2017-12-25 14:48:00

"ഊര്‍ബി ഏത്ത് ഓര്‍ബി" സന്ദേശം


ശനിയാഴ്ച (24/12/17) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ തിരുപ്പിറവിത്തിരുന്നാള്‍ ജാഗര ദിവ്യബലിയര്‍പ്പിച്ച ഫ്രാന്‍സീസ് പാപ്പാ ക്രിസ്തുമസ്സ് ദിനത്തില്‍ ഉച്ചയ്ക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മുന്‍വശത്ത് മദ്ധ്യത്തിലായുള്ള മുഖ്യ മട്ടുപ്പാവില്‍ (ബാല്‍ക്കണിയില്‍) നിന്നുകൊണ്ട്, റോമാനഗരത്തിനും ലോകത്തിനും എന്നര്‍ത്ഥം വരുന്ന “ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശവും ആശീര്‍വാദവും നല്കി. വത്തിക്കാന്‍ നഗരത്തില്‍ പാപ്പായുടെ വികാരിയും, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മുഖ്യപുരോഹിതനുമായ കര്‍ദ്ദിനാള്‍ ആഞ്ചെലൊ കൊമാസ്ത്രി ബസിലക്കിയില്‍ അര്‍പ്പിച്ച ക്രിസ്തുമസ്സ്ക്കുര്‍ബ്ബാനയില്‍ പങ്കെടുത്ത വിവിധരാജ്യക്കാരുള്‍പ്പടെ പതിനായിരങ്ങള്‍ ബസിലിക്കാങ്കണത്തില്‍ സന്നിഹിതരായിരുന്നു. താന്‍ പത്രോസിന്‍റെ പിന്‍ഗാമിയായതിനു ശേഷമുള്ള അഞ്ചാമത്തെതായിരുന്ന ഈ തിരുപ്പിറവിത്തിരുന്നാള്‍ ദിനത്തില്‍ “ഊര്‍ബി  ഏത്ത് ഓര്‍ബി” സന്ദേശമേകുന്നതിന് ഫ്രാന്‍സിസ് പാപ്പാ ബസിലിക്കയുടെ മുഖ്യ മട്ടുപ്പാവില്‍ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദരവങ്ങള്‍ ചത്വരത്തിലെങ്ങും അലയടിച്ചു.പൗരസ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്‍റെ തലവന്‍,അഥവാ, പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ സാന്ദ്രിയും വിശ്വാസകാര്യങ്ങള്‍ക്കായുള്ള സംഘത്തിലെ ഉപദേഷ്ടാവായ കര്‍ദ്ദിനാള്‍ പ്രോസ്പെര്‍ ഗ്രെക്കും പാപ്പായുടെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ചിരുന്നു.  

എല്ലാവര്‍ക്കും തിരുപ്പിറവിത്തിരുന്നാളിന്‍റെ മംഗളങ്ങള്‍ ആശംസിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ - തന്‍റെ ഊര്‍ബി ഏത്ത് ഓര്‍ബി സന്ദേശം ആരംഭിച്ചത്.

പാപ്പാ തന്‍റെ സന്ദേശം ഇപ്രകാരം തുടര്‍ന്നു:

യേശു ദൈവപിതാവിന്‍റെ സമ്മാനം

ബത്ലഹേമില്‍, കന്യകാമറിയത്തില്‍ നിന്ന് യേശു പിറന്നു. മനുഷ്യഹിതാനുസാരമല്ല, അവിടന്നു ജനിച്ചത്, പിന്നെയോ, “തന്നില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ലോകത്തെ സ്നേഹിച്ച” (യോഹന്നാന്‍ 3,16) ദൈവപിതാവിന്‍റെ സമ്മാനം എന്ന നിലയിലാണ്.

