2017-11-27 13:21:00

''ക്രിസ്തുവിന്‍റെ രാജത്വം സ്നേഹത്തിന്‍റെ ശക്തിയാണ്'': മാര്‍പ്പാപ്പാ


2017 നവംബര്‍ 26-ാംതീയതി, ഞായറാഴ്ചയില്‍ പരിശുദ്ധപിതാവ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ 21-ാമതു അപ്പസ്തോലികപര്യടനം ആരംഭിക്കുന്ന അന്നും മധ്യാഹ്നത്തില്‍ ത്രികാലജപം നയിച്ചു. പതിവുപോലെ, വത്തിക്കാന്‍ അരമനക്കെട്ടിടസമുച്ചയത്തിലെ, ത്രികാലജപം ചൊല്ലുന്നതിന ണയുന്ന ജാലകത്തിങ്കല്‍ പാപ്പാ എത്തിയപ്പോള്‍, വി. പത്രോസിന്‍റെ അങ്കണത്തിലെത്തിയിരുന്ന ഏതാണ്ടു 30,000-ത്തോളം തീര്‍ഥാടകര്‍ പാപ്പായെ ആഹ്ലാദാരവമുയര്‍ത്തി കരഘോഷത്തോടെ എതിരേറ്റു.

ഞായറാഴ്ചയിലെ ദിവ്യബലിയിലെ വായന (Mt 25:31-46) വി. മത്തായിയുടെ സുവിശേഷം ഇരുപത്തഞ്ചാമധ്യായത്തില്‍ നിന്നുള്ളതായിരുന്നു. ആരാധനക്രമവത്സരത്തിലെ അവസാന ഞായറാഴ്ചയില്‍ ക്രിസ്തുവിന്‍റെ രാജത്വത്തിരുനാള്‍ ദിനത്തിലെ, ഈ വായനയില്‍, അവസാനവിധിദിനത്തില്‍ മഹത്വത്തിലെഴുന്നള്ളുകയും മഹിമയോടെ സിംഹാസനാരൂഢനായി എല്ലാ ജനതകളെയും വിധിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് യേശു തന്നെ പറയുന്ന വചനങ്ങള്‍ സുവിശേഷം അവതരിപ്പിക്കുന്നു.  ഈ സുവിശേഷ ഭാഗത്തെ ആധാരമാക്കി പാപ്പാ നല്‍കിയ സന്ദേശത്തിന്‍റെ പരിഭാഷ ചേര്‍ക്കുന്നു.

പ്രിയ സഹോദരീസഹോദരന്മാരെ സുപ്രഭാതം!

ആരാധനാക്രമവത്സരത്തിലെ ഈ അവസാന ഞായറാഴ്ചയില്‍ നാം ക്രിസ്തുരാജന്‍റെ, സര്‍വലോകത്തിന്‍റെയും രാജാവായ ക്രിസ്തുവിന്‍റെ തിരുനാള്‍ ആചരിക്കുകയാണ്.  അവിടുത്തേത്, നയിക്കലിന്‍റെ, ശുശ്രൂഷയുടെ രാജത്വമാണ്. എങ്കിലും, സമയത്തിന്‍റെ അവസാനത്തില്‍, ഒരു വിധിയോടുകൂടി പരിസമാപ്തി കുറിക്കുന്ന ഒരു രാജത്വമാണത്.  നമ്മുടെ രാജാവും, ഇടയനും, വിധി യാളനുമായ ക്രിസ്തു, നാം ദൈവരാജ്യത്തിന്‍റെ സ്വന്തമായിരിക്കാനുള്ള മാനദണ്ഡം ഇന്നു നമുക്കു കാണിച്ചു തരുന്നു. 

സുവിശേഷത്തിന്‍റെ താള്‍ തുറക്കപ്പെടുമ്പോള്‍, ഒരു മഹത്തായ ദര്‍ശനമാണ് നമുക്കു ലഭിക്കുക. യേശു അവിടുത്തെ ശിഷ്യന്മാരോട് ഇങ്ങനെ പറയുന്നു: ''മനുഷ്യപുത്രന്‍ എല്ലാ ദൂതന്മാരോടും കൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍, അവന്‍ തന്‍റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും'' (Mt 25:31). ഇതാണ് സര്‍വലോകത്തിന്‍റെയും വിധിദിനത്തെക്കുറിച്ചുള്ള കഥയുടെ ആമുഖം. എളിമയിലും ദാരിദ്ര്യത്തിലുമുള്ള തന്‍റെ ഭൗമികജീവിതാനുഭവത്തിനുശേഷം, യേശു ഇപ്പോള്‍ തനിക്കു സ്വന്തമായ ദൈവികമഹത്വത്തില്‍ പ്രത്യക്ഷനാകുകയാണ്, മാലാഖമാരാല്‍ പരിസേവിതനായി. മാനവകുലം മുഴുവന്‍ അവിടുത്തെ മുമ്പില്‍ ഒന്നിച്ചു ചേര്‍ക്കപ്പെടുന്നു.  ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍ നിന്നു വേര്‍തിരിക്കുന്നതുപോലെ ഓരോരുത്തരെയും മറ്റൊരാളില്‍ നിന്നു വേര്‍തിരിച്ചുകൊണ്ട്, അവിടുന്നു തന്‍റെ അധികാരം വിനിയോഗിക്കുന്നു.

