2017-11-25 08:19:00

''സമാധാനംതേടുന്നവര്‍ക്കായി'': പാപ്പായുടെ ലോകസമാധാനദിനസന്ദേശം


2018-ലെ ജനുവരി ഒന്നാംതീയതി ലോകസമാധാനദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് പാപ്പാ നല്‍കുന്ന സന്ദേശം പ്രസിദ്ധപ്പെടുത്തി.  കുടിയേറ്റക്കാരും അഭയാര്‍ഥികളും: സമാധാനത്തിന്‍റെ അന്വേഷണത്തിലായിരിക്കുന്ന സ്ത്രീപുരുഷന്മാര്‍ എന്ന ശീര്‍ഷകത്തില്‍ നല്‍കിയിരിക്കുന്ന സന്ദേശത്തില്‍ എല്ലാവര്‍ക്കും സമാധാനം ആശംസിച്ചുകൊണ്ടാരംഭിക്കുന്ന പാപ്പാ സമാധാനത്തിന്‍റെ അഭാവത്തില്‍ ഏറ്റവുമധികം സഹിക്കുന്നവരെ പരാമര്‍ശിക്കുകയും അവര്‍ക്കു പ്രത്യേകമായി ആശംസകള്‍ നേരുകയും ചെയ്യുന്നു. ലോകമാസകലമുള്ള കുടിയേറ്റക്കാരുടെയും അവരില്‍ അഭയാര്‍ഥികളായിട്ടുള്ളവരുടെയും കണക്കുകള്‍ നിരത്തിയാണ് പാപ്പാ തന്‍റെ ചിന്തകള്‍ തുടരുന്നത്. ''എന്‍റെ പ്രിയപ്പെട്ട മുന്‍ഗാമി ബെനഡിക്ട് പാപ്പാ അവരെക്കുറിച്ച് ഇപ്രകാരം പറയുന്നു: 'സ്ത്രീകളും പുരുഷ ന്മാരും, കുട്ടികളും യുവജനങ്ങളും പ്രായമായവരും എവിടെ സമാധാനത്തോടെ ജീവിക്കാന്‍ കഴിയും എന്ന അന്വേഷണത്തിലാണ്'.  അങ്ങനെയൊരു സ്ഥലം കണ്ടെത്തുന്നതിന്, അവര്‍ അവരുടെ ജീവിതങ്ങളെ അപകടത്തിലാക്കിക്കൊണ്ട് ദീര്‍ഘവും, ദുര്‍ഘടവുമായ യാത്ര നടത്താന്‍ തയ്യാറാകുന്നു, കഷ്ടതകളും സഹനങ്ങളും ഏറ്റെടുക്കുന്നു, അവരുടെ ലക്ഷ്യത്തില്‍ നിന്ന് അകറ്റുന്ന വേലികളും മതിലുകളും കണ്ടുമുട്ടുന്നു...'' 

എന്തുകൊണ്ട്, ഇത്രയും കുടിയേറ്റക്കാരും അഭയാര്‍ഥികളുമുണ്ടാകുന്നു എന്ന കാര്യം പരിചിന്തനത്തിനെടുത്തും, 'സ്വാഗതം ചെയ്യുക, സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക, സമുദ്ഗ്രഥിക്കുക' എന്നീ നാലു പരിഹാരനടപടികള്‍ക്കായി ആവര്‍ത്തിച്ചാഹ്വാനം ചെയ്തും നമ്മുടെ പൊതുഭവനത്തെക്കുറിച്ചുള്ള ശ്രദ്ധയ്ക്കായി അഭ്യര്‍ഥിച്ചും നല്‍കിയിരിക്കുന്ന ഈ സന്ദേശം അവസാനിക്കുന്നത് പരിശുദ്ധ കന്യകാമറിയത്തിന്‍റെ മധ്യസ്ഥതയാല്‍ 'നീതിയുടെ ഫലം സമാധാനത്തില്‍ കൊയ്യാന്‍' സമാധാനസൃഷ്ടാക്കള്‍ക്കാകുമെന്നത് അനുഭവിക്കാന്‍ നമ്മെ കര്‍ത്താവു കഴിവുറ്റവരാക്കട്ടെ എന്ന പ്രാര്‍ഥനാശംസയോടെയാണ്. 

നവംബര്‍ 13-ാംതീയതി, കുടിയേറ്റക്കാരുടെ മധ്യസ്ഥയായ വി. ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനിയുടെ തിരുനാള്‍ ദിനത്തില്‍ ഒപ്പുവച്ച ഈ സന്ദേശം നവംബര്‍ 24-ാംതീയതി പ്രസിദ്ധപ്പെടുത്തി.








All the contents on this site are copyrighted ©.