2017-12-23 17:18:00

പ്രത്യാശയുടെ വാഗ്ദത്തപേടകം : നസ്രത്തിലെ മറിയം


വിശുദ്ധ ലൂക്കാ 1, 26-38.

1. അമ്മ ജീവന്‍റെ സ്രോതസ്സ് 
അമ്മ ജീവനാണ്, ജീവന്‍റെ സ്രോതസ്സാണ്. “ഓരോ കുഞ്ഞും അമ്മയെ തിന്നാണ് വളരുന്നത്. ”  ഒ. വി. വിജയന്‍റെ പ്രയോഗമാണിത്. അല്പം ക്രൂരമായി തോന്നാമെങ്കിലും, സത്യം പച്ചനെ പറയുകയാണ്. കുറെനാള്‍ അകത്ത് ഉദരത്തില്‍നിന്നും, പിന്നീട് നിലവിളിയോടെ പുറത്തു വന്നിട്ടും അമ്മയുടെ മുലപ്പാല്‍ കുടിച്ചുമല്ലേ കുഞ്ഞ് വളരുന്നത്. അമ്മയുടെ രക്തം തന്നെയാണ് കുഞ്ഞുകുടിക്കുന്നത്. നമ്മുടെ അമ്മമാരെ ഒന്നോര്‍മ്മിച്ചാല്‍ പരമാവധി രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഓരോ കുഞ്ഞിനും പിറവി കൊടുക്കുന്നവരാണ് അധികംപേരും. അവരാണ് ചോര നീരാക്കി ജീവിച്ചവര്‍. അവര്‍ മക്കള്‍ക്ക് ഭക്ഷണമായി മാറിയവരാണ്! അപ്പോള്‍ ഓര്‍ക്കണം ഈ അമ്മമാര്‍ മക്കളിലൂടെ വാഴ്ത്തപ്പെടേണ്ടവരാണ്.

2. വാഗ്ദത്തപേടകമേ!   
ഫലത്തില്‍നിന്ന് വൃക്ഷത്തെ തിരിച്ചറിയാം. ക്രിസ്തുവെന്ന സുഗന്ധവും മധുരമുള്ള ഫലം രൂപപ്പെടുന്നത് മറിയത്തില്‍നിന്നാണ്. ഈശോയുടെ ജനനം അനുഗൃഹീതയും കൃപനിറഞ്ഞവളുമായ മറിയത്തില്‍നിന്നായിരുന്നു. ഓര്‍മ്മയുണ്ടാകും, പരിശുദ്ധ കന്യകാമറിയത്തിന്‍റെ ലുത്തീനിയ, പ്രാര്‍ത്ഥനാമഞ്ജരിയിലെ ശ്രദ്ധേയമായൊരു ജപമാണ്, വാഴ്ത്തലാണ് യേശുവിന്‍റെ അമ്മയെ “വാഗ്ദത്തപേടകമേ!” എന്നു വിളിച്ചപേക്ഷിക്കുന്നത്. മോശയിലൂടെ ഇസ്രായേല്‍ ജനത്തിന് ദൈവം നല്കിയ കല്പനകള്‍ കല്‍ഫലകത്തില്‍ കൊത്തി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണപ്പേടകത്തെയാണ് വാഗ്ദത്തപേടകം എന്നു വിളിക്കുന്നത്. അകത്തും പുറത്തും സ്വര്‍ണ്ണംപൊതിഞ്ഞ അതിമനോഹരമായ അലങ്കാരപ്പെട്ടിയായിരുന്നു. രക്ഷയുടെ കല്പനകള്‍ ഉള്‍ക്കൊണ്ട പേടകം!   മോശയുടെ കാലശേഷമാണെങ്കിലും ഇസ്രായല്‍ വാഗ്ദത്തഭൂമിയില്‍ പ്രവേശിക്കുന്നത് കല്പനകളുടെ വാഗ്ദത്തപേടകവുമായിട്ടാണ്. അത് ഫിലിസ്തിയര്‍ തട്ടിക്കൊണ്ട്പോയി സൂക്ഷിച്ച കഥയുണ്ട്. എന്നാല്‍ നാളുകള്‍ക്കുശേഷം ദൈവത്തെ ഭയന്ന് അതവര്‍ ഇസ്രായേല്യര്‍ക്ക് തിരികെ കൊടുത്തപ്പോള്‍ ഏറ്റുവാങ്ങിയത് ദാവീദുരാജാവാണ്. അദ്ദേഹം പേടകത്തിന്‍റെ മുന്നില്‍ ആനന്ദത്തോടെ പാട്ടുപാടുകയും നൃത്തം ചവിട്ടുകയും ചെയ്തുവെന്ന് നാം വായിക്കുന്നു.

