2017-11-11 08:25:00

‘‘സമാധാനം സംലഭ്യമാക്കാന്‍ ആയുധങ്ങള്‍ക്കു കഴിവില്ല ’’: പാപ്പാ


''ആണവായുധരഹിതലോകത്തിനും സമഗ്രനിരായുധീകരണത്തിനും വേണ്ടിയുള്ള ശുഭപ്രതീക്ഷകള്‍'' എന്ന പേരിലുള്ള അന്തര്‍ദേശീയ സിംപോസിയം നവംബര്‍ 10-11 തീയതികളില്‍ വത്തിക്കാനില്‍ ആരംഭിച്ച വേളയില്‍, അതില്‍ പങ്കെടുക്കുന്നവര്‍ക്കു പാപ്പാ  നല്‍കിയ സന്ദേശത്തിലായിരുന്നു പ്രസ്തുത ആഹ്വാനം.  350-ഓളം പേര്‍ പങ്കെടുക്കുന്ന ഈ സിംപോസിയത്തില്‍ പാപ്പായുടെ സന്ദേശം നല്‍കപ്പെട്ടത് പത്താം തീയതി മധ്യാഹ്നത്തോടെയായിരുന്നു.  

കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നവര്‍ക്കു ഹൃദ്യമായ സ്വാഗതം ആശംസിച്ചുകൊണ്ടു പാപ്പാ നല്‍കിയ സന്ദേശം, ഇന്നത്തെ അന്തര്‍ദേശീയ രംഗം രാഷ്ട്രീയ വെല്ലുവിളികളാലും  സങ്കീര്‍ണമായ സംഘട്ടനങ്ങളാലും അസ്ഥിരമായിരിക്കുന്ന വേളയില്‍, ഈ സിംപോസിയത്തിന്‍റെ വിഷയം തന്നെ വര്‍ധിതമാംവിധം അകലെയാകുന്നു എന്ന തോന്നലുണ്ടാകാം എന്നനുസ്മരിച്ചുകൊണ്ടാണ് ആരംഭിച്ചത്.  ''അന്താരാഷ്ട്രബന്ധങ്ങള്‍ ഒരിക്കലും, സൈനികശക്തിയുടെയോ, പരസ്പരം ഭീതിപ്പെടുത്തുന്നതിന്‍റെയോ, ആയുധക്കൂമ്പാ രങ്ങളുടെ പ്രദര്‍ശനങ്ങളുടെയോ തടവിലാക്കപ്പെടരുത്'' എന്ന് പാപ്പാ ചൂണ്ടിക്കാട്ടി.  ''...ആയുധങ്ങള്‍, പ്രത്യേകിച്ചും ആണവായുധങ്ങള്‍ നല്‍കുന്നത് ഒരുതരം വ്യാജസുരക്ഷിതത്വമാണ്.  മാനവസമൂഹത്തിന്‍റെ സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം സംലഭ്യമാക്കുന്നതിന് ആയുധങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല. ഹിരോഷിമ നാഗസാക്കി ബോംബുവര്‍ഷത്തെ അതിജീവിച്ച ഹിബാക്കുഷ എന്ന വ്യക്തിയുടെ സാക്ഷ്യം ഇത്തരുണത്തില്‍ ഏറെ സത്താപരമാണ്.  ആ പ്രവാചകശബ്ദം നമുക്കൊരു മുന്നറിയിപ്പാകട്ടെ, എല്ലാറ്റിനുമുപരി വരാനിരിക്കുന്ന തലമുറകള്‍ക്ക്...

...എന്നിരിക്കിലും, ആരോഗ്യകരമായ ഒരു യാഥാര്‍ഥ്യബോധം പ്രത്യാശയെ പ്രകാശിപ്പിക്കുന്നുണ്ട്.  ഈയടുത്തനാളില്‍, ഉദാഹരണമായി, ഐക്യരാഷ്ട്രസഭയില്‍, അതിന്‍റെ ഭൂരിഭാഗം അംഗങ്ങളും ആണവായുധങ്ങള്‍ അധാര്‍മികമെന്നു മാത്രമല്ല, യുദ്ധത്തില്‍ നിയമവിരുദ്ധവുമാണെന്ന നിശ്ചയിക്കുകയുണ്ടായി. ഈ തിരുമാനം, രാസായുധങ്ങള്‍, ജൈവായുധങ്ങള്‍, പലതരത്തിലുള്ള ബോംബുകള്‍ എന്നിവയെല്ലാം നിരോധിക്കണമെന്ന നിര്‍ണായകനിയമത്തിലെത്തുകയും ചെയ്തു...'' 

പോള്‍ ആറാമന്‍ പാപ്പായുടെ പോപ്പുളോരും പ്രോഗെസ്സിയോ എന്ന ചാക്രികലേഖനത്തിന്‍റെ അമ്പതാം വാര്‍ഷികത്തില്‍ ആ രേഖ മുന്നോട്ടുവച്ച, 'സമാധാനത്തിന്‍റെ പുതിയ പേരാണ് വികസനം' എന്ന ആശയം ആവര്‍ത്തിച്ചുകൊണ്ട്, സമയോചിതവും ഇന്നും അനുസ്മരണാര്‍ഹവുമായ പ്രബോധനത്തിന്‍റെ ഉള്‍ക്കാമ്പിനെ ഫ്രാന്‍സീസ് പാപ്പാ  എടുത്തുകാട്ടി: ''വികസനം എന്നത് സാമ്പത്തികവികസനം മാത്രമല്ല.  അത് ആധികാരികമാകുന്നതിന്, അത് സമഗ്രമാകണം, ഓരോ വ്യക്തിയുടെയും സര്‍വമാനവരുടെയും വികസനത്തെ പരിപോഷിപ്പിക്കുന്നതാകണം'' (No. 4).

മറ്റു സഭാപ്രബോധനങ്ങളെ അധികരിച്ചും, സമഗ്രമായ സമഗ്രനിരായുധീകരത്തിന് തന്‍റേതായ ദര്‍ശനങ്ങള്‍ പങ്കുവച്ചും നല്‍കിയ സന്ദേശത്തില്‍, സ്ഥിരതയോടും, ക്ഷമയോടും, നമ്മുടെ പക്ഷത്തുള്ള ദൈവത്തില്‍ ശരണപ്പെട്ടുകൊണ്ടും ഇക്കാര്യത്തിലുള്ള പ്രയത്നങ്ങളില്‍ മുന്നേറാന്‍ പാപ്പാ അവരെ ആ ഹ്വാനം ചെയ്തു.  അവരെയും അവരുടെ ശുശ്രൂഷയെയും ദൈവം ആശീര്‍വദിക്കട്ടെ എന്ന പ്രാര്‍ഥനാശംസയോടെയാണ് പാപ്പായുടെ സന്ദേശം സമാപിച്ചത്.  








All the contents on this site are copyrighted ©.