2017-12-01 15:09:00

മാര്‍പ്പാപ്പായുടെ 21-ാമത് അപ്പസ്തോലികപര്യടനം - അഞ്ചാംദിനം


ഫ്രാന്‍സീസ് പാപ്പായുടെ 21-ാമത് അപ്പസ്തോലികപര്യടനത്തിന്‍റെ ആദ്യഘട്ടമായ മ്യാന്‍മറിലെ പര്യടനം അവസാനിപ്പിച്ച് ബംഗ്ലാദേശിലെത്തിയ പാപ്പായ്ക്ക് രണ്ടാം ദിനം, അതായത് ഡിസംബര്‍ ഒന്നാംതീയതി, വെള്ളിയാഴ്ചയില്‍ തിരക്കേറിയ പരിപാടികളായിരുന്നു ഉണ്ടായിരുന്നത്.  സുഹ്ര വാര്‍ദി ഉദ്യാന്‍ പാര്‍ക്കിലര്‍പ്പിച്ച ബലിയോടെ ആരംഭിച്ച ദിനം, പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന യുമായുള്ള കൂടിക്കാഴ്ച, മെത്രാന്‍ സമിതിയുമായുള്ള കൂടിക്കാഴ്ച, സമാധാനത്തിനായുള്ള മതാന്തര, സഭൈക്യസ മ്മേളനത്തില്‍ പങ്കെടുക്കല്‍ എന്നീ സുപ്രധാന പരിപാടികളിലൂടെയാണ് കടന്നുപോയത്.  ബംഗ്ലാദേശ് എന്ന ചെറിയ രാജ്യത്ത് ഒരു ചെറിയ ഗണം മാത്രമായ സഭയെത്തേടി അതിരുകളിലേക്കെത്തിയ പരിശുദ്ധ പിതാവിന്‍റെ 21-ാമത് അപ്പസ്തോലികയാത്രയുടെ അഞ്ചാംദിനപരിപാടികളിലെ വിവരണം.

1.  സുഹ്രവാര്‍ദി ഉദ്യാന്‍ പാര്‍ക്ക് - ബലിയര്‍പ്പണവും പൗരോഹിത്യാഭിഷേക ശുശ്രൂഷയും

ഡിസംബര്‍ മാസത്തിലെ ആദ്യദിനത്തിലെ പൊതുപരിപാടികള്‍ പാപ്പാ ആരംഭിച്ചത് രാവിലെ പത്തുമണിക്ക് പൗരോഹിത്യാഭിഷേകശുശ്രൂഷയോടുകൂടിയ ദിവ്യബലിയര്‍പ്പണത്തോടെയാണ്.  ധാക്കയിലെ അപ്പസ്തോലികസ്ഥാനപതി മന്ദിരത്തില്‍ നിന്ന് ദിവ്യബലിയര്‍പ്പണവേദിയായ സുഹ്രവാര്‍ദി ഉദ്യാന്‍ പാര്‍ക്കിലേയ്ക്ക് ആറു കിലോമീറ്റര്‍ ദൂരമാണുള്ളത്.  9.25-ന് അവിടെ എത്തിയശേഷം പാപ്പാമൊബൈലില്‍ ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പരിശുദ്ധ പിതാവ് പതിവുശൈലിയില്‍ ജനങ്ങളെ ആശീര്‍വദിക്കുകയും കുഞ്ഞുങ്ങളെ ചുംബിക്കുകയും ചെയ്തു. 

പത്തുമണിക്ക് വി. കുര്‍ബാന ആരംഭിച്ചു. ലത്തീന്‍, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലായിരുന്ന ദിവ്യബലിയുടെ പ്രാര്‍ഥനകള്‍.  ദിവ്യബലിയിലെ വായനകള്‍ ജറമിയാഗ്രന്ഥത്തില്‍നിന്നും, എഫേസോസുകാര്‍ക്കുള്ള ലേഖനത്തില്‍ നിന്നും വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നുമായിരുന്നു.  ദിവ്യബലിമധ്യേ, പാപ്പാ 16 ഡീക്കന്‍മാര്‍ക്ക് വൈദികപട്ടം നല്‍കി.  ബംഗാളി ഭാഷയിലുള്ള വായനകളെത്തുടര്‍ന്ന് പൗരോഹിത്യാഭിഷേകച്ചടങ്ങുകളായിരുന്നു.  തുടര്‍ന്ന് പാപ്പാ വചനസന്ദേശം നല്‍കി.

