2017-11-13 12:52:00

ദ്രവ്യാസക്തിയുള്ള വൈദികന്‍ ദൈവജനത്തിന് ഇടര്‍ച്ച-പാപ്പാ


ദുഷ്പ്രേരണകള്‍ ഹൃദയങ്ങളെയും പ്രത്യാശകളെയും മുറിവേല്പിക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍, താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ തിങ്കളാഴ്ച (13/11/17) രാവിലെ അര്‍പ്പിച്ച ദിവ്യപൂജാവേളയില്‍ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ദുഷ്പ്രേരണ നല്കുന്ന ക്രൈസ്തവന്‍, അഥവാ, ഇടര്‍ച്ച വരുത്തുന്ന ക്രൈസ്തവന്‍ ദൈവജനത്തെ മുറിപ്പെടുത്തുകയാണെന്നും പലപ്പോഴും ഈ മുറിവ് ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്നതാണെന്നും പ്രസ്താവിച്ച പാപ്പ ഇടര്‍ച്ച മുറിവുണ്ടാക്കുക മാത്രമല്ല പ്രത്യാശകളെയും കുടുംബങ്ങളെയും ഹൃദയങ്ങളെയുമൊക്കെ നശിപ്പിക്കാന്‍ പോന്നതുമാണെന്ന് വിശദീകരിച്ചു.

വിശ്വാസത്തിനനുയോജ്യമായ ജീവിതം നയിക്കാത്തതുമൂലം ജനങ്ങളെ വിശ്വാസത്തില്‍ നിന്ന അകറ്റുന്ന ക്രൈസ്തവര്‍ നിരവധിയാണെന്ന വസ്തുതയെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ  ക്രൈസ്തവരുടെ വിശ്വാസാനുസൃതമാല്ലാത്ത ജീവിതം, അതായത്, ഒന്നു പറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്, ദൈവജനത്തെ തളര്‍ത്താനും അവരെ കര്‍ത്താവില്‍ നിന്നകറ്റാനും സാത്താനു ലഭിക്കുന്ന ഏറ്റം എളുപ്പമുള്ള ആയുധമാണെന്ന് പറഞ്ഞു.

രണ്ടു യജമാനന്മാരെ, അതായത്, സമ്പത്തിനെയും ദൈവത്തെയും, ഒരേസമയം സേവിക്കാന്‍ സാധ്യമല്ല എന്ന യേശുവിന്‍റെ പ്രബോധനത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ പണത്തോടു ആസക്തിയുള്ള ഒരു പുരോഹിതന്‍ ദൈവജനത്തിന് ഇടര്‍ച്ചയേകുന്നുവെന്നു പറഞ്ഞു.

ധനത്തോടുള്ള സൗഹൃദം എപ്രകാരമാണെന്ന് ഓരോ വൈദികനും സ്വയം ചോദിക്കണമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ശാന്തശീലനും എളിമയുള്ളവനുമായിരിക്കുന്നതിനു പകരം വ്യര്‍ത്ഥതയാല്‍ ലൗകികതയുടെ ഉയരങ്ങളിലേക്കു കയറാനാണോ ശ്രമിക്കുന്നത്, ദൈവജനത്തിന്‍റെ   സേവകനാകാതെ യജമാനനാണെന്ന് സ്വയം ഭാവിച്ച് അഹങ്കരിക്കുകയും ആജ്ഞാപിക്കുകയും ചെയ്യന്നവനാ​ണോ  എന്നൊക്കെ പുരോഹിതന്‍ ആത്മശോധന ചെയ്യേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

 








All the contents on this site are copyrighted ©.