2017-11-13 13:09:00

അണുവായുധ കരുതല്‍ ശേഖരം അസമാധാനഹേതു-വത്തിക്കാന്‍ സമ്മേളനം


പ്രതിരോധോപാധിയായി അണുവായുധം കരുതിവയ്ക്കുന്നത് സുദൃഢവും സുരക്ഷിതവുമായ സമാധാനാന്തരീക്ഷം സൃഷ്ടിക്കില്ല, പ്രത്യുത, ഭീതിയും സംഘര്‍ഷവും ഉളവാക്കുമെന്ന് നിരായുധീകരണത്തെ അധികരിച്ചുള്ള വത്തിക്കാന്‍ സമ്മേളനം.

ഈ മാസം 10,11 തീയതികളില്‍ (10-11/11/17) വത്തിക്കാനില്‍, സമഗ്ര മാനവപുരോഗത്തിക്കായുള്ള റോമന്‍ കൂരിയാവിഭാഗം മതനേതാക്കള്‍, പൗരാധികാരികള്‍, രാഷ്ട്രപ്രതിനിധികള്‍, അന്താരാഷ്ട്ര സംഘടനകള്‍, നൊബേല്‍ പുരസ്കാരജേതാക്കള്‍ തുടങ്ങിയവരുടെ ഭാഗഭാഗിത്വത്തോടെ അണുവായുധവിമുക്ത ലോകത്തെയും സമ്പൂര്‍ണ്ണ നിരായുധീകരണത്തെയും അധികരിച്ചു സംഘടിപ്പിച്ച സമ്മേളനം പുറപ്പെടുവിച്ച രേഖയിലാണ് ഇതു കാണുന്നത്.

സമഗ്ര മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍ വിഭാഗത്തിന്‍റെ മേധാവി കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍ ഈ രേഖ സമ്മേളനത്തിന്‍റെ സമാപനത്തില്‍ വായിച്ചു.

സമൂലനാശം വിതയ്ക്കുന്ന ആയുധങ്ങള്‍, പ്രത്യേകിച്ച് അണുവായുധങ്ങള്‍, വ്യാജസുരക്ഷിതത്വബോധമല്ലാതെ മറ്റൊന്നും സൃഷ്ടിക്കില്ലയെന്നും അന്താരാഷ്ട്രമേഖലയില്‍ പരസ്പരം ഭീതിപ്പെടുത്തുന്ന ഒരു സംസ്കൃതിക്ക് അത് ജന്മമേകുമെന്നും ഈ രേഖ വ്യക്തമാക്കുന്നു.

അണുവായുധത്തിനായി മുതല്‍ മുടക്കുന്നത് സഘര്‍ഷങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തുന്നതിനും വികസനവും സമാധാനവും പരിപോഷിപ്പിക്കുന്നതിനുമുള്ള വിഭവങ്ങള്‍ പാഴാക്കലാണെന്ന് രേഖ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

അണുവായുധനിരോധനക്കരാര്‍ ഇനിയും അംഗീകരിച്ചിട്ടില്ലാത്ത നാടുകളെ അതിനംഗീകാരം നല്കാന്‍ രേഖ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

സകലവും സര്‍വ്വരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ എല്ലാവരും ഒത്തോരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ലോകത്തെ അണുവായുധവിമുക്തമാക്കാനും  മാനവപുരോഗതിക്കും സമാധാനസംസ്ഥാപനത്തിനും മുതല്‍മുടക്കാനും സാധിക്കുമെന്നും രേഖ പ്രത്യാശ പ്രകടിപ്പിക്കുന്നു.

 








All the contents on this site are copyrighted ©.