ദൈവം അവിടുത്തെ ജനതയെ മുഴുവന്‍ വിശുദ്ധ രാജകീയ പൗരോഹിത്യ ജനമായി തെരഞ്ഞെടുത്തുവെങ്കിലും, ക്രിസ്തു നിശ്ചിതശിഷ്യന്മാരെ തെരഞ്ഞെടുത്തുകൊണ്ട് സഭയില്‍ പൗരോഹിത്യശുശ്രൂഷ ഭരമേല്‍പ്പിച്ചു എന്ന് സഭയുടെ പൊതു, ശുശ്രൂഷാപൗരോഹിത്യങ്ങളുടെ വ്യതിരിക്തത വിശദമാക്കിയാണ് പാപ്പാ വചനവിചിന്തനം ആരംഭിച്ചത്.  ഇന്ന് നമ്മുടെ ഈ സഹോ ദരന്മാര്‍ പക്വമായ പര്യാലോചനയ്ക്കുശേഷം അതുവഴി, ഗുരുവും പുരോഹിതനും ഇടയനുമായ ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നതിന്, പുരോഹിതരായി അഭിഷേകം ചെയ്യപ്പെട്ടു എന്നു ജനങ്ങളെ പ്രബോധിപ്പിച്ച പാപ്പാ, 'പ്രിയ മക്കളെ', എന്ന അഭിസംബോധനയോടെ നവവൈദികരെ അവരുടെ ദൗത്യം അനുസ്മരിപ്പിച്ചു. കൂദാശകള്‍ പരികര്‍മം ചെയ്തുകൊണ്ട്, വളരെ പ്രത്യേകമായി കര്‍ത്താവിന്‍റെ ബലി പരികര്‍മം ചെയ്തുകൊണ്ട് സഭയെ വിശുദ്ധ ജനത്തിന്‍റെ പരിശുദ്ധ ദേവാലയമാക്കി പടുത്തുയര്‍ത്തേണ്ടതിനെക്കുറിച്ചും, തങ്ങളുടെ ജീവിതവിശുദ്ധിയാല്‍ വിശ്വാസികള്‍ക്ക് പരിശുദ്ധവും ആനന്ദകരവുമായ പരിമളമായിത്തീരേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അനുസ്മരിപ്പിച്ചു.

 ''അവസാനമായി'', പാപ്പാ തുടര്‍ന്നു, ''പ്രിയ മക്കളെ, മെത്രാനോടു ചേര്‍ന്നും അദ്ദേഹത്തിനു കീഴ്പ്പെട്ടും ഇടയനും തലവനുമായ ക്രിസ്തുവിന്‍റെ ദൗത്യത്തില്‍ നിങ്ങളുടെ ഭാഗം നിര്‍വഹിച്ചു കൊണ്ട്, വിശ്വാസികളെ ഒരു കുടുംബമാക്കി ഒരുമിച്ചുചേര്‍ക്കുക.  അങ്ങനെ നിങ്ങള്‍ക്ക് അവരെ പുത്രനിലൂടെ പരിശുദ്ധാത്മാവില്‍ പിതാവിലേയ്ക്ക് നയിക്കാന്‍ കഴിയും. എല്ലായ്പ്പോഴും ശുശ്രൂ ഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനായി വന്നവനും, നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാന്‍ വന്നവനുമായി നല്ലിടയന്‍റെ മാതൃക, നിങ്ങളുടെ കണ്ണുകള്‍ക്കു മുമ്പിലുണ്ടാകട്ടെ''.

ദിവ്യബലിയര്‍പ്പണം തുടര്‍ന്നു. സമാപനാശീര്‍വാദത്തിനുമുമ്പ് കര്‍ദിനാള്‍ പാട്രിക് ദ്റോസാരിയോ പാപ്പായ്ക്കു കൃതജ്ഞതയര്‍പ്പിച്ചു.

