2017-12-15 12:26:00

കല,ഹൃദയമനസ്സുകളുടെ വാതില്‍ തുറക്കാന്‍ കഴിവുറ്റ ഉപകരണം-പാപ്പാ


കല, തിരുപ്പിറവിയുടെ യഥാര്‍ത്ഥ പൊരുളിലേക്ക് ഹൃദയമനസ്സുകളുടെ വാതില്‍ തുറക്കാന്‍ കഴിയുന്ന അതിശക്തമായ ഒരുപകരണമാണെന്ന് മാര്‍പ്പാപ്പാ.

തിരുപ്പിറവിയാഘോഷത്തോടനുബന്ധിച്ച് വത്തിക്കാനില്‍, പതിവുപോലെ, ഇക്കൊല്ലവും ഒരുക്കപ്പെടുന്ന സംഗീതവിരുന്നിലെ കലകാരന്മാരും കലാകാരികളും ഈ സംഗീതസന്ധ്യയുടെ സംഘാടകരും ഉള്‍പ്പെടുന്ന 180 ഓളം പേരുടെ സംഘത്തെ വെള്ളിയാഴ്ച (15/12/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

കലാകാരന്മാരുടെ സര്‍ഗ്ഗാത്മകതയ്ക്കും സൗമ്യതയ്ക്കും അവരുടെ കലാസൃഷ്ടികളും സംഗീതവും ഗാനങ്ങളും കൊണ്ട് മനസ്സാക്ഷിയുടെ ഉള്ളറകളിലേക്കു പ്രവേശിക്കാന്‍ കഴിയുമെന്ന് പാപ്പാ പറഞ്ഞു.

തണുത്തുറഞ്ഞ ഹൃദയങ്ങള്‍ക്ക് ഊഷ്മളത പകരാനും അയല്‍ക്കാരനോടുള്ള നിസ്സംഗതയുടെ വേലിക്കെട്ടുകള്‍ നീക്കാനും, അപരനോടു തുറവുകാട്ടുന്നതിനും സൗജന്യദാനമാകുന്നതിനും പ്രചോദനം പകരാനും കഴിയുന്ന ഒരുത്സവമാണ് ആത്മര്‍ത്ഥമായി ആഘോഷിക്കപ്പെടുന്ന തിരുപ്പിറവിയെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സംഗീതനൃത്തപരിപാടിവഴി സമാഹരിക്കുന്ന തുക ആഫ്രിക്കന്‍ നാടായ കോംഗൊ റിപ്പബ്ലിക്കിലെ കുട്ടികള്‍ക്കും ലത്തീനമേരിക്കന്‍ നാടും തന്‍റെ മാതൃരാജ്യവുമായ അര്‍ജന്തീനയിലെ യുവജനത്തിനും വേണ്ടിയുള്ള പദ്ധതികള്‍ക്കായി സംഭാവന ചെയ്യാനുള്ള സംഘാടകരുടെ സുമനസ്സിന് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ഇത് സഹായവും ഐക്യദാര്‍ഢ്യവും തേടുന്ന ക്ലേശിതരു‌ടെയും ഏറ്റം ആവശ്യത്തിലിരിക്കുന്നവരുടെയും ആവശ്യങ്ങളിലുള്ള ശ്രദ്ധയെയാണ് ആവിഷ്ക്കരിക്കുന്നതെന്ന് ശ്ലാഘിക്കുകയും ചെയ്തു.

ശനിയാഴ്ച (16/12/17) വൈകുന്നേരം, വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയിലാണ് കത്തോലിക്കാവിദ്യാഭ്യാസത്തിനായുള്ള സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ രാജ്യാക്കാരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന ഈ സംഗീതസന്ധ്യ അരങ്ങേറുക.

ബാലെ, ഫ്ലമെംഗൊ നൃത്തകലാരൂപങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ള സ്പാനിഷ് നര്‍ത്തകന്‍ ഹൊവാക്കിന്‍ കൊര്‍ത്തെസിന്‍റെ നൃത്തവും ഈ സംഗീതസന്ധ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുപ്പിറവിയോടനുബന്ധിച്ച് വത്തിക്കാനില്‍ നടത്താറുള്ള സംഗീതവിരുന്നില്‍ നൃത്തം ഉള്‍ക്കൊള്ളിക്കുന്നത് ഇതു നടാടെയാണ്.








All the contents on this site are copyrighted ©.