2017-11-07 15:22:00

‘‘സ്നേഹിക്കപ്പെടുന്നു എന്ന അനുഭവത്തിലായിരിക്കുക’’: പാപ്പാ


നവംബര്‍ ഏഴാം തീയതി, ചൊവ്വാഴ്ചയില്‍, സാന്താ മാര്‍ത്താ കപ്പേളയിലര്‍പ്പിച്ച പ്രഭാതബലിവേളയില്‍ ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള വചനഭാഗത്തെ അധികരിച്ചു സന്ദേശം നല്‍കുകയായിരുന്നു പാപ്പാ.  ''ദൈവരാജ്യത്തില്‍ അപ്പം ഭക്ഷിക്കുന്നവന്‍ ഭാഗ്യവാന്‍'' എന്ന ഒരാളുടെ പ്രസ്താവനയ്ക്കു മറുപടിയായി യേശു പറയുന്ന വിരുന്നിന്‍റെ ഉപമയെക്കുറിച്ചുള്ള വിവരണമായിരുന്നു ഈ സുവിശേഷഭാഗം.

വലിയ വിരുന്നൊരുക്കിയശേഷം ഒരുവന്‍ താന്‍ ക്ഷണിച്ചിരുന്നവരെ അറിയിക്കാന്‍ ദാസനെ അയയ്ക്കുന്നെങ്കിലും അവര്‍ ഓരോ ഒഴികഴിവുകള്‍ പറഞ്ഞുകൊണ്ട് വിരുന്നു നിരാകരിച്ചു. പാപ്പാ പറഞ്ഞു: ''വിരുന്നിനുള്ള ക്ഷണത്തെക്കാള്‍ അവര്‍ അവരുടെ താല്പര്യങ്ങളെ വിലമതിച്ചു... ഒരുവന്‍ വയല്‍ വാങ്ങി, മറ്റൊരുവന്‍ അഞ്ചുജോടി കാളകളെ വാങ്ങി, ഒരുവന്‍റെ വിവാഹം കഴി ഞ്ഞതേയുള്ളു... ചുരുക്കത്തില്‍, ... അവര്‍, 'സമൃദ്ധമായ വിളവുശേഖരിച്ചെങ്കിലും അന്നു രാത്രി മരിച്ചുപോയ ധനവാനെ'പ്പോലെ  തിരക്കുള്ളവരായിരുന്നു...'' ദൈവികവിരുന്നിനുള്ള ക്ഷണത്തെ നിരാകരിക്കുന്നതിനുള്ള പ്രലോഭനത്തെക്കുറിച്ചു പാപ്പാ മുന്നറിയിപ്പു നല്‍കി: ''ദൈവികക്ഷണത്തിന്‍റെ ഔദാര്യം മനസ്സിലാക്കാന്‍ കഴിയാത്തവരാണു നിങ്ങളെങ്കില്‍, നിങ്ങള്‍ക്ക് ഒന്നുമറിയില്ല.  ദൈവത്തില്‍ നിന്നുള്ള എല്ലാം ഔദാര്യമാണ്.  ആ വിരുന്നിന് വിലയൊടുക്കേണ്ടതില്ല.  രോഗിയായിരിക്കുക, ദരിദ്രരായിരിക്കുക, പാപിയായിരിക്കുക എന്നതാണ് ഈ വിരുന്നു ശാലയിലേയ്ക്കുള്ള പ്രവേശനടിക്കറ്റ്.  ഇതാണ് ആ ടിക്കറ്റ്, ആത്മാവിലും ശരീരത്തിലും ആവശ്യമുള്ളവരായിരിക്കുക...

രക്ഷ വിലകൊടുത്തുവാങ്ങാനാവില്ല. 'ദൈവരാജ്യത്തില്‍ അപ്പം ഭക്ഷിക്കുന്നവന്‍ ഭാഗ്യവാന്‍' അതാണു രക്ഷയുടെ അനുഭവം.  തങ്ങള്‍ സുരക്ഷിതരാണ് എന്ന മിഥ്യാബോധത്തിലായിരിക്കുന്നവര്‍ ദൈവത്തിന്‍റെ ഔദാര്യപൂര്‍ണമായ രക്ഷയെന്തെന്ന് അറിയുന്നില്ല...''  അവര്‍ക്ക് ദൈവസ്നേഹം മനസ്സിലാകുകയില്ല എന്നു വ്യക്തമാക്കിയ പാപ്പാ, അവര്‍ക്കു നഷ്ടപ്പെടുന്നത് സ്നേഹിക്കപ്പെടുന്ന അനുഭവമാണ്.  'പ്രതീക്ഷ ഉപേക്ഷിക്കുക' എന്ന് നരകവാതിലില്‍ എഴുതപ്പെട്ടിരിക്കുന്നതായി ദാന്തെ തന്‍റെ കൃതിയില്‍ പറഞ്ഞിരിക്കുന്നത്  സൂചിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു:  ''പ്രത്യാശ ഇല്ലാതായാല്‍ നിങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. ദൈവസ്നേഹം അനുഭവിക്കാനുള്ള കഴിവ് നഷ്ടപ്പെടാതിരിക്കാന്‍ ദൈവത്തോടു യാചിക്കുക''. ഈ വാക്കുകളോടെയാണ് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.