2017-11-16 09:16:00

“മനുഷ്യസ്വഭാവത്തില്‍ നവസാങ്കേതികത മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്!” കര്‍ദ്ദിനാള്‍ റവാസി


സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനം 
റോമില്‍  നവംബര്‍ 15-മുതല്‍ 18-വരെ തിയതികളില്‍ ... ‌
മനുഷ്യപ്രകൃതിയില്‍ നവസാങ്കേതികത സൃഷ്ടിക്കുന്ന മാറ്റങ്ങളെയും വെല്ലുവിളികളെയും കുറിച്ചു പഠിക്കും.

മനുഷ്യന്‍റെ വ്യക്തിത്വത്തെ നവസാങ്കേതികത സ്വാധീനിക്കുന്നുണ്ടെന്ന്, സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജ്യാന്‍ഫ്രാങ്കോ റവാസി പ്രസ്താവിച്ചു. കൗണ്‍സിലിന്‍റെ നവംബര്‍ 15-മുതല്‍ 18-വരെ തിയതികളില്‍ റോമില്‍ നടക്കുന്ന സമ്പൂര്‍ണ്ണ സമ്മേളനത്തിന് ഒരുക്കമായി വത്തിക്കാന്‍ റേഡിയോയ്ക്കു ബുധനാഴ്ച രാവിലെ നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ റവാസി ഇങ്ങനെ അറിയിച്ചത്.

ജനിതകശാസ്ത്രം വെളിപ്പുത്തുന്ന വൈദ്യശാസ്ത്രത്തിന്‍റെ സൂക്ഷ്മ മേഖലകളിലും കണ്ടുപിടുത്തങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ പരിഗണിച്ച്, “മനുഷ്യപ്രകൃതിയില്‍ ഇന്നുണ്ടാകുന്ന മാറ്റങ്ങളും വെല്ലുവിളികളും” എന്ന വിഷയമാണ് സമ്പൂര്‍ണ്ണസമ്മേളനം ചര്‍ച്ചചെയ്യാന്‍ പോകുന്നത്.  കര്‍ദ്ദിനാള്‍ റവാസി വെളിപ്പെടുത്തി.  അതുപോലെ ആധുനിക കണ്ടുപിടുത്തങ്ങളും, ഉപഭോഗവസ്തുക്കളും, വിശിഷ്യാ കണ്ണഞ്ചിപ്പിക്കുന്ന മാധ്യമ ലോകവും ഇന്ന് മനുഷ്യമനസ്സുകളെ ഭ്രമിപ്പിക്കുകയും,  അത് മെല്ലെ ശീലങ്ങളിലും പെരുമാറ്റരീതികളിലും സംസാരശൈലിയില്‍പ്പോലും മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന്
കര്‍ദ്ദിനാള്‍ റവാസി ചൂണ്ടിക്കാട്ടി.

“ദൈവത്തെപ്പോലെ ആയിത്തീരുക!” ബൈബിള്‍ രേഖപ്പെടുത്തുന്ന ആദ്യപാപത്തിന്‍റെ പിന്നിലെ മനുഷ്യന്‍റെ ഈ അതിമോഹമാണ് തന്‍റെ കഴിവിനും സ്വഭാവത്തിനും അപ്പുറം എത്തിച്ചേരാനുള്ള മനുഷ്യന്‍റെ സ്വഭാവം വെളിപ്പെടുത്തുന്നു. അതിനാല്‍ ഇന്നിന്‍റെ നരകുലശാസ്ത്രപ്രകാരം മനുഷ്യര്‍ അനുദിന ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ പഠിക്കാന്‍ സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഈ സമ്പൂര്‍ണ്ണസംഗമം പരിശ്രമിക്കുമെന്ന് കര്‍ദ്ദിനാള്‍ റവാസി അഭിമുഖത്തില്‍ വ്യക്തമാക്കി.  

 








All the contents on this site are copyrighted ©.