തന്‍റെ വലതുഭാഗത്തുള്ളവരോട് അവിടുന്നു പറയും: ''പിതാവിനാല്‍ അനുഗൃഹീതരേ, വരുവിന്‍, എന്‍റെ പിതാവ് ലോകസൃഷ്ടിമുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍. എന്തെന്നാല്‍, ഞാന്‍ വിശക്കുന്നവനായിരുന്നു, നിങ്ങളെനിക്കു ഭക്ഷണം തന്നു, ഞാന്‍ ദാഹിക്കുന്നവനായിരുന്നു, നിങ്ങളെനിക്കു കുടിക്കാന്‍ തന്നു, ഞാന്‍ പരദേശിയായിരുന്നു, നിങ്ങളെന്നെ സ്വീകരിച്ചു, ഞാന്‍ നഗ്നനായിരുന്നു, നിങ്ങളെന്നെ ഉടുപ്പിച്ചു, ഞാന്‍ രോഗിയായിരുന്നു നിങ്ങളെന്നെ സന്ദര്‍ശിച്ചു, ഞാന്‍ തടവറയിലായിരുന്നു, നിങ്ങളെന്നെ കാണാന്‍ വന്നു'' (vv 34-36). നീതിമാന്മാര്‍ വിസ്മയഭരിതരാകും, എന്തെന്നാല്‍, അവര്‍ എപ്പോഴെങ്കിലും യേശുവിനെ കണ്ടതായോ, അത്തരത്തില്‍ സഹായിച്ചതായോ അവര്‍ ഓര്‍മിക്കുന്നില്ല.  എന്നാല്‍ അവനിങ്ങനെ പ്രഖ്യാപിക്കും: ''എന്‍റെ ഏറ്റവും എളിയവരായ ഈ സഹോദരങ്ങളില്‍ ഒരാള്‍ക്ക് നിങ്ങള്‍ ഇതു ചെയ്തപ്പോള്‍ നിങ്ങള്‍ അത് എനിക്കുതന്നെയാണ് ചെയ്തത്'' (v. 40). ഈ വാക്കുകള്‍ ഒരിക്കലും നമ്മെ തട്ടിവിളിക്കുന്നതില്‍ നിന്നു വിരമിക്കുന്നില്ല.  കാരണം, അത് നമ്മുടെ അടുത്തേയ്ക്കു വന്ന ദൈവസ്നേഹത്തിന്‍റെ, നാമുമായി താദാത്മ്യപ്പെട്ടതിന്‍റെ വ്യാപ്തി വെളിപ്പെടുത്തുന്നു. പക്ഷേ, ആ താദാത്മ്യപ്പെടല്‍, നാം സൗഖ്യമുള്ള, ആരോഗ്യമുള്ള, സന്തോഷമുള്ള അവസ്ഥയിലായിരിക്കുമ്പോഴല്ല, അല്ല, നാം ആവശ്യത്തിലിരിക്കുന്ന അവസ്ഥയിലായിരിക്കുമ്പോഴാണ് നടക്കുക. ഈ മറഞ്ഞിരിക്കുന്ന അവസ്ഥയിലാണ് അവിടുന്നു നമ്മെ തന്നെത്തന്നെ കാണാന്‍ അനുവദിക്കുന്നത്, ഒരു ഭിക്ഷക്കാരനെന്നപോലെ കൈകള്‍ നീട്ടുന്നത്.  അപ്രകാരം, യേശു, അവിടുത്തെ വിധിയുടെ നിശ്ചിതമാനദണ്ഡം നമുക്കു വെളിപ്പെടുത്തുകയാണ്.  അവിടെയാണ്, നിരാശയിലായിക്കുന്ന നമ്മുടെ അയല്‍ക്കാരോടുള്ള നമ്മുടെ സമൂര്‍ത്തമായ സ്നേഹത്തിലാണ്,  സഹിക്കുന്നവരോടുള്ള ഐക്യദാര്‍ഢ്യവും, മനോഭാവവും ചെയ്തികളും എല്ലായിടത്തും ഉളവാക്കുന്ന കാരുണ്യത്തിലാണ്, സ്നേഹത്തിന്‍റെ ശക്തിയിലാണ്, ദൈവത്തിന്‍റെ രാജത്വം വെളിപ്പെടുന്നത്. 

