2017-12-16 13:07:00

പാവപ്പെട്ടവരുടെ ചാരെ ആയിരിക്കുക-പാപ്പാ കുഞ്ഞുങ്ങളോട്


ആരാലും ശ്രദ്ധിക്കപ്പെടാത്തവരുമായി കണ്ടുമുട്ടാനും അവര്‍ക്കായി അല്പ സമയവും നീക്കിവയ്ക്കാനും അവര്‍ക്ക് പുഞ്ചിരി സമ്മാനിക്കാനും കാരുണ്യത്തലോടലേകാനും പാപ്പാ ഇറ്റലിയിലെ കത്തോലിക്കാ പ്രവര്‍ത്തന പ്രസ്ഥാനത്തിലെ (AZIONE CATTOLICA) കുട്ടികള്‍ക്ക്   പ്രചോദനം പകരുന്നു.

തനിക്ക് തിരുപ്പിറവിത്തിരുന്നാള്‍ മംഗളങ്ങള്‍ നേരുന്നതിനെത്തിയ കത്തോലിക്ക പ്രവര്‍ത്തന പ്രസ്ഥാനത്തിലെ അംഗങ്ങളായ കുട്ടികളും അവരുടെ മേല്‍നോട്ടം വഹിക്കുന്നവരും അവരുടെ പരിശീലകരുമുള്‍പ്പെട്ട എണ്‍പതോളം പ്രതിനിധികളടങ്ങിയ സംഘത്തെ ശനിയാഴ്ച (16/12/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പാവപ്പെട്ടവര്‍ക്കും പ്രതികൂല ജീവിതസാഹചര്യങ്ങളില്‍ കഴിയുന്നവര്‍ക്കും   വേണ്ടി കത്തോലിക്കാപ്രവര്‍ത്തന പ്രസ്ഥാനത്തിലെ കുട്ടികള്‍ നടത്തിയ ഐക്യദാര്‍ഢ്യ സംരംഭങ്ങളുടെ ഫലങ്ങളോടു ചേര്‍ത്തു അവര്‍ തനിക്കേകിയ തിരുപ്പിറവിത്തിരുന്നാള്‍ ആശംസകള്‍ സവിശേഷമാംവിധം സന്തോഷപ്രദായകങ്ങളാണെന്ന് പാപ്പാ പറഞ്ഞു.

വിസ്മരിക്കപ്പെട്ടവര്‍ നിരവധിയാണെന്നും അവരെ ആരും ശ്രദ്ധിക്കുകയൊ കാണാന്‍  ഇഷ്ടാപ്പെടുകയൊ ചെയ്യുന്നില്ലയെന്നും ദരിദ്രരും ഒരു പ്രശ്നമായി കാണപ്പെടുന്നവരുമായ അവര്‍ സമൂഹത്തിന്‍റെ അരികുകളിലേക്ക് തള്ളപ്പെട്ടവരാണെന്നും സൂചിപ്പിച്ച പാപ്പാ അവര്‍ ബത്ലഹേമില്‍ സ്വീകരിക്കപ്പടാത്ത തിരസ്കൃതനായ ഉണ്ണിയേശുവിന്‍റെ  പ്രതിച്ഛായകളാണെന്നും പീഢിതനും ക്രൂശിതനുമായ യേശുവിന്‍റെ  ജീവനുള്ള ശരീരമാണെന്നും വിശദീകരിച്ചു.

ആകയാല്‍ വിദ്യാലയത്തിലും കളികളിലുമെല്ലാം വിജയം നേടുന്ന ശക്തന്മാരിലാണൊ, അതോ, ഞാന്‍ അവഗണിക്കുകയും ഞാന്‍ കാണാത്തതുപോലെ കടന്നുപോകുകയും ചെയ്ത ആ വ്യക്തികളിലാണൊ ഞാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് എന്ന് ഓരോ കുട്ടിയും സ്വയം ചോദിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.  

1867ല്‍ സ്ഥാപിക്കപ്പെട്ട കത്തോലിക്കാ പ്രവര്‍ത്തന പ്രസ്ഥാനത്തിന്‍റെ നൂറ്റിയമ്പതാം സ്ഥാപനവര്‍ഷികം ഇക്കൊല്ലം ആഘോഷിക്കപ്പെടുന്നതും അനുസ്മരിച്ച പാപ്പാ ഈ പ്രസ്ഥാനത്തിലെ മുത്തശ്ശീമുത്തച്ഛന്മാരുമൊത്താണ് പുതിയ തലമുറ ഈ സ്ഥാപനവാര്‍ഷികാഘോഷ വര്‍ഷത്തില്‍ പരിചയപ്പെടലിന്‍റെയും സാമീപ്യത്തിന്‍റെയുമായ കൂടിക്കാഴ്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന വസ്തുത എടുത്തുകട്ടി.

വൃദ്ധജനം ഓരോ സമൂഹത്തിന്‍റെയും ചരിത്രത്തിന്‍റെ സ്മരണയും ശ്രവിക്കുകയും കാത്തുസൂക്ഷിക്കുകയും വിലമതിക്കുകയും ചെയ്യേണ്ട വിജ്ഞാനത്തിന്‍റെയും വിശ്വാസത്തിന്‍റെയും പൈതൃകവും ആകയാല്‍ അവരുമൊത്തു കുട്ടികള്‍ പ്രവര്‍ത്തിക്കുന്നത് ഏറെ മനോഹരം തന്നെയാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. 








All the contents on this site are copyrighted ©.