പാപ്പായ്ക്കു ബംഗ്ലാദേശിനോടുള്ള സ്നേഹത്തെ ആദ്യം അനുസ്മരിച്ചുകൊണ്ട് കര്‍ദിനാള്‍ പറഞ്ഞു: ''അങ്ങ് ബംഗ്ലാദേശിനെ സ്നേഹിക്കുന്നു. അനേകരീതിയില്‍ പ്രകടമാക്കിയിട്ടുള്ള ആ സ്നേഹം ജനങ്ങളെ, പ്രത്യേകിച്ചും , ചെറിയ അജഗണമായിരിക്കുന്ന ഞങ്ങള്‍ ക്രിസ്ത്യാനികളെ സ്പര്‍ശിക്കുന്നു.  അങ്ങയുടെ ഈ സ്നേഹം, ബംഗ്ലാദേശ് മുഴുവനിലുമുള്ള ജനങ്ങളെ അങ്ങയി ലേയ്ക്കടുപ്പിച്ചു... അവര്‍ അവരുടെ സ്നേഹവും സന്തോഷവും അങ്ങയോടുകൂടി, ഈ ഭൂമിയി ലെ തീര്‍ഥാടകസഭയുടെ തലവനായ അങ്ങയൊടൊത്തുള്ള ഐക്യത്തിലര്‍പ്പിച്ച ദിവ്യബലിയിലൂടെ പ്രകടിപ്പിച്ചു. ബംഗ്ലാദേശിലെ ഈ ക്രൈസ്തവസമൂഹം, അങ്ങയോടൊത്ത് ഈ വിസ്മയകരമായ ഐക്യത്തില്‍ നമ്മുടെ പൊതുതീര്‍ഥാടനത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് അനുഗൃഹീതരായി. ഞങ്ങള്‍ അങ്ങയോട് കൃതജ്ഞതയുള്ളവരാണ്. പരിശുദ്ധ പിതാവേ നന്ദി...''

ബലിവേദിയായിരിക്കുന്ന സ്ഥലത്തിന്‍റെ ചരിത്രപ്രാധാന്യത്തെ അനുസ്മരിച്ചുകൊണ്ടും, നവാഭിഷിക്തര്‍ക്കു ലഭിച്ച പ്രത്യേക അനുഗ്രഹങ്ങളെ എടുത്തുപറഞ്ഞുകൊണ്ടും, മുന്‍ഗാമികളായ പോള്‍ ആറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നിവരുടെ ധന്യമായ ബംഗ്ലാദേശ് സന്ദര്‍ശനത്തെ നന്ദി പൂര്‍വം ഓര്‍ത്തുകൊണ്ടും അദ്ദേഹം ബംഗ്ലാദേശിലെ കത്തോലിക്കാസമൂഹത്തിന്‍റെ നന്ദി ഏറെ ഹൃദ്യമായി പരിശുദ്ധ പിതാവിനെ അറിയിച്ചു.

ദിവ്യബലിയര്‍പ്പണത്തിനുശേഷം ഉച്ചകഴിഞ്ഞ് ഒരുമണിക്ക് സ്ഥാനപതിമന്ദിരത്തിലെത്തിയ പാപ്പാ ഉച്ച ഭക്ഷണം കഴിച്ചു വിശ്രമിച്ചു.

2.  പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുമായുള്ള കൂടിക്കാഴ്ച - അപ്പസ്തോലിക സ്ഥാനപതി മന്ദിരത്തില്‍

15.20 - ന് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന പരിശുദ്ധപിതാവിനെ സന്ദര്‍ശിക്കുന്നതിനെത്തി. രാഷ്ട്രപിതാവായ ഷെയ്ക്ക് മുജിബൂര്‍ റഹ്മാന്‍റെ മകളായ ഷേയ്ഖ് ഹസീന വിധവയും രണ്ടു മക്കളുടെ അമ്മയുമാണ്. 1996 മുതല്‍ പ്രധാനമന്ത്രിയായി തുടരുന്നു. ഇരുപതുമിനിട്ടു ദീര്‍ഘിച്ച കൂടിക്കാഴ്ചയ്ക്കുശേഷം പാപ്പാ അതിമെത്രാസനമന്ദിരം സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ടു.

