവം ഇതില്‍ പങ്കുചേര്‍ക്കുന്നു. യേശു കൊണ്ടുവന്ന രക്ഷയെന്ന ദാനത്തിന്‍റെ, അവിടത്തെ സ്വയംദാനത്തിന്‍റെ, പ്രഥമ സ്വീകര്‍ത്താക്കള്‍ അവരാണ്. എളിയവരും പരിത്യക്തരുമായി യേശു സ്ഥാപിച്ച സൗഹൃദം കാലത്തില്‍ തുടരുകയും മെച്ചപ്പെട്ടൊരു ഭാവിയെക്കുറിച്ചുള്ള പ്രത്യാശയെ ഊട്ടിവളര്‍ത്തുകയും ചെയ്യുന്നു. ബത്ലഹേമിലെ ഇടയര്‍ പ്രതിനിധാനം ചെയ്യുന്ന ഇക്കൂട്ടര്‍ക്കാണ് “വലിയ പ്രകാശം പ്രത്യക്ഷമാകുന്നത്”. അവര്‍ പ്രാന്തവല്‍കൃതരും മോശമായി കാണപ്പെട്ടവരും അവഗണിക്കപ്പെട്ടവരും ആയിരുന്നു. അവര്‍ക്കാണ് “വലിയ പ്രകാശം പ്രത്യക്ഷമാകുന്നത്”. ആ വെളിച്ചം അവരെ യേശുവിലേക്കു നയിക്കുന്നു. എക്കാലത്തും അവരോടൊപ്പമാണ് ദൈവം പുതിയലോകം, തിരസ്കൃതരും പീഢിതരും ദരിദ്രരും ഇല്ലാത്തതായ ഒരു ലോകം, പടുത്തുയര്‍ത്താന്‍ അഭിലഷിക്കുന്നത്.

പ്രിയ സഹോദരീ സഹോദരന്മാരേ, ഈ കൃപ സ്വീകരിക്കുന്നതിന് ഈ ദിനങ്ങളില്‍ നമുക്ക് നമ്മുടെ ഹൃദയമനസ്സുകള്‍ തുറന്നിടാം. ദെവം നമുക്കായി നല്കുന്ന സമ്മാനമാണ് യേശു, നാം അവിടത്തെ സ്വീകരിച്ചാല്‍ നമുക്കും മറ്റുള്ളവര്‍ക്കായി, സര്‍വ്വോപരി, കരുതലും വാത്സല്യവും അനുഭവിക്കാന്‍ സാധിക്കാത്തവര്‍ക്കായി, ദാനമായിത്തീരാന്‍ സാധിക്കും. സ്വന്തം ജീവിതത്തില്‍ ഒരിക്കലും തലോടലൊ, സ്നേഹത്തിന്‍റെതായ കരുതലൊ, വാത്സല്യത്തിന്‍റെ ഒരു പ്രവൃത്തിയൊ അനുഭവിക്കാത്തവര്‍ എത്രയേറെയാണ്! അതു ചെയ്യാന്‍ തിരുപ്പിറവി നമ്മെ നിര്‍ബന്ധിക്കുന്നു. അങ്ങനെ യേശു ഒരിക്കല്‍ കൂടി നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ ജന്മംകൊള്ളുകയും എളിയവര്‍ക്കും പുറന്തള്ളപ്പെട്ടവര്‍ക്കും രക്ഷയുടെ ദാനമാകുന്നത് നമ്മിലൂടെ തുടരുകയും ചെയ്യുന്നു.

നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.ഇറ്റലിയിലെ ലിയാന ഒര്‍ഫേയിയുടെ ഗോള്‍ഡന്‍ സര്‍ക്കസ്സ് അഭ്യാസികള്‍ ഈ കൂടിക്കാഴ്ചാവേളയില്‍ നടത്തിയ പ്രകടനങ്ങള്‍ക്ക് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും സര്‍ക്കസ്സ് മനോഹാരിതയുള്ള ഒരു കലയാകയാല്‍ അതു നമ്മെ ​എന്നും ദൈവത്തോട് അടുപ്പിക്കുന്നുവെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.  








All the contents on this site are copyrighted ©.