2017-11-20 13:26:00

വാഹാനാപകടങ്ങള്‍ കുറയ്ക്കുന്നതിന് ഉത്തരവാദിത്വ ബോധം ആവശ്യം


പിഴയടപ്പിക്കുന്നതുകൊണ്ടു മാത്രം ഗതാഗതരംഗത്ത്, വീഥികളില്‍ സുരക്ഷ വര്‍ദ്ധമാനമാക്കാനാകില്ലെന്നും സഹയാത്രക്കാരുടെ കാര്യത്തിലുള്ള നമ്മുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഉപരിയവബോധം സൃഷ്ടിക്കാനുതകുന്ന തരത്തിലുള്ള പ്രബോധനപ്രക്രിയകളും ആവശ്യമാണെന്നും മാര്‍പ്പാപ്പാ.

ഇറ്റലിയിലെ റോഡ് റെയില്‍ ഗതാഗതമേഖലകളിലെ സുരക്ഷാവിഭാഗത്തിന്‍റെ   തലവന്മാരും സുരക്ഷാപോലീസും അടങ്ങിയ നൂറോളംപേരുടെ ഒരു സംഘത്തെ  തിങ്കളാഴ്ച രാവിലെ വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വണ്ടിയോടിക്കുമ്പോള്‍ സെല്ലുലാര്‍ ഫോണ്‍ ഉപയോഗിക്കല്‍, അശ്രദ്ധ, ക്രമരാഹിത്യം തുടങ്ങിയവയുടെ ഗുരുതരങ്ങളായ അനന്തര ഫലങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ഉത്തരവാദിത്വബോധമില്ലായ്മമൂലം വണ്ടിയോടിക്കുന്നവരില്‍ പലര്‍ക്കും  കഴിയാതെവരുന്നുണ്ടെന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടി.

സാധാരണ വീഥി “ഫോര്‍മുല വണ്‍” കാറോട്ടമത്സരത്തിന്‍റെ  വേദിപോലെയാക്കിമാറ്റുകയും വാഹനമോടിക്കുന്ന ഒരുവന്‍ അതേ പ്രക്രിയയിലേര്‍പ്പെട്ടിരിക്കുന്ന അപരനെ പരാജയപ്പെടുത്തേണ്ടവനായി കാണുകയും ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വേഗതയുടെയും മാത്സര്യത്തിന്‍റെയും ഒരു ജീവിതശൈലി ഇതിനു കാരണമാണെന്നും പാപ്പാ വിശദീകരിക്കുന്നു.   

വ്യക്തികളുടെ സഞ്ചാരം അനേകമടങ്ങായി വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍ വികസനവുമായി കൈകോര്‍ത്തുനീങ്ങുന്നതിനും സമൂഹാംഗങ്ങളുടെ സുസ്ഥിതി ഉറപ്പുവരുത്തുന്നതിനും ഫലപ്രദമായ റോഡുസുരക്ഷ മുന്‍ഗണനാര്‍ഹവും അനിവാര്യവുമായ ഒരാവശ്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ലോകത്തിലും നമ്മുടെ ജീവിതത്തിലും നന്മനതിന്മകള്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തെക്കുറിച്ചും പാപ്പാ സൂചിപ്പിക്കുകയും സ്വാര്‍ത്ഥതയ്ക്കും അനീതിക്കും നിസ്സംഗതയ്ക്കുമെതിരെ സര്‍വ്വശക്തിയും ഉപയോഗിച്ചു പോരാടുകയെന്ന ഉത്തരവാദത്വം ഏറ്റെടുക്കാന്‍ എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

മനുഷ്യന് ഉപദ്രവകരവും ക്രമരാഹിത്യത്തിനും അരാജകത്വത്തിനും ഹേതുവുമാകുകയും അങ്ങനെ വ്യക്തിയുടെ ആനന്ദത്തിനും വളര്‍ച്ചയ്ക്കും പ്രതിബന്ധം സൃഷ്ടിക്കുകയും ചെറുക്കുകയെന്നത് സകലരുടെയും കടമയാണെങ്കിലും ക്രമസമാധനപാലകര്‍ മുന്‍നിരയിലുണ്ടാകണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ക്രമസമാധാനപാലകരുടെ ദൗത്യത്തില്‍ കാരുണ്യത്തിനുള്ള സ്ഥാനത്തെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ കാരുണ്യമെന്നത് ബലഹീനതയുടെ പര്യായമല്ലെന്നും, അത് ബലപ്രയോഗം അരുത് എന്നാഹ്വാനം ചെയ്യുന്നില്ലെന്നും മറിച്ച് ദൗത്യനിര്‍വ്വഹണത്തിനിടയില്‍ കണ്ടുമുട്ടുന്നവരുടെ  ആവശ്യങ്ങളും അവരുടെ ന്യായങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്ക​ണം എന്നതാണ് അതിന്‍റെ പൊരുളെന്നും വിശദീകരിച്ചു.








All the contents on this site are copyrighted ©.