2017-11-25 10:22:00

''ഏക സഭയില്‍ ഒരുമിച്ചൊരേ അള്‍ത്താരയില്‍'': സഭൈക്യപ്രത്യാശയോടെ പാപ്പാ


കത്തോലിക്കാ-അസ്സീറിയന്‍ സഭകളുടെ സംയുക്ത ദൈവശാസ്ത്രസംവാദത്തിനുവേണ്ടിയുള്ള കമ്മീഷന്‍ അംഗങ്ങളുമായി നവംബര്‍ 24-നു മധ്യാഹ്നത്തോടെ നടത്തിയ കൂടിക്കാഴ്ചാവേളയിലാണ് പാപ്പാ സമ്പൂര്‍ണമായ സഭൈക്യത്തെക്കുറിച്ചുള്ള പ്രത്യാശ പങ്കുവച്ചത്.

1994-ല്‍ ഇരുസഭകളും ഒപ്പുവച്ച സംയുക്ത ക്രിസ്തുശാസ്ത്ര പ്രഖ്യാപനത്തിനുശേഷം ഈ സംയുക്ത കമ്മീഷന്‍ കൈവരിച്ച പുരോഗതിയെ കൃതജ്ഞതയോടെ അനുസ്മരിക്കുന്നതിന് ഈ അവസരം ലഭിച്ചിരിക്കുന്നതിലുള്ള സന്തോഷമറിയിച്ച പാപ്പാ, ഇന്ന് കൗദാശികജീവിതത്തെ സംബന്ധിച്ചുള്ള സംയുക്തപ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കുന്നത് ഏറെ പ്രതീക്ഷനല്‍കുന്നുവെന്നും ഭാവിയെ കൂടുതല്‍ ആത്മവിശ്വാസത്തോടെ നോക്കുന്നതിനു കഴിയുന്നു എന്നും ചൂണ്ടിക്കാട്ടി.  ''നിങ്ങളുടെ തുടര്‍ന്നുള്ള ദൗത്യത്തിലൂടെ, നമ്മുടെ ദീര്‍ഘകാല കാത്തിരിപ്പ് ഫലമണിയുന്ന അനുഗൃഹീതമായ ദിവസം, ക്രിസ്തുവിന്‍റെ സഭയില്‍ നാം പൂര്‍ണൈക്യത്തോടെ, ഒരുമിച്ച് ഒരേ അള്‍ത്താരയില്‍ ആഘോഷിക്കുന്ന ദിനം വന്നു ചേരുന്നതിന് ഞാന്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കുന്നു'' എന്ന സഭൈക്യത്തിനുവേണ്ടിയുള്ള തന്‍റെ ആഗ്രഹവും പ്രാര്‍ഥനയും പാപ്പാ അവരുമായി പങ്കുവച്ചു.

 
All the contents on this site are copyrighted ©.