2017-12-20 13:10:00

കുര്‍ബ്ബാന:പ്രാരംഭകര്‍മ്മം -പാപ്പായുടെ പൊതുദര്‍ശന വിചിന്തനം


റോമില്‍, യൂറോപ്പിന്‍റെ ഇതരഭാഗങ്ങളിലെന്നപോലെ, ശൈത്യം ശക്തി പ്രാപിച്ചിരിക്കുന്നു. അര്‍ക്കാശുക്കളെ മറച്ച കാര്‍മേഘങ്ങള്‍ ഈ ബുധനാഴ്ച (20/12/17) രാവിലെ പൊതുവെ ഒരു മൂടലിനു കാരണമാകുകയും ചെയ്തു. എന്നിരുന്നാലും  വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. കരീബിയന്‍ ദ്വീപായ ക്യൂബയില്‍  നിന്നെത്തിയിരുന്ന സര്‍ക്കസ്സ് കലാകരന്മാരും സര്‍ക്കസ്സ് ഭാരവാഹികളും അടങ്ങിയ 75 അംഗ സംഘവും ഇകൂട്ടത്തില്‍ ഉണ്ടായിരുന്നു. പൊതുകൂടിക്കാഴ്ചയുടെ വേദി, കഴിഞ്ഞയാഴ്ചയിലെന്നതു പോലെ, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയ്ക്കടുത്തുള്ള പോള്‍ ആറാമന്‍ ശാലയായിരുന്നു. ഈ ശാലയില്‍ പ്രവേശിച്ച പാപ്പായെ അവിടെ സന്നിഹിതരായിരുന്നവര്‍ കൈയ്യടിച്ചും ആരവങ്ങളുംയര്‍ത്തിയും  വരവേറ്റു.പുഞ്ചിരിതൂകി വേദിയിലേക്കു നീങ്ങിയ പാപ്പാ, ഇരുവശത്തും നിന്നിരുന്നവരെ അഭിവാദ്യം ചെയ്യുകയും അവരോടു കുശലം പറയുകയും അവര്‍ക്ക്  ഹസ്തദാനമേകുകയും പിഞ്ചുകുഞ്ഞുങ്ങളെ ആശീര്‍വ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ആദിമ ക്രൈസ്തവസമൂഹത്തിന്‍റെ കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയിലുള്ള പങ്കുചേരല്‍ എന്നിവയെക്കുറിച്ചു പരാമര്‍ശിക്കുന്ന അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍, രണ്ടാം അദ്ധ്യായം 42 മുതല്‍ 47 വരെയുള്ള ഭാഗമായിരുന്നു വായിക്കപ്പെട്ടത്.ഈ ഭാഗം പാരായണംചെയ്യപ്പെട്ടതിനു ശേഷം, പാപ്പാ, വിശുദ്ധ കുര്‍ബ്ബാനയെ അധികരിച്ചു  താന്‍ പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. പ്രാരംഭ കര്‍മ്മ പാപ്പായുടെ പരിചിന്തനവിഷയം.

പാപ്പായുടെ പരിചിന്തനത്തിന്‍റെ സംക്ഷേപം:

പ്രിയ സഹോദരീ സഹോദരന്മാരേ ശുഭദിനം.

വിശുദ്ധകുര്‍ബ്ബാനാര്‍പ്പണത്തെക്കുറിച്ച് ചിന്തിക്കാനാണ് ഞാനഭിലഷിക്കുന്നത്. ദിവ്യപൂജാര്‍പ്പണത്തിന് രണ്ടു ഭാഗങ്ങളുണ്ട്, ദൈവവചന ശുശ്രൂഷയും സ്തോത്രയാഗ കര്‍മ്മവും. ഒരൊറ്റ ദൈവവാരാധനയാകത്തക്കവിധം ഇവ രണ്ടും അത്രമാത്രം ഗാഢമായി യോജിച്ചിരിക്കുന്നു. (സാക്രൊസാംക്തും കൊണ്‍ചീലിയും 56) പ്രാരംഭ ശുശ്രൂഷകളും സമപാന കര്‍മ്മങ്ങളും ചേര്‍ന്ന് ദിവ്യപൂജാര്‍പ്പണം അവിഭാജ്യമായ ഏക ഘടനയാണ്. അത് ഉപരിമെച്ചപ്പെട്ട രീതിയില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതിനുവേണ്ടി അതിന്‍റെ വിവിധ ഘട്ടങ്ങള്‍ വിശദീകരിക്കാനാണ് ഞാന്‍ ശ്രമിക്കുക. വിശുദ്ധകുര്‍ബ്ബാനാര്‍പ്പണത്തിന്‍റെ ഒരോ ഘട്ടത്തിനും നമ്മുടെ മാനവികതയുടെ മാനത്തെ സ്പര്‍ശിക്കാനും അതിലുള്‍ച്ചേര്‍ക്കാനും കഴിയും. പവിത്രമായ ഈ അടയാളങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് വിശുദ്ധ കുര്‍ബ്ബാന അതിന്‍റെ പൂര്‍ണ്ണതയില്‍ ജീവിക്കുന്നതിനും അതിന്‍റെ മനോഹരിത മുഴുവന്‍ ആസ്വദിക്കുന്നതിനും ആവശ്യമാണ്.

