2017-11-15 09:11:00

പാവങ്ങള്‍ക്കായുള്ള പ്രഥമ ആഗോളദിനം: വത്തിക്കാന്‍ ഒരുങ്ങുന്നു


നവസുവിശേഷവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, ഫ്രാന്‍സീസ് പാപ്പായുടെ കാരുണ്യവര്‍ഷപരിപാടികളിലൊന്നായി പ്രഖ്യാപിക്കപ്പെട്ട,  പാവങ്ങള്‍ക്കുവേണ്ടിയുള്ള ആഗോളദിനം ഇദംപ്രഥമമായി ആചരിക്കുന്നതിനോടനുബന്ധിച്ച് (2017, നവംബര്‍ 19) സമുചിതമായ പരിപാടികള്‍ ആവിഷ്ക്കരിച്ചതറിയിച്ചുകൊണ്ട് നവംബര്‍ 14-ാം തീയതി വാര്‍ത്ത നല്‍കി.

അന്നേദിനത്തില്‍ നാലായിരത്തിലധികം അതിദരിദ്രരായ ജനങ്ങള്‍, സന്നദ്ധസംഘടകളുടെ നേതൃത്വത്തില്‍ റോമില്‍ നിന്നും, മറ്റു യൂറോപ്യന്‍ രൂപതകളില്‍ നിന്നും വത്തിക്കാനിലെത്തുകയും, വി. പത്രോസിന്‍റെ ബസിലിക്കയില്‍ രാവിലെ പത്തുമണിക്ക് പരിശുദ്ധ പിതാവ് അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കു ചേരുകയും ചെയ്യും.  തുടര്‍ന്ന് അവര്‍ക്കായി പോള്‍ ആറാമന്‍ ശാലയില്‍ ഫ്രാന്‍സീസ് പാപ്പായോടൊത്തു വിരുന്നും, വിരുന്നിനൊപ്പം വിവിധ കലാപരിപാടികളും നടത്തപ്പെടും.

നവംബര്‍ 13 മുതല്‍ 19-ാംതീയതി ഞായറാഴ്ച വരെ, പാവപ്പെട്ടവര്‍ക്കുവേണ്ടി വിപുലമായ സൗജന്യ ചികിത്സാസൗകര്യവും ഇവിടെ സംലഭ്യമാക്കിയിട്ടുണ്ട്.  കാരുണ്യജീവിതത്തിനായുള്ള പാപ്പായുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് ഇറ്റലിയിലും ലോകമാസകലവും ഈ ദിനത്തോടനുബന്ധിച്ച് വിവിധരീതിയിലുള്ള പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ അറിയിക്കുന്നു.








All the contents on this site are copyrighted ©.