3. മെത്രാന്‍ സമിതിയുമായുള്ള കൂടിക്കാഴ്ച

ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ പാട്രിക് ദ്റോസാരിയോ പാപ്പായെ സ്വീകരിച്ചു. തുടര്‍ന്ന് കര്‍ദിനാളിനോടൊപ്പം കത്തീദ്രലില്‍ പ്രവേശിച്ചു വികാരിയെയും അവിടെ സമ്മേളിച്ചിരുന്ന എഴുനൂറോളം വരുന്ന വിശ്വാസികളെയും കാണുകയും ആശീര്‍വാദം നല്‍കുകയും ചെയ്തു. ദിവ്യകാരുണ്യനാഥനു മുമ്പില്‍ അല്പനിമിഷം മൗനപ്രാര്‍ഥനയില്‍ ചെലവഴിച്ച പാപ്പാ മുന്‍ രൂപതാധ്യക്ഷന്മാരുടെ കബറിടത്തിങ്കലെത്തിയും പ്രാര്‍ഥിച്ചു.

അവിടെനിന്ന് 50 മീറ്റര്‍ മാത്രം അകലെയുള്ള വൈദികമന്ദിരത്തിലെത്തിയ പാപ്പാ നാലേകാലോടുകൂടി  സമ്മേളിച്ചിരുന്ന മെത്രാന്മാരെ അഭിസംബോധന ചെയ്തു. മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയ പാപ്പായെ സ്വാഗതം ചെയ്ത കര്‍ദിനാള്‍ പാട്രിക് ദ്റോസാരിയോ, ബംഗ്ലാദേശിലെ മെത്രാന്‍ സമിതിയുടെ പ്രവര്‍ത്തനങ്ങളെ ചുരുക്കമായി പ്രതിപാദിച്ചു.

ബംഗ്ലാദേശ് സഭയുടെ ഇടയന്മാരെന്ന നിലയില്‍, വൈദികരോടും, സമര്‍പ്പിതരോടും അല്മായസമൂ ഹത്തോടും ചേര്‍ന്ന്, പലപ്പോഴും കണ്ണീരിലും വേദനയിലും വിതയ്ക്കുന്ന വിത്തുകള്‍ ആനന്ദത്തോടെ വിളവെടുക്കുന്നതിനു കാരണമാകുന്നു. തങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് ദൈവത്തോടു നന്ദി പറഞ്ഞുകൊണ്ട്, പൗരോഹിത്യ, സമര്‍പ്പിത ദൈവവിളി കളാല്‍ സഭ സമ്പന്നമാണെന്ന് അദ്ദേഹം എടുത്തുപറയുന്നതിനും ഈ സന്ദര്‍ഭം പ്രയോജനപ്പെടു ത്തി. പാപ്പായുടെ സ്നേഹവാത്സല്യങ്ങള്‍ക്കും പിന്തുണയ്ക്കും, സമാധാനദൂതനായി സന്ദര്‍ശനത്തിനെത്തിയതിനും അകമഴിഞ്ഞ നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് ബംഗ്ലാദേശ് മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായ കര്‍ദിനാള്‍ പാട്രിക് ദ്റോസാരിയോ തന്‍റെ സ്വാഗതവചസ്സുകള്‍ അവസാനിപ്പിച്ചത്.

തുടര്‍ന്നു പാപ്പാ അവരോടു സംസാരിച്ചു. ഇറ്റാലിയനില്‍ നല്‍കിയ സന്ദേശത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷയുടെ കോപ്പികള്‍ വിതരണം ചെയ്തിരുന്നു.