ജനം സമ്മേളിച്ചു കഴിയുമ്പോള്‍ പ്രാരംഭകര്‍മ്മങ്ങളോടുകൂടി വിശുദ്ധകുര്‍ബ്ബാനാഘോഷം തുടങ്ങുന്നു. ഈ പ്രാരംഭകര്‍മ്മത്തില്‍ കാര്‍മ്മികരുടെയോ കാര്‍മ്മികന്‍റെയോ പ്രവേശനം, “നിങ്ങള്‍ക്ക് സമാധാനം” എന്ന അഭിവാദനം, നാം പാപങ്ങള്‍ ഏറ്റുപറയുന്ന അനുതാപശുശ്രൂഷ, കീരിയെ എലേയിസോണ്‍,(കര്‍ത്താവേ കനിയണമേ) ഗ്ലോരിയാ ഗീതം(അത്യുന്നതങ്ങളില്‍), സമിതിപ്രാര്‍ത്ഥന എന്നിവയടങ്ങിയിരിക്കുന്നു. സമിതി പ്രാര്‍ത്ഥനയെന്നു പറയുന്നത് സകലജനതകളുടെയും പ്രാര്‍ത്ഥനാനിയോഗങ്ങളു‍ടെ സമാഹാരം എന്ന അര്‍ത്ഥത്തിലാണ്. ഇവയുടെ ലക്ഷ്യം, ഒന്നുചേര്‍ന്നിരിക്കുന്നവര്‍ ഏകസമൂഹമായിത്തീരുകയും ദൈവവചനം വിശ്വാസത്തോടെ ശ്രവിക്കുകയും വിശുദ്ധകൂര്‍ബ്ബാന യോഗ്യതയോടെ ആഘോഷിക്കുകയുമാണ്.

സമയം നോക്കിയിരിക്കുകയും, ഞാന്‍ സമയത്തിനെത്തി, പ്രസംഗത്തിനു ശേഷമെ ഞാനെത്തുകയുള്ള, എന്‍റെ കടമ ഞാന്‍ നിറവേറ്റി എന്നൊക്കെ പറയുകയും ചെയ്യുന്നത് നല്ല ശീലമല്ല. കുരിശടയാളം വരയ്ക്കുന്നതോടെ വിശുദ്ധ കുര്‍ബ്ബാന ആരംഭിക്കുകയാണ്.. അതുകൊണ്ട് താമസിച്ചെത്തുന്നതിനു പകരം ഈ തിരുക്കര്‍മ്മത്തിന് ഹൃദയത്തെ ഒരുക്കുന്നതിനായി അല്പം മുമ്പെത്താന്‍ ശ്രമിക്കേണ്ടത് പ്രധാനമാണ്.

സാധാരണയായി, പ്രവേശനഗീതം ആലപിക്കപ്പെടുമ്പോള്‍ വൈദികന്‍ ഇതര ശുശ്രൂഷകരുമൊത്തു, പ്രദക്ഷിണമായി ബലിവേദിയിലെത്തുകയും അള്‍ത്താരയെ കുമ്പിട്ട്, ചുംബിച്ച്, ധൂപാര്‍പ്പണം നടത്തി വണങ്ങുകയും ചെയ്യുന്നു. എന്തുകൊണ്ട് ഈ ധൂപാര്‍പ്പണം? ബലിവേദി ക്രിസ്തുവാണ്. അത് ക്രിസ്തുവിന്‍റെ രൂപമാണ്. നാം അള്‍ത്താരയെ നോക്കുമ്പോള്‍ ക്രിസ്തുവിനെയാണ് നോക്കുന്നത്. ഈ പ്രാരംഭ കര്‍മ്മങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന അപകടമുണ്ട്. എന്നാല്‍ അവയെല്ലാം അതീവ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം, വിശുദ്ധകുര്‍ബ്ബാന, കുരിശില്‍ തന്‍റെ ശരീരം സമര്‍പ്പിച്ചുകൊണ്ട് ബലിവേദിയും ബലിവസ്തുവും പുരോഹിതനുമായിത്തീര്‍ന്ന   ക്രിസ്തുവുമായുള്ള സ്നേഹത്തിന്‍റെ കണ്ടുമുട്ടാലാണെന്ന് ഈ കര്‍മ്മങ്ങള്‍ തുടക്കം മുതല്‍ തന്നെ വെളിപ്പെടുത്തുകയാണ്. വാസ്തവത്തില്‍, അള്‍ത്താര, ക്രിസ്തുവിന്‍റെ  തന്നെ അടയാളമാകയാല്‍ വിശുദ്ധകുര്‍ബ്ബാന വഴി പൂര്‍ത്തിയാക്കപ്പെടുന്ന കൃപയുടെ പ്രവര്‍ത്തനത്തിന്‍റെ കേന്ദ്രമാണ്.

