2017-12-20 17:42:00

കര്‍ദ്ദിനാള്‍ ബര്‍ണാര്‍ഡ് ലോ കാലംചെയ്തു - പാപ്പാ ഫ്രാന്‍സിസ് അനുശോചിച്ചു


അമേരിക്കക്കാരനായ കര്‍ദ്ദിനാള്‍ ബെര്‍ണാര്‍ഡ് ലോ കാലംചെയ്തു.

പാപ്പാ ഫ്രാന്‍സിസിന്‍റെ അനുശോചനം 
മേരി മേജര്‍ ബസിലിക്കയുടെ പ്രധാന പുരോഹിതനും അമേരിക്കയിലെ ബോസ്റ്റണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായിരുന്ന കര്‍ദ്ദിനാള്‍ ബെര്‍ണാര്‍ഡ് ഫ്രാന്‍സിസ് ലോ ഡിസംബര്‍ 20-Ɔ൦ തിയതി ബുധനാഴ്ച രാവിലെ 86-Ɔമത്തെ വയസ്സില്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാലാണ് റോമില്‍ അന്തരിച്ചത്.

കരുണയില്‍ സമ്പന്നനായ ദൈവം കര്‍ദ്ദിനാള്‍ ലോയുടെ ആത്മാവിന് നിത്യശാന്തി നല്‍കട്ടെ!  ഈ വേര്‍പാടില്‍ ദുഃഖിക്കുന്ന സകലര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദം നല്കുന്നു. കന്യകാനാഥയുടെ റോമിലെ ബസിലിക്കയില്‍ സേവനംചെയ്ത കര്‍ദ്ദിനാള്‍ ലോയുടെ ആത്മാവിനെ റോമിന്‍റെ രക്ഷകിയെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കന്യകാനാഥയ്ക്കു സമര്‍പ്പിച്ചുകൊണ്ടാണ്, കര്‍ദ്ദിനാള്‍ സംഘത്തലവന്‍ ആഞ്ചലോ അമാത്തോയ്ക്ക് അയച്ച സന്ദേശം പാപ്പാ ഉപസംഹരിച്ചത്.

അന്തിമോപചാര ശുശ്രൂഷകള്‍ ഡിസംബര്‍ 21-Ɔ൦ തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പ്രാദേശിക സമയം വൈകുന്നേരം 3.30-ന് നടത്തപ്പെടും. പാപ്പാ ഫ്രാന്‍സിസ് കാര്‍മ്മികത്വംവഹിക്കും. കര്‍ദ്ദിനാള്‍ ലോയുടെ നിര്യാണത്തോടെ സഭയിലെ കര്‍ദ്ദിനാള്‍ സംഘത്തിലെ ആകെ അംഗങ്ങള്‍ 216 ആയി താഴും. 120-പേര്‍ 80-വയസ്സില്‍ താഴെ പാപ്പായുടെ തിരഞ്ഞെടുപ്പിന് വോട്ടവകാശമുള്ളവരും, ബാക്കി 96-പേര്‍ വോട്ടവകാശം ഇല്ലാത്തവരുമാകുന്നു.

അമേരിക്കയില്‍ തിളങ്ങിയ അജപാലനശുശ്രൂഷ 
1931-ല്‍ അമേരിക്കയിലെ തോറെയോണിലാണ് ജനനം. അമേരിക്കന്‍ ആര്‍മിയിലെ കേണലിന്‍റെ മകനായിരുന്ന കര്‍ദ്ദിനാള്‍ ലോ, കേംബ്രിഡ്ജ് യൂണിവേഴ്സിയില്‍നിന്നും ബരുദാനന്തര ബിരുദം എടുത്തശേഷമാണ് 1955-ല്‍ പൗരോഹിത്യ പഠനം ആരംഭിച്ചത്. 1961-ല്‍ അദ്ദേഹം ജാക്സണ്‍ രൂപതയിലെ ഇടവക വൈദികനായി അഭിഷിക്തനായി, സേവനം ആരംഭിച്ചു. അമേരിക്കയിലെ മെത്രാന്‍ സമിതിയുടെ മതാന്തരസംവാദത്തിന്‍റെയും, സഭൈക്യകാര്യാലയത്തിന്‍റെയും ഉത്തരവാദിത്വങ്ങള്‍ വഹിച്ചിട്ടുണ്ട്. 1973-ല്‍ അദ്ദേഹം മൊത്രാനായി സ്ഥാനമേറ്റു.  1984-ല്‍ അമേരിക്കയിലെ വലിയ രൂപതകളില്‍ ഒന്നായ ബോസ്റ്റണിന്‍റെ മെത്രാപ്പോലീത്തയായി നിയമിതനായി. 1985-ലാണ് ആര്‍ച്ചുബിഷപ്പ് ബെര്‍ണാര്‍ഡ് ഫ്രാന്‍സിസ് ലോയെ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടത്. 