''നാമൊന്നിച്ചായിരിക്കുന്നത് എത്ര മനോഹരമായൊരു അനുഭവമാണ്'' എന്ന ഉദ്ഘോഷണത്തോടെയാണ് പാപ്പാ മെത്രാന്‍ സമിതിയ്ക്കു നല്‍കിയ സന്ദേശം ആരംഭിച്ചത്.  ബംഗ്ലാദേശിലെ സഭ നിര്‍വഹിക്കുന്ന ആത്മീയ അജപാലന ശുശ്രൂഷകളെക്കുറിച്ചുള്ള അവതരണത്തോടെയുള്ള കര്‍ദിനാള്‍ പാട്രിക് ദ്റോസാരിയോയുടെ വാക്കുകള്‍ക്കു നന്ദി പറഞ്ഞുകൊണ്ട് പാപ്പാ തുടര്‍ന്നു: ഐ ക്യമെന്ന യാഥാര്‍ഥ്യമായിരുന്നു ഈ അജപാലനപദ്ധതിയുടെ ഹൃദയം. അത് ബംഗ്ലാദേശ് സഭയുടെ മിഷനറിതീക്ഷ്ണതയെ ഇന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.  കര്‍ദിനാള്‍ പാട്രിക് ദ്റോസാരിയോയുടെ നേതൃത്വത്തിലുള്ള മെത്രാന്‍സമിതിയുടെ സംഘാതാത്മകതയെ പാപ്പാ അഭിനന്ദിച്ചു.

 ഈ മിഷനറി തീക്ഷ്ണതയില്‍ അല്മായവിശ്വാസികളുടെ ഭാഗഭാഗിത്വം പ്രോത്സാഹിപ്പിക്കപ്പെടുക എന്നതും വളരെ ആവശ്യമാണ് എന്നു പാപ്പാ അവരെ ഓര്‍മിപ്പിച്ചു. അല്മായരുടെ സിദ്ധി തിരിച്ചറിയുക എന്നതും അവര്‍ക്ക് അജപാലനമേഖലകളില്‍ ഭാഗഭാഗിത്വം നല്‍കുക എന്നതും തലമുറകളിലേയ്ക്കു കൈമാറ്റം ചെയ്യപ്പെടുമെന്ന യാഥാര്‍ഥ്യവും പാപ്പാ അവരെ അനുസ്മ രിപ്പിച്ചു. കുടുംബപ്രേഷിതത്വത്തില്‍ ബംഗ്ലാദേശ് സഭയുടെ ശ്രദ്ധ സവിശേഷമാണ് എന്നംഗീകരിച്ച പാപ്പാ കുടുംബം സഭയുടെ അജപാലനശ്രദ്ധയ്ക്കുള്ള ഒരു വേദി മാത്രമല്ല, അതിലുപരി, സഭയുടെ സുവിശേഷവത്ക്കരണദൗത്യം ഏറ്റവും ഫലപ്രദമായി നിര്‍വഹിക്കുന്ന സ്ഥാപനമാണ് (Ecclesia in Asia 46) എന്ന് ഓര്‍മിപ്പിച്ചു. പാവങ്ങളോടു പക്ഷം ചേരുന്ന, പ്രവാചകത്വമുള്ള സഭയുടെ സ്വഭാവം വ്യക്തമാക്കപ്പെടേണ്ടതുണ്ടെന്നും അത് ബംഗ്ലാദേശിലെ സഭ കാര്യക്ഷമമായി നിര്‍വഹിക്കുന്നുണ്ടെന്നും പറഞ്ഞു. എന്നാല്‍, അഭയാര്‍ഥികളെന്ന സങ്കീര്‍ണ പ്രശ്നത്തിനുമുമ്പില്‍ ഇനിയും ഒത്തിരിയേറെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

മതാന്തര, സഭൈക്യസംവാദം തന്‍റെ സന്ദര്‍ശനത്തിന്‍റെ ഒരു പ്രത്യേകലക്ഷ്യമായി എടുത്തുപറഞ്ഞ പാപ്പാ  വൈവിധ്യം നിറഞ്ഞ വംശങ്ങളും മതപാരമ്പര്യങ്ങളും ഉള്ള രാജ്യത്ത് സന്മനസ്സും ഐക്യവും വളര്‍ത്തി സമാധാനപരിപോഷണത്തിന് പലവിധ പദ്ധതികളും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളും കൂടുതലായി നിര്‍വഹിക്കാന്‍ അവരെ ആഹ്വാനംചെയ്തു. അപ്പസ്തോലികാശീര്‍വാദമേകി, തനിക്കുവേണ്ടിയുള്ള പ്രാര്‍ഥന അപേക്ഷിച്ചുകൊണ്ട് പാപ്പാ സന്ദേശമവസാനിപ്പിച്ചു.