അത് ദാവീദു പറ‍ഞ്ഞ വാക്കില്‍ ഇതാ, ‘കര്‍ത്താവിന്‍റ അമ്മ എന്നെ സന്ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായി’, ദാവീദുരാജാവിന്‍റെ
ഈ പ്രയോഗംതന്നെയാണ് പിന്നീട് എലിസബത്ത് പ്രഘോഷിക്കുന്നത് പുതിയ നിയമത്തില്‍ നാം കാണുന്നു.  യഥാര്‍ത്ഥത്തില്‍ ദാവീദ് വാഗ്ദത്തപേടകം ഏറ്റുവാങ്ങിയ സ്ഥലം അബുഗോഷും, മറിയത്തിന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്തിന്‍റെ ഗ്രാമമായ ആയിന്‍കരിമും ഭൂമിശാസ്ത്രപരമായി അടുത്ത സ്ഥലങ്ങളുമാണ്. എലിസബത്തു പറയുന്ന, തന്നെ സന്ദര്‍ശിച്ച ‘കര്‍ത്താവിന്‍റെ അമ്മയും’ വാഗ്ദത്തപേടകവും മറിയമാണ്. അപ്പോള്‍ നാമും പ്രാര്‍ത്ഥിക്കേണ്ടത്  ദൈവമേ, ഞങ്ങള്‍ക്ക് ഇടം നല്കിയ ഉദരങ്ങളും വാഗ്ദത്തപേടകങ്ങളാണ്, അനുഗൃഹീതങ്ങളാണ്!

3. തേടിയെത്തിയ ദൈവികവിസ്മയം   
രക്ഷകന്‍റെ ജനനത്തെ സംബന്ധിച്ച വിവരം ആദ്യമായി ലഭിച്ചത് നസ്രത്തിലെ മറിയത്തിനാണ്. പ്രാന്തപ്രദേശമെന്നു Peripheral വിശേഷിപ്പിക്കാവുന്ന ജനജീവിതത്തിന്‍റെ വിളുമ്പിലേയ്ക്കാണ്.  മംഗലവാര്‍ത്ത എത്തിയത് – നസ്രത്തെന്ന ചെറുഗ്രാമത്തിലേയ്ക്ക്. പഴയനിയമത്തില്‍ പരാമര്‍ശിക്കുകപോലും ചെയ്യപ്പെടാത്ത സ്ഥലത്താണ് മിശിഹായുടെ ജനനം ഉണ്ടാകുമെന്ന അറിയിപ്പു ലഭിക്കുന്നത്. “നസ്രത്തില്‍നിന്നും വല്ല നന്മയുമുണ്ടാകുമോ,” എന്ന് അക്കാലത്ത് കളങ്കമില്ലാത്ത ഏതു ഇസ്രായേല്യനും സത്യസന്ധമായി സംശയിച്ചിരുന്നു. അത്രത്തോളം അപ്രസക്തമായിരുന്നു ആ ഗ്രാമം! അതിനാല്‍, ഗലീലിയായിലെ നസ്രത്തിലെത്തി ഗബ്രിയേല്‍ ദൂതന്‍ നല്കിയ മംഗലവാര്‍ത്ത ഞെട്ടല്‍ ഉളവാക്കുന്ന സംഭവമായിരുന്നു. അങ്ങനെ  എല്ലാം കീഴ്മേല്‍ മറിക്കുന്ന സന്ദേശമായിരുന്നു ഗബ്രിയേല്‍ ദൂതനിലൂടെ മറിയത്തിനു ലഭിച്ചത്.

