2017-11-22 12:55:00

വിശുദ്ധ കുര്‍ബ്ബാനയും കാല്‍വരിയും- പൊതുദര്‍ശനപ്രഭാഷണം


ശൈത്യം അനുഭവപ്പെട്ടെങ്കിലും നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്ന ഈ ബുധനാഴ്ച (22/11/17) വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ വിവിധ രാജ്യക്കാരായിരുന്ന അനേകായിരങ്ങള്‍ പങ്കുകൊണ്ടു. കൂടിക്കാഴ്ചയ്ക്കായി വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലേക്കാഗതനായ പാപ്പായെ അവര്‍ ആനന്ദത്തോടെ കൈയ്യടിച്ചും ആര്‍പ്പുവിളിച്ചും വരവേറ്റു. പൊതുകൂടിക്കാഴ്ചയ്ക്കെത്തിയിരുന്നവരില്‍ നിന്ന് ഏതാനും ബാലികാബാലന്മാരെ വാഹനത്തിലേറ്റി ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും, പതിവുപോലെ, അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു ഇടയ്ക്കിടെ കൊണ്ടുവന്നുകൊണ്ടിരുന്ന  കുഞ്ഞുങ്ങളെ വണ്ടി നിറുത്തി തലോടുകയും ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്തു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തു വാഹനം നിന്നപ്പോള്‍ പാപ്പാ, തന്നോടൊപ്പം വണ്ടിയിലുണ്ടായിരുന്ന കുട്ടികള്‍ക്ക് സ്നേഹാശ്ലേഷമേകി ഇറക്കിയതിനുശേഷം അതില്‍നിന്ന് ഇറങ്ങി സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു

ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. എന്‍റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്ത ദൈവപുത്രനില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്. ദൈവത്തിന്‍റെ കൃപ ഞാന്‍ നിരാകരിക്കുന്നില്ല. നിയമത്തിലൂടെയാണ് നീതി കൈവരിക്കുന്നതെങ്കില്‍ ക്രിസ്തുവിന്‍റെ മരണത്തിനു നീതീകരണമൊന്നുമില്ല“ (ഗലാത്തി:2,20-21)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, വിശുദ്ധകുര്‍ബ്ബാനയെ അധികരിച്ച് താന്‍ ആരംഭിച്ചിരിക്കുന്ന പ്രബോധന പരമ്പരയില്‍ മൂന്നാമത്തെതായിരുന്ന ഈയാഴ്ച വിശുദ്ധ കുര്‍ബ്ബാന ക്രിസ്തുവിന്‍റെ പെസഹാരഹസ്യത്തിന്‍റെ   ഓര്‍മ്മയാണ് എന്ന് വിശദീകരിച്ചു.

പ്രഭാഷണസംഗ്രഹം:

വിശുദ്ധ കുര്‍ബ്ബാനയെ അധികരിച്ചുള്ള വിചിന്തനം തുടരുന്ന നമുക്കു വിശുദ്ധ കുര്‍ബ്ബാന സത്താപരമായി എന്താണ് എന്ന് ചിന്തിക്കാം. വിശുദ്ധ കുര്‍ബ്ബാന ക്രിസ്തുവിന്‍റെ പെസഹാരഹസ്യത്തിന്‍റെ   ഓര്‍മ്മയാണ്. പാപത്തിന്‍റെയും മരണത്തിന്‍റെയും മേല്‍ ക്രിസ്തു വരിച്ച വിജയത്തില്‍ അതു നമ്മെ പങ്കുചേര്‍ക്കുകയും നമ്മുടെ ജീവിതത്തിന് പൂര്‍ണ്ണ അര്‍ത്ഥം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ആകയാല്‍ കുര്‍ബ്ബാനയുടെ മൂല്യം ഗ്രഹിക്കണമെങ്കില്‍ നമ്മള്‍, സര്‍വ്വോപരി, ഓര്‍മ്മയാചരണത്തിന് ബൈബിള്‍ കല്പിക്കുന്ന അര്‍ത്ഥമെന്തെന്ന് മനസ്സിലാക്കേണ്ടിയരിക്കുന്നു. അത് ഗതകാലസംഭവങ്ങളുടെ ഓര്‍മ്മ മാത്രമല്ല മറിച്ച് അവയെ ഒരു പ്രത്യേകതരത്തില്‍ വര്‍ത്തമാനകാലത്തില്‍ സന്നിഹിതവും പ്രസക്തവുമാക്കിത്തീര്‍ക്കുന്നു. ഈജിപ്തില്‍ നിന്നുള്ള തന്‍റെ മോചനത്തെ ഇസ്രായേല്‍ മനസ്സിലാക്കുന്നത് ഇങ്ങനെയാണ്: പെസഹ ആഘോഷിക്കപ്പെടുന്ന ഓരോ സന്ദര്‍ഭത്തിലും പുറപ്പാടുസംഭവങ്ങള്‍ വിശ്വാസികളുടെ സ്മരണയില്‍ സജ്ജീവമാകുന്നു അത് അവരുടെ ജീവതം അവയോടു അനുരൂപപ്പെടുന്നതിനു വേണ്ടിയാണ്. യേശുക്രിസ്തു, അവിടത്തെ പീഢാസഹനമരണോത്ഥാനങ്ങളും സ്വര്‍ഗ്ഗാരോഹണവും വഴി പെസഹാ പൂര്‍ത്തിയാക്കി. വിശുദ്ധ കുര്‍ബ്ബാന നമുക്കുവേണ്ടി, നമ്മെ അടിമത്തത്തില്‍ നിന്ന് പുറത്തുകൊണ്ടുവരാനും നിത്യജീവിതമാകുന്ന വാഗ്ദത്തദേശത്തേക്കാനയിക്കാനും വേണ്ടി അവിടന്ന് പൂര്‍ത്തീകരിച്ച അവിടത്തെ പെസഹായുടെ, പുറപ്പാടിന്‍റെ ഓര്‍മ്മയാണ്. അത് വെറുമൊരു സ്മരണയ്ക്കുപരിയാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് സംഭവിച്ചവ ഇന്ന് സന്നിഹിതമാക്കലാണത്.

