2017-11-10 10:36:00

വത്തിക്കാനില്‍ സിഗരറ്റ് വില്പന നിരോധിച്ചു


വത്തിക്കാനില്‍ സിഗരറ്റ് വില്പന നിര്‍ത്തലാക്കുന്നു!

2018-മുതലാണ് വത്തിക്കാന്‍ സംസ്ഥാനത്ത് സിഗരറ്റ് വില്പന നിരോധിക്കുന്നത്. നവംബര്‍ 9-Ɔ൦ തിയതി ഇറക്കിയ പ്രസ്താവനയിലൂടെ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്കാണ് ഇക്കാര്യം അറിയിച്ചത്.

മനുഷ്യരുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഒരു ഉല്പന്നം വത്തിക്കാന്‍ വില്ക്കരുത്,  എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ തീര്‍പ്പിലാണ് വത്തിക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ സിഗരറ്റ് വില്പന നിര്‍ത്തലാക്കുന്നത്. ലോക ആരോഗ്യ സംഘടയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ഏഴു ലക്ഷത്തില്‍ അധികംപേരാണ് പുകവലിയുമായി ബന്ധപ്പെട്ട രോഗങ്ങളാല്‍ മരണമടയുന്നത്.

പരിശുദ്ധ സിംഹാനത്തിന്‍റെ ജോലിക്കാര്‍ക്കും പെന്‍ഷന്‍പറ്റിയവര്‍ക്കുംവേണ്ടി വത്തിക്കാനിലെ ഒരു കടയില്‍ മാത്രമാണ് സിഗററ്റ് വില്പന നടത്തുന്നത്. ഇറ്റലിയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് 22% നികുതി നിലനില്ക്കെ, വത്തിക്കാനില്‍ അത് 5 % മാത്രമാകയാല്‍   സിഗരറ്റ്  വില്പന വത്തിക്കാനില്‍ വര്‍ദ്ധിച്ചിട്ടുമുണ്ട്.  വരുമാന മാര്‍ഗ്ഗമാണെങ്കിലും,  മനുഷ്യന്‍റെ ആരോഗ്യത്തെ അപകടപ്പെടുത്തിയുള്ള ലാഭം വേണ്ടെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നിഗമനത്തിലാണ് സിഗരറ്റ് വില്പന വത്തിക്കാന്‍ പൂര്‍ണ്ണമായും നിരോധിക്കുന്നത്. പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.

വത്തിക്കാനിലെ ആകെയുള്ള കടകള്‍ മൂന്നെണ്ണമാണ്. ആദ്യത്തേത്,   നിത്യോപയോഗ  സാധനങ്ങള്‍ വില്ക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റാണ്. രണ്ടാമതായി കംപ്യൂടര്‍ മുതലായ   ഇലക്ട്രോണിക് സാധനങ്ങളുടെ കട. മൂന്നാമതായി വൈദികര്‍ക്കും മെത്രാന്മാര്‍ക്കുമുള്ള പ്രത്യേക ഉടുപ്പുകളും വസ്ത്രങ്ങളും തയ്യാറാക്കി വില്ക്കുന്ന കട. ഇവിടെയാണ് സിഗരറ്റ് വില്പനയും നടക്കുന്നത്. പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ തീരുമാനത്തോടെ സിഗററ്റു കട ഉടനെ അടച്ചുപൂട്ടും. വത്തിക്കാനിലെ ജോലിക്കാരുടെ കൂട്ടത്തില്‍ പുകവലിക്കാരായ ഏതാനും വൈദികരും മെത്രാന്മാരും കര്‍ദ്ദിനാളന്മാരും പാപ്പായുടെ ഈ തീരുമാനത്തില്‍ നിരാശരായേക്കാം!

110 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള വത്തിക്കാന്‍ സിറ്റിക്ക് അകത്തു താമസിക്കുന്ന സഭാധികാരികളും മറ്റ് ജോലിക്കാരും സുരക്ഷാവിഭാഗവുമായി 890-പേരും, അല്‍മായരും സന്ന്യസ്തരും വൈദികരുമായി പുറത്തുതാമസിച്ച് വത്തിക്കാന്‍റെ വിവിധ കാര്യാലയങ്ങളിലും സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന 3000-ഓളം പേരുമാണ് വത്തിക്കാന്‍റെ ജോലിക്കാരെന്നു പറയപ്പെടുന്നത്. 








All the contents on this site are copyrighted ©.