കന്യക ഗര്‍ഭംധരിക്കുമെന്ന വാര്‍ത്തയും മറ്റൊരു വിസ്മയമല്ലേ? സാധാരണ ഭാഷയില്‍ ഞെട്ടലാണത്. പാപത്താല്‍ കളങ്കപ്പെടാത്തവള്‍ എന്നാണ് കന്യക എന്ന വാക്കിനര്‍ത്ഥം. അങ്ങനെ കളങ്കിതമാകാത്ത മനുഷ്യവര്‍ഗ്ഗത്തിന്‍റെ സന്തതിയാണ് മറിയം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതത്തിന്‍റെ വിസ്മയവും രഹസ്യവുമാണിത്. ദൈവം എപ്രകാരം മനുഷ്യാവതാരം ചെയ്തുവെന്നത് പ്രപഞ്ചരഹസ്യവും ദിവ്യരഹസ്യവുമാണ്. ദൈവിക ലാളിത്യം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട വ്യക്തിയാണ് മറിയം. ദൈവഹിതത്തോട്, ‘ഇതാ, കര്‍ത്താവിന്‍റെ ദാസി,’ എന്നു പ്രത്യുത്തരിച്ച മറിയമാണ്  ദൈവമാതാവെന്ന വിശേഷണത്തിന് അര്‍ഹയാകുന്നത്. Mater Dei, Mother of God ഗ്രീക്കു ഭാഷയില്‍ theo thekos ദൈവമാതാവ് എന്ന പ്രയോഗമാണ്.

4.  ദൈവികപദ്ധയിലെ വ്യക്തിസമര്‍പ്പണം    
ദൈവികരഹസ്യത്തിന്‍റെ വെളിപ്പെടുത്തലിനു മുന്‍പില്‍ ഉചിതമാകുന്ന ഏകമനോഭാവം ലാളിത്യമാണ്. മേരി പഠിപ്പിക്കുന്നത്
ഈ ലാളിത്യത്തിന്‍റെ ജീവിതശൈലിയാണ്. ‘ഇതാ, കര്‍ത്താവിന്‍റെ ദാസി,’ എന്നു പ്രത്യുത്തരിക്കുവാനും, ദൈവിക പദ്ധതി തിരിച്ചറിയുവാനും,  ദൈവം വരച്ചിട്ട രേഖ കണ്ടെത്താനുമുള്ള ശ്രമമാണ് വിജയംവരിക്കുന്നത്, അവിടുത്തേയ്ക്ക് നമ്മെത്തന്നെ സമര്‍പ്പിക്കുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നതെന്ന് കന്യകാനാഥ നമ്മെ പഠിപ്പിക്കുന്നു.  അപ്പോള്‍ മനുഷ്യജീവിതങ്ങള്‍ ‘പരിശുദ്ധമായി’ രൂപാന്തരപ്പെടും. വിശുദ്ധീകരിക്കപ്പെടും. അങ്ങനെ ദൈവത്തിന്‍റെ വിസ്മയങ്ങള്‍  ഞെട്ടലുകളാണെങ്കിലും, ദൈവഹിതത്തിന് വിധേയപ്പെടുമ്പോള്‍ അവ ഫലമണിയുന്നു. ജീവിതമാകുന്ന സമസ്യപോലെയാണ് ഈ ദൈവികവെളിപാട്. നസ്രത്തിലെ മേരിക്ക് ലഭിച്ച ദിവ്യമായ ആഹ്വാനവും ദൈവം താഴ്മയില്‍ നമ്മോടൊത്തു വസിക്കുന്ന സമസ്യയാണ്, വിസ്മയമാണ്. മനുഷികമായ എല്ലാ അളവുകോലുകളെയും അതിലംഘിക്കുന്ന പ്രത്യാശയുടെ മഹോത്സവമാണ് ക്രിസ്തുമസ്. ജീവിതചക്രവാളത്തിന്‍റെ വിശാലതയിലേയ്ക്ക് പറന്നുയരാന്‍ കഴിയാത്തവിധം ചിറകു നഷ്ടപ്പെട്ടവര്‍ക്കായി ഇതാ, പ്രതീക്ഷയുടെയും സ്നേഹത്തിന്‍റെയും മഹോത്സവം വീണ്ടും ആസന്നമാകുന്നു.