കാലത്തില്‍ തീര്‍ത്ഥാടനം ചെയ്യുന്ന സഭയില്‍ ഈ സംഭവം ഇന്ന് നവീകരിക്കപ്പെടുന്നു: നമ്മെ രക്ഷിക്കുന്നതിനായി ചെറുതാകുകയും ദരിദ്രനായിത്തീരുകയും നമ്മുടെ മര്‍ത്യശരീരം സ്വീകരിക്കുകയും ചെയ്ത, ആഗതനാകുന്ന ദൈവത്തിന്‍റെ രഹസ്യം ക്രൈസ്തവജനതയുടെ വിശ്വാസം തിരുപ്പിറവിത്തിരുന്നാള്‍ തിരുക്കര്‍മ്മത്തില്‍ വീണ്ടും ജീവിക്കുകയാണ്. ഇതു നമ്മെ വികാരനിര്‍ഭരരാക്കുന്നു, കാരണം, നമ്മുടെ പിതാവിന്‍റെ  വാത്സല്യം വളരെ വലുതാണ്.

ദൈവമഹത്വം ദര്‍ശിച്ച ആട്ടിടയര്‍

രക്ഷകന്‍റെ എളിമായര്‍ന്ന മഹത്വം ദര്‍ശിച്ചവരില്‍ പ്രഥമര്‍, മറിയത്തിനും യൗസേപ്പിനും ശേഷം, ബത്ലഹേമിലെ ആട്ടിടയരാണ്. ദൈവദൂതര്‍ അറിയിച്ച അടയാളം അവര്‍ തിരിച്ചറിയുകയും ഉണ്ണിയേശുവിനെ ആരാധിക്കുകയും ചെയ്തു. എളിയവരും എന്നാല്‍ ജാഗരൂഗരൂകരുമായ ആ മനുഷ്യര്‍ എക്കാലത്തെയും വിശ്വാസികള്‍ക്ക് മാതൃകയാണ്. അവര്‍ യേശുവിന്‍റെ രഹസ്യത്തിനു മുന്നില്‍, അവിടത്തെ ദാരിദ്ര്യത്തില്‍ ലജ്ജിതരാകുന്നില്ല മറിച്ച്, മറിയത്തെപ്പോലെ, അവര്‍, ദൈവത്തിന്‍റെ വചനത്തില്‍ വിശ്വസിക്കുകയും നിര്‍മ്മല നയനങ്ങളാല്‍ ദൈവമഹത്വം ദര്‍ശിക്കുകയും ചെയ്തു. മാംസം ധരിച്ച വചനത്തിന്‍റെ രഹസ്യത്തിനു മുന്നില്‍, ലോകമാസകലമുള്ള ക്രൈസ്തവര്‍ സുവിശേഷകനായ യോഹന്നാന്‍റെ വാക്കുകള്‍ ഏറ്റു പറയുന്നു: “അവന്‍റെ  മഹത്വം നമ്മള്‍ ദര്‍ശിച്ചു- കൃപയും സത്യവും നിറഞ്ഞതും പിതാവിന്‍റെ   ഏകജാതന്‍റേതുമായ മഹത്വം” (1,14)

ഉണ്ണിയേശു - ഒരു അടയാളം, ശിശുക്കളില്‍ അവിടത്തെ തിരിച്ചറിയുക

യുദ്ധത്തിന്‍റെ കാറ്റുകള്‍ വീശുകയും, കാലോചിതമല്ലാത്ത വികസന മാതൃക മാനുഷികവും സാമൂഹ്യവും പാരിസ്ഥിതികവുമായ ക്ഷയത്തിനു കാരണമാകുകയും ചെയ്യുന്ന ഇന്ന് തിരുപ്പിറവി നമ്മെ ഉണ്ണിയേശു എന്ന അടയാളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അവിടന്നില്‍ കുഞ്ഞുങ്ങളുടെ, വിശിഷ്യ, യേശുവിനെപ്പോലെ, “സത്രത്തില്‍ ഇടം ലഭിക്കാത്ത”വരായവരുടെ വദനങ്ങള്‍ തിരിച്ചറിയാന്‍ ക്ഷണിക്കുന്നു.