ദിവ്യകാരുണ്യം എന്നും നമ്മെ  ദൈവത്തിന്‍റെ പരിത്രാണകര്‍മ്മത്തിന്‍റെ  അത്യുച്ചിയിലേക്ക് ആനയിക്കുന്നു. നമ്മുടെ ഹൃദയങ്ങളെയും അസ്തിത്വത്തെയും അവിടന്നുമായും സഹോദരങ്ങളുമായും നമ്മള്‍ ബന്ധംപുലര്‍ത്തുന്ന ശൈലിയെയും നവീകരിക്കത്തക്കവിധം കര്‍ത്താവായ യേശു, താന്‍ കുരിശില്‍ ചെയ്തതുപോലെ തന്നെ, നമുക്കുവേണ്ടി മുറിക്കപ്പെട്ട അപ്പമായിക്കൊണ്ട്, അവിടത്തെ സകല കാരുണ്യവും സ്നേഹവും നമ്മുടെ മേല്‍ ചൊരിയുന്നു.

ഓരോ ദിവ്യകാരുണ്യാഘോഷവും ഉത്ഥിതനായ യേശുക്രിസ്തുവാകുന്ന ഒരിക്കലും അസ്തമിക്കാത്ത സൂര്യന്‍റെ കിരണമാണ്. വിശുദ്ധകുര്‍ബ്ബാനയില്‍ പങ്കുകൊള്ളുകയെന്നാല്‍, പ്രത്യേകിച്ച്, ഞായറാഴ്ച, ക്രിസ്തുവിന്‍റെ വെളിച്ചത്താല്‍ പ്രശോഭിതരാകുകയും അവിടത്തെ ഊഷ്മളതയാല്‍ തപിക്കുകയുമാണ്. നമ്മുടെ മര്‍ത്യതയെ രൂപാന്തരപ്പെടുത്തന്‍ കഴിവുറ്റ ദൈവികജീവനില്‍ പരിശുദ്ധാരൂപി നമ്മെ പങ്കുചേര്‍ക്കുന്നത് ഈ വിശുദ്ധകുര്‍ബ്ബാനാഘോഷത്തിലൂടെയാണ്. മരണത്തില്‍ നിന്നു ജീവനിലേക്കും കാലത്തില്‍ നിന്ന് നിത്യതയിലേക്കുമുള്ള തന്‍റെ കടക്കലില്‍ കര്‍ത്താവായ യേശു പെസഹാ ആഘോഷത്തിനായി അവിടത്തോടൊപ്പം നമ്മെയും കൊണ്ടുപോകുന്നു. വിശുദ്ധകുര്‍ബ്ബാനയില്‍ നമ്മള്‍ ആയിരിക്കുന്നത് മരിച്ച് ഉത്ഥാനം ചെയ്ത യേശുവിനോടുകൂടിയാണ്. അവിടന്നാണ് നമ്മെ മുന്നോട്ട്, നിത്യജീവനിലേക്ക് വലിക്കുന്നത്. വിശുദ്ധ കുര്‍ബ്ബാനയില്‍ നാം അവിടത്തോട് ഒന്നായിത്തീരുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ക്രിസ്തു നമ്മിലും നാം അവിടുന്നിലും വസിക്കുന്നു. പൗലോസപ്പസ്തോലന്‍ പറയുന്നു: ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. എന്‍റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്ത ദൈവപുത്രനില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്. (ഗലാത്തി:2,19-20) പൗലോസിന്‍റെ ചിന്ത അങ്ങനെ ആയിരുന്നു.

