2017-12-12 17:56:00

തിരകള്‍ക്കുമപ്പുറവും ജീവന്‍ തേടി : ഒടുങ്ങാത്ത ‘ഓഖി’ ദുരന്തം


തിരുവനന്തപുരം,  ഡിസംബര്‍ 12 ചൊവ്വ

'ഓഖി' ചുഴലിക്കാറ്റില്‍ അകപ്പെട്ടവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു. ഇനിയും കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി കാത്തിരിക്കുന്നു. ഒരു ഭാഗത്ത് കാണാതെ പോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനയും മറുഭാഗത്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള  ദുരിതാശ്വാസ ധനം വര്‍ദ്ധിപ്പിക്കാന്‍ സമരവും  ശക്തമായി നടക്കുന്നുണ്ട്.

ഓഖി ദുരന്തത്തില്‍ കേരളത്തില്‍നിന്നും മരിച്ചവരുടെ എണ്ണം 50-ല്‍ അധികമെന്ന് ഡിസംബര്‍ 12-Ɔ൦ തിയതി ചൊവ്വാഴ്ച  തലസ്ഥാനനഗരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പണറായി വിജയന്‍ സ്ഥിരപ്പെടുത്തി. ദുരന്തത്തില്‍ അകപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിരമായി നല്കേണ്ട ദുരിതാശ്വാസ ധനം സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ താങ്ങാനാവുന്നതിലും അധികമാകയാല്‍ ഉദാരമതികള്‍ മുന്നോട്ടുവന്ന് സഹായിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വ്യവസായികളും, പൊതുമേഖല സര്‍ക്കാര്‍ സര്‍ക്കാരേതര സ്ഥാപനങ്ങളും, മതസ്ഥാപനങ്ങളും അകമഴിഞ്ഞ് സഹായിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.  കരമൊഴിവോടെ സഹായധനം സര്‍ക്കാരിനെ എല്പിക്കുന്നതിനുള്ള അക്കൗണ്ട് നമ്പറുകളും ഡിജിറ്റല്‍ രേഖകളും മുഖ്യമന്ത്രി പിണറായിതന്നെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തുകയുണ്ടായി.

വ്യോമ തീരസേനകളുടെ കപ്പലുകള്‍ അത്യാധുനിക സാങ്കേതികതയുടെ സഹായത്തോടെ കേരളത്തിന്‍റെ തീരത്തുനിന്നും 400 നോട്ടിക്കല്‍ മൈല്‍ ഉള്ളിലും, അതിനപ്പുറവും രാപകല്‍ തിരച്ചിലുകള്‍ തുടരുകയാണ്. മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ തിരിച്ചെത്തേണ്ടവരുടെ എണ്ണം ഇനിയും നിജപ്പെടുത്താനായിട്ടില്ല. സാമുദായികമായും വില്ലെജ് ഓഫീസുകള്‍വഴിയും എടുക്കുന്ന എണ്ണത്തില്‍ വ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും കേരളത്തിന്‍റെ തീരത്തുനിന്നു മാത്രം  500-ല്‍ അധികംപേര്‍ ഇനിയും തിരിച്ചെത്തേണ്ടതായിട്ടുണ്ടെന്ന് സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം സ്ഥിരീകരിച്ചു. കടലില്‍നിന്നും കണ്ടെത്തിയ  6 മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാതെ  തിരുവനന്തപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി അറിയിച്ചു.








All the contents on this site are copyrighted ©.