ഇസ്രായേല്യരും പലസ്തീനക്കാരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ശക്തി പ്രാപിക്കുന്നതിനാല്‍ യാതനകളനുഭവിക്കുന്ന മദ്ധ്യപൂര്‍വ്വദേശത്തെ കുട്ടികളില്‍ നമുക്ക് യേശുവിനെ ദര്‍ശിക്കാം. ജറുസലേമിനും വിശുദ്ധ നാടിനും സമാധാനം ലഭിക്കുന്നതിനായി ഈ ഉത്സവദിനത്തില്‍ നമുക്ക് കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം. സംഭാഷണം പുനരാരംഭിക്കാനുള്ള ഹിതം ഇരുവിഭാഗങ്ങളിലും പ്രബലപ്പെടുന്നതിനും പര്സപര ധാരണപ്രകാരമുള്ളതും അന്തര്‍ദ്ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടതുമായ അതിര്‍ത്തികള്‍ക്കുള്ളില്‍ രണ്ടു രാജ്യങ്ങളെയും സമാധാനപരമായി സഹജീവിക്കുന്നതിനനുവദിക്കുന്ന, കൂടിയാലോചനവഴിയുള്ള പരിഹാരത്തില്‍ എത്തിച്ചേരുന്നതിനും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. ഗുരതര പ്രതിബന്ധങ്ങള്‍ ഉണ്ടെങ്കില്‍ത്തന്നെയും, ദീര്‍ഘനാളുകളായി പ്രതീക്ഷിച്ചിരിക്കുന്ന, ഏകതാനതയും നീതിയും സുരക്ഷിതത്വവും ആ പീഢിത പ്രദേശത്തിന് കണ്ടെത്താന്‍ കഴിയുന്നതിന് സഹായിക്കാന്‍ സന്മനസ്സോടെ യത്നിക്കുന്ന അന്താരാഷ്ട്രസമൂഹത്തിന്‍റെ    പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ത്താവ് തുണയേകട്ടെ.

ഈ ആണ്ടുകളില്‍ സിറിയയെ നിണപങ്കിലമാക്കിയ യുദ്ധത്താല്‍ ഇപ്പോഴും മുദ്രിതമായിരിക്കുന്ന അന്നാട്ടിലെ കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ നമുക്ക് യേശുവില്‍ ദര്‍ശിക്കാം. പ്രിയങ്കര സിറിയയ്ക്ക് സകല വ്യക്തികളുടെയും ഔന്നത്യത്തോടുള്ള ആദരവ് വീണ്ടും കണ്ടെത്താന്‍ കഴിയട്ടെ. മതവര്‍ഗ്ഗ പരിഗണനകള്‍ കൂടാതെ സാമൂഹ്യ ഘടന പുനര്‍നിര്‍മ്മിക്കാനുള്ള പൊതുവായ പരിശ്രമം വഴി ഇതു സാധ്യമാകട്ടെ. പതിനഞ്ചു വര്‍ഷമായുളള ശത്രുതയുടെ ഫലമായി വ്രണിതവും വിഭജിതവുമായ ഇറാക്കിലെ കുട്ടികളിലും, സംഘര്‍ഷം തുടരുന്നതും എറിയ ഭാഗവും വിസ്മൃതവുമായ യെമനിലെ കുഞ്ഞുങ്ങളിലും നമുക്ക് യേശുവിനെ കാണാം. സംഘര്‍ഷം യെമനിലെ ജനങ്ങള്‍ക്ക് മാനവികമായ ഗുരുതര പ്രശനങ്ങള്‍ ഉളവാക്കിയിരിക്കയാണ്. പട്ടിണിയും പകര്‍ച്ചവ്യാധികളും മൂലം അവര്‍ യാതനകളനുഭവിക്കുന്നു.

ആഫ്രിക്കയിലെ കുഞ്ഞുങ്ങളില്‍, പ്രത്യേകിച്ച്, ദക്ഷിണ സുഡാന്‍, സൊമാലിയ, ബുറുന്ദി, കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്ക്, മദ്ധ്യാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളില്‍ യാതനകളനുഭവിക്കുന്ന ബാലികാബലന്മാരില്‍ നമുക്ക് യേശുവിനെ ദര്‍ശിക്കാം.