4. സമാധാനത്തിനായുള്ള സഭൈക്യ, മതാന്തര സമ്മേളനം

പ്രാദേശികസമയം വൈകിട്ട് അഞ്ചുമണിക്കായിരുന്നു സഭൈക്യ മതാന്തരസമ്മേളനം. അതിമെത്രാ സനമന്ദിരം തന്നെയായിരുന്നു ഈ സമ്മേളനത്തിന്‍റെ വേദി. സമ്മേളനത്തിനെത്തിയവരെ പരമ്പരാഗത നൃത്തങ്ങളുടെയും സംഗീതത്തിന്‍റെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. ധാക്ക ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ പാട്രിക് ദ്റോസാരിയോ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരെ സ്വാഗതം ചെയ്തു സംസാരിച്ചു.

'ബംഗ്ലാദേശ്, ലോകത്തില്‍ മതസൗഹാര്‍ദത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണെ'ന്ന കര്‍ദിനാള്‍ തൗറാന്‍റെ (മതാന്തരസംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ തലവന്‍, Bangladesh visit, 2010) പറഞ്ഞ വാക്കുകള്‍ അഭിമാനത്തോടെ ഏറ്റുപറഞ്ഞ കര്‍ദിനാള്‍, ദാരിദ്ര്യത്തിലും തങ്ങളുടെ സമ്പന്നതയായി അതിനെ വിശേഷിപ്പിച്ചു. എല്ലാക്കാര്യങ്ങളിലും സൗഹാര്‍ദവും, സ്നേഹവും സമാധാനവും നാം അഭിലഷിക്കുന്നു, സ്നേഹമാണ് സമാധാനമെന്ന് നാം വി ശ്വസിക്കുന്നു എന്ന വാക്കുകളോടെയാണ് സ്വാഗതവചസ്സുകള്‍ അവസാനിപ്പിച്ചത്.

തുടര്‍ന്ന് വിവിധ മതസമൂഹങ്ങളുടെ പ്രതിനിധികള്‍ സന്ദേശങ്ങളേകി. മുസ്ലീംസമൂഹത്തിന്‍റെ പ്രതി നിധി ഇമാം ഫരീദ് ഉദ്ദിന്‍ മസൂദ് (Farid Uddin Masud, Grand Imam and Mufti) നല്‍കിയ സന്ദേശത്തില്‍, ദൈവത്തോടും സഹോദരങ്ങളോടുമുള്ള ആദരവില്ലാതെ മതങ്ങള്‍ക്കു നിലനില്‍പ്പില്ല എന്നും, ലോകത്തിലെ ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരായി പാപ്പായുടെ ശക്തമായ നിലപാടും സന്മനസ്സും പ്രസരിപ്പിക്കുക എന്നത് ഏവരുടെയും ഉത്തരവാദിത്വ മാണെന്നും ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് സംസാരിച്ച ബുദ്ധമതനേതാവ്, സംഘനായക ശുദ്ധാനന്ദ (Sanghanayaka suddhananda mahathero, Chief patriarch of the buddhists of bangladesh) പാപ്പായുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തോടെ മതാന്തരസൗഹാര്‍ദത്തില്‍ ഒരു പുതിയ ചക്രവാളം തുറക്കുന്നതിനിടയായി എന്നനുസ്മരിക്കുകയും, താന്‍ നേതൃത്വം കൊടുക്കുന്ന ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക് ക്രിസ്തീയ സമൂഹത്തില്‍ നിന്നു ലഭിച്ച സഹകരണത്തെ എടുത്തു പറയുകയും ചെയ്തു. എല്ലാവര്‍ക്കും ആനന്ദമാശംസിച്ചു കൊണ്ടാണ് തന്‍റെ സന്ദേശം അദ്ദേഹം അവസാനിപ്പിച്ചത്.