അവസാനവിധിയുടെ ഉപമ തുടരുകയാണ്, ആവശ്യക്കാരായ സഹോദരങ്ങളെ തങ്ങളുടെ ജീവിതകാലത്ത് ശ്രദ്ധിക്കാത്തവരെ രാജാവ് അവതരിപ്പിക്കുന്നതിന്‍റെ വിവരണത്തിലൂടെ.  അപ്പോഴും, അവര്‍ വിസ്മയത്തോടെ ചോദിക്കും: ''കര്‍ത്താവേ, എപ്പോഴാണ് ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്നനോ, രോഗിയോ, കാരാഗൃഹവാസിയോ ആയി കാണുകയും ശുശ്രൂഷിക്കാതിരിക്കുകയും ചെയ്തത്?'' (V. 44).  ''നിന്നെ കണ്ടിരുന്നെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും നിന്നെ സഹായിക്കുമായിരുന്നു'' എന്ന വാക്കുകള്‍കൂടി പറയാതെ അവര്‍ അവിടെ പറയുന്നുണ്ട്.  എന്നാല്‍, രാജാവ്, മറുപടി പറയും: ''ഈ ഏറ്റവും എളിയവരില്‍ ഒരുവനു നിങ്ങള്‍ ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണ് നിങ്ങള്‍ ചെയ്യാതിരുന്നത്'' (v. 45). നമ്മുടെ ജീവിതാവസാനത്തില്‍ നാം വിധിക്കപ്പെടുന്നത് സ്നേഹത്തിന്‍റെ അടിസ്ഥാനത്തിലാണ്, അതായത്, എളിയവരും ആവശ്യക്കാരുമായ നമ്മുടെ സഹോദരങ്ങളിലൂടെ യേശുവിനെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന സമൂര്‍ത്തമായ സമര്‍പ്പണത്തിന്‍റെ അടിസ്ഥാനത്തിലാണ്. കരംനീട്ടുന്ന ആ യാചകന്‍, ആ ആവശ്യക്കാരന്‍ യേശുവാണ്, ഞാന്‍ സന്ദര്‍ശിച്ച ആ അടിമ യേശുവാണ്, ആ കാരാഗൃഹവാസി യേശുവാണ്, ആ വിശക്കുന്നവന്‍ യേശുവാണ്.  ഇതു ചിന്തിക്കുവിന്‍.

യേശു കാലത്തിന്‍റെ അവസാനം എല്ലാ ജനതകളെയും വിധിക്കുന്നതിനായി വരും.  എന്നാല്‍ അവിടുന്ന് അനുദിനവും നമ്മുടെ പക്കലെത്തുന്നുണ്ട്, വിവിധ വഴികളിലൂടെ തന്നെ സ്വാഗതം ചെയ്യുന്നതിനു നമ്മോട് ആവശ്യപ്പെട്ടുകൊണ്ട്.  പരിശുദ്ധ കന്യകാമറിയം, അവിടുന്ന് തന്‍റെ വചനത്തിലൂടെ, ദിവ്യകാരുണ്യത്തിലൂടെ, അതേസമയംതന്നെ, വിശപ്പും, രോഗവും, അക്രമവും അനീതിയും അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളിലൂടെ നമ്മെ കണ്ടുമുട്ടുന്നതിനെത്തുമ്പോള്‍, അവിടുത്തെ സ്വീകരിക്കുന്നതിനു നമ്മെ സഹായിക്കട്ട.  നമ്മുടെ ഹൃദയങ്ങള്‍ ഇന്നത്തെ ജീവിതത്തില്‍ എല്ലാവരെയും സ്വാഗതം ചെയ്യട്ടെ, എന്തെന്നാല്‍, നാം അതിലൂടെയാണ് അവിടുത്തെ പ്രകാശത്തിന്‍റെയും പ്രശാന്തിയുടേതുമായ രാജ്യത്തിലെ നിത്യതയിലേക്കു സ്വാഗതം ചെയ്യപ്പെടുന്നത്.

കന്യകാമറിയത്തിന്‍റെ മാധ്യസ്ഥം യാചിക്കാനുള്ള ആഹ്വാനത്തോടെ പാപ്പാ ത്രികാലജപം ചൊല്ലുകയും ആശീര്‍വാദം നല്‍കുകയും ചെയ്തു.








All the contents on this site are copyrighted ©.