ലോകത്തില്‍ എവിടെയെല്ലാം പിരിമുറുക്കങ്ങളുടെയും സംഘര്‍ഷങ്ങളുടെയുമായ അപകടം സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണി ഉയര്‍ത്തുന്നുവോ അവിടങ്ങളിലെല്ലാമുള്ള ശിശുക്കളില്‍ നമുക്ക് യേശുവിനെ കാണാം. കൊറിയ ഉപദ്വീപില്‍ വിവാദങ്ങള്‍ തരണംചെയ്യുന്നതിനും ലോകം മുഴുവന്‍റെയും പൊതുതാല്പര്യത്തെ പ്രതി പരസ്പരവിശ്വാസം വര്‍ദ്ധമാനമാകുന്നതിനും വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. വെനെസ്വേലയിലെ വത്സലജനങ്ങള്‍ക്കു മുഴുവനും ഗുണകരമാംവിധം സമൂഹത്തിലെ ഭിന്ന ഘടകങ്ങള്‍ തമ്മില്‍ പ്രശാന്തമായ ഒരു സംഭാഷ​ണം പുനരാരംഭിക്കുന്നതിനുവേണ്ടി അന്നാടിനെ ഉണ്ണിയേശുവിന് ഭരമേല്പിക്കാം. ഉക്രയിനില്‍ സംഘര്‍ഷത്തിന്‍റെ യാതനകളും ഈ സംഘര്‍ഷങ്ങളുടെ ഗുരുതരങ്ങളായ പ്രത്യാഘാതങ്ങളും തങ്ങളുടെ കുടുംബത്തോടൊപ്പം അനുഭവിക്കുന്ന കുട്ടികളില്‍ നമുക്ക് യേശുവിനെ ദര്‍ശിക്കുകയും പ്രിയപ്പെട്ട അന്നാടിന് കര്‍ത്താവ് എത്രയും വേഗം സമാധാനം പ്രദാനം ചെയ്യട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

തൊഴില്‍രഹിതരും സുരക്ഷിതവും സ്വച്ഛവുമായ ഒരു ഭാവി സ്വന്തം മക്കള്‍ക്ക് പ്രദാനം ചെയ്യാന്‍ കഷ്ടപ്പെടുന്നവരുമായ മാതാപിതാക്കളുടെ കുഞ്ഞുങ്ങളില്‍ നമുക്ക് യേശുവിനെ കാണാം. ശൈശവം കവര്‍ന്നെടുക്കപ്പെടുകയും കുഞ്ഞുങ്ങളായിരുക്കുമ്പോള്‍ത്തന്നെ വേല ചെയ്യാനൊ മനസ്സാക്ഷിയില്ലാത്ത സ്വാര്‍ത്ഥതയാര്‍ന്ന കൂലിപ്പട്ടാളത്തില്‍ ചേരാനൊ നിര്‍ബന്ധിതരാകുകയും ചെയ്യുന്ന കുട്ടികളില്‍ നമുക്ക് യേശുവിനെ ദര്‍ശിക്കാം.

സ്വദേശം വിട്ടുപോകാനും മനുഷ്യത്വരഹിത സാഹചര്യങ്ങളി‍ല്‍ ഒറ്റയ്ക്ക് സഞ്ചരിക്കാനും നിര്‍ബന്ധിതരാകുകയും മനുഷ്യക്കടത്തുകാര്‍ക്ക് എളുപ്പത്തില്‍ ഇരകളായിത്തീരുകയും ചെയ്യുന്ന നിരവധിയായ കുട്ടികളില്‍ നമുക്കു യേശുവിനെ കാണാം. കുടിയേറാന്‍ നിര്‍ബന്ധിതരാകുകയും ചിലപ്പോള്‍ ദുരന്തത്തില്‍ കലാശിക്കുന്ന, കഠിനവും സഹാസികവുമായ യാത്ര നടത്തുന്ന എല്ലാവരുടെയും നാടകീയാവസ്ഥ അവരുടെ നയനങ്ങളിലൂടെ നാം കാണുന്നു. ഞാന്‍ മ്യന്മാറിലും ബംഗ്ലാദേശിലും ഈയിടെ നടത്തിയ സന്ദര്‍ശനവേളയില്‍ കണ്ടുമുട്ടിയ കുട്ടികളിലും ഞാന്‍ യേശുവിനെ കാണുന്നു. ആ പ്രദേശത്തെ ന്യൂനപക്ഷവിഭാഗത്തിന്‍റെ ഔന്നത്യത്തിന് മതിയായ സംരക്ഷണം ഉറപ്പുവരുത്താനുള്ള പരിശ്രമം അന്താരാഷ്ട്രസമൂഹം തുടരുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. സ്വാഗതംചെയ്യപ്പെടാത്തതിന്‍റെ വേദനയും തലചായ്ക്കാന്‍ ഇടമില്ലാത്ത അവസ്ഥ എത്ര കഠിനമാണെന്നും യേശുവിന് നല്ലവണ്ണം അറിയാം. ബത്ലഹേമിലെ ഭവനങ്ങളെപ്പോലെ നമ്മുടെ ഹൃദയങ്ങളും അടച്ചിടപ്പെട്ടതാകാതിരിക്കട്ടെ.

