2017-11-17 10:37:00

വിശുദ്ധ ബെനവഞ്ചറിന്‍റെ ജന്മശതാബ്ദിയും മുന്‍പാപ്പാ ബെനഡിക്ടിന്‍റെ ചിന്തകളും


ബെനവഞ്ചറിന്‍റെ ചിന്തധാരയെക്കുറിച്ച് മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍റെ അഭിപ്രായപ്രകടനം:

“ഏറ്റവും അറിയപ്പെടേണ്ടവന്‍ ദൈവമാണ്” “Deus Summe Congnoscibilis,”   വിശുദ്ധ ബെനവഞ്ചറിന്‍റെ ഈ സംജഞയെ ആധാരമാക്കിയുള്ള പഠനശിബിരത്തിന് മുന്‍പാപ്പാ ബനഡിക്ട് സന്ദേശം അയച്ചു.  ദൈവശാസ്ത്ര പണ്ഡിതനും വിശുദ്ധനുമായ ബെനവഞ്ചറിന്‍റെ 800-Ɔ൦ ജന്മവാര്‍ഷികം പ്രമാണിച്ചാണ് റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റി ദൈവശാസ്ത്ര പഠനശിബിരം സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രിഗോരിയന്‍, ആഞ്ചെലിക്കും, അന്തോണിയാനും എന്നീ റോമന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റികളിലാണ് നവംബര്‍ 15-മുതല്‍ 17-വരെ തിയതികളില്‍ പഠനശിബിരം നടത്തപ്പെടുന്നത്.

വിശുദ്ധ ബെനവഞ്ചര്‍ ഇറ്റലിക്കാരനാണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ 7-Ɔമത്തെ പിന്‍ഗാമിയായി 13-Ɔ൦ നൂറ്റാണ്ടില്‍ ജീവിച്ച സിദ്ധനാണ് ബെനവഞ്ചര്‍ (1221-1274). ഇറ്റലിയിലെ അല്‍ബാനോ രൂപതയുടെ മെത്രാനുമായിരുന്നു.  പുണ്യവാനായ ബെനവഞ്ചര്‍ 13-Ɔ൦ നൂറ്റാണ്ടിന് ദൈവശാസ്ത്രപരമായ വെളിച്ചമായിരുന്നു. ആ കാലഘട്ടത്തിന്‍റെ അരിസ്ടോട്ടിലായി (Aristotle of 13th C) അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ബെനവഞ്ചറിന്‍റെ വിശുദ്ധിയുള്ള വ്യക്തിത്വംപോലെ തന്നെ, അദ്ദേഹത്തിന്‍റെ ഗഹനമായ കാഴ്ചപ്പാടുകളും ചിന്തകളും ആധുനിക കാലത്തെ ദൈവശാസ്ത്ര ചിന്താധാരയ്ക്ക് വെളിച്ചമേകിയിട്ടുണ്ട്.

സമ്പന്നമായ ചിന്തകള്‍ക്കൊപ്പം അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ആത്മീയതയും കൂട്ടിക്കലര്‍ത്തി നവവും തനിമായര്‍ന്നതുമായ ഒരു ദൈവശാസ്ത്ര വീക്ഷണത്തിലേയ്ക്കും ആഴത്തിലേയ്ക്കും കാലികമായ ചിന്താധാരയെ ബെനവഞ്ചര്‍ നയിച്ചു.  മാനുഷികബുദ്ധിയുടെ അന്ധതയില്‍ യഥാര്‍ത്ഥമായ സ്നേഹം അറിവിനു ശക്തിപകരുമെന്ന ബെനവഞ്ചറിന്‍റെ തനിമയാര്‍ന്ന വീക്ഷണം ഈ മേഖലയില്‍ സഭാപണ്ഡിതനായ വിശുദ്ധ അഗസ്റ്റിനുണ്ടായിരുന്ന നിലപാടിനെപ്പോലും വെല്ലുന്നതായിരുന്നു. പാപ്പാ റാത്സിങ്കര്‍ കത്തില്‍ വിലയിരുത്തുന്നു. പഠനശിബിരത്തിനും അതിലെ പങ്കാളികള്‍ക്കും ആശംകള്‍ അര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ ബെനഡിക്ട് തന്‍റെ ഹ്രസ്വമായ കത്ത് ഉപസംഹരിച്ചത്. 

പഠനശിബിരത്തിന്‍റെ സംഘാടകരായ ഗ്രിഗോരിയന്‍ യൂണിവേഴിസിറ്റിയിലെ അധികാരികള്‍ക്ക് ദൈവശാസ്ത്ര പണ്ഡിതനും ദാര്‍ശനികനുമായ മുന്‍പാപ്പാ ബെനഡിക്ട്, നവംബര്‍ 15-Ɔ൦ തിയതി ബുധനാഴ്ച എഴുതിയ കത്തിലാണ് ഈ വിലപ്പെട്ട അഭിപ്രായങ്ങള്‍ പങ്കുവച്ചത്. ബൗദ്ധികമായ കാഴ്ചപ്പാടും സേവനവുംകൊണ്ട് സഭയെ ധന്യമാക്കിയ പാപ്പാ ബനഡിക്ടിന്‍റെ ദൈവശാസ്ത്ര ചിന്തകള്‍ക്ക് വിശുദ്ധ ബെനവഞ്ചറിന്‍റെ രചനകള്‍ പ്രചോദനമായിരുന്നെന്ന് റാത്സിങ്കര്‍ കൃതികള്‍ (Volumes of Joseph Ratzinger) വെളിപ്പെടുത്തുന്നു. 








All the contents on this site are copyrighted ©.