ബംഗ്ലാദേശിലെ കാരിത്താസ് പ്രവര്‍ത്തകനായ തെയോഫില്‍ നോക്രെക് (Theophil Nokrek) ആണ് തുടര്‍ന്നു സംസാരിച്ചത്.  അദ്ദേഹത്തിന്‍റെ സന്ദേശത്തില്‍ വിവിധ മതങ്ങളും സംസ്ക്കാരങ്ങളും ഭാഷകളുമുള്ള ഏതാണ്ട് 45 വംശങ്ങളുള്‍ക്കൊള്ളുന്ന ജനതയാണ് ബംഗ്ലാദേശിലുള്ളതെന്ന് സൂചിപ്പിച്ചുകൊണ്ട്, പാപ്പാമാര്‍ക്ക് തങ്ങളോടുള്ള പ്രത്യേക സ്നേഹത്തെ ഏറെ കൃതജ്ഞതയോടെ അനുസ്മരിച്ചു. ദൈവത്തിന്‍റെ കരുണാര്‍ദ്രമായ സ്നേഹത്തിന്‍റെ പ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ട്, മതസൗഹാര്‍ദത്തിനായി പരിശ്രമിക്കാനുള്ള ആഗ്രഹം പങ്കുവച്ചും, ആഹ്വാനം നല്‍കിയുമാണ് അദ്ദേഹത്തിന്‍റെ സന്ദേശം സമാപിച്ചത്.

ധാക്ക സര്‍വകലാശാലയിലെ എമരിറ്റസ് പ്രൊഫസര്‍ അനിസുസ്സാമന്‍ (Anisuzzaman, Professor Emeritus, University of Dhaka) വെറുപ്പിന്‍റെയും ക്രൂരതയുടെയും ശക്തികള്‍ സ്നേഹത്തിന്‍റെയും അനുകമ്പയുടെയുംമേല്‍ ശക്തിപ്പെടുന്നതുകണ്ടു നിരാശയിലായിരിക്കുന്നവര്‍ക്ക് പാപ്പായുടെ സമാധാനത്തിന്‍റെയും സൗഹാര്‍ദത്തിന്‍റെയും സന്ദേശം സമാശ്വാസമാണെന്ന് ഏറ്റുപറഞ്ഞുകൊണ്ടു മ്യാന്‍മറിലെ റോഹിങ്ക്യകള്‍ നേരിടുന്ന അക്രമങ്ങളവസാനിപ്പിക്കുന്നതിന് പാപ്പായുടെ സന്ദര്‍ശനം കാരണമാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. സഹിക്കുന്ന മാനവകുലത്തിന്‍റെ ശുശ്രൂഷയ്ക്കായുള്ള പാപ്പായുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രൊഫസര്‍ വിജയമാശംസിച്ചു.

തുടര്‍ന്ന് സമാധാനഗീതം ആലപിക്കപ്പെട്ടു. അതേത്തുടര്‍ന്ന് പാപ്പാ സന്ദേശം നല്‍ക.

''ഈ സമ്മേളനം തന്‍റെ ബംഗ്ലാദേശ് പര്യടനത്തിന് വളരെ ഔന്നത്യമാര്‍ന്ന സവിശേഷതയോടു കൂടിയ നിമിഷങ്ങളെ പ്രദാനം ചെയ്യുന്നു''വെന്ന വാക്കുകളോടെ ആരംഭിച്ച സന്ദേശത്തില്‍, കര്‍ദിനാള്‍ പാട്രിക് ദ്റോസാരിയോയും തുടര്‍ന്ന് ആദരണീയരായ മതപ്രതിനിധികളും നല്‍കിയ സന്ദേശങ്ങള്‍ക്കു നന്ദി പറഞ്ഞു. ഇവരുടെ വാക്കുകളോടൊപ്പം, ഈ സമ്മേളനത്തെ സജീവമാക്കിയ നൃത്തവും സംഗീതവും സൗഹാര്‍ദത്തിനും സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടി യുള്ള ആഗ്രഹത്തെ ധ്വനിപ്പിക്കുന്ന വാചോവിലാസമായിരുന്നു എന്ന് അനുസ്മരിച്ചു. തുറവിയുള്ളൊരു ഹൃദയം അത് മറ്റുള്ളവര്‍ക്കു കാണപ്പെടുന്നത്, അങ്കണമായിട്ടാണ്, മതിലുകളായിട്ടല്ല എന്നു പറഞ്ഞ പാപ്പാ, ഹൃദയത്തിന്‍റെ തുറവിയെ ഇങ്ങനെ വിശദീകരിച്ചു.

