2017-11-25 13:26:00

പാപ്പായുടെ ഇരുപത്തിയൊന്നാം വിദേശ അപ്പസ്തോലികപര്യടനം


ഫ്രാന്‍സീസ് പാപ്പായുടെ ഇരുപത്തിയൊന്നാം വിദേശ അപ്പസ്തോലികപര്യടനത്തിന് ഞായറാഴ്ച (26/11/17) തുടക്കമാകും.

മ്യന്മാര്‍, ബംഗ്ലാദേശ് എന്നീ നാടുകളാണ് ഈ സപ്തദിന ഇടയസന്ദര്‍ശനത്തിന്‍റെ വേദികള്‍.

റോമിലെ സമയം ഞായറാഴ്ച രാത്രി 9.40ന് പാപ്പാ റോമിലെ അന്താരാഷ്ട്ര വിമാനത്താവളമായ ലെയൊണാര്‍ദൊ ദ വിഞ്ചിയില്‍ നിന്ന് മ്യന്മാറിന്‍റെ (മുന്‍ ബര്‍മ്മയുടെ) മുന്‍ തലസ്ഥാന നഗരിയായ യംഗോണിലേക്കു പുറപ്പെടും. തിങ്കളാഴ്ച (27/11/17) ഉച്ചയ്ക്ക് പ്രാദേശികസമയം 1:30 ന് പാപ്പാ അവിടെ എത്തിച്ചേരും. അപ്പോള്‍ ഇന്ത്യയില്‍ സമയം ഉച്ചയ്ക്ക് 12:30 ആയിരിക്കും. മ്യന്മാര്‍, സമയത്തില്‍, ഭാരതത്തെക്കാള്‍ 1 മണിക്കൂര്‍ മുന്നിലാണ്.

വ്യാഴാഴ്ച(30/11/17) വരെ അവിടെ തങ്ങുന്ന പാപ്പാ അന്നുച്ചയ്ക്ക് ബംഗ്ലാദേശിന്‍റെ   തലസ്ഥാനമായ ഡാക്കയിലേക്കു പോകും. ബംഗ്ലാദേശ്, സമയത്തില്‍, ഇന്ത്യയെക്കാള്‍ 30 മിനിറ്റ് മുന്നിലാണ്.

വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പപ്പാ 1986 നവമ്പറില്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു.

ശനിയാഴ്ച (02/12/17) വരെ അന്നാട്ടില്‍ തങ്ങുന്ന ഫ്രാന്‍സീസ് പാപ്പാ അന്നുതന്നെ റോമില്‍ പ്രാദേശികസമയം രാത്രി പതിനൊന്നു മണിയോടെ തിരിച്ചെത്തും.

ഈ യാത്രയില്‍ പാപ്പാ വ്യോമ കരമാര്‍ഗ്ഗങ്ങളിലൂടെ 18000 ത്തോളം കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും, പത്തിലേറെ പ്രഭാഷണങ്ങള്‍ നടത്തും.       








All the contents on this site are copyrighted ©.