2017-11-20 13:44:00

നിര്‍ദ്ധനനോടുള്ള സ്നേഹം: ദാരിദ്യങ്ങള്‍ക്കെതിരായ പോരാട്ടം-പാപ്പാ


പാവപ്പെട്ടവരുടെ കാര്യത്തില്‍ ഉപേക്ഷകാണിക്കുന്നത് മഹാ പാപമാണെന്ന് മാര്‍പ്പാപ്പാ.

പത്തൊമ്പതാം തിയതി ഞായറാഴ്ച (19/11/17) പാവപ്പെട്ടവര്‍ക്കായുള്ള പ്രഥമ ലോകദിനാചരണത്തോടനുബന്ധിച്ച്, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയില്‍ അര്‍പ്പിച്ച സാഘോഷമായ സമൂഹദിവ്യബലി മദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

നിര്‍ദ്ധനരുടെ കാര്യത്തില്‍ എനിക്ക് യാതൊരു പങ്കുമില്ല, എല്ലാം സമൂഹത്തിന്‍റെ  കുറ്റമാണ് എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്ന നിസ്സംഗതയാണ് പാവപ്പട്ടവരുടെ കാര്യത്തിലുള്ള ഉപേക്ഷയില്‍ പ്രകടമാകുന്നതെന്ന് പാപ്പാ വിശദീകരിച്ചു.

യജമാനന്‍ നല്കിയ താലന്തുകള്‍ വര്‍ദ്ധിപ്പിക്കാതെ മണ്ണിനടിയില്‍ സൂക്ഷിച്ചുവയ്ക്കുകയും അങ്ങനെ യജമാനന്‍റെ അപ്രീതിക്ക് പാത്രീഭൂതനാകുകയും ചെയ്ത മടിയനായ ദാസനെപ്പോലെ നാം ആകരുതെന്നും തെറ്റുകള്‍ ഒന്നും ചെയ്യാതിരുന്നതുകൊണ്ടുമാത്രം കാര്യമില്ല നന്മ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

ദൈവം നമുക്കെല്ലാവര്‍ക്കും താലന്തുകള്‍ നല്കിയിട്ടുണ്ടെന്നും ആകയാല്‍ പ്രയോജനശൂന്യരും അപരന് ഒന്നും നല്കാന്‍ കഴിയാത്തവിധം ദരിദ്രരും ആണ് നാമെന്ന് ആര്‍ക്കും സ്വയം പറയാനാകില്ലയെന്നും പാപ്പാ വിശദീകരിച്ചു.

നിര്‍ദ്ധനനെ സ്നേഹിക്കുകയെന്നാല്‍ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാത്തരം ദാരിദ്യങ്ങള്‍ക്കുമെതിരെ പോരാടുകയാണെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ നമ്മുടെ ജീവിതത്തെ സ്പര്‍ശിക്കാന്‍ കഴിയുന്നവനായ, നമ്മെക്കാള്‍ പാവപ്പെട്ടവനായവന്‍റെ  ചാരെ അണയുന്നത് നമുക്ക് നന്മവരുത്തുമെന്നും ദൈവത്തെയും അയല്‍ക്കാരനെയും സ്നേഹിക്കുകയാണ് കരണീയം എന്ന് അത് നമ്മെ അനുസ്മരിപ്പിക്കുമെന്നും പറഞ്ഞു.

കടന്നുപോകുന്നതും ഒരിക്കലും സംതൃപ്തിയേകാത്തതുമായ ലോകത്തിന്‍റെ  സമ്പത്തിലാണോ അതോ നത്യജീവനേകുന്ന ദൈവത്തിന്‍റെ സമ്പത്തിലാണോ മുതല്‍ മുടക്കുകയെന്ന് സ്വയം ചോദിക്കാന്‍ പാപ്പാ എല്ലാവരേയും ആഹ്വാനം ചെയ്യുകയും ചെയ്തു.

ഞായറാഴ്ച ഉച്ചയ്ക്ക് പാപ്പാ പാവപ്പെട്ടവര്‍ക്കായുള്ള ദിനചരണത്തില്‍ പങ്കെടുത്തവരിലുള്‍പ്പെടുന്ന 1500 ലേറെ പാവങ്ങളുമൊത്തു വിശുദ്ധ പത്രോസിന്‍റെ   ബസിലിയ്ക്കക്കടുത്തുള്ള പോള്‍ ആറാമന്‍ ശാലയില്‍ വച്ച് ഉച്ചവിരുന്നു കഴിച്ചു.

 








All the contents on this site are copyrighted ©.