2017-12-02 12:14:00

രാഷ്ട്രീയം സേവനത്തിന്- പാപ്പാ


രാഷ്ട്രീയത്തെ ഉപവിയുടെ ഉത്കൃഷ്‌ടരൂപമായി കാണണമെന്ന് മാര്‍പ്പാപ്പാ.

ലത്തീനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷനും (CAL) ലത്തീനമേരിക്കയിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘവും (CELAM) സംയുക്തമായി, “ലത്തീനമേരിക്കന്‍ ജനതകളുടെ സേവനത്തിന് രാഷ്ട്രീയോത്തരവാദിത്വം പേറുന്ന കത്തോലിക്കരുടെ സമാഗമം” എന്ന ശീര്‍ഷകത്തില്‍ ഡിസംബര്‍ 1 മുതല്‍ 3വരെ ലത്തീനമേരിക്കന്‍ നാടായ കൊളംബിയായുടെ തലസ്ഥാനമായ ബൊഗൊട്ടായില്‍ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിന് അതിന്‍റെ ഉദ്ഘാടനദിനമായിരുന്ന വെള്ളിയാഴ്ച (01/12/17) അയച്ച വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായു‌ടെ ഈ ഉദ്ബോധനമുള്ളത്.

രാഷ്ട്രീയം ഒരു സേവനമാകയാല്‍ അത് വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ   സമഗ്രാധിപത്യത്തിന്‍റെ രൂപങ്ങളിലേക്കു വഴുതിവീഴുന്ന സ്വാര്‍ത്ഥതാല്പര്യ കേന്ദ്രീകൃതമായ ഭീഷണിപ്പെടുത്തിയുള്ള ഭരണത്തിനോ ഉള്ളതല്ല എന്ന് പാപ്പാ വ്യക്തമാക്കുന്നു.

യേശു, ശുശ്രൂഷിക്കപ്പെടാനല്ല, പ്രത്യുത, ശുശ്രൂഷിക്കാന്‍ വന്നവനാകയാല്‍, അവിടത്തെ ശിഷ്യരും അപ്രകാരമായിരിക്കണമെന്നും അത്തരമൊരു ശൈലിയാണ് രാഷ്ട്രീയക്കാരില്‍ നിന്ന് അവിടന്ന് ആവശ്യപ്പെടുന്നതെന്നും പാപ്പാ വിശദീകരിച്ചു.

ഈ സേവനം ത്യാഗവും അര്‍പ്പണമനോഭാവവും വ്യവസ്ഥചെയ്യുന്നുവെന്നും സ്വന്തം നാടിന്‍റെ പൊതുനന്മയ്ക്കായി രക്തസാക്ഷിത്വം വരിക്കുന്നവരായി രാഷ്ട്രീയക്കാരെ ചില അവസരങ്ങളില്‍ കണക്കാക്കാന്‍ കഴിയുമെന്നും പാപ്പാ പറയുന്നു.

രാഷ്ട്രങ്ങളുടെ മഹത്തായ ലക്ഷ്യങ്ങള്‍ പിന്‍ചെന്നുകൊണ്ടു ജനസഞ്ചയത്തെ ചലിപ്പിക്കാന്‍ കഴിയുന്നവരാകണം രാഷ്ട്രീയ നേതാക്കള്‍ എന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

 








All the contents on this site are copyrighted ©.