ഇനി കുരിശിന്‍റെ അടയാളം. ദിവ്യപൂജാര്‍പ്പണത്തില്‍ കാര്‍മ്മികനും സന്നിഹിതരായിരിക്കുന്ന എല്ലാവരും അവനവന്‍റെ മേല്‍ കുരിശടയാളം വരയ്ക്കുന്നു. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിലാണ് ഈ ആരാധാന കര്‍മ്മം പൂര്‍ത്തിയാക്കപ്പെടുന്നത് എന്ന അവബോധത്തോടെയാണ് ഇത് ചെയ്യുന്നത്. കുട്ടികള്‍ കുരിശടയാളം വരയ്ക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അവരത് ഒരു ചിത്രം വരയ്ക്കുന്നതു പോലെ ചെയ്യുന്നു, അവര്‍ക്കറിയില്ല അവര്‍ ചെയ്യുന്നതെന്താണെന്ന്.  ആകയാല്‍ മുതിര്‍ന്നവര്‍ അവരെ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ മുതല്‍ അതു നന്നായി പഠിപ്പിക്കുകയും വിശദീകരിച്ചുകൊടുക്കുകയും വേണം.

അപരിമേയമായ കൂട്ടായ്മയുടെ ഇടമായ പരിശുദ്ധതമ ത്രിത്വത്തെ വലയം ചെയ്താണ് ഈ പ്രാര്‍ത്ഥന മുഴുവന്‍ നടക്കുന്നതെന്നു പറയാം. ത്രിയേകദൈവത്തിന്‍റെ സ്നേഹമാണ് ഈ പ്രാര്‍ത്ഥനയുടെ തുടക്കവും ഒടുക്കവും. ഈ സ്നേഹം ക്രിസ്തുവിന്‍റെ കുരിശില്‍ നമുക്ക് വെളിപ്പെടുത്തപ്പെടുകയും നല്കപ്പെടുകയും ചെയ്തു. വാസ്തവത്തില്‍ അവിടത്തെ പെസഹാരഹസ്യം ത്രിത്വത്തിന്‍റെ സമ്മാനമാണ്. വിശുദ്ധകുര്‍ബ്ബാന നിര്‍ഗ്ഗമിക്കുന്നത് എന്നും ക്രിസ്തുവിന്‍റെ തുളയ്ക്കപ്പെട്ട ഹൃദയത്തില്‍ നിന്നാണ്. നാം നമ്മെത്തന്നെ കുരിശിന്‍റെ അടയാളത്താല്‍ മുദ്രിതരാക്കുമ്പോള്‍ നാം നമ്മുടെ ജ്ഞാനസ്നാനത്തിന്‍റെ ഓര്‍മ്മ ആചരിക്കുക മാത്രമല്ല, ആരാധാനാക്രമപ്രാര്‍ത്ഥന,  നമുക്കായി മാസം ധരിച്ച് കുരിശില്‍ മരിച്ച് മഹത്വത്തോടെ ഉത്ഥാനം ചെയ്ത യേശുക്രിസ്തുവില്‍ ദൈവവുമായുള്ള സമാഗാമമാണ് എന്ന് നാം പ്രഖ്യാപിക്കുകയാണ്.

