2017-11-11 13:12:00

വരും തലമുറയ്ക്ക് എപ്രകാരമുള്ളൊരു ലോകം നാം കൈമാറും? - പാപ്പാ


പരിസ്ഥിതി നാശം, സമുദ്രമലിനീകരണം തുടങ്ങിയ ഗുരുതരപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആഗോളവീക്ഷണവും അന്താരാഷ്ട്രസഹകരണവും ഐക്യദാര്‍ഢ്യവും പങ്കാളിത്തമുള്ള തന്ത്രങ്ങളും അനിവാര്യമെന്ന് മാര്‍പ്പാപ്പാ ആവര്‍ത്തിക്കുന്നു.

ആസ്ട്രേലിയ, ന്യൂസിലാന്‍റ് തുടങ്ങിയ 18 രാഷ്ട്രങ്ങള്‍ അംഗങ്ങളായുള്ളതും 1971 ല്‍ സ്ഥാപിക്കപ്പെട്ടതും ഫീജിദ്വീപിന്‍റെ തലസ്ഥാനമായ സുവ നഗരം ആസ്ഥാനമായുള്ളതുമായ “പസഫിക് ദ്വീപുകളുടെ കൂട്ടായ്മയുടെ കാര്യാലയ”ത്തിന്‍റെ, അതായത്, “പസഫിക് ഐലന്‍റ്സ് ഫോറം സെക്രട്ടറിയേറ്റിന്‍റെ” 46 പ്രതിനിധികളെ ശനിയാഴ്ച (11/11/17) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

നരകുലം ഇന്നനുഭവിക്കുന്ന മാനവികസാമൂഹ്യാധഃപതനവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് പരിസ്ഥിതി നാശം, സമുദ്രമലിനീകരണം എന്നീ പ്രശ്നങ്ങളെന്നും പാപ്പാ വ്യക്തമാക്കി.

സമുദ്രജലനിരപ്പ് ഉയരുന്നതും ശൈലസേതുക്കള്‍ നശിക്കുന്നതും അതീവ ആശങ്കയുളവാക്കുന്ന പ്രശ്നങ്ങളാണെന്ന് അനുസ്മരിച്ച പാപ്പാ  പ്രകൃതിവിഭവങ്ങളും മാനുഷികവിഭവങ്ങളും കൊള്ളയടിക്കുന്നതായ ദീര്‍ഘവീക്ഷണമില്ലായ്മയോടുകൂടിയ പ്രവര്‍ത്തനങ്ങളാണ് ഈ പ്രശ്നങ്ങള്‍ക്കുള്ള കാരണങ്ങളില്‍ ചിലതെന്ന് കുറ്റപ്പെടുത്തി.

സമുദ്രങ്ങളെ അന്തര്‍ജലീയ ശവക്കോട്ടകളാക്കി മാറ്റിയത് ആരാണ് എന്ന് മുന്നു പതിറ്റാണ്ടുമുമ്പ്  ഫിലിപ്പീന്‍സിലെ കത്തോലിക്കാമെത്രാന്മാര്‍ ഉന്നയിച്ച അസ്വസ്ഥജനകമായ ചോദ്യം പാപ്പാ ആവര്‍ത്തിച്ചു.

വരും തലമുറയ്ക്ക്, വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍ക്ക് എപ്രകാരമുള്ളൊരു ലോകമാണ് നാം കൈമാറാനാഗ്രഹിക്കുന്നത് എന്ന ചോദ്യം പാപ്പാ “ലൗദാത്തൊ സീ”-“അങ്ങേയ്ക്കു സ്തുതി” എന്ന തന്‍റെ ചാക്രികലേഖനത്തില്‍ നിന്നുദ്ധരിച്ചുകൊണ്ട് ഈ ചോദ്യം പരിസ്തിതിയെ മാത്രം ഉദ്ദേശിച്ചുള്ളതല്ലെന്നും ഈ ചോദ്യം നാം നമ്മോടു തന്നെ ചോദിക്കുമ്പോള്‍ നാം ആദ്യം ചിന്തിക്കുന്നത് അതിന്‍റെ പൊതുവായ ലക്ഷ്യത്തെയും അര്‍ത്ഥത്തെയും മൂല്യങ്ങളെയും കുറിച്ചാണെന്നും വിശദീകരിച്ചു.

  

 








All the contents on this site are copyrighted ©.