2017-11-08 17:49:00

കുടിയേറ്റക്കാര്‍ക്ക് പിന്‍തുണയായൊരു പുണ്യവതി


"ഇന്നിന്‍റെ കുടിയേറ്റ പ്രതിഭാസത്തില്‍ മദര്‍ കബ്രീനിയുടെ ജീവസമര്‍പ്പണം ഇനിയും പ്രസക്തമാകും!" 
വിശുദ്ധ ഫ്രാന്‍ചേസ്കാ കബ്രീനിയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് കുറിച്ച ആമുഖത്തില്‍നിന്ന്...

അമേരിക്കയിലെ ഇറ്റാലിയന്‍ കുടിയേറ്റക്കാരുടെ മദ്ധ്യേ ഒരു പ്രേഷിതയായി ജീവിച്ച വിശുദ്ധ ഫ്രാന്‍ചേസ്ക്ക കബ്രീനിയുടെ
(1850-1917) ചരമശത്ബ്ദി അനുസ്മരണ ഗ്രന്ഥത്തിന് എഴുതിയ ആമുഖത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. “ആകാശത്തിനും ഭൂമിക്കുംമദ്ധ്യേ” (Between Land and Sky) എന്ന ശീര്‍ഷകത്തില്‍ ലൂചേത്ത സ്കരാഫിയ എന്ന ഇറ്റാലിയന്‍ ജീവിചരിത്രകാരന്‍ എഴുതിയ ഗ്രന്ഥത്തിനാണ് പാപ്പാ ആമുഖം കുറിച്ചത്. പുസ്തകപ്രകാശനത്തിനു മുന്നേതന്നെ പാപ്പായുടെ ആമുഖം ഇറ്റാലിയന്‍ ദിനപത്രം Courrier della Sera നവംബര്‍ 8-Ɔ൦ തിയതി ബുധനാഴ്ച പുറത്തുകൊണ്ടുവന്നു.

നാടും വീടും വിട്ട് ജീവിക്കാന്‍ അപ്പവും ജോലിയും തേടിയിറങ്ങിയവരെ സഹായിക്കാനാണ് ഫ്രാന്‍ചേസ്ക്കാ കബ്രനി ഇറങ്ങി പുറപ്പെട്ടത്. ലിയോ പതിമൂന്നാമന്‍ പാപ്പായുടെ ആഹ്വാനപ്രകാരമാണ് ഈശോയുടെ തിരുഹൃദയത്തിന്‍റെ മിഷണറിമാരുടെ സഭാംഗമായ സിസ്റ്റര്‍ ഫ്രാന്‍ചേസ്ക്കാ കബ്രീനി അമേരിക്കയിലേയ്ക്കു പുറപ്പെട്ടത്. അത് 1889-ലായിരുന്നു. പിന്നീട് ഒരിക്കലും
സ്വന്തം നാട്ടിലേയ്ക്കു തിരിച്ചുപോരാതെ ജീവിതം കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുംവേണ്ടി സമര്‍പ്പിച്ച ധീരയായ പ്രേഷിതയായിരുന്നു മദര്‍ കബ്രീനി! പാപ്പാ ആമുഖത്തില്‍ പ്രസ്താവിക്കുന്നുണ്ട്.

കുടിയേറ്റപ്രക്രിയില്‍ മനുഷ്യസഞ്ചയം എക്കാലത്തും അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. നഷ്ടപ്പെടുന്ന വ്യക്തിത്വവും സംസ്ക്കാരത്തനിമയും ഭാഷയും, പിന്നെ ദാരിദ്ര്യം, വിശപ്പ്, രോഗം, പരിത്യക്തത, ഏകാന്തത എന്നിങ്ങനെയുള്ള കുടിയേറ്റ പ്രക്രിയയിലെ ക്ലേശങ്ങളും അവയുടെ ഭീകരതയും മനസ്സിലാക്കുവാന്‍ മദര്‍ കബ്രീനിക്ക് 19-Ɔ൦ നൂറ്റാണ്ടിന്‍റെ തുടക്കത്തിലേ കഴിഞ്ഞു. ഒരു അമ്മയുടെ ആര്‍ദ്രമായ വലിയ ഹൃദയവും കരുണാര്‍ദ്രസ്നേഹവും കാണിച്ച മദര്‍ കബ്രീനിയുടെ സമര്‍പ്പണം കാലത്തെ വെല്ലുന്നതായിരുന്നു.