5. മനുഷ്യര്‍ക്ക് ദൃശ്യമായ പിതാവിന്‍റെ കരുണാര്‍ദ്രരൂപം 
ആഘോഷങ്ങളുടെ പൊള്ളയായ വര്‍ണ്ണപ്പൊലിമയില്‍നിന്നും ക്രിസ്തുമസ്സിനെ മോചിക്കണം എന്ന് ഈയിടെ പ്രസ്താവിച്ചത്  
പാപ്പാ ഫ്രാന്‍സിസാണ്. പിതാവായ ദൈവത്തിന്‍റെ മനുഷ്യകുലത്തോടുള്ള അതിരില്ലാത്ത സ്നേഹമാണ് ക്രിസ്തുമസ്സില്‍ കണ്ടെത്തേണ്ടത്. ഹൊറെബ് മലയില്‍ അബ്രാഹം അര്‍പ്പിച്ച  ബലിപോലെയാണത്! ‘തന്‍റെ ഏകജാതനെ നല്കുമാറ് അത്രമേല്‍ ഭൂമിയെ ഇഷ്ടപ്പെട്ട’ പിതാവായ ദൈവത്തിന് നന്ദിയര്‍പ്പിക്കുന്ന തിരുനാളാണിത്  (യോഹ. 3, 16). ജോസഫിനു ദൈവദൂതന്‍ നല്കിയ സന്ദേശം ‘ദൈവം തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നും മോചിപ്പിക്കും’ (മത്തായി 1, 21) എന്നായിരുന്നു. മനുഷ്യാവതാരത്തിന്‍റെ ലക്ഷൃം ഇതായിരുന്നു. ഇതാണ് ക്രിസ്തുമസ്സിന്‍റെ പൊരുള്‍! പാപംചെയ്യുന്നവര്‍ പാപത്തിന് അടിമകളാണ്. അതിനാല്‍ പാപത്തിന്‍റെ ബന്ധനത്തില്‍നിന്നാണ് ആദ്യമോചനം. അതുപോലെ  ദൈവവും മനുഷ്യരുമായുള്ള ശരിയായ ബന്ധത്തിലൂടെയാണ് വിമോചനം സാക്ഷാത്ക്കരിക്കേണ്ടത്. മനുഷ്യനായി, നമ്മോടൊത്തു വസിച്ച ദൈവം, ക്രിസ്തു -  ഭൂമിയില്‍ മനുഷ്യനിര്‍മ്മിതമായ കൂടാരത്തില്‍ ഇന്നും പാര്‍ക്കുന്ന ആഭൗമസാന്നിദ്ധ്യമാണ്. നമ്മില്‍ ഒരുവനായ ദൈവപുത്രന്‍ മനുഷ്യമക്കളെ ദൈവികപാതയിലേയ്ക്ക് നയിക്കുന്നു. നമുക്ക് ദൈവിക വെളിച്ചം പകര്‍ന്നു നല്കുന്നു. അങ്ങനെ മനുഷ്യരെ ദൈവമക്കളുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിയ മഹോത്സവമാണ് ക്രിസ്തുമസ്സ്!

6. ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല  
ദൈവികപദ്ധതിയോടു വിധേയപ്പെടാന്‍ ആദ്യം മടിക്കുകയും ഭയപ്പെടുകയും ചെയ്ത മറിയത്തെപ്പോലെ, ദൈവത്തിന്‍റെ പദ്ധതിയോടു ചേരാന്‍ നമുക്കും ഭയപ്പാടുണ്ടാകാം. എന്നാല്‍ ദൈവികശബ്ദമിതാണ്, ‘ഭയപ്പെടേണ്ട.’ ദൈവദൂതന്‍ ജോസഫിനും മറിയത്തിനും നല്കിയ ഉറപ്പാണിത്. ദൈവം ആ ഉറപ്പ് ഇന്നും ആവര്‍ത്തിക്കുന്നു. മനുഷ്യനുവേണ്ടി ഇന്നും ഉയരുന്ന ദൈവത്തിന്‍റെ ആശ്വാസ വചസ്സാണിത്. ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല. നമ്മിലേയ്ക്കു വരാന്‍ ദൈവം മടികാണിക്കാതിരുന്നതുപോലെ, ദൈവത്തിങ്കലേയ്ക്ക് തിരിയുവാനും, അടുക്കുവാനും, ദൈവത്തില്‍ ജീവിക്കുവാനും നാം മടികാണിക്കരുത്, ഭയപ്പെടരുത്.. ദൈവത്തില്‍നിന്ന് നാം അകന്നുപോകയുമരുത്. ദൈവം നമ്മിലേയ്ക്കു വന്നതിന്‍റെയും, നമുക്കായി നല്കിയ ആത്മീയ മോചനത്തിന്‍റെയും ദൈവികജീവന്‍റെയും മഹോത്സവമാണ് ക്രിസ്തുമസ്സ്.

