2017-12-08 12:55:00

അനുരഞ്ജിതമായ ഐക്യം സുവിശേഷപ്രഘോഷണത്തിന് അനിവാര്യം- പാപ്പാ


പ്രാര്‍ത്ഥനയാണ് ക്രൈസ്തവരുടെ സമ്പൂര്‍ണ്ണ ഐക്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇന്ധനമെന്ന് മാര്‍പ്പാപ്പാ.

ലൂതറന്‍ സഭയുടെ ആഗോളസംയുക്തസമിതിയുടെ (LUTHERAN WORLD FEDERATION) ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ യുംഗെയുടെ (MARTIN JUNGE) നേതൃത്വത്തിലെത്തിയ ഈ സമിതിയുടെ ഉന്നതതലസംഘത്തെ വ്യാഴാഴ്ച(07/12/17) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

എക്യുമെനിക്കല്‍ നവീകരണത്തിന്‍റെയും ഐക്യത്തിനായുള്ള അഭിവാഞ്ഛയുടെയും ആത്മാവായ പ്രാര്‍ത്ഥന നമ്മെ ശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ക്രൈസ്തവൈക്യത്തിലേക്കുള്ള പാതയില്‍ വെളിച്ചം വീശുകയും ചെയ്യുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

വിഭിന്നങ്ങളായ ക്രൈസ്തവ പാരമ്പര്യങ്ങളിലുള്ള ദാനങ്ങള്‍ വിവേചിച്ചറിയാനും അവയെ പൊതുപൈതൃകമായി സ്വീകരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നു പാപ്പാ ഓര്‍മ്മിപ്പിച്ചു.

എതിര്‍പ്പുകള്‍, വ്യത്യാസങ്ങള്‍, ഗതകാലമുറിവുകള്‍ എന്നിവയ്ക്കുപരിയായി നിലകൊള്ളുന്ന പൊതുവും അടിസ്ഥാനപരവുമായ ഒരു യാഥാര്‍ത്ഥ്യമുണ്ടെന്നും, അത് നമ്മുടെ മാമ്മോദീസയാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ആകയാല്‍ നാം ശത്രുക്കളായി തുടരാന്‍ പാടില്ലയെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

കര്‍ത്താവിങ്കലേക്ക് ഒത്തൊരുമിച്ചു യാത്രചെയ്യുന്നതിന് ആശയങ്ങള്‍ പോരാ മറിച്ച് സമൂര്‍ത്തമായ പ്രവൃത്തികള്‍ ചെയ്യേണ്ടത്, സഹോദരന്‍റെ നേര്‍ക്ക് കരം നീട്ടേണ്ടത് ആവശ്യമാണെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ അതിനര്‍ത്ഥം കര്‍ത്താവില്‍ എളിയവരായവരെ, പാവപ്പെട്ടവരെ നോക്കുകയും അവര്‍ക്ക് സേവനംചെയ്യുകയുമാണെന്നും വ്യക്തമാക്കി.

ക്രിസ്തുസാന്നിധ്യത്തിന്‍റെ സൗഖ്യദായക ശക്തിയാലും സേവനമാകുന്ന തൈലത്താലും അവരുടെ മുറിവുകളെ നാം സ്പര്‍ശിക്കണമെന്നും പാപ്പാ പറഞ്ഞു.

ലളിതവും മാതൃകാപരവും മൗലികവുമായ ഈ ശൈലിയാല്‍ സുവിശേഷം പ്രഘോഷിക്കാനാണ്, വിശിഷ്യ, ഇക്കാലഘട്ടത്തില്‍, നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

അനുരഞ്ജിതമായ ഐക്യം ഈ സുവിശേഷപ്രഘോഷണത്തിന് അനിവാര്യമാണെന്നും പാപ്പാ പറഞ്ഞു.








All the contents on this site are copyrighted ©.