വിശ്വാസ നവീകരണം, സുവിശേഷവത്ക്കരണം, സാമൂഹികനീതി, സമാധാനം, മതബോധനം, ദൈവവിളി എന്നീ മേഖലകളിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നല്ല സംഘാടകനായിരുന്നു കര്‍ദ്ദിനാള്‍ ലോ. ജീവിതത്തിന്‍റെ കൂട്ടായ്മയെ ബലപ്പെടുത്താന്‍ അതിന്‍റെ ഹൃദയഭാഗത്ത് ആരാധനക്രമം ആവശ്യമാണെന്ന് കര്‍ദ്ദിനാള്‍ ലോ ആവര്‍ത്തിച്ചു പഠിപ്പിച്ചിരുന്നു.  അമേരിക്കയിലെ സഭൈക്യ പ്രവര്‍ത്തനങ്ങള്‍, ദേശീയ മെത്രാന്‍ സമിതിയുടെ വിവിധ മേഖലകളുടെ ഉത്തരവാദിത്വങ്ങള്‍ എന്നിവയും കര്‍ദ്ദിനാള്‍ ലോ വിശ്വസ്തതയോടെ നിര്‍വ്വഹിച്ചിട്ടുണ്ടെന്ന്, ബോസ്റ്റണ്‍ അതിരൂപതയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഷോണ്‍ ഓ’മാലി പ്രസ്താവിച്ചു.

ജന്മനാട്ടില്‍നിന്നും മങ്ങലേറ്റ വിരമിക്കല്‍ 
2002-ല്‍ അദ്ദേഹം ബോസ്റ്റണ്‍ രൂപത വിട്ട് വത്തിക്കാനിലേയ്ക്ക് പോരേണ്ടിവന്നത്, കുട്ടികളുടെ ലൈഗിംഗ പീഡനക്കേസില്‍ പിടിക്കപ്പെട്ട വൈദികരെ സഹായിക്കുകയും, സംരക്ഷിക്കുകയും ചെയ്തുവെന്ന ആരോപണത്തിന്മേലാണ്. അദ്ദേഹത്തിന്‍റെ തിളക്കമുള്ള വ്യക്തിത്വത്തെ മങ്ങലേല്പിച്ച വസ്തുതയാണിത്. ​2004-മുതല്‍ അദ്ദേഹം റോമിലെ മേരി മേജര്‍ പേപ്പല്‍ ബസിലിക്കയുടെ പ്രധാനപുരോഹിതനായി നിയമിതനായി. 2011-ല്‍ വിരമിക്കുന്നതുവരെ അത് വിശ്വസ്തതയോടെ തുടര്‍ന്നു. 2005-ല്‍ മുന്‍പാപ്പാ ബനഡിക്ട് 16-‍Ɔമനെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ വോട്ടുചെയ്തിട്ടുണ്ട്.

സഭയിലെ  കടന്നുപോകുന്ന  ശ്രേഷ്ഠപുരോഹിതനും അജപാലകനുമായ കര്‍ദ്ദിനാള്‍ ബെര്‍ണാര്‍ഡ് ഫ്രാന്‍സിസ് ലോയ്ക്ക് അന്ത്യാജ്ഞലി! 
All the contents on this site are copyrighted ©.