2017-12-21 12:46:00

ഹൃദയത്തെ പുല്‍ക്കൂടാക്കിമാറ്റുക -പാപ്പാ


ഉണ്ണിയേശുവിനെ സ്വീകരിക്കാന്‍ ഹൃദയത്തെ പുല്‍ക്കൂടാക്കിമാറ്റുന്നവരുടെ വിശ്വാസത്തിന്‍റെ ആഘോഷമാണ് തിരുപ്പിറവിത്തിരുന്നാളെന്ന് മാര്‍പ്പാപ്പാ.

പതിവുപോലെ ഇക്കൊല്ലവും ക്രിസ്തുമസ്സ് ആശംസകള്‍ കൈമാറുന്നതിന് റോമന്‍ കൂരിയായിലെ അംഗങ്ങളെയും അവരുടെ സഹകാരികളെയും വത്തിക്കാനില്‍, ക്ലെമന്‍റയിന്‍ ശാലയില്‍,  വ്യാഴാഴ്ച(21/12/17) സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

നമ്മെ പ്രതിസന്ധയിലാക്കാത്ത ഒരു വിശ്വാസമാണ് നമുക്കള്ളതെങ്കില്‍ ആ വിശ്വാസം പ്രതിസന്ധിയിലാണെന്നും നമ്മെ വളര്‍ത്താത്തതാണെങ്കില്‍ ആ വിശ്വാസം വളരേണ്ടിയരിക്കുന്നുവെന്നും നമ്മെ ചോദ്യം ചെയ്യാത്താണെങ്കില്‍ നാം സൂക്ഷ്മമായി പരിശോധിക്കേണ്ട വിശ്വാസമാണ് അതെന്നും നമ്മില്‍ ഇളക്കം സൃഷ്ടിക്കാത്തതാണെങ്കില്‍ ആ വിശ്വാസത്തെ ചൈതന്യവല്‍ക്കരിക്കേണ്ടിയിരിക്കുന്നുവെന്നും തിരുപ്പിറവി നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.

റോമന്‍ കൂരിയാ നവീകരണത്തെക്കുറിച്ചും പാപ്പാ ഈ കുടിക്കാഴ്ചാവേളയില്‍ പരാമര്‍ശിച്ചു.

സങ്കീര്‍ണ്ണവും പുരാതനവും ആദരണീയവും, അതുപോലെ തന്നെ, ഭിന്ന ഭാഷാക്കാരും ഭിന്ന സംസ്ക്കാരങ്ങളിലുള്ളവരും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതുമായ റോമന്‍ കൂരിയായുടെ ഈ നവീകരണ പ്രക്രിയയില്‍ ക്ഷമയും അര്‍പ്പണമനോഭാവവും വിവേചനബുദ്ധിയും ഏറെ ആവശ്യമായിരിക്കുന്നുവെന്ന വസ്തുത പാപ്പാ തദ്ദവസരത്തില്‍ ചൂണ്ടിക്കാട്ടി.

യാഥാര്‍ത്ഥ്യബോധം പുലര്‍ത്താതെ സ്വകേന്ദ്രീകൃതമായ വ്യക്തിനിഷ്ഠതയിലേക്കെത്തിക്കുന്ന അസന്തുലിതവും ക്ഷയോന്മുഖവുമായ ഗൂഢാലോചനയുടേയൊ, അല്ലെങ്കില്‍, ചെറുവിഭാഗങ്ങളു‌ടെ വലയം തീര്‍ക്കലിന്‍റേയൊ ആയ യുക്തി ഒരു തരം അര്‍ബുദമാണെന്നും അതു സഭാസംവിധാനങ്ങളെയും, അതില്‍ പ്രവര്‍ത്തിക്കുന്നവരെയും പിടികൂടുന്ന അപകടമുണ്ടെന്നും മുന്നറിയിപ്പുനല്കിയ പാപ്പാ അതിനെ അതിജീവിക്കേണ്ടത് സുപ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി.  

റോമന്‍ കൂരിയായുടെ സേവനത്തിന്‍റെ സാര്‍വ്വത്രിക ഭാവത്തിന്‍റെ ഉറവിടം പത്രോസിന്‍റെ ശുശ്രൂഷാദൗത്യത്തിന്‍റെ (PETRINE MINISTRY) കാതോലികതയാണെന്നു പാപ്പാ പറഞ്ഞു.

 








All the contents on this site are copyrighted ©.