''സമാഗമസംസ്ക്കാരത്തിന്‍റെ മാനദണ്ഡമായ ഹൃദയത്തിന്‍റെ തുറവി അമൂര്‍ത്തമായൊരു തത്വമല്ല, മറിച്ച് അത് ജീവിക്കുന്ന അനുഭവമാണ്.  അത് ഒരു വാതിലാണ്... അവിടെ, ആശയങ്ങളുടെ കൈമാറലല്ല, ജീവനുള്ള സംവാദമാണുള്ളത്. അതൊരു ഗോവണിപോലെയുമാണ്.  അതിലൂടെ, പരമമായതിലേക്കെത്താന്‍ കഴിയും. അവിടെ ഹൃദയങ്ങള്‍ വിശുദ്ധീകരിക്കപ്പെടുക ആവശ്യമാണ്... ഹൃദയത്തിന്‍റെ തുറവി, ഒരു പാതയുമാണ്. അത് നന്മയിലേക്കു നയിക്കുന്നു, നീതിയിലേക്കും, ഐക്യദാര്‍ഢ്യത്തിലേക്കും. പൗലോസ് ശ്ലീഹായുടെ ആഹ്വാനമെന്നപോലെ, ''തിന്മയെ നന്മകൊണ്ടു കീഴടക്കുന്ന'' (Rom 12:21) പാതയാണത്. നമ്മുടെ ഒത്തുചേര്‍ന്നുള്ള പ്രയത്നങ്ങള്‍ എല്ലാ വിശ്വാ സികളെയും വിജ്ഞാനത്തിലും വിശുദ്ധിയിലും വളരുന്നതിനു സഹായിക്കട്ടെ എന്നു പ്രാര്‍ഥനാശംസയോടെ എല്ലാവര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ സന്ദേശമവസാനിപ്പിച്ചത്.

ആംഗ്ലിക്കന്‍സഭാധ്യക്ഷനായ ബിഷപ്പ് ഫിലിപ്പ് സര്‍ക്കാര്‍ ആണ് സഭൈക്യപ്രാര്‍ഥന നയിച്ചത്. ദൈവത്തെ നീതിമാനെന്നും, സ്രഷ്ടാവെന്നും, പരിപാലകനെന്നും ഏകസത്യമായ നിത്യനും ആരാധ്യനു മായവനെന്നും വിശേഷിപ്പിച്ചുകൊണ്ടുള്ള പ്രാര്‍ഥനയില്‍, ബംഗ്ലാദേശിനെപ്രതി ദൈവത്തിനു നന്ദിയര്‍പ്പിച്ചു. മ്യാന്‍മറിനും സര്‍വലോകത്തിനും വേണ്ടി സമാധാനത്തിനും സൗഹാര്‍ദത്തിനുമായി ദൈവാനുഗ്രഹം യാചിച്ചു.  വി. ഫ്രാന്‍സീസ് അസ്സീസിയുടെ സമാധാനപ്രാര്‍ഥന ആവര്‍ത്തിച്ചു കൊണ്ടാണ് പ്രാര്‍ഥന സമാപിച്ചത്.

സമ്മേളനസമാപനത്തില്‍ പാപ്പാ ഓരോരുത്തരെയും അഭിവാദ്യം ചെയ്തു നീങ്ങി. സംഘാടക കമ്മിറ്റിയിലെ ഇരുപതുപേരെ ഇതിനിടയില്‍ പാപ്പാ പ്രത്യേകമായി അഭിവാദ്യം ചെയ്തു.  വൈകിട്ട് 6.30-ന് അപ്പസ്തോലിക സ്ഥാനപതിമന്ദിരത്തില്‍ പാപ്പാ തിരിച്ചെത്തി.  അത്താഴം കഴിഞ്ഞ് പ്രാര്‍ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ നിങ്ങിയപ്പോള്‍ ഡിസംബര്‍ ഒന്നാം തീയതിയിലെ അനുഗ്രഹപൂര്‍ണമായ പര്യടനപരിപാടികള്‍ക്ക് പര്യവസാനമായി.








All the contents on this site are copyrighted ©.