“കര്‍ത്താവു നിങ്ങളോടു കൂടെ” എന്ന് പറഞ്ഞ് പുരോഹിതന്‍  സമൂഹത്തെ അഭിവാദ്യം ചെയ്യുന്നു. അപ്പോള്‍ സമൂഹം “അങ്ങയോടും കൂടെ” എന്ന് പ്രത്യഭിവാദനം ചെയ്യുന്നു. നാം വിശുദ്ധ കുര്‍ബ്ബാനാര്‍പ്പണത്തിന്‍റെ ആരംഭത്തിലാണ്. ഈ കര്‍മ്മങ്ങളുടെയും വാക്കുകളുടെയുമെല്ലാം പൊരുളെന്തെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. വാസ്തവത്തില്‍ പുരോഹിതന്‍റെ അഭിവാദനവും ജനത്തിന്‍റെ  മറുപടിയും ഒന്നുചേര്‍ക്കപ്പെട്ട സഭയുടെ രഹസ്യത്തെ അനാവരണം ചെയ്യുന്നു. പൊതുവായ വിശ്വാസവും കര്‍ത്താവിനൊടത്തായിരിക്കാനും സകല സമൂഹങ്ങളുമൊത്തു ഐക്യം ജീവിക്കാനുമുള്ള അഭിലാഷവും അങ്ങനെ ആവിഷ്ക്കരിക്കപ്പെടുന്നു.

അവിടെ സൃഷ്ടിക്കപ്പെടുന്ന പ്രാര്‍ത്ഥനൈക്യം ഉടനെ അവതരിപ്പിക്കുന്നത് ഹൃദയസ്പര്‍ശിയായ ഒരു നിമിഷമാണ്. അതായത് പാപങ്ങള്‍ ഏറ്റു പറയാന്‍ മുഖ്യ കാര്‍മ്മികന്‍ സമൂഹത്തെ ക്ഷണിക്കുന്നു. ഇത് അനുതാപ ശുശ്രൂഷയാണ്. ചെയ്തുപോയ പാപങ്ങളെക്കുറിച്ച് ചിന്തിക്കുക മാത്രമല്ല ചെയ്യുക, അതിനെക്കാളൊക്കെ ഉപരിയായ ഒന്നാണത്. ദേവാലയത്തില്‍ ചുങ്കക്കാരന്‍ ചെയ്തതുപോലെ, തങ്ങള്‍ പാപികളാണെന്ന് എളിമയോടും ആത്മര്‍ത്ഥതയോടും കൂടി, ദൈവത്തിന്‍റെയും സഹോദരങ്ങളുടെയും മുന്നില്‍ ഏറ്റു പറയുന്നതിനുള്ള ഒരു ക്ഷണമാണത്. വിശുദ്ധ കുര്‍ബ്ബാന പെസാഹാ രഹസ്യത്തെ, അതായത്, മൃത്യുവില്‍ നിന്ന് ജീവനിലേക്കുള്ള ക്രിസ്തുവിന്‍റെ   കടക്കലിനെ, സത്യത്തില്‍ സന്നിഹിതമാക്കുന്നുവെങ്കില്‍, നാം ആദ്യം ചെയ്യേണ്ട കാര്യം, പുതു ജീവനിലേക്ക് ക്രിസ്തുവിനോടൊപ്പം ഉത്ഥാനം ചെയ്യേണ്ടതിന് നമ്മുടെ മൃതാവസ്ഥകള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിയുകയാണ്. ഇതു നമുക്കു മനസ്സിലാക്കിത്തരും എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണ് അനുതാപശുശ്രൂഷയെന്ന്. അതു നമുക്ക് അടുത്ത പ്രാവശ്യം പരിചിന്തനം ചെയ്യാം.

വിശുദ്ധകുര്‍ബ്ബാനയെക്കുറിച്ചുള്ള വിവരണം പടിപടിയായി നമുക്കു തുടരാം. കുരിശടയാളം വരയ്ക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ നിങ്ങള്‍ ദയവുചെയ്തു മറന്നു പോകരുത്. നന്ദി

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, മറിയത്തിനുണ്ടായിരുന്ന വിശ്വാസത്തിന്‍റെ അനുസരണവും എളിമയും സ്വന്തമാക്കിക്കൊണ്ട് കര്‍ത്താവിന്‍റെ തിരുപ്പിറവിക്കൊരുങ്ങാന്‍ യുവതയെ ഉപദേശിച്ചു. നമ്മുടെ ഇടിയിലേക്കുവരുന്ന യേശുവിനോടുള്ള സ്നേഹത്തിന്‍റെ ഊര്‍ജ്ജം മറിയത്തില്‍ നിന്ന് സ്വീകരിക്കാന്‍ രോഗികള്‍ക്കും ബത്ലഹേമിലെ തിരുക്കുടുംബത്തിന്‍റെ മാതൃക മനനം ചെയ്തുകൊണ്ട് ആ കുടുംബത്തിന്‍റെ സുകൃതങ്ങള്‍ കുടുബജീവിത യാത്രയില്‍ ല്‍ പ്രാവര്‍ത്തികമാക്കുന്നതിന് പരിശ്രമിക്കാന്‍ നവദമ്പതികള്‍ക്കും പാപ്പാ പ്രചോദനം പകര്‍ന്നു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.