ക്രിസ്തുവിന്‍റെ സ്നേഹം എന്നിലുണ്ടെങ്കില്‍ എനിക്ക്, അപരന്‍ എന്നെ മുറിപ്പെടുത്തിയാലും ഞാന്‍ മരിക്കില്ല എന്ന ആന്തരികമായ ഉറപ്പോടുകൂടി, സ്വയം രക്ഷിക്കാന്‍ നില്ക്കാതെ, അപരനുവേണ്ടി പൂര്‍ണ്ണമായി സ്വയം ദാനമാകന്‍ സാധിക്കും. നിണസാക്ഷികള്‍ സ്വജീവിതം സമര്‍പ്പിച്ചത് മരണത്തിന്മേല്‍ ക്രിസ്തുവരിച്ച വിജയത്തിലുള്ള ഈ ഉറപ്പിന്മേലാണ്.

നാം ദിവ്യബലിക്കണയുമ്പോള്‍ അത് നാം കാല്‍വരിയിലേക്കു പോകുന്നതുപോലെയാണ്. ആ രംഗം നാം മനസ്സില്‍ കാണുക. അവിടെയുള്ള ആ മനുഷ്യന്‍ യേശുവാണെന്ന് നമുക്കറിയാം. അവിടെ നാം വ്യര്‍ത്ഥസംഭാഷണത്തിലേര്‍പ്പെടുകയും, ഛായാഗ്രഹണം നടത്തുകയും പ്രകടനപരതപുലര്‍ത്തുകയും ചെയ്യുമോ? തീര്‍ച്ചയായും നമ്മള്‍ മൗനത്തിലും വിലാപത്തിലും ഒപ്പം രക്ഷിക്കപ്പെട്ടതിന്‍റെ ആനന്ദത്തിലുമായിരിക്കും. ആകയാല്‍ ദിവ്യബലിക്കായി ദേവാലയത്തില്‍ പ്രവേശിക്കുമ്പോള്‍ നാം ഇങ്ങനെ ചിന്തിക്കണം: യേശു എനിക്കുവേണ്ടി സ്വന്തം ജീവന്‍ നല്‍കുന്ന കാല്‍വരിയില്‍ ഞാന്‍ പ്രവേശിക്കുകയാണ്. അപ്പോള്‍ പ്രകടനങ്ങളും വ്യര്‍ത്ഥസംഭാഷണങ്ങളും, അഭിപ്രായപ്രകടനങ്ങളും അപ്രത്യക്ഷമാകും. ഈ കാര്യങ്ങളെല്ലാം യേശുവിന്‍റെ  വിജയമായ വിശുദ്ധ കുര്‍ബ്ബാനയില്‍ നിന്ന് നമ്മെ അകറ്റുന്നവയാണ്.

വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ പെസഹാ എപ്രകാരം സന്നിഹിതമാകുകയും പ്രവര്‍ത്തനനിരതമാകുകയും ചെയ്യുന്നവെന്ന്, അതായത്, ഓര്‍മ്മയാചരണത്തിന്‍റെ   പൊരുള്‍ എന്തെന്ന് ഇപ്പോള്‍ സുവ്യക്തമായിക്കാണുമെന്ന് ഞാന്‍ കരുതുന്നു. ദിവ്യകാരുണ്യത്തിലുള്ള ഭാഗഭാഗിത്വം ക്രിസ്തുവിന്‍റെ പെസഹാരഹസ്യത്തിലേക്ക് നമ്മെ പ്രവേശിപ്പിക്കുന്നു. നമ്മെത്തന്നെ നല്കിക്കൊണ്ട് മരണത്തില്‍ നിന്ന് ജീവനിലേക്ക് നാം അവിടത്തോടൊപ്പം കടക്കുന്നു. വിശുദ്ധ കുര്‍ബ്ബാന കാല്‍വരിയുടെ പുനരാവിഷ്ക്കാരമാണ്, അത് ഒരു പ്രദര്‍ശനമല്ല. നന്ദി.           

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു. കത്തോലിക്ക മഹിളകളുടെ സംഘടനകളുടെ ലോകസഖ്യത്തിന്‍റെ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരും പൊതുദര്‍ശനപരിപാടിയില്‍ സംബന്ധിച്ചിരുന്നതിനാല്‍ പാപ്പാ അവരെ പ്രത്യേകം അഭിവാദ്യം ചെയ്തു. പതിവുപോലെ, പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, വിശുദ്ധ സിസിലിയുടെ ഓര്‍മ്മ അനുവര്‍ഷം നവമ്പര്‍ 22 ന് ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.ആ വിശുദ്ധയുടെ മാതൃക, വിശ്വാസത്തിലും മറ്റുള്ളവര്‍ക്കായുള്ള സമര്‍പ്പണത്തിലും വളരുന്നതിന് യുവജനത്തിന് സഹായകമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.

പൊതുദര്‍ശന പരിപാടിയുടെ അവസാനമായി ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.