2017-12-07 20:05:00

ദൈവിക കാരുണ്യത്തിന്‍റെ അടയാളമാണ് പുല്‍ക്കൂട്


ഡിസംബര്‍ 7 വ്യാഴം

വത്തിക്കാനിലെ പുല്‍ക്കൂടിന്‍റെയും ക്രിസ്തുമസ് മരത്തിന്‍റെയും സംവിധായകരെയും കലാകാന്മാരെയും പാപ്പാ ഫ്രാന്‍സിസ് അനുമോദിച്ചു.

ക്രിബ്ബിന്‍റെ നിര്‍മ്മാതാക്കളുമായൊരു കൂടിക്കാഴ്ച 
വ്യാഴാഴ്ച പ്രാദേശികസമയം വൈകുന്നേരം 4 മണിക്ക് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പുല്‍ക്കൂടിന്‍റെ പ്രയോക്താക്കള്‍, കലാകാരന്മാര്‍, സംവിധായകര്‍ അവരുടെ കുടുംബാംഗങ്ങള്‍, മോന്തെവേര്‍ജീനെ ആശ്രമത്തിലെ അന്തേവാസികള്‍ എന്നിവരുമായി വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍വച്ച് പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി. വലിയ ക്രിസ്തുമസ് മരത്തിന്‍റെ ദാതാക്കളായ പോളണ്ടിലെ എല്‍ക്ക് രൂപതയുടെ മെത്രാന്‍റെ നേതൃത്വത്തിലുള്ള വിശ്വാസികളുടെ പ്രതിനിധിസംഘവും, ക്രിസ്തുമസ് മരത്തിലെ അലങ്കാരത്തൂക്കങ്ങള്‍ സൃഷ്ടിക്കുകയും അവയ്ക്ക് വര്‍ണ്ണപ്പൊലിമ നല്കുകയുംചെയ്ത ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള ക്യാസര്‍ രോഗികളായ കുട്ടികളും അവരുടെ മാതാപിതാക്കളും കൂടിക്കാഴ്ചയ്ക്കുണ്ടായിരുന്നു.
4000-ല്‍ അധികമുണ്ടായിരുന്ന കൂട്ടായ്മയെ പാപ്പാ അഭിനന്ദിക്കുകയും, നന്ദിപറയുകയും അവര്‍ക്ക്  സന്ദേശം നല്‍കുകയും ചെയ്തു.

പുല്‍ക്കൂട് ഒരു സ്നേഹസാമീപ്യം
മാനുഷ്യകുലത്തോടുള്ള ദൈവത്തിന്‍റെ സ്നേഹത്തിന്‍റെയും സാമീപ്യത്തിന്‍റെയും അടയാളമാണ് പുല്‍ക്കൂട്. ഇനിയും ഇക്കാല ഘട്ടത്തിലെ ജീവിത ക്ലേശങ്ങളില്‍ ദൈവം നമ്മെ കൈവെടിയുകയില്ലെന്നും, അവിടുന്ന് നമ്മുടെ ചാരത്തുണ്ടാകുമെന്നും പുല്‍ക്കൂട് വിളിച്ചോതുകയാണ്. പുല്‍ക്കൂട്ടിലെ ദിവ്യഉണ്ണിയില്‍ ദൈവികതയുടെ ചെറുമയും ലാളിത്യവും നാം ധ്യാനിക്കുമ്പോള്‍, അത് മനുഷ്യരോടൊപ്പം ആയിരുന്നുകൊണ്ട് അവരുടെ കുറവുകളെയും ക്ലേശങ്ങളെയും ഒപ്പിയെടുക്കുന്ന സാന്ത്വനസ്നേഹമാണ് അവിടെ കാണേണ്ടത്. അതിനാല്‍ എളിയവരായ നമ്മുടെ സഹോദരങ്ങളെ പരിചരിക്കുമ്പോള്‍ നാം ക്രിസ്തുവിനെ തന്നെയായിരിക്കും പരിചരിക്കുന്നത് (മത്തായി 7, 12).

ക്രിസ്തുമസ്മരം വിശ്വാസത്തിന്‍റെ ഉയരം 
ക്രിബ്ബിനോടു ചേര്‍ന്നുനില്ക്കുകയും ആകാശത്തേയ്ക്ക് തലയുയര്‍ത്തി നില്ക്കുകയും ചെയ്യുന്ന ക്രിസ്തുമസ്മരം, ഉല്‍കൃഷ്ടമായ ദൈവികദാനങ്ങള്‍ക്കുവേണ്ടി തീക്ഷ്ണമായി ആഗ്രഹിക്കണമെന്ന് പ്രതീകാത്മകമായി അനുസ്മരിപ്പിക്കുന്നു (1കൊറി.12, 31).  പോളണ്ടിലെ എല്‍ക്ക് രൂപതിയിലെ ജനങ്ങളുടെയും അത് അലങ്കരിച്ച കുഞ്ഞുങ്ങളുടെയും വിശ്വാസത്തിന്‍റെ പ്രതീകമാണീ അലംകൃതമായ  90 അടി ഉയരമുള്ള സൂചിയിലമരം. പങ്കുവയ്ക്കാനും എളിയവരുടെ ആവശ്യങ്ങളോടു കരുതലുള്ളവരായിരിക്കാനും ഈ ക്രിസ്തുമസ് നമ്മെ സഹായിക്കട്ടെ!  ആശീര്‍വ്വാദത്തോടെയാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.