2017-11-17 14:33:00

കൂട്ടായ്മയുടെ ആത്മീയതയാവണം പ്രേഷിതശുശ്രൂഷ : പാപ്പാ ഫ്രാന്‍സിസ്


വൈദികരുടെ കൂട്ടായ്മയ്ക്കുള്ള ആഗോള പ്രേഷിത  സഖ്യത്തിന്‍റെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ 
പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശം:

വൈദികരുടെ കൂട്ടായ്മയ്ക്കുള്ള ആഗോള പ്രേഷിതസഖ്യത്തെ (International Confederation of Apostolic Unity of the Clergy) നവംബര്‍ 16-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍  പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. ആര്‍ച്ചുബിഷപ്പ് മാഗ്രിന്‍റെ നേതൃത്വത്തിലുള്ള രാജ്യാന്തര പ്രേഷിത കൂട്ടായ്മയുടെ തീക്ഷ്ണതയെ ശ്ലാഘിക്കുകയും, സംഘടയുടെ പ്രവര്‍ത്തകര്‍ക്ക് പാപ്പാ അതിയായി നന്ദിയര്‍പ്പിക്കുകയും ചെയ്തു. സംഘടനയുടെ 70 അംഗങ്ങള്‍ പാപ്പായുമായുള്ള കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.

1.  അജപാലനമേഖല - കൂട്ടായ്മയുടെ പാഠശാല     സുവിശേഷം പ്രഘോഷിക്കാനും അത് ജീവിക്കാനുമുള്ള സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഐക്യവേദിയാണ് പ്രേഷിതക്കൂട്ടായ്മ. അജപാലനമേഖലയില്‍ വൈദികര്‍ക്കുണ്ടാകേണ്ട കൂട്ടായ്മയെ ‘Diocesanity’ അജപാലനൈക്യം എന്ന പദം ഉപയോഗിച്ച് സഖ്യത്തിന്‍റെ ഡയറക്ടര്‍, ആര്‍ച്ചുബിഷപ്പ് മാഗ്രിന്‍ വിശേഷിപ്പിച്ചത് പാപ്പാ ഫ്രാന്‍സിസ് തന്‍റെ പ്രഭാഷണത്തില്‍ ആവര്‍ത്തിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ “നവസഹ്രാബ്ദത്തിലേയ്ക്ക്…” എന്ന പ്രബോധനത്തിന്‍റെ കാഴ്ചപ്പാടില്‍ സഭയും സഭാസ്ഥാപനങ്ങളും ഐക്യത്തിന്‍റെയം സ്നേഹത്തിന്‍റെയും പ്രയോക്താക്കളും കൂട്ടായ്മയുടെ പാഠശാലയുമാകണം (Nuovo Millennio Ineunte, 43).

2.  കൂട്ടായ്മയുടെ ആത്മീയത    അജപാലനശുശ്രൂഷ ഒരു ആത്മീയകൂട്ടായ്മയാണ്. സഭയില്‍ എന്നും എവിടെയും ഉണ്ടാകേണ്ട
ഈ ആത്മീയകൂട്ടായ്മ പ്രബോധനപരമായ ഒരു അടിസ്ഥാന തത്വവുമാണ് (An educative principle). കാരണം, സഭയിലും ലോകത്തും ഒരുപോലെ, ഈ കൂട്ടായ്മ ഇന്നും ആവശ്യമായിരിക്കുകയാണ്. സഭയുടെ പ്രവര്‍ത്തനങ്ങളുടെയും സുവിശേഷ ജോലിയുടെയും വിജയം സംഘടനാ പാടവത്തിലോ സാമര്‍ത്ഥ്യത്തിലോ, പ്രകടനപരതയിലോ അല്ല! സഭ ദൈവാത്മാവിന്‍റെ സ്ഥാപനമാണ്. അതിനെ നയിക്കേണ്ടതും ഭരിക്കേണ്ടതും അതിനാല്‍ ആത്മീയതയാണ്, പരിശുദ്ധാത്മാവാണ്. വൈദികര്‍ ദൈവാരൂപിയോടുള്ള തുറവാലും ക്രിസ്തുവിലുള്ള അനുരഞ്ജനത്തിലൂടെയും കൂട്ടായ്മയുടെ ആത്മീയതയില്‍, അതിനാല്‍ പ്രവര്‍ത്തിക്കാനും, കൂട്ടായ്മ വളര്‍ത്തിയെടുക്കാനും പരിശ്രമിക്കണം. വൈദികര്‍ക്കിടയില്‍ ആത്മീയതയും ഐക്യവും വളര്‍ത്തേണ്ടത് എപ്പോഴും ആവശ്യമാണ്. കാരണം ഐക്യമുള്ള ആത്മീയത പ്രേഷിത പ്രവര്‍ത്തനങ്ങളുടെ അടിത്തറയും ഫലപ്രാപ്തിയുമാണ്.