പ്രിയ സഹോദരീ സഹോദരന്മാരേ,

തിരുപ്പിറവിയുടെ അടയാളം നമുക്ക് വെളിപ്പെടുത്തപ്പെട്ടുകഴി‍ഞ്ഞു: “പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ ശിശു” (ലൂക്കാ:2,12) കന്യകാമറിയത്തെയും യൗസേപ്പിനെയും പോലെ, ബത്ലഹേമിലെ ആട്ടിടയരെപ്പോലെ നമുക്കും, നമുക്കുവേണ്ടി മനുഷ്യനായിത്തീര്‍ന്ന    ദൈവത്തിന്‍റെ സ്നേഹത്തെ ഉണ്ണിയേശുവില്‍ സ്വാഗതം ചെയ്യാം. നമ്മുടെ ലോകം ഇന്നത്തെയും നാളത്തെയും കുഞ്ഞുങ്ങള്‍ക്ക് ഉപരിമാനവികവും ഉപരിയോഗ്യവുമാക്കി മാറ്റുന്നതിന് അവിടത്തെ കൃപയാല്‍ നമുക്കു പരിശ്രമിക്കാം.

ഈ വാക്കുകളില്‍ തന്‍റെ “ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശം  ഉപസംഹരിച്ച പാപ്പാ തുടര്‍ന്ന് കര്‍ത്താവിന്‍റെ മാലാഖ എന്നാരാംഭിക്കുന്ന ത്രികാലപ്രാര്‍ത്ഥന നയിച്ചു. മദ്ധ്യാഹ്ന പ്രാര്‍ത്ഥനാനന്തരം, പാപ്പായുടെ ചാരെ നിന്നുകൊണ്ട്, കര്‍ദ്ദിനാള്‍ ലെയൊണാര്‍ദൊ സാന്ദ്രി ഫ്രാന്‍സീസ് പാപ്പാ “ഊര്‍ബി ഏത്ത് ഓര്‍ബി” ആശീര്‍വ്വാദം നല്‍കാന്‍പോകുകയാണെന്നും സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതം, അത്, നേരിട്ടൊ സാമൂഹ്യവിനിമയോപാധികളിലൂടെയൊ, സ്വീകരിക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കുമെന്നും വിളംബരം ചെയ്തു. തദ്ദനന്തരം പാപ്പാ ആശീര്‍വ്വാദം നല്കി. 

ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ എത്തിയവര്‍ക്കും  റേഡിയോടെലിവിഷന്‍ മാദ്ധ്യമങ്ങളിലൂടെയും ഇതര വിനിമയോപാധികളിലൂടെയും തന്നെ ശ്രവിക്കുന്നവര്‍ക്കും പാപ്പാ തിരുപ്പിറവിത്തിരുന്നാളിന്‍റെ ആശംസകള്‍ നേര്‍ന്നു.

രക്ഷകനായ ക്രിസ്തുവിന്‍റെ പിറവി ഹൃദയങ്ങളെ നവീകരിക്കുകയും കൂടുതല്‍ സാഹോദര്യവും ഐക്യദാര്‍ഢ്യവും വാഴുന്ന ഒരു ഭാവി കെട്ടിപ്പടുക്കാനുള്ള അഭിവാഞ്ഛയുളവാക്കുകയും സകലര്‍ക്കും സന്തോഷവും പ്രത്യാശയും പ്രദാനം ചെയ്യുകയും ചെയ്യട്ടെ.

ക്രിസ്തുമസ്സ് മംഗളങ്ങള്‍!








All the contents on this site are copyrighted ©.