2017-12-06 13:08:00

മ്യാന്മാര്‍-ബംഗ്ലാദേശ് അപ്പസ്തോലിക സന്ദര്‍ശനം - പുനരവലോകനം


ശൈത്യത്തിന്‍റെ തീവ്രത അനുഭവപ്പെട്ടെങ്കിലും നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു ഈ ബുധനാഴ്ച (06/12/17) റോമില്‍. തണുപ്പായിരുന്നെങ്കിലും വിവിധരാജ്യാക്കാരായിരുന്ന തിര്‍ത്ഥാടകരും സന്ദര്‍ശകരുമായ അനേകായിരങ്ങള്‍  വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ സമീപത്തുള്ള പോള്‍ ആറാമന്‍ ശാലയില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് എത്തിയിരുന്നു. പാപ്പാ നവമ്പര്‍ 26 മുതല്‍ ഡിസമ്പര്‍ 2 വരെ നടത്തിയ ഇരുപത്തിയൊന്നാം വിദേശ അപ്പസ്തോലികപര്യടനത്തിന്‍റെ  വേദികളായിരുന്ന മ്യന്മാര്‍ ബംഗ്ലാദേശ് എന്നീ നാടുകളില്‍ നിന്നുള്ള വൈദികരും സന്ന്യാസിനികളും അല്മായവിശ്വാസികളും, കുഷ്ഠരോഗികളെ സഹായിക്കുന്നതിനുവേണ്ടി ഇറ്റലി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന,  റവൂള്‍ ഫൊളെറൊ സംഘടനയുടെ പ്രതിനിധകളും, സിറിയക്കാരും ഇറാക്കുകാരുമായ അഭയാര്‍ത്ഥികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്കായി ശാലയിലേക്കാഗതനായ പാപ്പായെ ജനസഞ്ചയം ആനന്ദത്തോടെ കൈയ്യടിച്ചും ആര്‍പ്പുവിളിച്ചും പാട്ടുപാടിയും വരവേറ്റു. പ്രസംഗവേദിയിലേക്കു നടന്നു പോകവെ പാപ്പാ ഇരുവശത്തും നിന്നിരുന്നവരെ മാറിമാറി അഭിവാദ്യം ചെയ്യുകയും ഹസ്തദാനമേകുകയും പിഞ്ചുകുഞ്ഞുങ്ങളെ തൊട്ടാശീര്‍വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. നടന്ന് വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു നിങ്ങള്‍ ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവും ആണെന്ന് യേശു ശിഷ്യന്മാരോടു പറയുന്ന സുവിശേഷഭാഗം, മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 13 മുതല്‍ 16 വരെയുള്ള വാക്യങ്ങള്‍, ആണ് വായിക്കപ്പെട്ടത്. ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, തന്‍റെ മ്യന്മാര്‍-ബംഗ്ലാദേശ് ഇടയന്ദര്‍ശനം പുനരവലോകനം ചെയ്തു.

പ്രഭാഷണസംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം. 

ഈ ശുഭദിനാശംസയോടെ ഇറ്റാലിയന്‍ ഭാഷയിലായിരുന്ന തന്‍റെ  വിചിന്തനം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു.....      ഞാന്‍ ഈയിടെ മ്യന്മാറിലും ബംഗ്ലാദേശിലും നടത്തിയ അപ്പസ്തോലിക യാത്രയെക്കുറിച്ച് സംസാരിക്കാനാണ് ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ യാത്ര ദൈവത്തിന്‍റെ മഹാദാനമായിരുന്നു. ആകയാല്‍, സകലത്തിനും, വിശിഷ്യ, എല്ലാ കൂടിക്കാഴ്ചകള്‍ക്കും ഞാന്‍ അവിടത്തേക്കു നന്ദിപറയുന്നു. ഈ യാത്രയ്ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിയതിനും എനിക്കും എന്‍റെ സഹകാരികള്‍ക്കുമേകിയ സ്വീകരണത്തിനും രണ്ടു നാടുകളുടെയും അധികാരികളോടും പ്രാദേശിക മെത്രാന്മാരോടുമുള്ള കൃതജ്ഞത ഞാന്‍ നവീകരിക്കുന്നു. ഏറെ വിശ്വാസവും ഏറെ വാത്സല്യവും പ്രകടിപ്പിച്ച മ്യന്മാറിലെയും ബംഗ്ലാദേശിലെയും ജനങ്ങള്‍ക്കും എന്‍റെ ‌നന്ദി.

പത്രോസിന്‍റെ പിന്‍ഗാമികളില്‍ ഒരാള്‍ ആദ്യമായിട്ടാണ് മ്യന്മാറില്‍ പാദമൂന്നിയത്. അന്നാടും പരിശുദ്ധസിംഹാസനവും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചിട്ട് അധികനാള്‍ പിന്നിടുന്നതിന് മുമ്പുതന്നെ ഈ സന്ദര്‍ശനം സാധ്യമായി.