3. ജീവിതവിശുദ്ധിയുടെ ഉയര്‍ന്ന നിലവാരം    ക്രൈസ്തവികതയുടെ ഉയര്‍ന്ന നിലവാരമാണ് ജീവിതവിശുദ്ധി, പുണ്യജീവിതം! ക്രൈസ്തവര്‍ക്ക് ഏവര്‍ക്കും, പ്രത്യേകിച്ച് അഭിഷിക്തരായ വൈദികര്‍ക്ക് ഇത് ഉണ്ടായിരിക്കേണ്ടതാണ്. അതുകൊണ്ട് സഭയില്‍ നാമെന്നും വൈദികരുടെ ജീവിത വിശുദ്ധിക്കായി പ്രാര്‍ത്ഥിക്കണം. ഈ നിയോഗത്തിനായി പ്രാര്‍ത്ഥിക്കേണ്ട ദിവസമാണ്, വൈദികരുടെ വിശുദ്ധീകരണത്തിനായുള്ള ആഗോള പ്രാര്‍ത്ഥനദിനം (World Day of Prayer for the Sanctification of Clergy). ഈശോയുടെ തിരുഹൃദയത്തിരുനാളിലാണ് ഈ ദിനം അനുവര്‍ഷം ആചരിക്കപ്പെടുന്നത്.

4.  നല്ലിടയനായ  ക്രിസ്തുവിന്‍റെ  മാതൃക    ആടുകള്‍ക്കായി ജീവന്‍ സമര്‍പ്പിച്ച ക്രിസ്തുവാണ് അജപാലനശുശ്രൂഷയ്ക്കും സമര്‍പ്പണത്തിനും മാതൃക. അഭിഷിക്തര്‍ നല്ലിടയന്‍റെ മാതൃക അതിനാല്‍ എവിടെയും അനുകരിക്കേണ്ടതാണ്. ക്രിസ്തുവിന്‍റെ ഹൃദയത്തില്‍നിന്നല്ലാതെ മറ്റെവിടെനിന്ന് കിട്ടാനാണ് അജപാലന സ്നേഹം!? സ്വര്‍ഗ്ഗീയ പിതാവിന്‍റെ അനന്തമായ സ്നേഹവും കരുണയും ആര്‍ദ്രതയും പകര്‍ന്നുനല്കപ്പെടുന്നത് ഈശോയുടെ ദിവ്യഹൃദയത്തില്‍നിന്നാണ്. അതിനാല്‍ ദൈവസ്നേഹവും സന്തോഷവും ലോകത്തെ അറിയിക്കണമെങ്കില്‍  ആ ദിവ്യഹൃദയത്തില്‍നിന്നും  നാം അനുദിനം ആത്മീയോര്‍ജ്ജം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ദൈവജനത്തെ ശുശ്രൂഷിക്കാനുള്ള അജപാലനപാത നിലകൊള്ളുന്നത് ആത്മീയതയുടെ പാതയോരത്താണ്, അതിനോടു ചേര്‍ന്നിരിക്കുന്നു. അത് ഇടവകസമൂഹത്തിലും സ്ഥാപനങ്ങളിലും യാഥാര്‍ത്ഥ്യമാക്കേണ്ടതാണ്.

5.  അതിരുകളിലേയ്ക്ക് ഇറങ്ങിച്ചെല്ലുക!    നല്ലിടയനായ ക്രിസ്തുവിനെ അനുകരിച്ച് സേവനത്തിനായി അരമുറുക്കി ജനമദ്ധ്യേത്തിലേയ്ക്ക് ഇറങ്ങുന്ന വൈദികര്‍ വിശ്വസ്തരും, ഒപ്പം വിവേകമുള്ളവരുമായി അജഗണങ്ങളുടെ അനുദിന ജീവിതത്തിലെ സന്തോഷത്തിലും ക്ലേശങ്ങളിലും ദുഃഖങ്ങളിലും പങ്കുചേരാന്‍ പരിശ്രമിക്കണം. ജീവിതപരിസരങ്ങളുടെ അതിരുകളിലേയ്ക്ക്, വിശിഷ്യ പാവങ്ങളുടെ പക്കലേയ്ക്ക് ഇറങ്ങിച്ചെന്നാണ് അവര്‍ ജനമദ്ധ്യത്തില്‍ ആയരിക്കേണ്ടത്. അങ്ങനെ അജഗണങ്ങള്‍ക്ക് സാന്ത്വനവും പ്രത്യാശയുമായി ജീവിക്കുക! അങ്ങനെ അനുദിന അജപാലന ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ നിര്‍വ്വഹിക്കുന്ന ക്രിസ്തുവിലുള്ള ആത്മാര്‍ത്ഥവും പതറാത്തതുമായ സ്നേഹസമര്‍പ്പണമാവട്ടെ അജപാനശുശ്രൂഷ (Presbyterorum Ordinis). അപ്പോള്‍ ക്രിസ്തു അവിടുത്തെ അമ്മയുടെ ചാരത്തേയ്ക്കും സമര്‍പ്പിതരായവരെ നയിക്കും! 








All the contents on this site are copyrighted ©.