2017-12-16 12:58:00

വാര്‍ത്തകള്‍ സത്യസന്ധമായി നല്കുക-പാപ്പാ മാദ്ധ്യമലോകത്തോട്


ഇന്നത്തെ ലോകത്തിലെ  സുപ്രധാന ദൗത്യങ്ങളില്‍ ഒന്നായ വിവരവിനിമയം സത്യസന്ധമായി നടത്തുകയും യാഥാര്‍ത്ഥ   വസ്തുതകള്‍ അവതരിപ്പിക്കുകയും ചെയ്യുകയെന്നത് മാദ്ധ്യമ പ്രവര്‍ത്തകരില്‍ നിക്ഷിപ്തമാണെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ഇറ്റലിയിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ സഖ്യത്തിന്‍റെയും (USPI-UNIONE STAMPA PERIODICA ITALIANA) ഇറ്റലിയിലെ കത്തോലിക്ക വാരികകളുടെ സംയുക്തസമിതിയുടെയും (FISC–FEDERAZIONE ITALIANA SETTIMANALI CATTOLICI) പ്രതിനിധികളടങ്ങിയ 350 ഓളം പേരുടെ ഒരു സംഘവുമായി ശനിയാഴ്ച(16/12/17) വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചാവേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ദൗത്യത്തെക്കുറിച്ചു സൂചിപ്പിച്ചത്.

പ്രജാധിപത്യസമൂഹം എന്നു വിളിക്കപ്പെടാന്‍ അഭിലഷിക്കുന്ന ഒരു സമൂഹത്തിന്‍റെ  വളര്‍ച്ചയ്ക്ക് മാദ്ധ്യമപ്രവര്‍ത്തകരുടെ സ്വതന്ത്രവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ സ്വരം മൗലികമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

വേഗതയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയും കൃത്യതയെയും പൂര്‍ണ്ണതയെയും ബലികഴിക്കുന്ന വൈകകാരികതയും പലപ്പോഴും പ്രബലപ്പെട്ടുനില്ക്കുന്ന നമ്മുടെ ഈ കാലഘട്ടത്തില്‍ വസ്തുതകളും വിവരങ്ങളും പരിശോധിച്ചുറപ്പുവരുത്തിയ വിശ്വാസ്യയോഗ്യമായ വാര്‍ത്തകള്‍ നല്കുകയെന്നത് അടിയന്തരാവശ്യമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

വിസ്മയപ്പെടുത്തുകയൊ വികാരവിക്ഷുബ്ധയിലാഴ്ത്തുകയൊ അല്ല, പ്രത്യുത, ഉചിതമായ ചോദ്യങ്ങള്‍ സ്വയം ഉയര്‍ത്തുന്നതിനും യുക്തമായ ഒരു നിഗമനത്തില്‍ എത്തിച്ചേരുന്നതിനും ഉതകുന്ന ശരിയായ വിമര്‍ശനബുദ്ധി അനുവാചകരില്‍ സൃഷ്ടിക്കുക ആയിരിക്കണം ഈ വിവരവിനിമയത്തിന്‍റെ ലക്ഷ്യം എന്ന് പാപ്പാ വിശദീകരിച്ചു.

വിവരവിനിമയ പ്രക്രിയയ്ക്ക് വിധേയമാക്കപ്പെടുന്ന വ്യക്തിക്ക് ഹാനിസംഭവിക്കുന്ന അപകടം ഒഴിവാക്കത്തക്കവിധം ഓരോ വ്യക്തിയുടെയും ഔന്നത്യം നിഷ്കര്‍ഷമായി ആദരിക്കുന്നതായ വിവരധാരണാവകാശം എല്ലാ സമൂഹങ്ങള്‍ക്കും ആവശ്യമുണ്ടെന്നു പാപ്പാ പറഞ്ഞു.

കത്തോലിക്കാ വാരികകളെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ  അവ സുവിശേഷവത്ക്കരണത്തിന് പ്രയോജനകരമായ ഉപകരണങ്ങളാണെന്ന് പ്രസ്താവിച്ചു. 








All the contents on this site are copyrighted ©.