സഘര്‍ഷങ്ങള്‍, അടിച്ചമര്‍ത്തലുകള്‍ എന്നിവയാല്‍ ക്ലേശങ്ങള്‍ അനുഭവിക്കുകയും ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്‍റെയും സമാധാനത്തിന്‍റെയുമായ ഒരവസ്ഥയിലേക്ക് സാവധാനം നീങ്ങുകയും ചെയ്യുന്ന ഒരു ജനതയോടുള്ള ക്രിസ്തുവിന്‍റെയും സഭയുടെയും സാമീപ്യം ആവിഷ്ക്കരിക്കാന്‍ ഇവിടെയും ഞാന്‍ അഭിലഷിച്ചു. ബുദ്ധമതവിശ്വാസത്തില്‍, അതിന്‍റെ ആദ്ധ്യാത്മിക-ധാര്‍മ്മികതലങ്ങളില്‍ ആഴത്തില്‍ വേരുറച്ച ഒരു ജനതയ്ക്കിടയില്‍  ഒരു ചെറിയ അജഗണമാണ്, ദൈവരാജ്യത്തിന്‍റെ പുളിമാവാണ് അന്നാട്ടിലെ ക്രൈസ്തവര്‍. അന്നാട്ടിലെ സഭ ജീവസുറ്റതും തീക്ഷണതയാര്‍ന്നതുമാണ്. പ്രാദേശികമെത്രാന്മാരുമായുള്ള കൂടിക്കാഴ്ചാവേളയിലും അന്നാട്ടിലര്‍പ്പിച്ച രണ്ടു ദിവ്യബലികളിലും അവരെ വിശ്വാസത്തിലും കൂട്ടായ്മയിലും ശക്തിപ്പെടുത്തുന്നതിന് സാധിച്ചു. യുവജനങ്ങള്‍ക്കായി അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ പങ്കെടുത്ത യുവജനങ്ങളുടെ വദനങ്ങള്‍ സന്തോഷഭരിതങ്ങളായിരുന്നു, അവരില്‍ ഏഷ്യയുടെ ഭാവി കാണാന്‍ എനിക്കു കഴിഞ്ഞു. 16 ദേവാലയങ്ങളുടെയും സെമിനാരിയുടെയും അപ്പസ്തോലിക് നണ്‍ഷിയേച്ചറിന്‍റെയും, അങ്ങനെ, 18 പ്രഥമശിലകള്‍ ഞാന്‍ ആശീര്‍വദിച്ചതും  പ്രത്യാശയുടെ അടയാളമായി ഞാന്‍ കാണുന്നു.

കത്തോലിക്കാസമുഹത്തിനു പുറമെ മ്യന്മാറിന്‍റെ ഭരണാധികരികളുമായും കൂടിക്കാഴ്ച നടത്താന്‍ സാധിച്ചു. അന്നാടിന്‍റെ സമാധാനപ്രക്രിയയ്ക്ക് പ്രചോദനം പകരാനും ഈ പ്രക്രിയയില്‍ അന്നാട്ടിലെ ആരുംതന്നെ ഒഴിവാക്കപ്പെടാതെ, പരസ്പരാദരവില്‍ സഹകരിക്കാന്‍ സകലര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിക്കാനും എനിക്കും സാധിച്ചു. പുരാതനമായ ബുദ്ധമത ആദ്ധ്യാത്മിക പാരമ്പര്യത്തോടുള്ള സഭയുടെ മതിപ്പ് ബുദ്ധമതസന്ന്യാസികളുടെ പരമോന്നതസമിതിയ്ക്കുമുന്നില്‍ ഞാന്‍ വെളിപ്പെടുത്തുകയും ചെയ്തു. അക്രമപ്രവര്‍ത്തനങ്ങളെ നരാകരിക്കുകയും തിന്മയെ നന്മകൊണ്ട് ചെറുക്കുകയും ചെയ്തുകൊണ്ട് ദൈവത്തെയും അയല്‍ക്കാരനെയും സ്നേഹിക്കുന്നതിന് വ്യക്തികളെ സഹായിക്കാന്‍ ക്രൈസ്തവര്‍ക്കും ബുദ്ധമതാനുയായികള്‍ക്കും  ഒത്തൊരുമിച്ച് സാധിക്കുമെന്ന വിശ്വാസവും ഞാന്‍ വെളിപ്പെടുത്തി.

