2017-11-24 13:48:00

അസ്സീസിയിലെ സിദ്ധന്‍ പഠിപ്പിച്ച ചെറുമയുടെ ദൈവികഭാവം


ഫ്രാന്‍സിസ്ക്കന്‍ കുടുംബവുമായി  
പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി.

ഫ്രാന്‍സിസിന്‍റെ എളിയ സഹോദരങ്ങള്‍’       
ചെറുമ അല്ലെങ്കില്‍ എളിമ ദൈവികഭാവമാണ്. പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ‘എളിയ ഫ്രാന്‍സിസ്ക്കന്‍ സഹോദരങ്ങള്‍’ (Franciscan Minors - Poverello) എന്ന സഭാംഗങ്ങളുടെ നാമവിശേഷണത്തെ ആധാരമാക്കിയായിരുന്നു പാപ്പായുടെ പ്രഭാഷണം. നവംബര്‍ 23-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ 400-ല്‍ അധികം ഫ്രാന്‍സിസ്ക്കന്‍ സഹോദരങ്ങളുമായി (Friors of the Third and the First Orders) നടത്തിയ നേര്‍ക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ചെറുമയായ് അവതരിച്ച  ദൈവികവലിമ    
സുവിശേഷവും ക്രിസ്തുവും പകര്‍ന്നുനല്കുന്ന വിത്തിന്‍റെയും കടുകുമണിയുടെയും ആത്മീയമൂല്യമാണ് ചെറുമ അല്ലെങ്കില്‍ എളിമ. പുല്‍ക്കൂട്ടിലെ എളിമയിലും പരമദാരിദ്ര്യത്തിലും ക്രിസ്തു ദൈവികതയുടെ വലിമ വെളിപ്പെടുത്തുകയും, മനുഷ്യര്‍ക്ക് ദൈവത്തെ യാഥാര്‍ത്ഥ്യമാക്കി തരികയുംചെയ്തു. ആ ക്രിസ്തുവിനെയാണ് ആന്തരികമായും ബാഹ്യമായും അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് അനുകരിച്ചത്. അതുകൊണ്ട് പുല്‍ക്കൂട്ടിന്‍റെയും, കുരിശിന്‍റെയും, പരിശുദ്ധകുര്‍ബ്ബാനയുടെയും നിസ്സാരതയിലാണ് ഫ്രാന്‍സിസ് എന്നും ദൈവത്തെ ധ്യാനിച്ചതും അറിഞ്ഞതും. സമ്പന്നനായിരുന്ന ഫ്രാന്‍സിസ് അസ്സീസിയിലെ എളിയ ദരിദ്രനായും  (Poverello) സിദ്ധനായും അങ്ങനെ പരിണമിച്ചു. പിന്നെ കുഷ്ഠരോഗിയിലും പാടത്തെ പണിയാളനിലും അയാള്‍ തന്‍റെ ദൈവത്തെ കണ്ടു.

ലാളിത്യം ഒരു ദൈവികഭാവം   
ജീവിത ലാളിത്യവും ചെറുമയും, അതിനാല്‍ ദൈവികൈക്യത്തിന്‍റെ സവിശേഷമായ അടയാളവും മുഖലക്ഷണവുമാണ്. ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസ സമര്‍പ്പണത്തിന്‍റെ നൈസര്‍ഗ്ഗികഭാവവും എളിമയുള്ള സാഹോദര്യമാണ് (Franciscan Minor brothers).
ഒരു ശിശുവിനെപ്പോലുള്ള എളിമയിലും ആത്മവിശ്വാസത്തിലും പിതാവായ ദൈവത്തിങ്കലേയ്ക്ക് അടുക്കാനും സഹോദരങ്ങളെ ശുശ്രൂഷിക്കാനും വിശുദ്ധ ഫ്രാന്‍സിസ് കാണിച്ചു തന്നിരിക്കുന്ന മാതൃകയാണിത്. ആത്മീയമായ അഹങ്കാരമില്ലാതെ, അഹംഭാവമില്ലാതെ നമ്മുടെ ബലഹീനതകളെയും പാപങ്ങളെയുംകുറിച്ച് അവബോധമുള്ളവരായി ദൈവത്തിങ്കലേയ്ക്കു തിരിയാം. അപ്പോള്‍ ദൈവത്തിലേയ്ക്കുള്ള നമ്മുടെ ജീവന്‍റെ ഒരു തിരിച്ചേല്പിക്കലായി ആത്മീയതയെ മനസ്സിലാക്കാം.

ദൈവത്തെ പ്രാപിക്കുവോളം...!     
ദൈവം തന്ന ജീവനും ആയുസ്സും അവസാനം ദൈവസന്നിധിയില്‍ നാം സമര്‍പ്പിക്കുന്നു.  ദൈവത്തെ പ്രാപിക്കുവോളവും, പ്രാപിക്കത്തക്ക വിധത്തിലും ആയുസ്സിനെ പരുവപ്പെടുത്തുന്ന രീതിയാണ് ഫ്രാന്‍സിസ് ജീവിച്ച ലാളിത്യത്തിന്‍റെ ആത്മീയത. പരമനന്മയും സര്‍വ്വനന്മയും പരമോന്നതനും സര്‍വ്വശക്തനുമായ ദൈവത്തെ സുവിശേഷ മാര്‍ഗ്ഗത്തില്‍ പ്രാപിക്കാം! ഇതാണ് ഫ്രാന്‍സിസ് പഠിപ്പിക്കുന്ന ആത്മീയത. ഇതാണ് ഫ്രാന്‍സിസ് പകര്‍ന്നുതന്ന സുവിശേഷയുക്തി. ദൈവത്തെ സ്തുതിച്ചുകൊണ്ട് എളിമയില്‍ സഹോദരങ്ങളെ സ്നേഹിച്ചു നന്മചെയ്തു ജീവിക്കാം! ദൈവത്തില്‍ എത്തിച്ചേരാന്‍ നമുക്ക് അനുദിനം ഫ്രാന്‍സിസിന്‍റെ ശൈലിയില്‍ ക്രിസ്തുവിനെ അനുകരിക്കാം...! 








All the contents on this site are copyrighted ©.