ഇന്ന് മാനവകുലം നേരിടുന്ന കുടിയേറ്റ പ്രതിഭാസത്തെ അഭിമുഖീകരിക്കാന്‍ പോരുന്ന ദീര്‍ഘദൃഷ്ടിയോടെ പ്രവര്‍ത്തിക്കാനുള്ള ഉള്‍ക്കാഴ്ച ഈ സന്ന്യാസിനിക്ക് 100 വര്‍ഷങ്ങള്‍ക്കുമുന്‍പേ ലഭിച്ചിരുന്നെന്ന് വിശുദ്ധ തുടങ്ങിവച്ച സാമൂഹിക സംവിധാനങ്ങളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും, അവയുടെ കെട്ടുറുപ്പില്‍നിന്നും മനസ്സിലാക്കാനാകും. വരാനിരിക്കുന്ന
ഭാവിയുടെ കുടിയേറ്റ പ്രതിഭാസവും, മാനവികതയുടെ നിസ്സഹായതയും മുന്‍കൂട്ടി മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ മദര്‍ കബ്രീനിക്കു കഴിഞ്ഞുവെന്നതാണ് അവരുടെ വിശുദ്ധിയുടെ പൊരുള്‍! കുടിയേറുകയും പറിച്ചു നടപ്പെടുകയുംചെയ്യുന്ന കുടുംബങ്ങളും സമൂഹങ്ങളും ആധുനികതയുടെ ഭാഗധേയമായിരിക്കുമെന്ന് മദര്‍ കബ്രീനി മനസ്സിലാക്കി. അനുദിനജീവിതാവശ്യങ്ങളെ കൂട്ടിമുട്ടിക്കാന്‍ തത്രപ്പെടുന്ന ഒരു ജനസഞ്ചയം, പലപ്പോഴും വ്യഗ്രതപ്പെട്ടും ആകുലപ്പെട്ടും അലഞ്ഞുതിരിയുമെന്ന്
ഈ വിശുദ്ധ മുന്‍കട്ടി മനസ്സിലാക്കിയെന്ന് പാപ്പാ അവതാരികയില്‍ കുറിക്കുന്നു.

പുണ്യവതിയായ ഒരു സ്ത്രീ അങ്ങനെ ഒരുശതാബ്ദം മുന്നേ കുടിയേറ്റക്കാരുടെ സഹായിയും മദ്ധ്യസ്ഥയുമായി. അവളുടെ സ്ത്രീത്വത്തിന്‍റെ ഊഷ്മളതയും പച്ചയായ യാഥാര്‍ത്ഥ്യബോധവും ആവശ്യത്തിലായവര്‍ക്ക്, വിശിഷ്യാ പാവങ്ങളായവര്‍ക്ക് അഭയവും സാന്ത്വനവുമായി പകര്‍ന്നു നല്കി. സ്നേഹവും ഉപവിയും ഒരു പ്രാവചക ദൗത്യത്തോടെ കോര്‍ത്തിണക്കിയ
വിശുദ്ധ ഫ്രാന്‍ചേസ്കാ കബ്രീനി! ലോകത്തെ അട്ടിമറിച്ച മാറ്റങ്ങളെ അവള്‍ മനസ്സിലേറ്റി ജീവിച്ചു. അത് സേവനമായി  ജീവിതപരിസരങ്ങളില്‍ സഹോദരങ്ങള്‍ക്കു പകര്‍ന്നുനില്കി. രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളും സമൂഹത്തിലെ ഉന്നതരും ഇഷ്ടപ്പെടാത്ത അലയുന്നവരുടെയും പാവങ്ങളുടെയും പക്ഷംചേരാന്‍ മദര്‍ കബ്രീനിക്കു കഴിഞ്ഞു. അതുകൊണ്ട് ഈ വിശുദ്ധ
ഇന്നും ജീവിക്കുന്നു! കുടിയേറ്റ പ്രതിഭാസത്തെ എങ്ങനെ നേരിടണമെന്ന് ഈ വിശുദ്ധ നമ്മെ പഠിപ്പിക്കുന്നു. പാപ്പായുടെ
ആമുഖം ഇങ്ങനെയാണ് അവസാനിക്കുന്നത്.

ഡിസംബര്‍ 22-നാണ് പുണ്യവതിയുടെ തിരുനാള്‍.  അമേരിക്കയിലെ അനുസ്മരണം നവംബര്‍ 13-നുമാണ്. 








All the contents on this site are copyrighted ©.