7. പ്രത്യാശയുടെ  മഹോത്സവം  
ഈ ദിനങ്ങളില്‍ എങ്ങും കൗതുകത്തോടെ കത്തിനില്ക്കുന്ന നക്ഷത്ര വിളക്കുകളും ക്രിസ്തുമസ് മരങ്ങളും, വിശുദ്ധധൂപംപോലെ സായന്തനങ്ങളില്‍ ഉയര്‍ന്നുപൊങ്ങുന്ന കരോള്‍ഗീതങ്ങളും...,  ഹൃദയമുണര്‍ത്തുന്ന സാന്ദ്രലയത്തിന്‍റെ ദേവാലയഗീതളും  മണിനാദങ്ങളും...!!! കാര്‍ഡുകളുടെയും ഡിജിറ്റല്‍ സന്ദേശങ്ങളുടെയും വര്‍ണ്ണക്കൂട്ടുകള്‍ക്ക് പിന്നില്‍ തൊട്ടറിയാവുന്ന പ്രിയമുള്ളവരുടെ നന്മയും കനിവും സ്നേഹവും,  മെഴുതിരികള്‍ എരിയുന്ന പുല്‍ക്കൂട്ടില്‍ ഉണ്ണിയുടെ പാല്‍പ്പുഞ്ചിരിയും, എല്ലാമെല്ലാം പഴയതുപോലെ ആവണമെന്നില്ല. എങ്കിലും ദൈവസ്നേഹവും, ദൈവം നമ്മോടൊത്തു വസിച്ച ലാളിത്യവും വിനീതഭാവവും ക്രിസ്തുമസ്സില്‍ നമുക്കു വെളിപ്പെട്ടുകിട്ടുന്നു, അനുഭവവേദ്യമാകുന്നു. അതിനാല്‍ ഇരുകരങ്ങളും കൂപ്പി മറിയത്തെപ്പോലെ നമുക്കീ ക്രിസ്മസ്സിനെ വരവേല്ക്കാം. കാരണം ഓരോ ക്രിസ്തുമസ്സും ദൈവത്തിന്‍റെ പ്രത്യാശയുടെ സുവിശേഷമാണ്.

8. ഇന്നും വിരിയുന്ന ദൈവസ്നേഹം 
പ്രളയകാലത്തിനുശേഷം മാനത്ത് മഴവില്ല് തെളിയുന്നു. തിന്മയുടെ വിത്തുവിതച്ച വയലുകളിലും സുകൃതിപൂക്കള്‍ വിരിയുന്നു. അപ്പോഴെല്ലാം ദൈവം മനുഷ്യനോടു മന്ത്രിക്കുന്നു, “ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു!” God still loves the world… നമുക്കു ചുറ്റും അങ്ങനെ വെളിപ്പെടുന്ന ദൈവസ്നേഹത്തോട് പ്രത്യുത്തരിക്കുവാനാണ് ക്രിസ്തുമസ്സ് നാളില്‍ മറിയം തന്‍റെ ജീവിതമാതൃകകൊണ്ട് നമ്മോട് ഇന്ന് ആവശ്യപ്പെടുന്നത്. തന്നെ ദൈവം സ്നേഹിക്കുന്നുവെന്നും, രക്ഷയുടെ പദ്ധതിയില്‍ പങ്കുചേരുവാന്‍ വിളിക്കുന്നുവെന്നും മനസ്സിലാക്കിയവളാണ് മറിയം. അനുദിന ജീവിതത്തിലെ രക്ഷയുടെ പദ്ധതികള്‍ ജീവിത ഉത്തരവാദിത്വങ്ങളില്‍ തിരിച്ചറിയാന്‍ മറിയത്തെപ്പോലെ നമുക്കും പരിശ്രമിക്കാം. ഈ പ്രത്യാശയില്‍ ആസന്നമാകുന്ന ക്രിസ്തുമസിന് നമുക്ക് ഒരുങ്ങാം.  അങ്ങനെ നന്മയുടെ ഇത്തിരിപ്പൂക്കള്‍ നമ്മിലൂടെ ഇനിയും എവിടെയും വിരിയട്ടെ! നമ്മിലൂടെ ഇനിയും എവിടെയും നമുക്കു ചുറ്റും നമ്മുടെ ജീവിത പരിസരങ്ങളില്‍ സന്തോഷമായി സ്നേഹമായി സദ്പ്രവൃത്തികളായി സാന്ത്വനമായി സഹോദരങ്ങള്‍ക്ക് സ്നേഹമായി സാന്ത്വനമായി വിരിയട്ടെ!
കൃപാപൂര്‍ണ്ണയായ അമ്മ നമ്മെ തുണയ്ക്കട്ടെ!!            
All the contents on this site are copyrighted ©.