മ്യന്മാറില്‍ നിന്ന്‍ ഞാന്‍ ബംഗ്ലാദേശിലേക്കു പോയി. അവിടെ ഞാന്‍ ആദ്യം ചെയ്തത് സ്വാതന്ത്ര്യസമരത്തില്‍ നിണസാക്ഷികളായവര്‍ക്കും രാഷ്ട്രപിതാവിനും ആദരവര്‍പ്പിക്കുകയായിരുന്നു. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെയും  വിശുദ്ധ രണ്ടാജോണ്‍പോള്‍ മാര്‍പ്പാപ്പായുടെയും ചുവടുപിടിച്ച് ഞാന്‍ മുസ്ലീങ്ങള്‍ മഹാഭൂരിപക്ഷമുള്ള ബംഗ്ലാദേശില്‍ നടത്തിയ സന്ദര്‍ശനം ക്രിസ്തുമതവും ഇസ്ലാമുമായുള്ള സംവാദവും പരസ്പരാദരവും പരിപോഷിപ്പിക്കുന്നതില്‍ മറ്റൊരു ചുവടുവയ്പുകൂടിയാണ്. മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകത ഞാന്‍ അന്നാട്ടിന്‍റെ അധികാരികളെ ഓര്‍മ്മപ്പെടുത്തി. ജനസാന്ദ്രത ഏറ്റവും കൂടിയ നാടുകളിലൊന്നായ ബംഗ്ലാദേശിലേക്ക് മ്യന്മാറില്‍ നിന്ന് കൂട്ടത്തോടെയെത്തിയ റൊഹീംഗ്യ അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനുള്ള യത്നങ്ങളില്‍ ബംഗ്ലാദേശിനോടുള്ള ഐക്യദാര്‍ഢ്യവും ഞാന്‍ പ്രകടിപ്പിച്ചു.

വിശുദ്ധ മദര്‍ തെരേസ ബംഗ്ലാദേശിലെത്തുമ്പോള്‍ വസിച്ചിരുന്ന മദറിന്‍റെ നാമത്തിലുള്ള ഭവനവും ഞാന്‍ സന്ദര്‍ശിച്ചു. ആ ഭവനത്തില്‍ നിരവധി അനാഥരും അംഗവൈകല്യമുള്ളവരും വസിക്കുന്നുണ്ട്. ആ ഭവനത്തിലെ സന്ന്യാസിനികള്‍ അനുദിനം ആരാധനയിലും ദരിദ്രനും പീഢിതനുമായ ക്രിസ്തുവിനുള്ള സേവനത്തിലും ജീവിക്കുന്നു. അവരുടെ അധരങ്ങളില്‍ സദാ മന്ദസ്മിതമുണ്ട്. പ്രാര്‍ത്ഥിക്കുന്ന സഹോദരിമാര്‍, വേദനിക്കുന്നവരെ, പുഞ്ചിരിയോടെ നിരന്തരം സേവിക്കുന്ന സന്ന്യാസിനികള്‍. മനോഹരമായ ഒരു സാക്ഷ്യം!

ബംഗ്ലാദേശിലെ അവസാനപരിപാടി യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച ആയിരുന്നു. അത് സാക്ഷ്യങ്ങളാലും ഗാനങ്ങളാലും നൃത്തങ്ങളാലും സമ്പന്നമായിരുന്നു. പ്രാദേശിക സംസക്കാരം ഉള്‍ക്കൊണ്ട സുവിശേഷത്തിന്‍റെ ആനന്ദം ആവിഷ്കൃതമായ ഒരുത്സവമായിരുന്നു അത്. നിരവധിയായ പ്രേഷിതരുടെയും മതബോധകരുടെയും ക്രൈസ്തവമാതാപിതാക്കളുടെയും ത്യാഗങ്ങളാല്‍ ഫലമണിഞ്ഞ ആന്ദമായിരുന്നു അത്. ആ കൂടിക്കാഴ്ചയില്‍ മുസ്ലീങ്ങളും മറ്റുമതവിശ്വാസികളുമായ യുവജനങ്ങളും പങ്കുകൊണ്ടു. അവര്‍ ബംഗ്ലാദേശിനും ഏഷ്യയ്ക്കും ലോകത്തിനു മുഴുവനും പ്രത്യാശയാണ്. നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

വേദനയനുഭവിക്കുന്ന സഹോദരന്‍റെ വേദനയില്‍ പങ്കുചേരാത്ത വിശ്വാസി, ഏതു സംസ്കാരത്തിലും മതത്തിലും വര്‍ഗ്ഗത്തിലും ഭാഷയിലുംപെട്ടവനായിരുന്നാലും ശരി, അവന്‍റെ വിശ്വാസത്തിന്‍റെയും അവന്‍റെ മാനവികതയുടെയും ആത്മാര്‍ത്ഥതയെക്കുറിച്ച് ആത്മശോധനചെയ്യേണ്ടിയിരുക്കുന്നുവെന്ന് പാപ്പാ അറബ് ഭാഷാക്കാരെ സംബോധനചെയ്യവെ ഓര്‍മ്മിപ്പിച്ചു.

പതിവുപോലെ, പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം  എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.